ഊണിനൊപ്പം കരിമീനും കൊഞ്ചും, 800 രൂപ മുതലുള്ള പാക്കേജുകൾ; വേറിട്ട അനുഭവമായി പാലാക്കരി അക്വാ ടൂറിസം സെന്റർ
Mail This Article
സന്ധ്യയുടെ ചുവപ്പു പടർന്ന ആകാശം പ്രതിബിംബിക്കുന്ന ജലപ്പരപ്പ്. ദൂരെ, തടാകത്തെ കായലുമായി വേർതിരിക്കുന്ന തിട്ടയിൽ, കറുത്ത പെൻസിൽ കൊണ്ടു വരഞ്ഞതു പോലെ തെങ്ങുകളുടെ നിര. ചേക്കേറാൻ പറന്നുപോകുന്ന നീർക്കാക്കകളും ദേശാടനപ്പക്ഷികളും. അകലെ കരയിലെ വീടുകളിലും വിളക്കുകാലുകളിലും മിന്നാമിന്നികൾ പോലെ ഒന്നൊന്നായി തെളിയുന്ന ലൈറ്റുകൾ. ചുറ്റുമുള്ള വെള്ളപ്പരപ്പിലേക്ക് ഇടയ്ക്കിടെ പൊന്തിവന്ന് പുളച്ചു കുമിളകളുണ്ടാക്കി പോകുന്ന വലിയ മീനുകൾ. ഒരു മനോഹരമായ വാട്ടർ കളർ പെയിന്റിങ് പോലെ തോന്നിപ്പോകുന്ന ഈ കാഴ്ചകളും കണ്ട്, തണുത്ത കായൽക്കാറ്റേറ്റ് തടാകനടുവിലെ തൂണിലുയർത്തിയ ചെറിയ മരക്കുടിലിൽ അന്തിയുറങ്ങാം. പുലർച്ചെ ജലപ്പക്ഷികളുടെ കലമ്പൽ കേട്ടുണരാം. കായൽപരപ്പിൽ പടർന്ന പുകമഞ്ഞിനിടയിലൂടെ ഉദയസൂര്യന്റെ ആദ്യ രശ്മികൾ അരിച്ചരിച്ചിറങ്ങിവരുന്ന മനോഹരദൃശ്യം കാണാം.
ജലപ്പരപ്പിലെ ഈ വിസ്മയ നിമിഷങ്ങൾ ആസ്വദിക്കാനും തടാകമധ്യത്തിലെ ഹട്ടുകളിൽ അന്തിയുറങ്ങാനും ആഗ്രഹമുണ്ടോ? അധികം വൈകാതെ അതിന് അവസരമൊരുക്കാനുള്ള തയാറെടുപ്പിലാണ് കോട്ടയം ജില്ലയിലെ വൈക്കത്തുള്ള, മൽസ്യഫെഡിന്റെ പാലാക്കരി ഫിഷ് ഫാം. വിനോദ സഞ്ചാരികൾക്കു താമസിക്കാനായി തടാകനടുവിൽ ഹട്ടുകൾ നിർമിക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണെന്നും അധികൃതരുടെ ഔദ്യോഗിക അനുമതി ലഭിച്ചാലുടൻ നിർമാണം തുടങ്ങുമെന്നും ഫാം അധികൃതർ പറയുന്നു.
കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾ സംഗമിക്കുന്ന കായലിന്റെ ഓരത്ത്, കുടുംബസമേതം സ്വസ്ഥമായി ഒരു പകൽ ആസ്വദിക്കാവുന്ന ഇടമെന്ന നിലയിലാണ് പാലാക്കരി ഫാം സഞ്ചാരികളുടെ പ്രിയം നേടിയത്. ശാന്തമായ അന്തരീക്ഷവും മികച്ച ഭക്ഷണവും ബോട്ടിങ്ങും ആസ്വദിക്കാവുന്ന ഫാമിൽ നിലവിൽ പകൽ മാത്രമേ സന്ദർശകർക്ക് അനുവാദമുള്ളൂ. അതുമാറ്റി രാത്രിതാമസത്തിനും അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഫാമിന്റെ മുൻ മാനേജർ ശിവപ്രസാദ് പറയുന്നു. മെറിറ്റ് മറ്റം കുര്യനാണ് ഇപ്പോൾ ഫാമിന്റെ മാനേജർ.
അക്വാ ടൂറിസത്തിന്റെ വേറിട്ട അനുഭവം
അക്വാ ടൂറിസത്തിന്റെ വളർച്ചാ സാധ്യതകൾ ഉപയോഗപ്പെടുത്തി, ഫാം സന്ദർശിക്കുന്ന സഞ്ചാരികൾക്ക് അവിസ്മരണീയമായ വിനോദാനുഭവം നൽകുക എന്നതാണ് മൽസ്യഫെഡ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ്, നിലവിലുള്ള വിനോദ സൗകര്യങ്ങൾക്കൊപ്പം നൈറ്റ് സ്റ്റേ അടക്കമുള്ള കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തുന്നത്. കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ഒരു ഒഴിവുദിനം ചെലവഴിക്കാൻ അനുയോജ്യമായ ഫാം കായലിനും വലിയ ജലാശയത്തിനും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഫാമിലേക്കുള്ള കവാടത്തിൽത്തന്നെ സ്വാഗതമരുളി ഒരു മത്സ്യകന്യകയുണ്ട്. 117 ഏക്കറോളം പരന്നുകിടക്കുന്ന ജലാശയം, മടിത്തട്ടിൽ വളർത്തുന്ന മീൻകുഞ്ഞുങ്ങളെ കാണാനെന്ന മട്ടിൽ മാടിവിളിക്കുന്നുണ്ട്. കവാടത്തിൽനിന്നു ടിക്കറ്റെടുത്ത് വാഹനം പാർക്ക് ചെയ്ത ശേഷം, ജലാശയത്തിനു നടുവിലെ ടൈൽ പാകിയ, വശങ്ങളിൽ തെങ്ങും ചെറുമരങ്ങളും അതിരിട്ട നടവഴിയിലൂടെ ഫാമിലേക്കു നടക്കാം. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓഫിസിനടുത്തുവരെ വാഹനത്തിൽ പോകാം.
ജലാശയത്തിൽ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കിയ ഫ്ലോട്ടിങ് റസ്റ്ററന്റ് ആദ്യംതന്നെ കണ്ണിൽപെടും. സമീപത്ത്, സംഘമായെത്തുന്ന സന്ദർശകർക്ക് വട്ടത്തിലൊത്തുകൂടിയിരുന്ന് സൊറ പറയാനും നാലുമണിക്കാപ്പി കുടിക്കാനുമൊക്കെ അരമതിലുകളുള്ള ഒരു മന്ദിരം. അതിനടുത്തുതന്നെയാണ് വലിയ കെട്ടുവളളത്തിന്റെ ആകൃതിയിൽ നിർമിച്ച മ്യൂസിയം. വിശാലമായ ജലശേഖരത്തിൽ മീൻകൃഷിക്കായുള്ള കൂടുകളുണ്ട്. തീരത്തിനടുത്തുളള കൂടുകളുടെ സമീപത്തേക്ക് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതയുണ്ട്. അവയിലൂടെ നടന്നെത്തിയാൽ കരിമീനും പൂമീനും തിലോപ്പിയയുമൊക്കെ കൂടുകളിൽ പുളയ്ക്കുന്നതു കാണാം. ജലാശയത്തിനു നടുവിലെ കൂടുകളിലേക്ക് ബോട്ടിലെത്തി മീനുകളെ കാണാം.
വെറുതെയങ്ങനെ നടന്നു നടന്ന് പോകാനുള്ള വഴിത്താരകൾ, നടന്നു ക്ഷീണിക്കുമ്പോൾ കാറ്റേറ്റ് ഇരിക്കാനുള്ള ബഞ്ചുകളുണ്ട്. കൊച്ചുകുട്ടികൾക്കായി ഒരു മിനിപാർക്കും അവിടെയുണ്ട്. ശാന്തമായിരുന്നു സംസാരിക്കാനോ വായിക്കാനോ നടവഴിയിലുടനീളം ചാരുബെഞ്ചുകളും വലയൂഞ്ഞാലുകളുമുണ്ട്. താൽപര്യമുള്ളവർക്ക് ചൂണ്ടയിടാം. ചെറിയൊരു ഫീസ് നൽകിയാൽ ചൂണ്ടയും ഇരയും ഫാമിൽനിന്നു ലഭിക്കും. പിടിക്കുന്ന മീനിനു വില നൽകി കൊണ്ടുപോകുകയും ചെയ്യാം. ഒഴിവുദിനങ്ങളിൽ ചൂണ്ടയിടാൻ മാത്രമായി ധാരാളം പേർ ഇവിടെയെത്താറുണ്ട്.
ബോട്ടിങ്
സഞ്ചാരികൾക്ക് ഇവിടെ ബോട്ടിങ് ആസ്വദിക്കാം. സ്പീഡ് ബോട്ട്, റോവിങ് ബോട്ട്, പെഡൽ ബോട്ട്, ശിക്കാര വള്ളം തുടങ്ങിയവ ഇപ്പോൾ ലഭ്യമാണ്. അധികം വൈകാതെ സോളർ ബോട്ടുകളും എത്തിക്കും. ഇക്കോഫ്രണ്ട്‌ലിയായ ശബ്ദരഹിത ബോട്ടുകളായിരിക്കും അത്. കയാക്കിങ് സൗകര്യം കൂട്ടാനും കുട്ടവഞ്ചി സഞ്ചാരത്തിനുള്ള അവസരമൊരുക്കാനും പെട്രോൾ എൻജിനു പകരം ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ബോട്ട് കൊണ്ടുവരാനും പദ്ധതിയുണ്ട്.
മീറ്റിങ്ങുകൾക്കും ഒത്തുചേരലുകൾക്കും ഇടം
പിറന്നാൾ ആഘോഷങ്ങളും കുടുംബയോഗങ്ങളും അടക്കമുള്ള ഒത്തുചേരലുകൾ അവിസ്മരണീയമാക്കാൻ ഫാമിൽ സൗകര്യമുണ്ട്. 30 പേർ വരെയുള്ള സംഘത്തിന് ഫ്ലോട്ടിങ് റസ്റ്ററന്റിൽ ഒത്തുകൂടാം. 100 പേരിലേറെയുള്ള പരിപാടിയാണെങ്കിൽ പ്രവേശനകവാടത്തിനു സമീപം ജലശേഖരത്തിനോടു ചേർന്നുള്ള വലിയ ഹാളാണ് അനുയോജ്യം. ഔദ്യോഗിക മീറ്റിങ്ങുകൾക്കു പോലും ഇവിടുത്തെ അന്തരീക്ഷം ഒരു പിക്നിക് മൂഡ് നൽകും. ഫാമിലെ മീൻ കൊണ്ടുള്ള വിഭവങ്ങളടക്കം ഭക്ഷണത്തിനും സൗകര്യമുണ്ട്. ഭാവിയിൽ ഇത്തരം ഗെറ്റ്ടുഗദറുകൾക്ക് കൂടുതൽ സൗകര്യമൊരുക്കാനും പദ്ധതിയുണ്ട്.
തനിനാടൻ ഊണും മീൻകറിയും കഴിക്കാം
പാലാക്കരി ഫാമിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിലൊന്നാണ് ഭക്ഷണശാല. വൈക്കത്തെ മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങൾ നടത്തുന്ന ഭക്ഷണശാലയിൽ രുചികരമായ ഊണിനൊപ്പം കരിമീൻ, വറ്റ, കൊഞ്ച്, കക്ക തുടങ്ങിയ സ്പെഷലുകളും ഉണ്ട്. ഫാമിലെത്തുമ്പോൾത്തന്നെ സ്പെഷൽ വിഭവങ്ങൾക്ക് ഓർഡർ കൊടുക്കണം. അവയുടെ വില അപ്പോൾത്തന്നെ പറയും. ഫാമിൽനിന്ന് അന്നന്നു പിടിക്കുന്ന മീനുകളും വൈക്കം കായലിലെ കക്കയുമാണ് ഉപയോഗിക്കുക. മീൻകറി അടക്കമുള്ള ഊണും ഐസ്ക്രീമും ഉൾപ്പെടെയാണ് പ്രവേശന ടിക്കറ്റ് ചാർജ്. സ്പെഷലിനു മാത്രം പണം കൊടുത്താൽമതി.
ചേറുരുചിയില്ലാത്ത മീൻസ്വാദ്
പൊതുവേ കായൽ മീനുകൾക്കൊരു ചേറുരുചിയുണ്ട്. മീൻ വിഭവങ്ങളുടെ ആരാധകരെ പലപ്പോഴും കായൽമീനുകളിൽനിന്ന് അകറ്റുന്നതും ഈ ചേറുരുചിയാണ്. എന്നാൽ പാലാക്കരിയിലെ മീനുകൾക്ക് ചേറുരുചിയില്ല. ഇവിടെ കേജുകളിലും പരാബോളകളിലുമാണ് മത്സ്യങ്ങളെ വളർത്തുന്നത്. ദീർഘചതുരാകൃതിയിൽ ഇരുമ്പുപൈപ്പ് കൊണ്ട് ഫ്രെയിമുണ്ടാക്കി വല കൊണ്ടു കവർ ചെയ്താണ് കൂടുണ്ടാക്കുന്നത്. പരാബോളയാകട്ടെ അർധവൃത്താകൃതിയിൽ പൈപ്പ് ഫ്രെയിമുകൾ വളച്ചുണ്ടാക്കുന്നതാണ്. ഇങ്ങനെയുണ്ടാക്കുന്ന രണ്ട് വളപ്പുകൾക്കിടയിലിട്ടാണ് കാളാഞ്ചി പോലുള്ള മീനുകളെ വളർത്തുന്നത്. അപ്പോൾ അതൊരു സ്വാഭാവിക ജലാശയത്തിന്റെ പ്രതീതി നൽകും. അതിന്റെ ഗുണം, മീനുകൾക്ക് കൃത്രിമത്തീറ്റ കുറച്ചു നൽകിയാൽ മതി എന്നതാണ്. പൊതുവെ കാളാഞ്ചി പോലെയുള്ള മീനുകൾക്ക് ജലാശയത്തിലെ കുഞ്ഞു മീനുകളെ തിന്നുന്നതാണ് കൂടുതലിഷ്ടം. ഇവിടെ കായലിൽനിന്ന് വെള്ളത്തിന്റെ കയറ്റിറക്കങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ധാരാളം ചെറുമത്സ്യങ്ങളെ ഇവയ്ക്ക് ആഹാരമായി ലഭിക്കുകയും ചെയ്യും. സാധാരണ കായൽ മീനുകൾ ധാരാളമായി പായലുകൾ തിന്നും. അത്തരം മീനിന് ചേറുരുചിയായിരിക്കും. ഇവിടുത്തെ മീനുകൾ പായൽ തിന്നാറില്ല.
കാളാഞ്ചി കൂടാതെ വറ്റ, ചെമ്പല്ലി, കരിമീൻ, ഗിഫ്റ്റ് തിലാപ്പിയ തുടങ്ങി മൽസ്യങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. നാലു കിലോയോളമുള്ള വറ്റ, അഞ്ചു കിലോ വരുന്ന കരിമീൻ ഒക്കെ ഇവിടെനിന്നു കിട്ടും. കാളാഞ്ചിക്കുഞ്ഞുങ്ങളെ ഏഴുമാസമാകുമ്പോൾ വിളവെടുക്കാം എന്നതാണ് നേട്ടം. 600 ഗ്രാം മുതൽ ഒരു കിലോ വരെയുള്ള മീനിനെ കിട്ടും. പ്രതീക്ഷിക്കുന്നതിന്റെ 60 ശതമാനം കിട്ടിയാൽപോലും 1000– 1500 കിലോ നിരക്കിൽ കാളാഞ്ചി വിൽക്കാൻ സാധിക്കും. കാളാഞ്ചി വളരെ ഡിമാൻഡുള്ള മൽസ്യമാണ്. കാളാഞ്ചി 500 രൂപയ്ക്കു താഴെയുള്ള നിരക്കിലും കരിമീൻ 400 രൂപയ്ക്കു താഴെയുള്ള നിരക്കിലും ഇവിടെ നിന്നു വാങ്ങാം. സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മൽസ്യം നൽകുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഫാമിന്റെ പ്രവർത്തനം.
തീറ്റപ്രാന്തരായ ഗിഫ്റ്റ് തിലാപ്പിയ
ഫാമിലെ 22 കേജുകളിലായി ഗിഫ്റ്റ് തിലാപ്പിയ മൽസ്യക്കൃഷിയുണ്ട്. തീറ്റയുടെ മണമടിച്ചാൽ കടലിരമ്പുന്ന പോലെ കൂട്ടമായി അതു പാഞ്ഞെത്തുന്ന കാഴ്ച വളരെ രസമുള്ളതാണ്. ഗിഫ്റ്റ് തിലാപ്പിയെ കാണാൻ ഫാമിൽനിന്ന് ബോട്ടിൽ കേജുകളുടെ അടുത്തേക്ക് പോകണം. വലകെട്ടി മറച്ച കേജുകളുടെ സമീപം ഇര കാത്തിരിക്കുന്ന വലിയ പരുന്തുകളും ദേശാടനപ്പക്ഷികളുമുണ്ടാകും.
പൂമീൻ
കഴിഞ്ഞ വർഷത്തെ പ്രധാന പ്രൊജക്ടിന്റെ ഭാഗമായി അഞ്ചു ലക്ഷത്തോളം പൂമീൻ കുഞ്ഞുങ്ങളെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ പോണ്ടുകളിലായി ഒരു ലക്ഷം കുഞ്ഞുങ്ങളെ വീതമാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നത്. അഞ്ചുമാസത്തിനു ശേഷം മാർച്ചിൽ വിളവെടുക്കും. അടുത്ത വർഷത്തോടെ ഇതിനെ ജലാശയത്തിലേക്ക് തുറന്നു വിടും. അപ്പോൾ 5, 6 കിലോ വരുന്ന പൂമീനുകളെ ലഭിക്കും. ജലാശയത്തിലേക്ക് തുറന്നു വിട്ടാൽപ്പിന്നെ കൃത്രിമത്തീറ്റ കൊടുക്കണ്ട എന്ന മെച്ചവുമുണ്ട്. കേരളത്തിൽ ഏറ്റവും രുചികരമായ പൂമീനാണ് ഇവിടെ ലഭിക്കുന്നതെന്ന് ശിവപ്രസാദ് പറയുന്നു.
പ്രവേശന ടിക്കറ്റും പാക്കേജുകളും
അവധി ദിവസങ്ങളിൽ ഒരാൾക്ക് 300 രൂപയും അല്ലാത്ത ദിവസങ്ങളിൽ 250 രൂപയുമാണ് ഫാമിലേക്കുള്ള ടിക്കറ്റ് നിരക്ക്. സ്പെഷൽ പാക്കേജുകളിലും സാധാരണ പാക്കേജുകളിലും കുട്ടികളുടെ ടിക്കറ്റ് നിരക്കിൽ ഇളവുകൾ ഉണ്ട്. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് വേണ്ട. വിദ്യാർഥികൾക്കും 20 പേരിലേറെയുളള സംഘത്തിനും ഇളവുകളുണ്ട്.
സ്പെഷൽ പാക്കേജുകൾ
∙ ദ്വയം ഈവനിങ് സ്പെഷൽ
സമയം വൈകുന്നേരം 3.00 മണി മുതൽ 6.30 വരെ. നിരക്ക് ഒരാൾക്ക് 250 രൂപ.
സൗകര്യങ്ങൾ: സ്പീഡ് ബോട്ട്, റോവിങ് ബോട്ട്, പെഡൽ ബോട്ട്, ചൂണ്ട, വൈക്കം മത്സ്യഫെഡ് അക്വേറിയം സന്ദർശനം, വൈക്കം ബീച്ച് സന്ദർശനം, ചായ, ലഘു ഭക്ഷണം
∙ കോംബിനേഷൻ പാക്കേജ്
സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ. നിരക്ക് ഒരാൾക്ക് - 500 രൂപ
സൗകര്യങ്ങൾ: റോവിങ് ബോട്ട്, പെഡൽ ബോട്ട്, ചൂണ്ട, മത്സ്യക്കൂട് കൃഷി കാണൽ, പാർക്ക്, കെട്ടുവള്ളം മ്യൂസിയം, കയാക്കിങ്, സ്പീഡ് ബോട്ട്, വൈക്കം മത്സ്യഫെഡ് അക്വേറിയം സന്ദർശനം, വൈക്കം ബീച്ച് സന്ദർശനം, ചായ, ലഘുഭക്ഷണം, ഉച്ചഭക്ഷണം.
∙ തരംഗിണി
സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ. നിരക്ക് ഒരാൾക്ക് - 800 രൂപ
സൗകര്യങ്ങൾ: ശിക്കാരി ബോട്ട് യാത്ര, ശിക്കാരിയിൽ പ്രാതൽ, പാർക്ക്, മത്സ്യക്കൂട് കൃഷി, കെട്ടുവള്ളം മ്യൂസിയം, കയാക്കിങ്, റോവിങ് ബോട്ട്, പെഡൽ ബോട്ട്, ചൂണ്ട, വൈക്കം മത്സ്യഫെഡ് അക്വേറിയം സന്ദർശനം, വൈക്കം ബീച്ച് സന്ദർശനം, ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം,
∙ കാഴ്ച
സമയം രാവിലെ 9.30 മുതൽ വൈകുന്നേരം 7.00 വരെ. നിരക്ക് ഒരാൾക്ക് 1000 രൂപ.
സൗകര്യങ്ങൾ: ശിക്കാരി ബോട്ട് യാത്ര, ശിക്കാരി പ്രാതൽ, പാർക്ക്, മത്സ്യക്കൂട് കൃഷി, കെട്ടുവള്ളം മ്യൂസിയം, സ്പീഡ് ബോട്ട്, കയാക്കിങ്, റോവിങ് ബോട്ട്, പെഡൽ ബോട്ട്, ചൂണ്ട, വൈക്കം മത്സ്യഫെഡ് അക്വേറിയം സന്ദർശനം, വൈക്കം ബീച്ച് സന്ദർശനം,
ഉച്ചഭക്ഷണം, ചായ, ലഘുഭക്ഷണം– വെള്ളയപ്പം മീൻകറി.
∙ ഭൂമിക
സമയം രാവിലെ 8.30 മുതൽ രാത്രി 7.30 വരെ. നിരക്ക് ഒരാൾക്ക് 1500 രൂപ
സൗകര്യങ്ങൾ: എറണാകുളത്തെ ഞാറയ്ക്കൽ അക്വാടൂറിസം സെന്ററിലെ പൂമീൻ ചാട്ടം, കുട്ടവഞ്ചി, ജലാശയത്തിലെ മുളംകുടിൽ, വഞ്ചിത്തുരുത്ത്, വാട്ടർ സൈക്കിൾ, കയാക്കിങ്, റോവിങ് ബോട്ട്, പെഡൽ ബോട്ട്, ചൂണ്ട, കാട്ടിക്കുന്ന് പാലായ്ക്കരി അക്വാടൂറിസം സെന്ററിലെ കെട്ടു വള്ളം മ്യൂസിയം, മത്സ്യക്കൂട് കൃഷി, കുട്ടികളുടെ പാർക്ക്, വേമ്പനാട്ട് കായലിലെ ശിക്കാരി ബോട്ട് യാത്ര, വൈക്കം മത്സ്യഫെഡ് അക്വേറിയം സന്ദർശനം, വൈക്കം ബീച്ച് സന്ദർശനം, പ്രഭാതഭക്ഷണം, ഉച്ചയൂണ്, ഫ്രഷ് ജൂസ്, ചായ, ലഘു ഭക്ഷണം– കപ്പ മീൻകറി.
English Summary: Visit Palaikari Aqua Tourism Centre