പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഇനി മുറജപ കാലം
Mail This Article
ആത്മീയതയുടെ സൗന്ദര്യാനുഭൂതിക്കു വേണ്ടിയുള്ള ഒരു അന്വേഷണമാണിത്. മന്ത്രം, ക്രിയ, ശക്തി ഇവയുടെ സമന്വയമാണ് വേദങ്ങൾ. ഈ ധ്വനികൾ അനന്തപുരിയുടെ പ്രാണവായുവിൽ അലിഞ്ഞു ചേരാൻ ഇനി അധിക സമയമില്ല. അതെ, ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും വീണ്ടും ഒരു മുറജപത്തിനു തയാറെടുക്കുകയാണ്. ആറു വർഷത്തിനു ശേഷം വീണ്ടും ഒരു മുറജപം വിരുന്നു വരുന്നു. അപൂർവമായ ആചാരങ്ങളുടെ സന്നിവേശം. പ്രപഞ്ചത്തിലെ ചരവും അചരവുമായ സർവതിനും ക്ഷേമമുണ്ടാകട്ടെയെന്ന പ്രാർഥനയുടെ ദിനങ്ങളാണിനി.
ഈമാസം 21 നാണു മുറജപം തുടങ്ങുക. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലാണു ജപം. ഓരോ മുറയും കഴിയുമ്പോൾ ശീവേലി. അങ്ങനെ മുറജപം പൂർത്തിയാകുന്ന 2020 ജനുവരി 16 ന് ലക്ഷം ദീപങ്ങൾ ക്ഷേത്രത്തിൽ ഭക്തി നിർഭരമായ കാഴ്ചയൊരുക്കും. ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ തുടങ്ങിവച്ച ചടങ്ങുകൾ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ചെറിയ മാറ്റങ്ങളോടെ ആവർത്തിക്കുന്നുവെന്നാണ് ഈ ആഘോഷത്തിന്റെ സവിശേഷത.കാഞ്ചിപുരം, പേജാവാർ എന്നിവിടങ്ങളിൽ നിന്നുള്ള വേദ പണ്ഡിതന്മാർക്കു പുറമേ കേരളത്തിലെ വിവിധ ബ്രാഹ്മണ സഭകളുടെയും യോഗക്ഷേമസഭയുടെയും പ്രതിനിധികളുൾപ്പെടെ 200 പേരാണ് ഇത്തവണ ഇവിടെ എത്തുന്നത്. വടക്കേ നടയ്ക്കു സമീപമുള്ള തെക്കേകൊട്ടാരത്തിലാണ് ഇവർക്കു താമസം ഒരുക്കിയിട്ടുള്ളത്. മലയാള ബ്രാഹ്മണരുടെ ആചാര്യപദവി അലങ്കരിക്കുന്ന ആഴ്‌വാഞ്ചേരി തമ്പ്രാക്കളുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
മുറജപത്തിലെ ചടങ്ങുകൾ
മന്ത്രപ്രധാനമായ ഋഗ്വേദം, ക്രിയാ പ്രധാനമായ യജുർവേദം, ശ്രുതി പ്രധാനമായ സാമവേദം എന്നിവയുടെ സമന്വയമാണ് ഓരോ മുറജപവും. നാലുതരം ദൈനംദിന പ്രാർഥനകളോടെ 56 ദിവസം നീളുന്ന അനുഷ്ഠാനമാണു മുറജപം. മകര സംക്രാന്തി ദിനമായ 56–ാം ദിവസം ശീവേലിയോടെയാണ് ലക്ഷദീപം നടക്കുക.
രാവിലെ 6.30 മുതൽ 8.30 വരെയാണ് നാമജപം. അതിനു മുൻപ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം, എന്നിവ നടക്കും. ക്ഷേത്ര തന്ത്രി തരണനല്ലൂർ പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും. ഋക്–യജുർവേദങ്ങൾ കിഴക്കേ നടയ്ക്കകത്തെ രണ്ടു മണ്ഡപങ്ങളിലും സാമവേദം വേദവ്യാസ മണ്ഡപത്തിലുമാണു ജപിക്കുക. കുലശേഖര മണ്ഡപത്തിലാണു സഹസ്രനാമജപം. ജനുവരി 15നാണു ലക്ഷദീപം. അന്നുമുതൽ നാലു ദിവസം ക്ഷേത്രം വൈദ്യുത ദീപങ്ങളും മൺചെരാതുകളും കൊണ്ട് പ്രഭാപൂരിതമാകും. സാംസ്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും.
ഏഴു മുറകളിലായിട്ടാണു ശീവേലി നടക്കുക. ഓരോ എട്ടാം ദിവസവും. ശ്രീ പദ്മനാഭൻ, നരസിംഹ മൂർത്തി, ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളിക്കുക. ഒന്നാം മുറയിൽ അനന്തവാഹനം, രണ്ടാം മുറയിൽ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയിൽ ഗരുഡവാഹനം എന്നീ ക്രമത്തിൽ എഴുന്നെള്ളിക്കണമെന്നാണു വ്യവസ്ഥ. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജലജപം പുനരാരംഭിക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത. കിഴക്കേ നടയിലുള്ള പദ്മതീർഥക്കുളത്തിലാണതു നടക്കുക. ക്ഷേത്രത്തിലെത്താതെ നഗരവാസികൾക്ക് മുറജപം ദർശിക്കാമെന്നതും ജലത്തെ പവിത്രീകരിക്കുകയെന്നതും ഇതിന്റെ ലക്ഷ്യമാണ്.
വൻ തുക ചെലവു വരുന്ന ഈ ചടങ്ങിൽ ഭക്ത ജനങ്ങൾക്കും ഭാഗമാകാം. ഇതിലേക്കായി തിരുവിതാംകൂർ രാജകുടുംബം 55 ലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. തമിഴ്നാട് സർക്കാർ 1.56 കോടി രൂപ നൽകി. തിരുവിതാംകൂറിന്റെ നെല്ലറയായ നാഞ്ചിനാട് തമിഴ്നാടിനോടു കൂട്ടിച്ചേർത്തപ്പോഴുള്ള കരാർ പ്രകാരമുള്ള കുടിശികയാണിത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ചെലവു നടത്തുന്നതിനുള്ള നെല്ലറകൾ തമിഴ്നാട്ടിലാവുകയും അതു സ്വകാര്യ വ്യക്തികളുടെ കൈയിലാവുകയും ചെയ്ത സാഹചര്യത്തിലാണു ക്ഷേത്രത്തിലേക്ക് നിശ്ചിത തുക നൽകണമെന്നു വ്യവസ്ഥയുണ്ടായത്. കഴിഞ്ഞ 18 വർഷമായി അതു മുടങ്ങിക്കിടക്കുകയായിരുന്നു. ഇക്കാര്യം തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതിനെത്തുടർന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇടപെട്ട് ക്ഷേത്ര ഭരണ സമിതിക്കു നേരിട്ടു തുക കൈമാറുകയായിരുന്നു. ചെന്നൈയിലെത്തിയാണു ഭരണ സമിതി തുക സ്വീകരിച്ചത്.
മുറജപത്തിന്റെ തുടക്കം
മുറജപത്തിന്റെയും ലക്ഷദീപം ചടങ്ങിന്റെയും ചരിത്രം ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമയിലാണ് തുടങ്ങുന്നത്. അധികാരത്തിലേക്കുള്ള അദ്ദേഹത്തിന്റെ പാത സുഗമമായിരുന്നില്ല. ഒട്ടേറെ പ്രതിബന്ധങ്ങളെ നേരിട്ടായിരുന്നു ആ ജൈത്രയാത്ര. ചെറിയ രാജ്യമായിരുന്ന തിരുവിതാംകൂറിന്റെ വിസ്തൃതി വർധിപ്പിച്ച് കെട്ടുറപ്പുള്ള രാഷ്ട്രമാക്കി മാറ്റാനുള്ള പരിശ്രമത്തിൽ അദ്ദേഹം വിശ്രമം അറിഞ്ഞിട്ടില്ല. നിരന്തര പോരാട്ടമായിരുന്നു ആ ജീവിതം. കായംകുളവുമായുള്ള യുദ്ധമായിരുന്നു അതിൽ ഏറ്റവും ശ്രമകരം. അതുകൂടി വിജയിച്ച ശേഷം അദ്ദേഹം പള്ളിവാളും രാജ്യവും ശ്രീപദ്മനാഭ സ്വാമിക്കു സമർപ്പിച്ചു പദ്മനാഭദാസനായത് ചരിത്രപ്രസിദ്ധമായ തൃപ്പടിദാനത്തിലൂടെയായിരുന്നു.
ഒടുവിൽ അദ്ദേഹത്തിനു യുദ്ധങ്ങളിൽ വിരക്തി തോന്നിയിരിക്കണം. കടന്നുവന്ന ചോരപ്പുഴകൾ, കേൾക്കാതെപോയ വിലാപങ്ങൾ അതൊക്കെ മുൻനിർത്തി പ്രായശ്ചിത്തത്തിനു ചക്രവർത്തി അശോകനെപ്പോലെ അദ്ദേഹം തയാറെടുത്തു. അതേപ്പറ്റി ‘തിരുവിതാംകൂറിന്റെ ചരിത്രം’ എന്ന പുസ്തകത്തിൽ പി.ശങ്കുണ്ണി മേനോൻ എഴുതുന്നു:
ചെറുകിട രാജാക്കന്മാരെയും പ്രധാനികളെയും മാടമ്പിമാരെയും എട്ടുവീട്ടിൽപിള്ളമാരെയും എല്ലാം ഒതുക്കിയ ശേഷം യുദ്ധം, വധം എന്നീ പാപങ്ങൾക്കു പ്രായശ്ചിത്തമായും രാജ്യത്തിന് ഐശ്വര്യത്തിനു വേണ്ടിയും ചില കർമങ്ങൾ അനുഷ്ഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതിനായി മധുര, തിരുനെൽവേലി, മലബാർ പ്രദേശങ്ങളിൽനിന്ന് വൈദിക ബ്രാഹ്മണരെ വിളിച്ചു. 4 വേദങ്ങളും ആറു ശാസ്ത്രങ്ങളും തിരഞ്ഞ് പ്രായശ്ചിത്ത വിധികൾ കണ്ടെത്താൻ അവരോടു നിർദേശിച്ചു. അവരുടെ അന്വേഷണങ്ങളിൽ വ്യക്തമായത് പണ്ട് കാർത്തവീര്യാർജുനൻ എന്ന ചക്രവർത്തി നടത്തിയ പ്രായശ്ചിത്തങ്ങളാണ്. അങ്ങനെയാണ് മുറജപവും ഭദ്രദീപവും നടത്താൻ ഉപദേശിച്ചത്.
‘ദക്ഷിണായനത്തിലെ കർക്കിടകം ഒന്നു മുതലും ഉത്തരായനം തുടങ്ങുന്ന മകരം ഒന്നുമുതലും ഏഴു ദിവസം മൂന്നു വേദങ്ങളും ജപിക്കണം. അതുകഴിയുമ്പോൾ ഭദ്രദീപം നടത്തണം. ഇങ്ങനെ തുടർച്ചയായി 5 കൊല്ലം ചെയ്തശേഷം 6 ആഴ്ച നീളുന്ന മുറജപം നടത്തണം. 56–ാം ദിവസം ലക്ഷം ദീപങ്ങൾ തെളിക്കണം’ ഇതായിരുന്നു പ്രായശ്ചിത്ത വിധി. ആദ്യ മുറജപം 1747 ൽ ആണു നടന്നതെന്ന് തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുനാൾ രേഖപ്പെടുത്തുന്നു (ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം). എന്നാൽ പൂർത്തിയായത് ലക്ഷദീപത്തോടെയല്ല. അതു നടന്നത് മൂന്നു വർഷം കഴിഞ്ഞാണ്; 1757 ജനുവരി 15ന്. ഒരു ലക്ഷം ദീപം തെളിയിക്കാൻ 20 പറ എണ്ണ വേണ്ടിവന്നുവത്രേ.
കാലത്തിന്റെ മാറ്റങ്ങൾ
കാലക്രമേണ ഭദ്രദീപം അവസാനിച്ചു. തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ചിത്തിരതിരുനാൾ ബാലരാമവർമയുടെ കാലത്ത് ജലജം നിർത്തലാക്കി. അതു ശത്രുസംഹാരം ലക്ഷ്യമിട്ടുള്ളതിനാലാണത്രേ. വർധിച്ചു വരുന്ന എണ്ണവില കാരണം വൈദ്യുത ദീപങ്ങൾ ഉപയോഗിക്കാൻ 1971ൽ അദ്ദേഹം തീരുമാനിച്ചു. ദേവപ്രശ്നം നടത്തി അനുമതി വാങ്ങിയ ശേഷമായിരുന്നു അത്.
മുറജപത്തിന്റെ സങ്കേതങ്ങൾ
പ്രധാനമായി മൂന്നിടങ്ങൾ കേന്ദ്രീകരിച്ചാണു മുറജപം നടത്തുക പദ്മതീർഥം, കുലശേഖര മണ്ഡപം, വ്യാസ മണ്ഡപം. ചരിത്രത്തിനു സാക്ഷിയായ ഈ സങ്കേതങ്ങളിൽക്കൂടി ഒരു യാത്ര നടത്താം.
പദ്മതീർഥം
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള പദ്മതീർഥം കുളത്തെപ്പറ്റി പുരാണങ്ങളിൽ പരാമർശമുണ്ട്. പ്രധാനപ്പെട്ട തീർഥങ്ങളിലൊന്നായിട്ടാണിതിനെ പരിഗണിക്കുന്നത്. അനന്തതീർഥം, ദർപ്പക്കുളം എന്നീ പേരുകളിലാണിത് അറിയപ്പെടുന്നത്. 14 മീറ്റർ വീതിയും 8 മീറ്റർ നീളവുമുള്ള കുളത്തിന് 8 മീറ്റർ ആഴമുണ്ട്. നീരുറവകൾക്കു ചുറ്റുമുള്ള ജലസ്രോതസ്സാണിത്. സ്വർണത്താമര തീർഥത്തിന്റെ നടുവിലുള്ളതിനാലാണ് പദ്മതീർഥമെന്ന പേരുവന്നതെന്ന് ചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹം നിർമിക്കാനായി നേപ്പാളിലെ ഗണ്ഡകീ നദിയിൽ നിന്നെത്തിച്ച സാളഗ്രാമങ്ങളിൽ ചിലത് ഇതിൽ നിക്ഷേപിച്ചിട്ടുണ്ട്. 6 കുളിക്കടവുകളും 8 ചെറുമണ്ഡപങ്ങളും ഇവിടെയുണ്ട്. ചുറ്റും ഗ്രില്ലു പതിച്ചിരിക്കുന്നു. മണ്ഡപങ്ങൾക്കു നടുവിലുള്ള പച്ചപ്പു നിറഞ്ഞ ഈ കുളം കണ്ണിനു കുളിർമ പകരുന്നു.
സായന്തനങ്ങളിൽ അസ്തമയ സൂര്യന്റെ കുങ്കുമകിരണങ്ങളേറ്റു കിഴക്കേനടയിലെ പദ്മതീർഥത്തിനു മുന്നിൽ നിൽക്കുന്നത് വിവരണാതീതമായ അനുഭൂതിയാണ്. നഗരത്തിലെ തിരക്കുകൾക്കും ബഹളങ്ങൾക്കുമിടയിൽ സ്വാസ്ഥ്യം നുകരാൻ കഴിയുമെന്നതാണ് പദ്മതീർഥത്തിന്റെ സവിശേഷത. തിരുവനന്തപുരം നഗരത്തിന്റെ സമീപത്തുള്ള ശാസ്തമംഗലത്ത് അണകെട്ടിയാണ് കിള്ളിയാറിലെ വെള്ളം ഇവിടെ എത്തിച്ചിരുന്നത്. ആ തടയണ ഇപ്പോഴും അവിടെയുണ്ട്. ഇവിടത്തെ വെള്ളം ഒഴുക്കിവിട്ടിരുന്നത് സമീപത്തെ പാത്രക്കുളത്തിലാണ്. ഇന്നു പാത്രക്കുളം ഇല്ല,. അവിടെ തീർഥപാദമണ്ഡപമാണ്. അവിടെ തീർഥപാദ മണ്ഡപമാണ്.തിരുവനന്തപുരത്തെ പ്രമുഖമായ ഒരു സാംസ്കാരിക കേന്ദ്രമാണിത്. സാംസ്കാരിക പരിപാടികൾക്കും സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പിനും ഇവിടം വേദിയാകാറുണ്ട്. കുളത്തിലേക്കുള്ള നീരുറവകൾ പലതും അടഞ്ഞുപോയി. ഇവിടെയാണു മുറജപകാലത്തു ജലജപം നടക്കുക.
കുലശേഖര മണ്ഡപം
കല്ലിൽകൊത്തിയ കവിതയാണു പദ്മനാഭ സ്വാമി ക്ഷേത്രമെങ്കിൽ അവിടത്തെ അദ്ഭുതങ്ങളിലൊന്നാണു സഹസ്രനാമ ജപത്തിനു വേദിയാകുന്ന കുലശേഖര മണ്ഡപം. ധർമരാജ എന്നറിയപ്പെട്ട കാർത്തിക തിരുനാൾ രാമവർമ തുടങ്ങിവച്ചതാണ് കുലശേഖര മണ്ഡപം. കരിങ്കല്ലിൽ കൊത്തിയ ദേവീദേവന്മാരുടെ ശിൽപം, രാമായണ– മഹാഭാരത ശിൽപങ്ങൾ എന്നിവ ഇവിടെയുണ്ട്. ശിലയിൽ തീർത്ത മണി ശിലാചങ്ങലകളിൽ ബസിപ്പിച്ചിരിക്കുന്നു. പുണ്യതീർഥങ്ങളിലെ ജലം സംഭരിക്കാനുള്ള കൽത്തൊട്ടി തിരുവിതാംകൂർ രാജാക്കന്മാർ നടത്തിയിരുന്ന ഹിരണ്യഗർഭം എന്ന ചടങ്ങിന് ഉപയോഗിച്ചിരുന്നതാണ്.
ഇവിടത്തെ ഏറ്റവും വലിയ സവിശേഷത സംഗീത സ്തൂപികകളാണ്. രണ്ടറ്റത്തായി 28 കൽത്തൂണുകൾ സപ്തസ്വരങ്ങളുതിർക്കുന്ന ഒരു തൂണിൽ മൃദംഗ ധ്വനി വേറിട്ടു കേൾക്കാം. കളക്കാട്, ശുചീകം, ബ്രഹ്മദേശം എന്നീ ക്ഷേത്രങ്ങളിലെ ശിൽപികളാകാം ഇവ നിർമിച്ചതെന്ന് ഡോ.എം.ജി.ശശിഭൂഷൺ പറയുന്നു. വള്ളിയൂർ, പാപനാശം, തൂക്കണാംകുടി എന്നിവിടങ്ങളിൽ നിന്നാണ് ശിൽപികളെ കൊണ്ടുവന്നതെന്ന് അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായി പറയുന്നു. തോട്ടത്തു മൂത്ത പണിക്കർ എന്ന ശിൽപിയാണത്രേ നേതൃത്വം നൽകിയത്.
ജപം നടക്കുന്ന മറ്റൊരു കേന്ദ്രം വ്യാസമണ്ഡപമാണ്. ഒറ്റക്കൽ മണ്ഡപത്തിനു പുറത്ത് പ്രദക്ഷിണ വഴിയിൽ അശ്വത്ഥാമാവിനൊപ്പമുളള വേദവ്യാസൻ. ഒരു കാലു മടക്കി തുടയിൽ വച്ചിരിക്കുന്ന വ്യാസനു സമീപം അശ്വത്ഥാമാവ് നിൽക്കുന്നു. വ്യാസനെതിരെ രാമാനുജാചാര്യരുടെ ശിൽപമുണ്ട്. വിദ്യാരംഭം നടക്കുന്ന മണ്ഡമാണിത്.
പദ്മനാഭസ്വാമി ക്ഷേത്രത്തിനു ചുറ്റും കാഴ്ചകൾ അവസാനിക്കുന്നില്ല. ശീവേലി മണ്ഡപത്തിന്റെ വിശാലതയ്ക്കു ചുറ്റും പഞ്ചാര മണലാണ്. പടിഞ്ഞാറുനിന്ന് കടൽക്കാറ്റ് ഒഴുകി വരും. കിഴക്കേകോട്ടയുടെ പടവുകൾക്കു താഴെ കാലത്തിന്റെ മാറ്റങ്ങൾക്കു സാക്ഷിയായി പദ്മതീർഥം. വീണ്ടും വേദമന്ത്രധ്വനിയുയരുന്ന നിമിഷങ്ങൾ. ആത്മീയതയുടെ സൗന്ദര്യാനുഭൂതി.