ADVERTISEMENT

വാഗമൺ എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് കോടമഞ്ഞിന്റെ തണുപ്പ് അരിച്ചിറങ്ങുന്ന പോലെ തോന്നും. കോടമഞ്ഞിൻ താഴ്‌വരയിൽ എന്ന പാട്ടു പോലെ അതി സുന്ദരിയാണ് വാഗമൺ. പച്ച പരവതാനി വിരിച്ചു സഞ്ചാരികളെ എന്നും വരവേൽക്കുന്ന കാഴ്ച ആസ്വദിക്കേണ്ടതു തന്നെയാണ്. ഭാര്യയുടെ വീട്ടിൽ നിന്നും നട്ടുച്ചക്ക് ഊണിന് ശേഷം  ബൈക്കെടുത്തു നേരെ റാന്നിയിൽ നിന്നും കുട്ടിക്കാനം ഏലപ്പാറ വഴി വാഗമണ്ണിലേക്ക് ലക്ഷ്യം വച്ചു. ചാറ്റൽ മഴ മതിയാവോളം നനഞ്ഞു. കാഴ്ചയുടെ പൂരപ്പറമ്പായ കരിയാട് ടോപ്പിനടുത്തുള്ള സ്‌പൈസ് ഗാർഡൻ ഫാം റിസോർട്ടിൽ എത്തിയപ്പോൾ അസ്തമയ സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ ഓടി ഒളിക്കാൻ തിടുക്കം കൂട്ടികൊണ്ടിരുന്നു.

vagamon1

ബൈക്ക് യാത്ര പകുതി പിന്നിട്ടു, കുട്ടിക്കാനം എത്താൻ ഒരു കിലോമീറ്റർ ഉള്ളപ്പോൾ ബൈക്ക് നിർത്തി കാഴ്ച കണ്ടു വീണ്ടും യാത്ര തുടരാൻ ശ്രമിച്ചപ്പോൾ ബൈക്ക് അനങ്ങുന്നില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കിയിട്ടും ഒരു രക്ഷയുമില്ല. ബുള്ളറ്റിൽ എത്തിയ രണ്ടു പേര് ‌സഹായത്തിനെത്തി. പെട്രോൾ കാലി ആയതു കൊണ്ടാണ് ബൈക്ക് അനങ്ങാത്തതെന്ന് ബോധ്യപ്പെട്ടു. അവർ കുട്ടിക്കാനത്ത്‌ പോയി ഒരു കുപ്പിയിൽ പെട്രോൾ വാങ്ങി നൽകി. സന്തോഷത്തിനു  ഒരു ചായ കുടിക്കാൻ വിളിച്ചെങ്കിലും സ്നേഹ പൂർവം നിരസിച്ച് അവർ യാത്രയായി.

vagamon-1

ഏലപ്പാറയിലേക്കു തിരിഞ്ഞപ്പോൾ റോഡിനു രണ്ടു വശത്തും തേയിലക്കാടുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പച്ചപ്പിന്റെ സൗന്ദര്യം. കുറച്ചു നേരം അവിടെ ചെലവഴിച്ചു. വീശിയടിക്കുന്ന കാറ്റിനു കാഠിന്യം ഏറി വന്നതിനാൽ വാഗമൺ എന്ന ലക്ഷ്യ സ്ഥാനത്തേക്ക് യാത്ര തുടർന്നു. ഇരുവശവും വിജനമായ വഴി വളഞ്ഞും പുളഞ്ഞും കൺകുളിർക്കെ വശ്യമായ കാഴ്ചകൾ സമ്മാനിച്ച് അവസാനം കരിയാട് ടോപ് കടന്നു റിസോർട്ടിൽ എത്തി. തണുത്ത് വിറച്ചാണ് എത്തിയത്, വന്നപാടെ കിട്ടിയ ചൂടൻ കാപ്പി കുടിച്ചതോടെ യാത്ര ക്ഷീണം പമ്പ കടന്നു.

1idukki-vagamon.jpg.image.784.410

അടുത്ത ദിവസം രാവിലെ എഴുന്നേറ്റു നൂറു ഏക്കറിൽ ഔഷധ സസ്യങ്ങൾ വച്ച് പിടിപ്പിച്ച ഫാം റിസോർട്ടിലെ കാഴ്ചകളും ആസ്വദിച്ചു. മഞ്ഞലയിൽ മുങ്ങി തോർത്തി എന്ന ഈരടികളെ ഓർമിപ്പിക്കുന്ന തരത്തിൽ മലയടിവാരത്തേക്കുള്ള യാത്ര വില്ലിസ് ജീപ്പിൽ സിബിച്ചായനോടൊപ്പമായിരുന്നു. ഒരു കല്ലിൽ നിന്നും മറ്റൊരു കല്ലിൽ ചാടി ചെറു നീർചാലുകളും കൊച്ചരുവികളും അനായാസം താണ്ടി ഇറക്കം ഇറങ്ങിയുള്ള ജീപ്പ് യാത്ര ശരിക്കും രസകരമായിരുന്നു. വെള്ളം തട്ടുതട്ടായ പാറമടക്കിൽ നിന്നും പാൽ പോലെ പതഞ്ഞൊഴുകുന്നു. ഒരു ഉഗ്രൻ വെള്ളച്ചാട്ടത്തിൽ എത്തിയപ്പോൾ അതുവരെ വില്ലിസ് ജീപ്പിൽ മുറുകെ പിടിച്ചു യാത്ര ചെയ്ത ഞങ്ങൾ ചാടിയിറങ്ങി  മനസ് നിറയെ മതി മറന്നു ഉല്ലസിച്ചു.

vagamon-pine-valley3

ജീപ്പിൽ ഇറങ്ങി വന്ന അതേ റൂട്ടിൽ തിരികെ പാറക്കൂട്ടങ്ങളെ പിന്തള്ളി കുത്തനെയുള്ള കയറ്റം കയറി. രണ്ടു കിലോമീറ്റർ ദൂരം ഉള്ള കാഴ്ച അമ്പരപ്പിക്കുന്നതാണ്. മഴക്കാലത്തു മിക്കയിടങ്ങളും വെള്ളം നിറഞ്ഞ് റോഡും തോടും തിരിച്ചറിയാൻ പറ്റില്ല. ഔഷധ സസ്യങ്ങളും കാടും ഇടകലർന്ന ഈ മൺ പാതയിൽ കൂടിയുള്ള ജീപ്പ് ഓഫ് റോഡ് യാത്ര മനസ്സിൽ കുളിരു കോരിയിടും. ഒട്ടും അന്തരീക്ഷ മലിനീകരണം ഇല്ലാതെ  ഔഷധ ഗന്ധം നിറഞ്ഞ ശുദ്ധമായ വായു കൊതി തീരുവോളം നുകർന്ന് വെള്ളാരം കല്ലുകൾ പതിഞ്ഞ മണ്ണിലൂടെ പാദരക്ഷ ഉപയോഗിക്കാതെ നടക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയായിരുന്നു. തിരക്കേറിയ ജീവിതത്തിൽ വീണു കിട്ടുന്ന ഇടവേളകളിൽ പ്രകൃതിയെ അറിഞ്ഞുള്ള ഇൗ യാത്ര അനുഭവിച്ചറിയേണ്ടതാണ്.

പാറയിടുക്കിൽ നിന്നും മഴക്കാലത്തു ശക്തിയായി ഒഴുകി ഇറങ്ങുന്ന വെള്ളത്തിൽ കുളിച്ചു കയറുമ്പോൾ ശരീരമാകെ ആയുർവേദ മസ്സാജ് ലഭിച്ച പ്രതീതിയാണ്. പ്രകൃതിയെ നേരിട്ടു അറിയുവാനും മനസിലാക്കുവാനും അനുഭവിക്കാനും കിട്ടുന്ന ഒരു സുവർണാവസരമാണ് നിരവധി ഔഷധ സസ്യങ്ങളുടെ കലവറയായ ഇവിടെ ലഭിക്കുന്നത്.

തിരികെ റൂമിൽ എത്തി പ്രാതൽ കഴിക്കുവാൻ തയാറായി. മുൻപിൽ നിരന്നത് ആവി പറക്കുന്ന അരി പുട്ടും പച്ച തേങ്ങാ അരച്ച് ചേർത്ത കടല കറിയും വാഗമൺ തേയില ചേർത്ത പാൽ ചായയും. മനസ്സു നിറഞ്ഞ കാഴ്ചകൾക്കൊപ്പം രുചികരമായ ഭക്ഷണം കഴിച്ച് വയറും നിറച്ചു. വീണ്ടും കാണാം എന്ന് പറഞ്ഞ് കോട മഞ്ഞേറ്റ് മനസ് കുളിർത്ത് വാഗമണ്ണിനോട് വിടപറഞ്ഞ് തിരികെയിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com