ഒറ്റ ദിവസം കൊണ്ട് മൂന്ന് സംസ്ഥാനങ്ങളിലെ കാട്ടിലൂടെ യാത്ര ചെയ്യാം
Mail This Article
കോടമഞ്ഞിൻ പുതപ്പ് അണിഞ്ഞ വയനാട്, പൂപ്പാടങ്ങൾ നിറഞ്ഞ ഗുണ്ടൽപേട്ട്, വന്യമൃഗങ്ങൾ നിറഞ്ഞ മുതുമലയും ബന്ദിപ്പൂരും ,കേരളം ,തമിഴ്നാട്, കർണാടക മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒറ്റ ദിവസത്തെ യാത്ര. ശരിക്കും വിസ്മയിപ്പിച്ച യാത്രയായിരുന്നു. യാത്രയ്ക്ക് കൂട്ടായി സുഹൃത്തുക്കളായ സന്ദീപും രതീഷും ഒപ്പമെത്തി. കൃത്യം അഞ്ചു മണിക്ക് വീട്ടിൽ നിന്നും യാത്ര തിരിച്ചു. തണുപ്പും ചാറ്റൽമഴയും നിറഞ്ഞ വഴിയിലൂടെ വയനാട് ലക്ഷ്യമാക്കി വോക്സ്‌വാഗണ്‍ കുതിച്ചു. ടാങ്കർ ലോറികളെ ഒഴിച്ചുനിർത്തിയാൽ റോഡ് തീർത്തും വിജനമാണ്.
കോഴിക്കോട് വയനാട് റോഡിലേക്ക് കയറി, വയനാട് വരെ ബൈക്ക് റൈഡേഴ്സന്റ ഒരു കൂട്ടവും കൂട്ടിനെത്തി. താമരശ്ശേരിയും കൊടുവള്ളിയും പിന്നിട്ട് അടിവാരം എത്തിയപ്പോൾ വെയിൽ ഉദിച്ചിരുന്നു. വയനാടൻ ചുരം കയറി തുടങ്ങി. വ്യൂ പോയിന്റിൽ കുറച്ച് പേർ താഴക്ക് നോക്കുന്നു. ഞങ്ങളും ഒപ്പം കൂടി. മലയണ്ണാനുകളുടെ രസകരമായ കാഴ്ചയായിരുന്നു. രണ്ട് മലയണ്ണാന്റെ മരത്തിനു മുകളിലൂടെയുള്ള കുസൃതികൾ കണ്ട് നിൽക്കുന്നതിനിടെ പെട്ടെന്ന് മഴ പെയ്ത് തുടങ്ങി. മഴ പെയ്തതോടെ പെട്ടെന്നുതന്നെ കാലാവസ്ഥയും മാറി. കോടമഞ്ഞും മഴയും കൂടി ഒരു പ്രത്യേക അനുഭവമാണ് പിന്നെ അങ്ങോട്ടേക്കുള്ള യാത്ര സമ്മാനിച്ചത്. മഴ കുറയുന്ന ലക്ഷണമില്ലാത്തത് കൊണ്ട് കൂടുതൽ സമയം അവിടെ ചെലവഴിക്കാതെ വയനാട്ടിലേക്ക് സ്വാഗതം എന്ന വലിയ കമാനം കടന്ന് യാത്ര തുടർന്നു.
അര കിലോമീറ്റർ ദൂരം താണ്ടിയപ്പോൾ ഇടതുഭാഗത്തായി ചങ്ങലയിട്ട മരം കണ്ടു. ബ്രിട്ടീഷുകാർക്ക് വയനാടൻ ചുരം നിർമാണത്തിന് വഴി പറഞ്ഞ് നൽകിയ കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചത് ഇവിടെ ആണെന്നാണ് സങ്കൽപ്പം.ആവശ്യം പൂർത്തിയായപ്പോൾ കരിന്തണ്ടനെ ക്രൂരമായി കൊലപ്പെടുത്തി എന്നാണ് ചരിത്രം. സാധാരണ ഇവിടേക്കുള്ള യാത്രയിൽ ഇതിനടുത്തുള്ള ചായ കടയിൽ നിന്ന് ഒരു സുലൈമാനി കുടിച്ച് അൽപനേരം വിശ്രമിക്കാറുണ്ട്, ഇത്തവണയും തെറ്റിച്ചില്ല. രാവിലെ വിശപ്പിന്റെ വിളി എത്തിയിരുന്നു.കൽപ്പറ്റ എത്തുന്നതിന് മുമ്പാണ് സ്വാമിയുടെ വെജിറ്റേറിയൻ ഹോട്ടൽ. അവിടെ നിന്ന് രാവിലത്തെ ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. സ്വാമി എടപ്പാൾ സ്വദേശിയാണ്. ഉച്ചയ്ക്കുള്ള സ്വാമിയുടെ ഊണും പ്രശസ്തമാണ്. ഈ ഹോട്ടൽ എനിക്ക് പരിചയപ്പെടുത്തിയത് സുഹൃത്തും കേരളത്തിലെ പ്രശസ്ത ആർക്കിടെക്റ്റുമായ റിയാസ് മുഹമ്മദാണ്. പൂ പോലെയുള്ള ഇഡ്‍ഡലിയും ചട്ട്ണിയും കഴിച്ച് സ്വാമിയോട് യാത്ര പറഞ്ഞു വീണ്ടും കൽപ്പറ്റയും മാനന്തവാടിയും പിന്നിട്ട് യാത്ര തുടർന്നു.
മുത്തങ്ങ മുതൽ വാഹനത്തിന്‌റെ ഗ്ലാസ് പൂർണ്ണമായും താഴ്ത്തി ഏസിയെക്കാൾ പ്രകൃതിയുടെ തണുത്ത കാറ്റായിരുന്നു ശരിക്കും ആസ്വദിക്കേണ്ടതെന്ന് തോന്നി. പച്ചപ്പാർന്ന കാഴ്ചകളും ശരിക്കും ആസ്വദിച്ച് മുന്നോട്ട് യാത്ര തുടർന്നു. മുത്തങ്ങയിൽ കേരള ബോർഡർ ഫോറസ്റ്റ് ഓഫീസിനോട് ചേർന്ന് പച്ചനിറത്തിലുള്ള ജീപ്പുകൾ ഒരുപാടുണ്ട് കാട്ടിലൂടെയുള്ള ട്രെക്കിങ്ങിനുള്ള ജീപ്പുകളാണിവ. എതിരെയുള്ള ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റെടുത്ത് യാത്ര ചെയ്താൽ ഭാഗ്യമുണ്ടെങ്കിൽ ഒരുപാട് വന്യമൃഗങ്ങളെ കാണാനാകും മുൻപ് പോയിട്ട് ഉള്ളതിനാൽ ഇത്തവണ ആ യാത്രക്കൊരുങ്ങിയില്ല.നേരെ വാഹനം പായിച്ചു.
ഒരു കുഞ്ഞു പാലത്തിന് അക്കരെ നിന്നാണ് കർണാടക ആരംഭിക്കുന്നത്. കർണാടകയിലേക്ക് കടക്കുന്ന ബോർഡർ ക്രോസ് ചെയ്യാൻ വേണ്ടി വാഹനം ഒന്ന് സ്ലോ ആക്കിയപ്പോൾ പുറകിലിരിക്കുന്ന രതീഷ്ൻറെ കയ്യിൽ നിന്ന് പെട്ടെന്ന് ആരോ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു ആദ്യം കരുതിയത് കുരങ്ങൻ ആണെന്നാണ് എന്നാൽ ആളൊരു കർണാടക വാച്ചറായിരുന്നു. പോകേണ്ട വഴിയിൽ 50 മീറ്ററോളം മുന്നിലായി വായിക്കാൻ കഴിയാത്ത കർണാടകത്തിലുള്ള ഒരു ബോർഡ് കാണിച്ച് അദ്ദേഹം പറഞ്ഞു ഫോട്ടോ എടുക്കാൻ പാടില്ലെന്ന്. സത്യത്തിൽ ഞങ്ങൾ ആ ബോർഡിന് അരികിൽ എത്തിയില്ലായിരുന്നു, വായിച്ചുമില്ല. അതൊന്നും കേൾക്കാൻ വാച്ചർ തയാറായിരുന്നില്ല. 500 രൂപ വേണം അതാണ് കാര്യം. അവസാനം 50 രൂപയിലേക്ക് എത്തി. കിട്ടിയ അമ്പതും വാങ്ങി വീണ്ടും ചെക്ക് പോസ്റ്റിലേക്ക്സൂക്ഷിച്ചു പോകണം എന്ന ഒരു ഫ്രീ ഉപദേശവും.
പുള്ളിമാനുകളുടെ ഒരുവൻ കൂട്ടമാണിവിടെ. മൃഗങ്ങളുടെ സുരക്ഷയ്ക്കായി ഓരോ കിലോമീറ്ററിനും തുടക്കത്തിൽ ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. മിക്കയിടത്തും 30 കിലോമീറ്റർ ആണ് വേഗപരിധി. മഴപെയ്തതുകൊണ്ട് താരതമ്യേന മൃഗങ്ങളുടെ വഴിയോരകാഴ്ച കുറവായിരുന്നു. കാടിനുള്ളിൽ അത്യാവശ്യത്തിന് വെള്ളം കിട്ടുന്നതിനാൽ റോഡരികിലേക്ക് മൃഗങ്ങൾ വരുന്നത് അപൂർവ്വമായിരുന്നു. എങ്കിലും കരിവീരന്‍മാരെ കാണാനായി. പേര് കരിവീരൻ എന്നാണെങ്കിലും ആള് ആകെ പൊടിയിൽ മുങ്ങിയവീരനായിരുന്നു. മുന്നോട്ടുള്ള യാത്രയിൽ പതിയെ കാട് മാഞ്ഞ് കൃഷിയിടങ്ങളും കൊച്ചു കർഷക ഗൃഹങ്ങളും കണ്ടുതുടങ്ങിയിരുന്നു. ഇവിടെ നിന്നുമാണ് കേരളത്തിലേക്ക് കൂടുതലായി പച്ചക്കറികൾ എത്തുന്നത്. വിളഞ്ഞ് പാകമായ കൃഷിത്തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ച് അതിമനോഹരമായ റോഡിലൂടെ വാഹനം നീങ്ങി.
തുടർന്നുള്ള കാഴ്ചകളിലൂടെ മനസ്സിലായി ഗുണ്ടൽപേട്ട് എത്താറായെന്ന്.പൂക്കളുടെ വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ അടുത്ത കൃഷി ഇറക്കി തുടങ്ങിയിട്ടുണ്ട്. അപൂർവമായി ചില കൃഷിയിടങ്ങളിൽ പൂക്കൾ ഉണ്ട്. അവിടെയൊക്കെ സന്ദർശകരുടെ തിരക്കാണ്. പൂ പാടം നോക്കുന്നവർക്ക് 20 രൂപ കൊടുത്താൽ പാടത്തിനുള്ളിൽ കയറി ഫോട്ടോ എടുക്കാം. ഓഗസ്റ്റ് മുതൽ സെപ്റ്റംബർ വരെയാണ് ഇവിടുത്തെ സീസൺ. ഇവിടത്തെ പൂപ്പാടങ്ങൾ പ്രശസ്തമാണ്. സൂര്യകാന്തിയും ചെണ്ടുമല്ലിയും കണ്ണെത്താ ദൂരം പടർന്നിരിക്കുന്ന പൂപ്പാടങ്ങൾ ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചയാണ്.
വിശപ്പ് തുടങ്ങിയിരിക്കുന്നു ഗുണ്ടൽപേട്ട ടൗണിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് കുടകിൽ സ്ഥിരതാമസക്കാരായ മലയാളികളുടെ തനിനാടൻ എന്ന ഹോട്ടലുണ്ട്. സ്ഥിരമായി ഈ റൂട്ടിൽ പോകുമ്പോൾ ഇവിടെ നിന്നാണ് ഭക്ഷണം കഴിക്കുന്നത്. അത്യാവശ്യം വൃത്തിയും ഭക്ഷണത്തിന് രുചിയും ഉള്ള നല്ലൊരു ഭക്ഷണശായാണ്. ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ സമയം മൂന്നുമണി കഴിഞ്ഞിരുന്നു. കർണാടകത്തിൽ കയറിയതോടെ ചൂടിന്റെ കാഠിന്യവുമുണ്ടായിരുന്നു.
വീട്ടിൽ നിന്ന് പുറപ്പെട്ട 250 കിലോമീറ്റർ പൂർത്തിയായിരിക്കുന്നു. ഗുണ്ടൽപേട്ട് നഗരത്തിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഗൂഡല്ലൂർ - ഊട്ടി റൂട്ടിൽ യാത്ര തുടങ്ങുമ്പോൾ ആദ്യം സ്വാഗതം ചെയ്യുന്നത് ഓല മേഞ്ഞ ചെറിയ പച്ചക്കറി കടകളാണ്. നല്ല പരിപ്പും തണ്ണീർമത്തനും ഉള്ളിയും ചാക്കുകളിലായി വാഹനങ്ങളെ കാത്തിരിക്കുന്നു. മുന്നോട്ടുപോകുമ്പോൾ ശ്രീ ഹങ്കള എന്നൊരു കൊച്ചു ടൗൺ കാണാം. പ്രശസ്തമായ ഗോപാൽസ്വാമി ബേട്ടയിലേക്ക് പോവുക ഇവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞാണ്. ആകാശത്തിന് നീല നിറം നോക്കി കാറിൽ പതിഞ്ഞ ശബ്ദത്തിൽ ഷഹബാസ് അമൻ പാടുന്നതും കേട്ടിരിക്കുമ്പോൾ വണ്ടി ബന്ദിപ്പൂർ ടൈഗർ റിസർവ് എൻട്രൻസിൽ എത്തിയിരുന്നു.
യാത്ര വഴിയിൽ ഏറ്റവും കൂടുതൽ മൃഗങ്ങളെ കാണാൻ സാധ്യതയുള്ള ഒരു വഴിയാണിത്. മൃഗത്തെ പോലും കാണാതെ നമ്മുടെ യാത്ര പൂർണമാകില്ല. ആയതിനാൽ തന്നെ വളരെ സൂക്ഷിച്ചു ഡ്രൈവിംഗ് ആവശ്യമുള്ള വഴിയാണിത്. കുറച്ച് മുന്നോട്ട് ചെന്നപ്പോൾ മാനുകളുടെ കൂട്ടത്തെ കണ്ടു. വാഹനങ്ങൾ നിർത്താൻ പാടില്ല എന്ന നിയമം ഉള്ളതിനാൽ കൂടുതൽ നേരം കാഴ്ചകൾ ആസ്വദിച്ച് നിൽക്കാൻ സാധിച്ചില്ല. അങ്ങനെ തമിഴ്നാട് ബോർഡർ കടന്നു മുതുമലയിലേക്ക് പ്രവേശിച്ചപ്പോൾ ചൂട് മാറി കനത്ത മഴ തുടങ്ങി. മുതുമല തമിഴ്നാട് സർക്കാറിന് കീഴിലുള്ള നാഷണൽ പാർക്കാണ്. കാടിനകത്ത് താമസിക്കാനുള്ള സൗകര്യവും കാടിനകത്തേക്ക് സഫാരിക്കുള്ള സൗകര്യവും തമിഴ്നാട് വനം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. മുതുമലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞാൽ മസിനഗുഡി വഴി നമുക്ക് ഊട്ടിയിലേക്കും യാത്ര ചെയ്യാം. മസിനഗുഡിയിലും കാടിനുള്ളിലേക്ക് സഫാരി ഉണ്ടെങ്കിലും അതിനേക്കാൾ ഏറ്റവും മനോഹരവും സുരക്ഷിതവുമായ യാത്ര മുതുമലയിലേതാണ്. മസിനഗുഡിയിലെ ജീപ്പ്കാരുടെ സഫാരി യാത്ര തട്ടിപ്പാണെന്ന് മുൻ അനുഭവം ഉള്ളതിനാൽ ഗൂഡല്ലൂർ ലക്ഷ്യമാക്കി യാത്ര തുടർന്നു. ആറരയോടെ ഗൂഡല്ലൂർ എത്തുമ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. നാടുകാണിയിൽ നിന്ന് വീട്ടിലേക്ക് ഹോം മെയ്ഡ് ചോക്ലേറ്റും ചായപ്പൊടി വാങ്ങി. ചുരമിറങ്ങി നിലമ്പൂർ വഴി വീട്ടിലെത്തുമ്പോൾ പത്തെ മുപ്പതിലേക്ക് ക്ലോക്കും ഓടിയിരുന്നു. വലിയ തിരക്കുകൾ ഇല്ലാതെ ആസ്വദിച്ച് മൂന്ന് സംസ്ഥാനങ്ങളിലൂടെ ഒറ്റ ദിവസം കൊണ്ട് യാത്ര ചെയ്തു. ശരിക്കും വിസ്മയകരമായ തോന്നി. കുളിരും ചൂടും കാടും മേടും കടന്നുള്ള യാത്ര കുടുംബത്തോടൊപ്പം ആവർത്തിക്കണം എന്ന മോഹവും ഉള്ളിൽ ബാക്കിയായി.