കോട്ടയം ജില്ലയിൽ ഇങ്ങനെ ഒരു സ്ഥലമോ? ഇത് ഇവിടുത്തെ മീശപ്പുലിമല
Mail This Article
യാത്ര എന്നത് വെറും പര്യവേഷണവും സാഹസികതയും മാത്രമല്ല അതിനപ്പുറം പലതുമുണ്ട്. വളരെ പ്രയാസപ്പെട്ട് ഗൂഗിൾ മാപ്പിൽ പോലും ഇടം തേടാത്തൊരു മനോഹര പ്രദേശത്തെത്തി ആ കാഴ്ചകൾ കൺകുളിരെ കണ്ട് നെഞ്ചിലേറ്റുമ്പോൾ ഉണ്ടാകുന്ന അനുഭൂതിയോളം വരില്ല മറ്റൊന്നും സഞ്ചാരികൾക്ക്.
ഒരു ഫോൺ കോളും പിന്നാലെ എത്തിയ കൊതിപ്പിക്കുന്ന ചിത്രങ്ങളുമാണ് എന്നെ കോട്ടയം ജില്ലയിലെ കൈപ്പള്ളി എന്ന കൊച്ചുഗ്രാമത്തിലേക്കെത്തിച്ചത്. കാലങ്ങൾക്കു മുൻപ് തേയിലത്തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും നിറഞ്ഞു നിന്നിരുന്ന, കോടമഞ്ഞിന്റെയും പ്രകൃതിയുടെയും അനുഗ്രഹം ആവോളം ആസ്വദിക്കാവുന്ന ഒരു മലയോര കർഷക ഗ്രാമം. മർഫി എന്ന സായിപ്പ് പരിചയപ്പെടുത്തിയ റബ്ബറിനെ സ്വന്തം മണ്ണിലും മനസ്സിലും നട്ടു വളർത്തി പരിപാലിച്ച കേരളത്തിലെ ആദ്യത്തെ കർഷക ഗ്രാമം. മണ്ണിനോടും മൃഗങ്ങളോടും തോൽക്കാൻ മനസ്സില്ലാത്ത ഹൈറേഞ്ചുകാരന്റെ ആ ഗ്രാമത്തിൽ കോടമഞ്ഞിൽ ഒളിച്ചു കിടക്കുന്ന മുതുകോര മലയിലേക്ക് അങ്ങനെ എത്തിപ്പെടാൻ എനിക്ക് ഭാഗ്യം ലഭിച്ചു.
അധികം ആളുകൾ എത്തിപ്പെടാത്ത പ്രദേശങ്ങളിലേക്ക് അൽപം സാഹസികമായി വേണം എത്തിച്ചേരാൻ. ഇൗ യാത്രയിൽ എന്നെ കൈപിടിച്ച് കയറ്റിയത് കൈപ്പള്ളികാരൻ ആന്റോ ആയിരുന്നു. നല്ലൊരു ഗൈഡായി ആന്റോ ഒപ്പം നിന്നു. കോട്ടയം ജില്ലയിലെ ഏറ്റവും ഉയരമുള്ള മലനിരകളാണ് മുതുകോര മല. ഇവിടെ നിന്നു നോക്കിയാൽ കേരളത്തിലെ നാല് ജില്ലകളുടെ പ്രദേശങ്ങൾ കാണാം. പത്തനംതിട്ട , ഇടുക്കി, കോട്ടയം, എറണാകുളം. ഈ കാഴ്ചകൾ എല്ലാം, മിനിറ്റുകൾ കൊണ്ട് നമ്മെ വന്നു കെട്ടിപ്പുണരുകയും അതേ ലാഘവത്തോടെ ഉപേക്ഷിക്കുകയും ചെയ്യുന്ന കോടയുടെ കനിവുണ്ടെങ്കിൽ മാത്രം.
വളരെ അപകടം പിടിച്ചതാണ് മുതുകോരമലയുടെ താഴ്‌വാരം. ആയിരക്കണക്കിന് അടി താഴ്ചയുള്ള ചെങ്കുത്തായ കൊക്കയാണ്. അതുകൊണ്ടു തന്നെ പാറയുടെ മുകളിലെ നിൽപ് സാഹസികത നിറഞ്ഞതാണ്. എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ് ഈ അപകട സാഹചര്യത്തെ കുറച്ചുകൂടി ബുദ്ധിമുട്ടിലാക്കും. എങ്കിലും ചുറ്റിലും നിറഞ്ഞു നിൽക്കുന്ന കോടയുടെ ആവരണവും മിന്നി മറയുന്ന മേഘങ്ങളും വിദൂര ദൃശ്യങ്ങളുമൊക്കെ മുതുകോരമലയെ സ്വർഗതുല്യമാക്കും.
കോട്ടയം ജില്ലയിലെ മീശപ്പുലിമല
കോട്ടയം ജില്ലയിലെ മീശപ്പുലിമല എന്ന് നിസംശയം മുതുകോരമലയെ വിളിക്കാം.സാധാരണ മലനിരകളിൽ നിന്നു മുതുകോരമലയെ വ്യത്യസ്തമാക്കുന്നത് മലയുടെ മുകൾത്തട്ടിലെ കാഴ്ചയാണ്. കോതപ്പുല്ലും പാറക്കൂട്ടങ്ങളും ചെറിയ കുറ്റിച്ചെടികളും മരങ്ങളും നിറഞ്ഞ വനമേഖല ഏതാണ്ട് മൂന്നു കിലോമീറ്റർ നീളത്തിൽ വിസ്തരിച്ചു കിടക്കുകയാണ്. രണ്ടു വശവും അഗാധമായ താഴ്ചയുള്ള ഈ മലനിരകളുടെ മുകളില്‍ കോട കാരണം വഴി മനസ്സിലാകാതെ വരും. വീശിയടിക്കുന്ന തണുത്ത കാറ്റിലും മഴയിലും അതോടൊപ്പം പെയ്തിറങ്ങുന്ന മഞ്ഞിലും കുളിച്ചുള്ള ട്രെക്കിങ് ജീവിതത്തിൽ മറക്കാനാകാത്ത അനുഭൂതിയാണ് സമ്മാനിക്കുക. അര മണിക്കൂറിനുള്ളിൽ നാലോളം കാലാവസ്ഥകൾ മിന്നിമറയുന്ന മുതുകോരമല ഒരു പ്രകൃതി വിസ്മയം തന്നെയാണ്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ വാണിജ്യപരമായി വിജയത്തിലെത്തിച്ച ആദ്യത്തെ റബ്ബർ തോട്ടങ്ങൾ കേരളത്തിൽ സ്ഥാപിച്ച ഐറിഷ് പ്ലാന്റർ ജെ.ജെ. മർഫി ആണ്. അദ്ദേഹത്തിന്റെ ബംഗ്ലാവും ശവകുടീരവും മധ്യകാല കേരളത്തിലെ രാജവംശങ്ങളിലൊന്നായ പാണ്ഡ്യ രാജവംശത്തിൽപ്പെടുന്ന പൂഞ്ഞാർ കൊട്ടാരവും മുതുകോരമലയുടെ രണ്ടു വശങ്ങളിലായി സ്ഥിതിചെയ്യുന്നു. കോട്ടയം ജില്ലയിൽ പൂഞ്ഞാറിനും ഏന്തയാറിനും ഇടയ്ക്കുള്ള കൈപ്പള്ളി എന്ന ഗ്രാമപ്രദേശത്തിലൂടെ ആണ് മുതുകോര മലയിലേക്ക് ഉള്ള വഴി ആരംഭിക്കുന്നത്.പൂഞ്ഞാർ പഞ്ചായത്തിലും കൂട്ടിക്കൽ പഞ്ചായത്തിലുമായാണ് മുതുകോരമല ഉയർന്ന് നിൽക്കുന്നത്. ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും വാഗമണ്ണും ഉറുമ്പിഹിൽസും മുതുകോരമലയുടെ സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ആണ്.
ഗൂഗിൾ മാപ്പിൽ പോലും ഇടം നേടാത്ത ഈ പ്രകൃതി വിസ്മയത്തിലേക്ക് ഒറ്റക്കുള്ള യാത്ര അത്ര സുരക്ഷിതമല്ല. ആളൊഴിഞ്ഞ സ്ഥലത്തേക്കുള്ള ഇൗ യാത്ര പരിചയസമ്പന്നരായ ആളുകളോടൊപ്പം മാത്രം തുടരുക. കൊറോണ എന്ന മഹാമാരിയുടെ ആശങ്കയിലാണ് ലോകം. എല്ലാമൊന്ന് ഒതുങ്ങി ശാന്തമായിട്ട് യാത്ര തുടങ്ങുന്നതാണ് നല്ലത്.
English Summary: Muthukora Hills The Highest peak in Kottayam District