താമസിക്കാം പച്ചക്കറിത്തോട്ടത്തിന് നടുവിലെ വീട്ടിൽ; ബൈക്കിൽ ചുറ്റി മേഘമലയിലേക്ക്
Mail This Article
ബൈക്കിൽ ഒന്നു കറങ്ങാൻ പോകണം എന്നാലോചിച്ച് ഇരുന്നപ്പോഴാ ഹരി ചേട്ടന്റെ വിളി വന്നത്. ആനന്ദ് ചേട്ടന്റെ പരിചയത്തിൽ കുമളി ലോവർ ക്യാംപിൽ ഒരു ഫാം ഹൗസ് ഉണ്ട് അവിടെ താമസിച്ച് മേഘമലയിലേക്ക് പോകാം. 'ഓക്കേ ഭയ്യാ നമ്മൾ പോണു' ഒറ്റവാക്കിൽ ഉത്തരം കൊടുത്തു.
3 ബൈക്കുകളിലായി രാവിലെ 5 നു കോട്ടയത്തുനിന്നു യാത്ര ആരംഭിച്ചു. മുണ്ടക്കയം കഴിഞ്ഞു. ജാക്കറ്റിനെ തുളച്ചു തണുപ്പ് കയറി. അതിനൊന്നും യാത്രയുടെ വേഗം കുറയ്ക്കാനായില്ല. കുട്ടിക്കാനം എത്തി ചായയും ചൂട് അപ്പവും കഴിച്ചു വിശപ്പടക്കി. യാത്ര തുടർന്നു. കുമളി, മംഗളാദേവി ക്ഷേത്ര പൂജ കാരണം ടൗണിൽ നല്ല തിരക്കുണ്ടായിരുന്നു. അവിടം കടന്നു യാത്ര ചെയ്യുമ്പോൾ ചന്ദനവും മഞ്ഞളും പിച്ചിയും ജമന്തിയും എല്ലാം ചേർന്ന സുഗന്ധമായിരുന്നു കാറ്റിന്.
കൃഷിഭൂമികൾക്കു നടുവിൽ രണ്ട് മുറി വീട്
ചെക്ക് പോസ്റ്റ് താണ്ടി ലോവർ ക്യാംപ് കടന്ന് ഞങ്ങളുടെ താമസ സ്ഥലം കണ്ടെത്തി. ശരിക്കും ഞെട്ടി. കുറെ കൃഷിയിടങ്ങൾ. അതിന്റെ നടുക്ക് ഒരു ചെറിയ വീട്. എങ്ങോട്ടു നോക്കിയാലും പച്ചക്കറികൾ വിളഞ്ഞു നിൽക്കുന്നു.
ഈ സ്ഥലം ആനന്ദ് ചേട്ടന്റെ സുഹൃത്തിന്റെയാണ്. അദ്ദേഹം പറഞ്ഞേൽപിച്ച പ്രകാരം രണ്ട് പേര്‍ വീട് വൃത്തിയാക്കി ഞങ്ങളെ കാത്തുനിൽപ്പുണ്ടായിരുന്നു – നീതിയും ഷൺമുഖവും. 2 പേരും ചുരുങ്ങിയ സമയം കൊണ്ടുതന്നെ സ്വന്തം അണ്ണൻമാരായി. നീതി അണ്ണൻ മട്ടൻ കറി സ്പെഷലിസ്റ്റ് ആണ്.
‘‘നീങ്ക മേഘമല പോയി വാങ്കോ. സായംകാലം ഫുഡ് റെഡി’’ – നീതി അണ്ണാ പറഞ്ഞു.
ബാഗ് റൂമിൽ വച്ചിട്ട് മേഘമലയ്ക്കിറങ്ങി. തമിഴ്നാടിന്റെ മൂന്നാർ എന്നൊക്കെയാണ് പറച്ചിൽ എങ്കിലും മൂന്നാറിന്റെ സഹോദരി എന്നു തന്നെ പറയാം. കണ്ണും മനസ്സും അലിഞ്ഞുചേരും കാഴ്ചയാണ്. വല്ലാത്ത സൗന്ദര്യം നിറഞ്ഞ നാട്. മേഘക്കൂട്ടവും താഴ്‌വാരങ്ങളും ഡാം ആയി ബന്ധപ്പെട്ട തടാകവും അടിപൊളി. മൂന്നാർ കണ്ടവരും പറയും മേഘമല പൊളിയാണെന്ന്.
ഉച്ചയ്ക്ക് കമ്പം ശ്രീകുമാറിൽനിന്ന് ബിരിയാണിയും ഫ്രൈഡ് റൈസും. പിന്നെ റൂമിൽ ചെന്ന് ഒരു മയക്കം. വൈകിട്ട് ആ കൃഷിയിടങ്ങളിലൂടെ എല്ലാം വീണ്ടും കറങ്ങി തിരിച്ചെത്തി. അപ്പോഴേക്കും ഫൂഡ് റെഡിയായിരുന്നു. ഒരു രക്ഷേം ഇല്ലാത്ത മട്ടൻ കറി. കൂടെ പൊന്നിയരി ചോറും തക്കാളി രസവും വയറുനിറയെ കഴിച്ചു.
ഇന്ന് കോവിലിൽ തേര് ആണ്, പോയാലോ എന്ന് അണ്ണൻ ചോദിച്ചു. ആ കാഴ്ചയും ആസ്വദിക്കാൻ ഞങ്ങൾ പോയി. അളകസ്വാമി പെരുമാൾ കോവിൽ തിരുവിഴ. അതാണ് കോവിൽ. കാലവും ദേശവും ഏതു തന്നെ ആയാലും ഉത്സവങ്ങൾ മനുഷ്യന് വല്ലാത്ത ഒരു പോസിറ്റീവ് എനർജിയാണ്.
ആ തെരുവിലൂടെ നടക്കുമ്പോൾ ഒറ്റമുറി വീടുകളിൽ കാണുന്ന സന്തോഷം കാഴ്ചക്കാരുടെ മനസ്സ് നിറയ്ക്കുന്നതാണ്.
ദീര്‍ഘദൂര ബൈക്ക് യാത്രയിൽ തോളും നടുവും ഒക്കെ പോകില്ലേ എന്ന് ചോദിക്കുന്നവരോട് പറയും. തോൾ, നടുവ്, കാൽ എല്ലാം വേദനിക്കും. നല്ല വെയിലും മഴയും മഞ്ഞുമൊക്കെ ഉണ്ടാകും. അതിനും അപ്പുറമാണ് ഓരോ യാത്രയും നൽകുന്ന അനുഭവങ്ങൾ, പുതിയ ജീവിത പാഠങ്ങള്‍.
English Summary: Meghamala Travel Experience