ADVERTISEMENT

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന വഴിയിലാണ് കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷണകേന്ദ്രമായ മുത്തങ്ങ സ്ഥിതിചെയ്യുന്നത്. ഇലപൊഴിയും മരങ്ങളും അര്‍ദ്ധ നിത്യഹരിത വനമേഖലയും ഉള്‍പ്പെടുന്ന ഈ പ്രദേശം പശ്ചിമഘട്ടത്തിന്‍റെ ജൈവസമൃദ്ധിയുടെ മകുടോദാഹരണമാണ്. കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ തുടങ്ങിയ ദേശീയോദ്യാനങ്ങളെ തമിഴ്നാട്ടിലെ മുതുമലൈ ദേശീയോദ്യാനവുമായി ബന്ധിപ്പിക്കുന്നത് മുത്തങ്ങയാണ്. ഒരു ദിവസത്തെ യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് മുത്തങ്ങ വനം.

 

വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍റെ നാല് പ്രധാന ഭാഗങ്ങളാണ് സുല്‍ത്താന്‍ ബത്തേരി, കുറിച്യാട്, മുത്തങ്ങ, തോല്‍പ്പെട്ടി എന്നിവ. മുത്തങ്ങയിലേക്കും തോല്‍പ്പെട്ടിയിലേയ്ക്കുമാണ് സഞ്ചാരികളുടെ ഒഴുക്ക് കൂടുതല്‍. ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി എലിഫന്റ് ക്യാമ്പ് സന്ദര്‍ശനം, ജീപ്പ് സഫാരി, ട്രെക്കിങ്, പക്ഷിനിരീക്ഷണം, ആദിവാസി കലാപരിപാടികള്‍ തുടങ്ങിയവ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

കാട്ടിലൂടെ ഒരു ജീപ്പ് സഫാരി 

വനംവകുപ്പിന്‍റെ നേതൃത്വത്തിലാണ് ഇവിടെ ജീപ്പ് സഫാരി ഒരുക്കുന്നത്. കൂടെ ഗൈഡും കാണും. രാവിലെയും വൈകീട്ടുമാണ് സഞ്ചാരികള്‍ക്ക് കാട്ടിലൂടെ ജീപ്പ് സഫാരി നടത്താനാവുക. രാവിലെ 7.00 മുതല്‍ 10.00 മണി വരെയും വൈകീട്ട് 3.00 മുതല്‍ 5.00 മണി വരെയുമാണ് ജീപ്പ് സഫാരി അനുവദിക്കുന്നത്. 

രാവിലെ 40 ജീപ്പുകളും വൈകീട്ട് 20 ജീപ്പുകളുമാണ് അനുവദിക്കുന്നത്. 

 

കാട്ടിനുള്ളില്‍ താമസിക്കാന്‍ 

മുത്തങ്ങയിലെത്തുന്നവര്‍ക്ക് താമസിക്കാനായി അധികം ഇടങ്ങള്‍ ലഭ്യമല്ല എന്നതിനാല്‍ യാത്ര പോകും മുന്‍പേ മുന്‍കൂട്ടി താമസസ്ഥലം ഉറപ്പിക്കുന്നത് ഗുണം ചെയ്യും. ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലോ ഫോറസ്റ്റ് വുഡ് ഹൗസിലോ താമസിക്കാം. 'സെറാമ്പി' എന്ന പേരില്‍ രണ്ടു നിലയുള്ള ഒരു കെട്ടിടവും ഇവിടെയുണ്ട്. മുകളില്‍ ഒരു വലിയ മുറിയും താഴെ വലുപ്പം കുറഞ്ഞ ഒരു മുറിയും ഇവിടെയുണ്ട്. പരമാവധി നാലു പേര്‍ക്ക് താമസിക്കാം. ഒരു ദിവസത്തേക്ക് 1500/- രൂപയാണ് ചാര്‍ജ് വരുന്നത്.  ഇത് കൂടാതെ വനം വകുപ്പിന്‍റെ 188 ബെഡുകള്‍ ഉള്ള ഡോര്‍മിറ്ററിയും ലഭ്യമാണ്. ഒരാള്‍ക്ക് 30 രൂപയാണ് ഇവിടെ ഈടാക്കുന്നത്. 

 

മുത്തങ്ങയിലെത്താം, ഇങ്ങനെ

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് മുത്തങ്ങ വനം. റോഡ്‌ വഴി വരുന്നവര്‍ സുല്‍ത്താന്‍ ബത്തേരി വഴിയാണ് വരേണ്ടത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ആണ് ഏറ്റവും അടുത്തുള്ളത്. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

 

യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 

•വന്യജീവിസംരക്ഷണ കേന്ദ്രം മുഴുവനായി കണ്ടു തീര്‍ക്കണം എന്നുണ്ടെങ്കില്‍ കുറച്ചധികം നടക്കേണ്ടതായി വരും. അതിനാല്‍ അനുയോജ്യമായ വസ്ത്രങ്ങളും ഷൂസും ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കയ്യില്‍ വെള്ളം കരുതുക. പ്ലാസ്റ്റിക് കുപ്പികള്‍, കവറുകള്‍ മുതലായവ വഴിയില്‍ എവിടെയും ഉപേക്ഷിക്കാതിരിക്കുക. 

•സിഗരറ്റ് ലൈറ്ററുകളും തീപ്പെട്ടികളും കാട്ടുതീക്ക് കാരണമായേക്കും. ഇവ ഒരു കാരണവശാലും കയ്യില്‍ കരുതാതിരിക്കുക. 

•ഒരു തവണ ഇവിടെ ചെലവഴിക്കാവുന്ന പരമാവധി സമയം രണ്ടു മണിക്കൂറാണ്. ഇക്കാര്യം മനസ്സില്‍ വച്ചു കൊണ്ട് കാഴ്ചകള്‍ കണ്ടു തീര്‍ക്കുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com