കാടറിഞ്ഞ് ഒരു സഫാരി, വന്യമൃഗങ്ങള്‍ നിറഞ്ഞ കാട്ടിനുള്ളില്‍ ഒരു ദിനം
Mail This Article
കബനി നദിയില്‍ വെള്ളം കുടിക്കാന്‍ വരുന്ന ആനക്കൂട്ടങ്ങളെയും കണ്ട് ഒരു ദിവസം കാട്ടിനുള്ളില്‍ ചെലവഴിച്ചാലോ? വേഗം യാത്രയ്ക്ക് റെഡിയാക്കിക്കോളൂ, നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്കിലേക്കുള്ള വഴി നിങ്ങള്‍ക്കുള്ളതാണ്! വയനാടും ഊട്ടിയും പോകാന്‍ വേണ്ടി ഒരുങ്ങിയിറങ്ങുന്നവര്‍ക്കും വരും വഴി നാഗര്‍ഹോളെയില്‍ കയറിയിട്ട് മടങ്ങി വരാം. മനോഹരമായ പച്ചപ്പും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ നാഗര്‍ഹോളെ പ്രകൃതിസ്നേഹികള്‍ക്ക് ഏറെ ഇഷ്ടപ്പെടും എന്ന കാര്യം തീര്‍ച്ചയാണ്.
നാഗത്തെപ്പോലെ വളഞ്ഞു പുളഞ്ഞൊഴുകുന്ന അരുവികളുള്ള സ്ഥലമായതിനാലാണ് നാഗര്‍ഹോളെക്ക് ആ പേര് കിട്ടിയത്. 47 അരുവികൾ, 41 കൃത്രിമ ടാങ്കുകൾ, വർഷം മുഴുവൻ വെള്ളമുള്ള നാല് തടാകങ്ങൾ, വറ്റാത്ത 4 അരുവികൾ, ഒരു റിസർവോയർ, ഡാം എന്നിവ പാർക്കിനുള്ളിലുണ്ട്. നിരവധി ചതുപ്പുകളും ഇതിനുള്ളിലുണ്ട്.
ഏഷ്യയില്‍ത്തന്നെ സസ്യഭോജികളായ ജീവികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള ഇടം കൂടിയാണ് ഈ പാര്‍ക്ക്. 250 ലധികം തരം പക്ഷികൾ, ആനകൾ, കരടി, കാട്ടുപോത്ത്, കടുവ, പുള്ളിപ്പുലി, മാൻ, കാട്ടുപന്നി എന്നിങ്ങനെ നിരവധി വന്യമൃഗങ്ങള്‍ ഇവിടെയുണ്ട്. ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കുമായി നാഗര്‍ഹോളെയെ വേര്‍തിരിക്കുന്നത് കബനി നദിയാണ്. രാജീവ്ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്നും പേരുള്ള നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക് കുടക് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
നാഗര്‍ഹോളെയിലെത്താന്‍
ആകാശമാര്‍ഗ്ഗം: മൈസൂര്‍ എയര്‍പോര്‍ട്ട് ആണ് നാഗര്‍ഹോളെക്ക് ഏറ്റവും അടുത്തുള്ളത്. 80 കിലോമീറ്റര്‍ അകലെയായാണ് ഇത്. ഇവിടെ നിന്നും ടാക്സികളും കാബുകളും ലഭ്യമാണ്.
ട്രെയിന്‍: മൈസൂര്‍ റെയില്‍വേ സ്റ്റേഷന്‍ 80 കിലോമീറ്റര്‍ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ 55 കിലോമീറ്റര്‍ ദൂരെ നന്ജന്‍ഗുഡ് റെയില്‍വേ സ്റ്റേഷനുമുണ്ട്. ഇവിടെ നിന്നും ടാക്സികളും കാബുകളും ലഭ്യമാണ്.
റോഡ്: ബാംഗ്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് സ്വന്തം വാഹനത്തിലോ കാബിലോ വരാം. ഇവിടെ നിന്നും മൊത്തം 220 കിലോമീറ്റര്‍ ദൂരമാണ് ഉള്ളത്. മൈസൂരില്‍ നിന്ന് വരുന്നവര്‍ ഹുന്‍സൂര്‍ വഴിയാണ് വരേണ്ടത്. ഇവിടെ നിന്നും 95 കിലോമീറ്റര്‍ യാത്രയുണ്ട്. വീരണഹൊസഹള്ളിയിലാണ് നാഗര്‍ഹോളെ നാഷണല്‍ പാര്‍ക്കിലേക്കുള്ള പ്രധാന പ്രവേശന കവാടം. മാനന്തവാടിയില്‍ നിന്ന് വരുമ്പോള്‍ കുട്ടവഴി നാഗര്‍ഹോളയിലെത്താം.
മൂന്ന് പ്രധാന പ്രവേശന കവാടങ്ങളാണ് ഇവിടെയുള്ളത്. വടക്ക് ഭാഗത്ത് വീരണഹൊസഹള്ളി(ഹൻസൂരിന് സമീപം), പടിഞ്ഞാറ് നാനാച്ചി (കുട്ടയ്ക്ക് സമീപം) പടിഞ്ഞാറ് കൂര്‍ഗില്‍ നിന്ന് വരുമ്പോള്‍ അന്തരസാന്തെ (കബിനിക്കടുത്ത്) എന്നിങ്ങനെയാണ് പ്രവേശന കവാടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഒരു കവാടത്തില്‍ നിന്നും മറ്റൊന്നിലേക്ക് യാത്ര ചെയ്യാനായി ഒരു മണിക്കൂര്‍ സമയം എടുക്കും.
എപ്പോഴാണ് സന്ദര്‍ശിക്കേണ്ടത്?
ജലാശയങ്ങള്‍ വറ്റുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ മൃഗങ്ങള്‍ കാടിനുള്ളില്‍ നിന്നും പുറത്തു വരും. അപ്പോള്‍ ഇവിടെയെത്തിയാല്‍ വന്യമൃഗങ്ങളെ കാണാം. നവംബർ മുതൽ ഫെബ്രുവരി വരെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള സമയത്ത് മഴക്കാലമായതിനാല്‍ കാട്ടിനുള്ളിലെ സഫാരികള്‍ പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് ചിലപ്പോള്‍ നിരാശരായി മടങ്ങേണ്ടി വരും.
പാര്‍ക്കിനുള്ളിലെ വ്യത്യസ്ത മേഖലകളും കാഴ്ചകളും
ഡക്കാന്‍ പീഠഭൂമിയും പശ്ചിമഘട്ടവുമായി സംഗമിക്കുന്ന ഇടത്താണ് നഗര്‍ഹോളെ നാഷണല്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. വടക്കു ഭാഗത്തായി അതിരിടുന്ന കബനി നദി കാണാം. കനത്ത മഴ ലഭിക്കുന്ന പ്രദേശമായതിനാല്‍ ഇലപൊഴിയും വനമാണ് ഇവിടെയുള്ളത്. സസ്യഭോജികളായ മൃഗങ്ങളെ തിരഞ്ഞ് ഇറങ്ങുന്നവര്‍ക്ക് ഇവിടെ തമ്പടിക്കാം. പക്ഷിനിരീക്ഷണത്തിനും വേട്ടക്കാരായ മൃഗങ്ങളെ തേടി ഇറങ്ങുന്നവര്‍ക്കും തെക്കു കിഴക്ക് ഭാഗത്തേക്ക് നീങ്ങാം . മധ്യ ഭാഗത്താവട്ടെ കബനിയില്‍ നിന്നും വരുന്ന വെള്ളച്ചാട്ടങ്ങളുടെ മനോഹാരിത ആസ്വദിക്കാം. കാട്ടെരുമ, ആന, മാന്‍ മുതലായ ജീവികളെയും ഇവിടെ ധാരാളം കാണാം. മനോഹരമായ മലനിരകളും അരുവികളും വെള്ളച്ചാട്ടങ്ങളും താഴ്വരകളും നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് ചന്ദനമരങ്ങളും മുളവര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളും ധാരാളമായി കാണാം.
പ്രവേശനവും സഫാരികളും
രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെ പാർക്കിനുള്ളിലെ വഴികള്‍ തുറന്നു കിടക്കും. ഇതിലൂടെ സ്വന്തം വാഹനവുമായി പോകാന്‍ സാധിക്കും. കാട്ടിനുള്ളിലൂടെ യാത്ര ചെയ്യുമ്പോള്‍ അമിതവേഗതയില്‍ വാഹനമോടിക്കാനോ ഇടക്ക് നിര്‍ത്താനോ പുറത്തിറങ്ങാനോ പാടില്ല. ഇങ്ങനെ ചെയ്‌താല്‍ പിഴ ഈടാക്കും.
പാർക്കിന്‍റെ വളരെ ഉള്ളിലേക്ക് പോകണമെന്നുണ്ടെങ്കിൽ വനംവകുപ്പിന്‍റെ സഫാരിയില്‍ പോകാം. ജീപ്പിലോ ബസിലോ പോകാനുള്ള സൗകര്യം ഉണ്ട്. രാവിലെയും വൈകീട്ടുമായി രണ്ടു തവണയായാണ് ബസ് സഫാരി.
യാത്ര ചെയ്യുന്നവര്‍ക്കായി ചില ടിപ്പുകള്‍
•കബനിനദിയുടെ വശത്ത് കൂടി പാര്‍ക്കില്‍ പ്രവേശിക്കുന്നതാണ് ഏറ്റവും നല്ലത്. ടൂറിസ്റ്റുകള്‍ക്ക് വേണ്ട ഏറ്റവും മികച്ച സൗകര്യങ്ങള്‍ ഇവിടെയാണ് ഉള്ളത്.
•എല്ലാ ഹോട്ടലുകള്‍ക്കും സഫാരി സേവനം ഇല്ല. നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് സഫാരി ഇല്ലെങ്കില്‍ വനംവകുപ്പിന്‍റെ ഓഫീസില്‍ പോയി നേരിട്ട് ബുക്ക് ചെയ്യേണ്ടി വരും. സഫാരിയുടെ സമയത്തിനു ഒന്നോ രണ്ടോ മണിക്കൂര്‍ മുന്നേ എത്തിയില്ലെങ്കില്‍ ടിക്കറ്റ് തീര്‍ന്നു പോകാന്‍ സാധ്യതയുണ്ട്.