വന്യജീവികളെ പേടിക്കാതെയുള്ള കാനനയാത്രക്ക് ജാനകിക്കാട്
Mail This Article
കോഴിക്കോട് നിന്നുള്ളവര്‍ക്ക് കാട് കാണാന്‍ പോകാന്‍ ആഗ്രഹമുള്ളപ്പോഴൊക്കെ യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥലമാണ് ജാനകിക്കാട്. കുറ്റ്യാടിപ്പുഴയുടെ കരയില്‍, നട്ടുച്ചക്ക് പോലും സൂര്യരശ്മികള്‍ എത്തി നോക്കാന്‍ മടിക്കുന്ന ഘോരവനത്തിനുള്ളിലൂടെയുള്ള നടത്തം, പ്രകൃതിസ്നേഹികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും എന്നതില്‍ സംശയമേതുമില്ല.
കുറ്റ്യാടിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അപ്പുറത്തായി മരുതോങ്കര പഞ്ചായത്തിലാണ് ജാനകിക്കാട്. കോഴിക്കോട് ഫോറസ്റ്റ് ഡിവിഷന്‍റെ കുറ്റ്യാടി റേഞ്ചിലാണ് ഈ 131 ഏക്കര്‍ വനം ഉള്‍ക്കൊള്ളുന്നത്. എന്താണ് ഇങ്ങനെയൊരു പേര് എന്ന് അത്ഭുതപ്പെടുന്നുണ്ടാവും അല്ലേ? മുന്‍ കേന്ദ്രമന്ത്രി വി കെ കൃഷ്ണമേനോന്‍റെ സഹോദരിയായിരുന്ന ജാനകിയമ്മയുടെ പേരില്‍ നിന്നാണ് ഈ പ്രദേശത്തിന് ആ പേര് വന്നത്. അവരുടെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് ആയിരുന്നു ഈ പ്രദേശം. പിന്നീട് സര്‍ക്കാര്‍ കൈവശമായി.
കോഴിക്കോട് നിന്ന് വരുമ്പോള്‍ പേരാമ്പ്ര-കടിയങ്ങാട്-പാലേരി റൂട്ടിലുള്ള ബസ് കിട്ടും ഇങ്ങോട്ടേക്ക്. ഇവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ പോയാല്‍ വിശാലമായി സമൃദ്ധിയോടെ ഒഴുകി നീങ്ങുന്ന കുറ്റ്യാടിപ്പുഴ കാണാം. പുഴയ്ക്കു കുറുകെയുള്ള ചവറമ്മുഴി പാലത്തിന്‍റെ അവസാനഭാഗത്ത് ജാനകിക്കാടിന്‍റെ ആരംഭം. രാവിലെ പത്തു മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ ഇവിടെ സന്ദര്‍ശകസമയമാണ്. മുന്‍വശത്തെ ഗേറ്റിനരികില്‍ ചിതല്‍പ്പുറ്റിന്‍റെ ആകൃതിയില്‍ നിര്‍മിച്ച ടിക്കറ്റ് കൗണ്ടര്‍ കാണാം. ഇവിടെ നിന്നും ടിക്കറ്റ് എടുത്ത് വേണം അകത്തു കയറാന്‍.
കാടിന്‍റെ സ്പന്ദനങ്ങള്‍ ആസ്വദിച്ചു കൊണ്ട് ഒരുപാടു നേരം അങ്ങനെ നടക്കാം. വിവിധയിനം പക്ഷികളെയും ചിത്രശലഭങ്ങളെയും ഇടയ്ക്കിടെ കാണാന്‍ സാധിക്കും. വേഴാമ്പലുകള്‍, ചാര കാട്ടുകോഴികള്‍ എന്നിവ ഇവിടെ ധാരാളമുണ്ട്. പക്ഷി നിരീക്ഷണത്തിനായി ഏറുമാടങ്ങളുണ്ട്. പുഴയില്‍ റാഫ്റ്റിങ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. പുരാതനമായ ഒരു ക്ഷേത്രവും ഈ കാട്ടിനുള്ളിലുണ്ട്. അല്‍പ്പം ബുദ്ധിമുട്ടായതു കൊണ്ടുതന്നെ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കൊന്നും ഇല്ല. പ്രതിദിനം 50 പേരില്‍ താഴെ ആളുകള്‍ മാത്രമേ ഇവിടെ എത്തുന്നുള്ളൂ. 2008ലാണ് ജാനകിക്കാടിനെ ഇക്കോടൂറിസം സെന്‍റര്‍ ആയി പ്രഖ്യാപിക്കുന്നത്. വന്യജീവികള്‍ ഇല്ലാത്തതിനാല്‍ കാടിനുള്ളിലൂടെ നടക്കുന്നത് സുരക്ഷിതവുമാണ്.
നല്ല ചൂടില്‍ നിന്നും രക്ഷ തേടി അല്‍പ്പം കുളിര്‍മ്മ തേടി നടക്കുന്നവര്‍ക്ക് ഈ കാട്ടിലേക്കെത്താം. ശുദ്ധമായ വായുവും പ്രകൃതി വാരിച്ചൊരിയുന്ന സ്നേഹവും സമാധാനവുമെല്ലാം സ്വയം അനുഭവിച്ചറിയാം. കാട്ടു പൂക്കളുടെ ഗന്ധവും പേരറിയാപ്പക്ഷികളുടെയും പുഴയുടെയുമൊക്കെ ശബ്ദവും ഹൃദയത്തിലേക്ക് സ്വസ്ഥതയുടെയും സന്തോഷത്തിന്‍റെയും അലകളായി പടര്‍ന്നു കയറും.