ആനയിറങ്ങും കാട്ടിൽ താമസിക്കാം; ഒരാൾക്ക് ചെലവ് നാനൂറു രൂപ മാത്രം
Mail This Article
ലോകപ്രശസ്തമായ മുതുമല കടുവാസങ്കേതത്തിലേക്കാണ് ഇത്തവണ അവധി ആഷോഷിക്കാൻ ചെന്നത്. സംഘത്തിൽ ഏഴുപേർ. എല്ലാവർക്കും ഒന്നിച്ച് താമസിക്കണം. ചെലവു കുറയുകയും വേണം. അതിനൊരു വഴിയുണ്ട് എന്ന് മുതുമലൈ ഓഫീസിലെ നിതീഷ് പറഞ്ഞുതന്നു.
യാത്രയിൽ താമസത്തിനു ചെലവു കുറയ്ക്കുന്നവരാണ് നിത്യസഞ്ചാരികൾ. എന്നാൽ മിനിമം ഗുണമേൻമ ഉറപ്പുവരുത്തുകയും ചെയ്യും. ഇത്തരത്തിൽ യാത്ര ചെയ്യുന്നവർ സംഘം ചേരുമ്പോൾ ചെലവുകുറഞ്ഞ താമസസൗകര്യം ഒരുപ്രശ്നം തന്നെയാണ്. അല്ലെങ്കിൽ ഏഴുപേർക്കോ അതിൽകൂടുതൽ അംഗങ്ങളുള്ളവർക്കോ ഒന്നിച്ചു താമസിക്കുക എന്നതും ഒരു പ്രശ്നമാണ്.
നിലമ്പൂരിൽനിന്നു പതിവു വഴിയായ നാടുകാണിച്ചുരം താണ്ടി മുകളിലേക്ക്. ചുരം വീതികൂട്ടുന്നതിന്റെ ഭാഗമായി ചില ഗതാഗത തടസ്സങ്ങൾ വന്നേക്കാം. എങ്കിലും ഭംഗി അതുപോലെത്തന്നെയുണ്ട്. മുളകൾ അതിരിടുന്ന സുന്ദരവഴിയെത്തുന്നത് നാടുകാണിയിൽ. ഇടത്തോട്ടുപോയാൽ വയനാട്. വലത്തോട്ട് ഗൂഡല്ലൂർ. ഗൂഡല്ലൂരിൽനിന്ന് ആവശ്യത്തിനു പഴവുംമറ്റു ലഘുആഹാരങ്ങളും വാങ്ങിയാണു കാടുകയറേണ്ടത്. കാരണം മുതുമലയിലെ കന്റീനിൽ ആവശ്യത്തിനുള്ള ആഹാരം മാത്രമേ ലഭിക്കൂ. മാത്രമല്ല അതിനൊരു സമയമുണ്ടു താനും.
വൈകി, മുതുമല കടുവാസങ്കേതത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന തെപ്പക്കാട്ടിലെത്താൻ. അവിടെ കാടിനു നടുവിലാണ് ഓഫീസ്. ഒരു മുക്കവല. വലത്തോട്ട് ഊട്ടിയും മസിനഗുഡിയും. നേരെ പോയാൽ കർണാടകയുടെ ബന്ദിപ്പുർ കാട്.
ഓഫീസിൽ ഞങ്ങൾക്കായി ഡോർമിറ്ററിയാണു ബുക്ക് ചെയ്തിരുന്നത്. നേരത്തെ പറഞ്ഞ ചെലവു കുറഞ്ഞ താമസസൗകര്യം. മുതുമലയിലെ ഡോർമിറ്ററികൾ വൃത്തിയുള്ളവയാണ്. ചേട്ടാ, നല്ല ഡോർമിറ്ററിയാണ്. ഒരു രാത്രി തങ്ങാൻ മാത്രമല്ലേ… രാവിലെ കാഴ്ച കാണാൻ ഇറങ്ങുകയല്ലേ… അതുതന്നെ ധാരാളം. എട്ടു ബെഡ്ഡുകൾ ഉള്ള ഡോർമിറ്ററിയ്ക്ക് വെറും 2970 രൂപ മാത്രം.
ഓഫീസിൽനിന്നിറങ്ങി റോഡിനപ്പുറം കടന്നു തെപ്പക്കാട് നദിയോരത്തെ റസ്റ്ററന്റിൽ കാർ പാർക്ക് ചെയ്തു. അവിടെനിന്നു കീ തന്നു. ഭക്ഷണം ഒൻപതരയ്ക്കു കിട്ടും. ചപ്പാത്തിയും കുറുമയും. റസ്റ്ററന്റിനു പിന്നിലാണു ഡോർമിറ്ററി. കാട്ടിലാണെങ്കിലും ചേർന്നു ചേർന്നു മുറികളുണ്ട്. ഇതാണോ കാട്… എന്ന് സംഘത്തിലൊരാളുടെ സംശയം. റസ്റ്ററന്റിലെ വിഗ്നേഷ് ഒന്നു ചിരിച്ചു. അതിലെന്തോ പന്തികേടുണ്ടല്ലോ എന്നു തോന്നാതിരുന്നില്ല.
കനത്തമഞ്ഞുണ്ട് ചുറ്റിനും. രാത്രി പുറത്തിറങ്ങരുത് എന്ന നിർദേശം മാനിച്ച് ഭക്ഷണം കഴിച്ചശേഷം ബെഡ്ഡുകളിലേക്കു ചാഞ്ഞു. മേൽക്കുമേൽ രണ്ടു ബെഡ്ഡുകൾ ക്രമീകരിച്ച നാലെണ്ണം മുറിയിലുണ്ട്. പിന്നെയൂറോപ്യൻ ശൈലിയിൽ ഒരു ബാത്ത്റൂം.
കുറ്റം പറയാത്തവിധം ക്ലീൻ ആണ് ഡോർമിറ്ററി. രാത്രി രണ്ടുമണിയായിക്കാണും. ജനലിന്റെ അടുത്തുനിന്ന് ഭയങ്കരശബ്ദം. തേക്കിന്റെ ഇലകൾ ഞെരിഞ്ഞമരുന്നു. പിന്നിലെ കോട്ടേഴ്സിൽനിന്നുള്ളപ്രകാശത്തിൽ പതിയെ പുറത്തെ ദൃശ്യം കാണായി. ഒരു കാട്ടാനയാണ് ജനലിന്റെ അരുകിൽ. പുല്ലുപറിക്കുകയാണോ എന്തോ… ചെറുതായി ചീറ്റുന്ന ശബ്ദം കേൾക്കാം. ഒരു ചെറിയ ചരിവാണവിടെ. കുറേനേരം ആനയുടെ ശബ്ദം കേട്ട് ഉറങ്ങാതിരുന്നു. ഒരുമീറ്റർ അകലത്തിലാണ് ആ കാട്ടാന എന്നു മനസ്സിലായപ്പോൾ ഇതാണോ കാട് എന്നു ചോദിച്ച ചങ്ങാതിയുടെ ചങ്കു വരണ്ടിരുന്നു. മുതുമലയുടെ കാഴ്ചകൾ ഇങ്ങനെയാണ്. അപ്രതീക്ഷിതമായി വന്യമൃഗങ്ങൾ വന്നു കണ്ണിൽപ്പെടും.
ഗുഡല്ലൂരിൽനിന്നുള്ള യാത്രയിൽതന്നെ ആനകളെ കണ്ടിരുന്നു. കൂടുതൽ വന്യമൃഗങ്ങളെ കാണണമെങ്കിൽ വനംവകുപ്പിന്റെ സഫാരി ബുക്ക് ചെയ്യാം. ബസ്സുണ്ട് പിന്നെ ജിപ്സിയും.
രാവിലെ എണീറ്റു കാട്ടാന വന്നയിടം നോക്കി. ഒരു ചെറുപുൽമേട്. ഇലയില്ലാ മരങ്ങളിൽ മയിലുകൾ ഇരിപ്പുണ്ട്. ക്വോട്ടേഴ്സിന്റെ പരിധി കടന്നാൽ പിന്നെ കാടാണ്. നനുത്ത മഞ്ഞിൽ ആ മരങ്ങൾഏതോ പെയിന്റിങ്ങിനെ അനുസ്മരിപ്പിച്ചു. തൊട്ടുമുന്നിലെ നദിയിൽ കരിവീരൻമാരെ കുളിപ്പിക്കുന്നുണ്ട്. കുംകിയാനകളുടെ കുളി കാണാൻ നല്ല രസം. ഒരു കുട്ടിക്കുറുമ്പൻ പുഴയിൽ മുങ്ങാംകുഴിയിട്ടു രസിക്കുന്നുണ്ട്. മുതുമല കാട്ടാനകളുടേതു മാത്രമല്ല, കുംകിയാനകളുടേതുമാണ്.
കാറെടുത്ത് മസിനഗുഡി വനഗ്രാമത്തിലേക്ക് ഡ്രൈവ് ചെയ്തു. അവിടെനിന്ന് ഇടത്തോട്ടു തിരിഞ്ഞ് മോയാർ ഡാം. പിന്നെ തിരികെ മുതുമലയിലെത്തി ബന്ദിപ്പുർ-ഗുണ്ടൽപേട്ട് വഴിതേടി. ഗുണ്ടൽപേട്ടിലെത്തും മുൻപ് ഇടത്തോട്ടുതിരിഞ്ഞാൽ ഗോപാൽസ്വാമി ബേട്ടയിലേക്കുള്ള മനോഹരമായ വഴി. ടിക്കറ്റ് കൗണ്ടർ വരെ നമുക്കു സ്വന്തം കാറിൽ സഞ്ചരിക്കാം. പിന്നെ വനംവകുപ്പിന്റെ ബസ്സുണ്ട്. എന്തൊരു തിരക്കാണവിടെ. വലിയ പാർക്കിങ് ഏരിയ, ചെറു കടകൾ… സഞ്ചാരികൾ കൂടുതലായി എത്തുംമുൻപേ കാർ തിരിച്ചു.
ഗുണ്ടൽപേട്ടിൽനിന്ന് വന്നവഴി പോകാൻ മനസ്സുതോന്നിയില്ല. മുത്തങ്ങകാട്ടിലൂടെ വയനാട്ടിലെത്തി. മുത്തങ്ങയിൽനിന്ന് കാട്ടുതേൻ വാങ്ങിയശേഷം താമരശ്ശേരി ചുരം കടന്ന് തിരികെ നിലമ്പൂരിലേക്ക്.
താമസസൗകര്യത്തിനായി സന്ദർശിക്കാം-
https://www.mudumalaitigerreserve.com/room-tariff/
റൂട്ട്-
എറണാകുളം-തൃശ്ശൂർ-പെരിന്തൽമണ്ണ-നിലമ്പൂർ-വഴിക്കടവ്-നാടുകാണി-ഗൂഡല്ലൂർ-മുതുമല -260 Km
യാത്രാപദ്ധതി
മൂന്നുദിവസം ചുരുങ്ങിയതു വേണം ആസ്വദിച്ച് യാത്ര ചെയ്യാൻ. രാവിലെ എറണാകുളത്തുനിന്ന് ഇറങ്ങിയാൽ പതിനൊന്നു മണിയോടെ നിലമ്പൂരിലെത്താം. ശേഷം മൂന്നുമണിയോടെ മുതുമലയിലെത്താം. വൈകിട്ടത്തെ സഫാരിയിൽപങ്കുചേരാം. രാവുറങ്ങാം. അതിരാവിലെ മസിനഗുഡിയിലേക്കും ഗോപാൽസ്വാമിബേട്ടയിലേക്കും പോയിവരാം. തിരികെ നിലമ്പൂരിലേക്ക് എത്തുമ്പോൾ രാത്രിയാകും. അന്നു രാത്രി നിലമ്പൂരിൽ കെടിഡിസി ടാമറിൻഡ് ഹോട്ടലിൽ താമസിക്കാം. (04931232000)