കടുവകള്‍ വാഴുന്ന കാടിനരികില്‍ ഒരു രാത്രി താമസിക്കാം
Mail This Article
കടുവകള്‍ വാഴുന്ന കാടിനരികില്‍ ഒരു രാത്രി താമസിക്കുന്നത് സഞ്ചാരികളെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമായ അനുഭവമാണ്. ലോകപ്രശസ്തമായ മുതുമല കടുവാസങ്കേതത്തില്‍ ഇതിനുള്ള സൗകര്യം ഉണ്ട്.
എറണാകുളം-തൃശ്ശൂർ-പെരിന്തൽമണ്ണ-നിലമ്പൂർ-വഴിക്കടവ്-നാടുകാണി-ഗൂഡല്ലൂർ വഴി 260 കിലോമീറ്റര്‍ യാത്ര ചെയ്ത് വേണം മുതുമലയെത്താന്‍. നിലമ്പൂരിൽനിന്നു പതിവു വഴിയായ നാടുകാണിച്ചുരത്തിന്‍റെ മുളകൾ അതിരിടുന്ന വഴി താണ്ടി മുകളിലേക്ക് പോയാല്‍ നാടുകാണിയിലെത്താം. ഇടത്തോട്ടുപോയാൽ വയനാട്. വലത്തോട്ട് ഗൂഡല്ലൂർ. ഇവിടെ നിന്ന് കാട് കയറിയാല്‍ മുതുമല കടുവാസങ്കേതത്തിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന തെപ്പക്കാട്ടിലെത്താം. ഭാഗ്യമുണ്ടെങ്കില്‍ ഗുഡല്ലൂരിൽനിന്നുള്ള യാത്രയിൽതന്നെ ആനകളെ കാണാം.
ഈ ഓഫീസിൽ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ ഡോര്‍മിറ്ററിയുണ്ട്. നല്ല വൃത്തിയുള്ളവയാണ് മുതുമലയിലെ ഡോർമിറ്ററികൾ. എട്ടു ബെഡ്ഡുകൾ ഉള്ള ഡോർമിറ്ററിയ്ക്ക് ഏകദേശം 2970 രൂപയാണ് ഈടാക്കുന്നത്.
ഓഫീസിൽനിന്നിറങ്ങി റോഡിനപ്പുറം കടന്നാല്‍ തെപ്പക്കാട് നദിയോരത്തെ റസ്റ്ററന്റിൽ നിന്നും ഭക്ഷണവും കഴിക്കാം. ഈ റസ്റ്ററന്റിനു പിന്നിലാണു ഡോർമിറ്ററി.
കൂടുതൽ വന്യമൃഗങ്ങളെ കാണണമെങ്കിൽ വനംവകുപ്പിന്റെ സഫാരി ബുക്ക് ചെയ്യാം. ഈ യാത്ര ശരിക്കും ആസ്വാദ്യകരമാക്കണം എന്നുണ്ടെങ്കില്‍ മൂന്നുദിവസം ചുരുങ്ങിയതു വേണം. രാവിലെ എറണാകുളത്തുനിന്ന് ഇറങ്ങിയാൽ പതിനൊന്നു മണിയോടെ നിലമ്പൂരിലെത്താം. ശേഷം മൂന്നുമണിയോടെ മുതുമലയിലെത്താം. വൈകിട്ടത്തെ സഫാരിയിൽ പങ്കുചേരാം. രാവുറങ്ങാം. അതിരാവിലെ മസിനഗുഡിയിലേക്കും ഗോപാൽസ്വാമിബേട്ടയിലേക്കും പോയിവരാം. തിരികെ നിലമ്പൂരിലേക്ക് എത്തുമ്പോൾ രാത്രിയാകും.