ഭാഗ്യം എന്നല്ല, മഹാഭാഗ്യം; ലോകചരിത്രത്തിലെ ആദ്യകാഴ്ച ചീറ്റയും ഏഴു കുഞ്ഞുങ്ങളും
Mail This Article
ലോകചരിത്രത്തിൽ തന്നെ ആദ്യമായി രേഖപ്പെടുത്തിയ കാഴ്ചയായിരുന്നു അത്. ചീറ്റയും ഏഴു കുഞ്ഞുങ്ങളും. ഒരു ഫൊട്ടോഗ്രഫറിന് ആ ചിത്രം പകർത്താനുള്ള അവസരം ലഭ്യമായി. കാസർകോഡ് സ്വദേശിയും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ ദിനേശ് മസായി മാരയിലെ തന്റെ അനുഭവം മനോരമ ട്രാവലറുമായി പങ്കുവക്കുന്നു.
ഭാഗ്യം കൈവന്നത് മൂന്നാമത്തെ യാത്രയിൽ
2019 നവംബറിലാണ് മസായി മാരയിലെത്തുന്നത്. അത് ആഫ്രിക്കൻ കാട്ടിലേക്കുള്ള മൂന്നാം യാത്ര ആയിരുന്നു കാസർകോട് നിന്നും സുഹൃത്തുക്കളായ എ. കെ മുണ്ടോൾ, ബാലസുബ്രമണ്യ എന്നിവരും മൈസൂരുവിലെ മറ്റൊരു സുഹൃത്ത് ശിവനന്ദയുമാണ് കൂടെയുള്ളത്. ചീറ്റയെ അതിന്റെ ഏഴു കുഞ്ഞുങ്ങളോടൊപ്പം കണ്ടത് ആ യാത്രയെ അവിസ്മരണീയമാക്കി . സന്തോഷം കൊണ്ട് കൈവിറച്ച നിമിഷായിരുന്നു അത്. കടുവയെയും പുള്ളിപ്പുലിയെയും പലതവണയായി കണ്ടെങ്കിലും ചീറ്റയുടെ ആദ്യദർശനം അതായിരുന്നു. ഓരോ തവണ പോകുമ്പോഴും പിന്നെയും പിന്നെയും വലിച്ചടുപ്പിക്കുന്നൊരു കാന്തിക ശക്തി കാടിനുണ്ട്. മൂന്നാമത്തെ തവണ മസായി മാരയിലെത്തുമ്പോൾ അതൊരു അപൂർവ നിമിഷത്തിന് സാക്ഷിയാവാനുള്ള സമയമാണെന്ന് ഒരിക്കലും കരുതിയിരുന്നില്ല.
അവിടെ എത്തിയപ്പോൾ തന്നെ ഗൈഡ് പറഞ്ഞു. നിങ്ങൾക്ക് ഒരു ഗുഡ് ന്യൂസ് ഉണ്ട്. ഒരു ചീറ്റയുടെ പ്രസവം നടന്നേയുള്ളൂ, ഏഴു കുട്ടികളെ കണ്ടവരുണ്ട്. ഭാഗ്യം നിങ്ങളെയും തുണയ്ക്കട്ടെ.. ആദ്യമായാണ് ചീറ്റയോടൊപ്പം ഏഴ് കുഞ്ഞുങ്ങളെ സ്പോട്ട് ചെയ്യുന്നത്. ഞങ്ങളുടെ രണ്ടാമത്തെ സഫാരിയിൽ തന്നെ ചീറ്റയെയും കുഞ്ഞുങ്ങളെയും കണ്ടു. ഭാഗ്യം എന്നല്ല, മഹാഭാഗ്യം എന്ന് വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം, കാരണം ആ കാഴ്ചയോടൊപ്പം ചീറ്റ തന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാനായി ഇര പിടിക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞു. കാട്ടുനായയുടെ കുഞ്ഞുങ്ങളുടെ ചിത്രം , വൈൽഡ് ക്യാറ്റിന്റെ ചിത്രം തുടങ്ങിയവ വളരെ അപൂർവമായി കിട്ടുന്ന ചിത്രങ്ങളും മസായ് മാര സമ്മാനിച്ചു. ഇതൊന്നും കൂടാതെ വിവിധ ജീവികളുടെ ആറ് വേട്ടയാടൽ നേരിട്ട് കണ്ടു.
ചിത്രങ്ങളുടെ പറുദീസ
മസായി മാരയിലേക്ക് ആദ്യ തവണ പോയത് വീൽഡെ ബീസ്റ്റുകളുടെ പലായനം നടക്കുന്ന സമയത്തായിരുന്നു. മസായി മാര എങ്ങനെ ആണ്, അവിടെ നിന്ന് എങ്ങനെ ചിത്രം പകർത്താം എന്നൊന്നും വലിയ ധാരണ ഇല്ലാതെയാണ് പോകുന്നത്. ആ യാത്രയിൽ പറയത്തക്ക നല്ല ചിത്രങ്ങളൊന്നും കിട്ടിയില്ല. ആ നഷ്ടം നികത്താനായിരുന്നു രണ്ടാമത്തെ യാത്ര.
സൂര്യൻ ഉണർന്നുവരുന്നേയുള്ളൂ. ഞങ്ങൾ ക്യാമറയും തൂക്കി സഫാരി വാഹനത്തിൽ ഇരിപ്പാണ്. പെട്ടെന്നാണ് ആ കാഴ്ച എന്റെ കണ്ണിലുടക്കിയത്. അരിച്ചിറങ്ങിവരുന്ന സൂര്യപ്രകാശത്തിന്റെ പശ്ചാത്തലത്തിൽ പുൽമേടുകളിൽ നിൽക്കുന്നൊരു സുന്ദരനായ സിംഹം. അത് വായ തുറന്ന് നിശ്വസിക്കുന്നൊരു ചിത്രമാണ് പകർത്തിയത്. പ്രിയപ്പെട്ട ഫ്രെയിമുകളിൽ എടുത്തുപറയേണ്ട ഒന്നാണ് ആ ചിത്രം. അതു പോലെ മസായ് മാരയിലെ പ്രശസ്തരായ ‘ഫൈവ് ബ്രദേഴ്സ് ചീറ്റ’യെ ആദ്യമായി കണ്ടതും ചിത്രം പകർത്തിയതും രണ്ടാമത്തെ യാത്രയിലാണ്.
സിംഹം ഇരപിടിക്കാൻ തയ്യാറായി ഇരിക്കുന്നുണ്ട് എന്ന് വിവരം കിട്ടിയത് അനുസരിച്ചായിരുന്നു ഉച്ചയ്ക്ക് 12 സമയത്തെ സഫാരിയിൽ ഞങ്ങൾ കയറുന്നത്. പറഞ്ഞ സ്പോട്ടിലെത്തിയപ്പോൾ ഗൈഡ് വണ്ടി ഒതുക്കാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകി. ശരിയാണ്, സിംഹം ആക്ഷനിലുണ്ട്. ഞങ്ങൾ ശ്വാസമടക്കി കാത്തിരുന്നു. മണിക്കൂറുകൾ പിന്നിട്ടു. ആ ഇരിപ്പിന് ഒരു മാറ്റവുമില്ല. പ്രതീക്ഷ കൈവിടാതെ ഞങ്ങളുമിരിപ്പുറപ്പിച്ചു. പെട്ടെന്ന് ഞങ്ങളിരിക്കുന്നതിനും ഒരു 500 മീറ്റർ അകലെ പൊടിപറന്നുയരുന്നു. സിംഹം എന്തോ ഇരയെ ഓടിച്ചുകൊണ്ടിരിക്കുകയാണ്. ആ കാഴ്ച പകർത്താൻ ഞങ്ങൾ സുരക്ഷിതമായൊരു സ്ഥാനത്തേക്ക് മാറി. സീബ്രയെയായിരുന്നു ആ പെൺസിംഹം വേട്ടയാടി പിടിച്ചത്. അതേ സമയം തന്നെ ഞങ്ങൾ നേരത്തെ ഉന്നം വച്ച സിംഹവും ഒരു സീബ്രയെ വേട്ടയാടി.
പോകും തോറും പ്രിയം കൂടുന്ന കാട്
കബിനിയിൽ വച്ചാണ് ആദ്യമായി കടുവ ദർശനം തന്നത്. അതും മൂന്നെണ്ണം. കബിനി ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. രണ്ട് പുള്ളിപ്പുലി മരത്തിൽ ഇരിക്കുന്ന ചിത്രം അവിടെവച്ചാണ് എടുക്കുന്നത്. അത് പൊതുവെ എല്ലാ ഫൊട്ടോഗ്രഫർമാർക്കും കിട്ടുന്ന ഫ്രെയിം ആണ്. എന്നാൽ കടുവ മരത്തിലിരിക്കുന്നൊരു ‘ഭാഗ്യനിമിഷം’ എനിക്ക് പകർത്താൻ കഴിഞ്ഞിട്ടുണ്ട്.