ADVERTISEMENT

പാക്കിസ്ഥാനിലെ പർവത വിനോദസഞ്ചാര കേന്ദ്രമായ മുറീയാണ് ഇപ്പോള്‍ വാര്‍ത്തകളിലെങ്ങും നിറയുന്നത്. അസഹനീയമായ തണുപ്പും മഞ്ഞുവീഴ്ചയും മൂലം 9 കുട്ടികൾ അടക്കം 22 പേരാണ് മരണപ്പെട്ടത്. മഞ്ഞുവീണ് വഴി ബ്ലോക്കായതു മൂലം, ആയിരത്തോളം വാഹനങ്ങള്‍ മലയിടുക്കില്‍ കുടുങ്ങിയിരുന്നു. മഞ്ഞു വീഴുന്നത് നേരിട്ട് കണ്ടാസ്വദിക്കാനായി സഞ്ചാരികള്‍ കൂട്ടത്തോടെ ഇവിടേക്ക് ഒഴുകിയെത്തിയതാണ് ഗതാഗത തടസമുണ്ടാവാന്‍ കാരണമായത് എന്നത് മറ്റൊരു കാര്യം. ഇപ്പോള്‍ ഈ മേഖലയിലെ ഗതാഗത തടസം നീക്കാനും രക്ഷാപ്രവർത്തനത്തിനുമായി സൈന്യം രംഗത്തിറങ്ങിയിരിക്കുകയാണ്.

 

കഴിഞ്ഞ തിങ്കളാഴ്ചയ്ക്കു ശേഷം ഒന്നര ലക്ഷത്തിലേറെപ്പേർ മുറീ സന്ദർശിച്ചുവെന്നാണു കണക്ക്. ചൊവ്വാഴ്ചയാണ് മഞ്ഞുവീഴ്ച തുടങ്ങിയത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ എല്ലാവര്‍ഷവും കടുത്ത മഞ്ഞുവീഴ്ചയുണ്ടാകുന്നത് ഈ മേഖലയില്‍ പതിവാണ്. ഈ സമയത്ത് അന്തരീക്ഷതാപനില പൂജ്യത്തില്‍ താഴെയാകും. പാക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തമായ ഹില്‍സ്റ്റേഷനുകളില്‍ ഒന്നായ മുറീയില്‍ ഉണ്ടായ ഈ അപകടം ലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. കാലാവസ്ഥ കണക്കിലെടുക്കാതെയുള്ള അമിതടൂറിസത്തിന്‍റെ അപകടങ്ങളിലേക്കാണ് ഈ സംഭവം വെളിച്ചം വീശുന്നത്. 

 

പാക്കിസ്ഥാനിലെ പഞ്ചാബിലെ റാവൽപിണ്ടി ജില്ലയിൽ പീര്‍ പാഞ്ചൽ പർവതനിരയിലെ ഗല്യത്ത് മേഖലയിലാണ് മുറീ. ഇസ്‌ലാമാബാദ്- റാവൽപിണ്ടി മെട്രോപൊളിറ്റൻ ഏരിയയുടെ പ്രാന്തപ്രദേശത്തുള്ള ഈ റിസോര്‍ട്ട് നഗരത്തിലേക്ക് ഇസ്‌ലാമാബാദിൽ നിന്നും വെറും 30 കിലോമീറ്റർ ദൂരമേയുള്ളൂ എന്നതും ജനപ്രിയത കൂട്ടുന്ന ഘടകമാണ്. സമുദ്രനിരപ്പില്‍ നിന്നും ശരാശരി 2,291 മീറ്റർ (7,516 അടി) ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മുറീയില്‍ വര്‍ഷംമുഴുവനും നീണ്ടുനില്‍ക്കുന്ന തണുപ്പാണ്. അതുകൊണ്ടുതന്നെ, വേനൽക്കാലത്ത് പഞ്ചാബിലെ സമതലങ്ങളിൽ കത്തുന്ന ചൂടിൽ നിന്ന് രക്ഷപ്പെടാനായി ബ്രിട്ടിഷുകാരുടെ കാലത്ത്, അവരാണ് ഈ നഗരം നിര്‍മിച്ചത്.

 

1851-ൽ ബ്രിട്ടിഷ് പട്ടാളക്കാർക്കുള്ള സാനിറ്റോറിയം എന്ന രീതിയില്‍ പട്ടണത്തിന്‍റെ നിര്‍മാണം ആരംഭിച്ചു.1853- ഓടെ മുറീ എന്ന സ്ഥിരം നഗരം പൂര്‍ത്തിയായി. ഇവിടേക്ക് എത്തിച്ചേരാനുള്ള റോഡും അതോടൊപ്പം തന്നെ നിര്‍മിച്ചു. 1876-ൽ ഷിംലയിലേക്ക് മാറ്റുന്നത് വരെ കൊളോണിയൽ പഞ്ചാബ് സർക്കാരിന്‍റെ വേനൽക്കാല ആസ്ഥാനമായിരുന്നു മുറീ.

 

ബ്രിട്ടിഷ് കാലത്ത് തന്നെ, ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ ശ്രദ്ധേയമായിരുന്നു മുറീ. ബ്രൂസ് ബേൺസ്ഫാദർ, ഫ്രാൻസിസ് യംഗ്ഹസ്ബൻഡ്, റെജിനാൾഡ് ഡയർ, ജോവാന കെല്ലി എന്നിവരുൾപ്പെടെ ചരിത്രത്തില്‍ ഇടംനേടിയ നിരവധി പ്രമുഖ ബ്രിട്ടിഷുകാർ ജനിച്ചത് ഇവിടെയാണ്‌. 

 

1947-ൽ പാക്കിസ്ഥാൻ സ്വാതന്ത്ര്യം നേടിയതിനുശേഷവും ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ മുറീയുടെ പ്രാധാന്യവും പേരും പ്രശസ്തിയും വാനോളമുയര്‍ന്നു. ഇസ്‌ലാമാബാദ്-റാവൽപിണ്ടി പ്രദേശത്ത് നിന്ന് നൂറുകണക്കിന് വിനോദസഞ്ചാരികൾ ദിവസവും ഇവിടെയെത്തുന്നു. ആസാദ് കശ്മീർ, അബോട്ടാബാദ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്കുള്ള ഒരു ഗതാഗത കേന്ദ്രം കൂടിയാണ് മുറീ.

 

ട്യൂഡോർബെത്തൻ, നിയോ-ഗോതിക് വാസ്തുവിദ്യ ഉപയോഗിച്ച് നിര്‍മിച്ച നിരവധി കെട്ടിടങ്ങള്‍ ഇവിടെ കാണാം. പാക്കിസ്ഥാൻ സന്ദര്‍ശിക്കുന്ന, രാഷ്ട്രത്തലവന്മാർ ഉൾപ്പെടെയുള്ള വിദേശ പ്രമുഖർക്കും മറ്റുമായി സർക്കാരിന്‍റെ ഒരു വേനൽക്കാല വിശ്രമ കേന്ദ്രവും ഇവിടെയുണ്ട്. 

 

ജനുവരി ആദ്യം മുതൽ ഒക്ടോബർ പകുതി വരെയാണ് ഇവിടുത്തെ ടൂറിസ്റ്റ് സീസണ്‍. ഈ സമയത്ത് പ്രതിമാസം 20,000 മുതൽ 25,500 വരെ വിനോദസഞ്ചാരികൾ ഇവിടേക്കെത്തുന്നു എന്നാണ് കണക്ക്. പൈന്‍, ഓക്ക് മരങ്ങള്‍ പൊതിഞ്ഞ പര്‍വ്വതത്തലപ്പുകളും നീരുറവകളും അരുവികളും മഞ്ഞണിഞ്ഞ പുൽത്തകിടികളും തോട്ടങ്ങളുമെല്ലാം മുറീയുടെ അസാധ്യസൗന്ദര്യത്തിന് മുതല്‍ക്കൂട്ടാവുന്ന ഘടകങ്ങളാണ്. നേപ്പാളിലെ ഭക്തപൂരിലെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ നാഗർകോട്ടിനോടാണ് മുറീയെ സഞ്ചാരികള്‍ ഉപമിക്കുന്നത്. തെളിഞ്ഞ ദിവസങ്ങളിൽ കശ്മീരിലെ മഞ്ഞുമൂടിയ കൊടുമുടികളും നംഗപര്‍വ്വതത്തിന്‍റെ ചില ഭാഗങ്ങളും ഇവിടെ നിന്നും നോക്കിയാല്‍ കാണാം എന്നത് മറ്റൊരു സവിശേഷതയാണ്. 

 

പ്രദേശത്തെ പ്രധാന ഹാംഗ്ഔട്ട് പോയിന്റും ഷോപ്പിങ് കേന്ദ്രവുമായ മാള്‍ റോഡ്‌, കാശ്മീർ പർവതനിരകളുടെയും മുറീ എക്സ്പ്രസ്‌വേയുടെയും മനോഹരമായ കാഴ്ച നല്‍കുന്ന കാശ്മീർ പോയിന്‍റ്, പൈന്‍ മരങ്ങള്‍ക്കിടയിലൂടെ നടന്ന് റാവൽപിണ്ടി, ഇസ്‌ലാമാബാദ് എന്നിവിടങ്ങളുടെ കാഴ്ചകള്‍ കാണാനാവുന്ന പിണ്ടി പോയിന്‍റ്, സോസോ അഡ്വഞ്ചർ പാർക്ക്, ഭുർബൻ, ഗോൾഫ് ക്ലബ് ബുർബൻ, നീലം പോയിന്റ് കൊഹാല, സ്നോവി വിന്റർ, ഡാന അലിയോട്ട്, നായർഗോളി, മുറീ വൈൽഡ് ലൈഫ് പാർക്ക് എന്നിങ്ങനെ നിരവധി ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ മുറീയിലുണ്ട്. പഞ്ചാബിലെ ഏറ്റവും ഉയരമുള്ള സ്ഥലവും ന്യൂ മുറീ എന്ന് വിളിക്കുന്നതുമായ പാട്രിയറ്റയിലെ ചെയര്‍ലിഫ്റ്റും നിരവധി സാഹസികവിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

 

English Summary: Why Muree Remains ‘Queen Of The Hills’ For Most Pakistanis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com