കാട്ടിലെ ലഹരി മരം; 300 രൂപയ്ക്ക് ചിന്നാറിന്റെ വന്യതയിലേക്ക് ട്രെക്കിങ്
Mail This Article
പാമ്പാറിന്റെ മൂന്നു കൈകളും പിടിച്ചു ചിന്നാറിലൂടെ തൂവാനത്തേക്കൊരു മനോഹരയാത്ര. ചാമ്പൽ മലയണ്ണാനും നക്ഷത്രയാമയും ദേശാടന ശലഭങ്ങളും നിറഞ്ഞ മറയൂരിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലൊളിച്ചിരിക്കുന്ന തൂവാനം വെള്ളച്ചാട്ടത്തിന്റെ തണുപ്പിലേക്കുള്ള ട്രെക്കിങ് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത യാത്രാനുഭവമാകുമെന്നുറപ്പ്. മനോരമ സംഘം നടത്തിയ ട്രെക്കിങ് അനുഭവം.
തൂവാനം താഴ്ന്നിറങ്ങി
നിശ്ശബ്ദമായ കാട്. ചെങ്കുത്തായ കയറ്റങ്ങൾ. മനുഷ്യർ കടന്നുചെല്ലാത്തതിനാൽ തലയ്ക്കൊപ്പം തഴച്ചുവളർന്നുനിൽക്കുന്ന പുല്ലും കാട്ടുകുറിഞ്ഞിച്ചെടികളും. പാറയിൽ തട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന പുകമഞ്ഞിൽ മഴവില്ലു സൃഷ്ടിക്കുന്ന ചെറു വെള്ളച്ചാട്ടങ്ങൾ. ഒഴുകിയെത്തുന്ന വെള്ളം മലമുകളിലെ പാറകളിൽ സൃഷ്ടിച്ച പല രൂപങ്ങളിലുള്ള കയങ്ങൾ. ഇവയെല്ലാം കണ്ടുകണ്ട് മൂന്നു കിലോമീറ്ററോളം നടന്നുകയറിച്ചെല്ലുമ്പോൾ ചന്ദന സുഗന്ധവും പേറിനിൽക്കുന്ന ചിന്നാറിനുള്ളിൽ പ്രകൃതിയൊളിപ്പിച്ച തൂവാനമെന്ന അദ്ഭുതം നമ്മെ കാത്തിരിക്കുന്നു. മേഘങ്ങൾ പാറക്കല്ലിൽ വീണു ചിതറുന്നപോലെ മനോഹരവും അതിനൊപ്പം ഭീമാകാരവുമായ വെള്ളച്ചാട്ടം.അട്ടകളെ പേടിക്കേണ്ട
കേരളത്തിലെ മറ്റ് ഇക്കോടൂറിസം കേന്ദ്രങ്ങളിൽ നിന്നു വ്യത്യസ്തമായി വർഷം മുഴുവൻ ലൈവാണ് മറയൂരിലെ ചിന്നാർ വന്യജീവി സങ്കേതം. പശ്ചിമഘട്ട മലനിരകളിലെ കിഴക്കൻ ചെരിവിലാണു കേരളത്തിലെ ഏക മഴനിഴൽ പ്രദേശം കൂടിയായ ചിന്നാർ. ഉയരം കുറഞ്ഞ വനമേഖല ആയതിനാൽ വന്യജീവികളെ എളുപ്പത്തിൽ കാണാനും സാധിക്കും. വരണ്ട കാടായതിനാൽ അട്ടകളെ പേടിക്കണ്ട.
ചിന്നാറിന്റെ പ്രവേശന കവാടമായ കരിമുട്ടിയിൽനിന്നു നാലു കിലോമീറ്റർ സഞ്ചരിച്ചാൽ ആലാംപെട്ടിയിലെത്തിച്ചേരും. ഇവിടെ നിന്നാണു തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. രാവിലെ 8 മുതൽ ട്രെക്കിങ് തുടങ്ങും. സഞ്ചാരികൾക്കൊപ്പം വരാൻ 16 ട്രെക്കേഴ്സാണ് ഇവിടെയുള്ളത്. 300 രൂപ മാത്രമാണ് ഒരാൾക്കുള്ള ഫീസ്. രാവിലെ 8നു തന്നെ ആലാംപെട്ടിയിലെത്തിയ ഞങ്ങൾക്കൊപ്പം കാളിമുത്തു എന്ന ഫോറസ്റ്റ് ട്രെക്കറും കൂടി. ഫോറസ്റ്റ് ഗാർഡും മറയൂരിനടുത്തുള്ള ആദിവാസി കോളനിയിലെ താമസക്കാരനുമായ കാളിമുത്തുവിനു കാടു മനഃപാഠം.
യാത്ര തുടങ്ങാം
ആലാംപെട്ടിയിലെ വനംവകുപ്പ് ഓഫിസിനു സമീപത്തുകൂടിയൊഴുകുന്ന പാമ്പാറിന്റെ ഒരു കൈവഴിയുടെ ഓരം ചേർന്നാണു യാത്രയ്ക്കു തുടക്കം. കാടിനുള്ളിലേക്കു കയറിയപാടെ വെളിച്ചം കുറഞ്ഞു തണുപ്പ് ചുറ്റും പടരും. പക്ഷികളുടെയും ചീവിടിന്റെയും ശബ്ദത്തിനിടയിൽ നിന്നു പ്രത്യേകം ദേശാടനക്കിളികളെ കാളിമുത്തു കാണിച്ചുതരും. ഇരുനൂറ്റി അൻപതോളം പക്ഷിവൈവിധ്യമാണു ചിന്നാറിലുള്ളത്. അമുർ ഫാൽക്കൺ ഉൾപ്പെടെയുള്ള ദേശാടനപ്പക്ഷികളും ചിന്നാറിലെത്താറുണ്ട്. പാറയും മരങ്ങളും തിങ്ങി നിൽക്കുന്ന ഒറ്റയടിപ്പാതയിലൂടെ ചെറുതോടിന്റെ ഓരത്തൂടെ മുന്നോട്ട്. എതാനും മീറ്ററുകൾ പിന്നിട്ടപ്പോൾത്തന്നെ യാത്രയുടെ വന്യത കൺമുൻപിലെത്തിത്തുടങ്ങി. രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം ഒരു മുളങ്കാട് വഴിക്കു കുറുകെ ചവിട്ടിമെതിച്ചിട്ടിട്ടുണ്ട്. ഒരാൾക്കു കഷ്ടിച്ചു നടക്കാവുന്ന ആ മണ്ണിലും ആനയുടെ കാൽപാടുകളും ആനപ്പിണ്ടവുമുണ്ട്. വശത്തെ മരങ്ങളിലെല്ലാം ആനകൾ പുറം ചൊറിഞ്ഞതിന്റെ പാടുകൾ.
പാമ്പാറിന്റെ രണ്ടാം കൈവഴിയിലെത്തി. തോട് കുറുകെക്കടന്നുവേണം യാത്ര തുടരാൻ. ചത്ത നിലയിൽ കണ്ടെത്തിയ കാട്ടുപോത്തിനെ വനപാലകർ കത്തിച്ചതിന്റെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. കാടിനുള്ളിൽ ചത്ത മൃഗങ്ങളെ പോസ്റ്റ്മോർട്ടം നടത്തി കാട്ടിൽ തന്നെ കത്തിച്ചു കളയുകയാണ് പതിവ്– കാളിമുത്തു പറഞ്ഞു.
കാട്ടിലെ ലഹരി
വലിയൊരു പാറക്കൂട്ടം താണ്ടി തോടു കടന്നു വീണ്ടും മുന്നോട്ട്. ഒരു മരത്തിന്റെ അടിഭാഗത്തെ തൊലിമാത്രം കീറിയെടുത്ത നിലയിൽ കാണാം. ഈ മരത്തിന്റെ തൊലിയുടെ പേര് കരിയിലം പട്ടയെന്നാണ്. ‘ലഹരി’യുള്ള മരമാണ്. മുള്ളൻപന്നിയും കാട്ടുപന്നിയും വന്നു തൊലിമാത്രം കുത്തിത്തിന്നു പോകും. കാട്ടിലെ ബവ്റിജസ് ഷോപ്പാണ് ആ മരം– കാളിമുത്തു ചിരിച്ചു.
അദ്ഭുതം തൂവുന്നു
പല തട്ടുകളായി കിടക്കുന്ന പുല്ലിൽ ചവിട്ടി ചെങ്കുത്തായ ഇറക്കത്തിലൂടെയാണ് ഇനിയുള്ള യാത്ര. അവിടെ പാമ്പാറിന്റെ മൂന്നാം കൈവഴി. പിന്നീടങ്ങോട്ടു കാടു മാത്രമാണ്. വഴികളില്ല. വലിയ വലിയ പാറക്കെട്ടുകൾ. ആകാശം തൊടുന്ന, വലുപ്പമുള്ള മരങ്ങൾ. മരക്കുറ്റികളിലും വള്ളികളിലും പിടിച്ചുകയറണം. കയറിക്കയറി ഒന്നര കിലോമീറ്ററോളം പിന്നിടുമ്പോൾ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാം. വലിയൊരു പാറക്കെട്ടിനു നടുവിലേക്കാണു ഞങ്ങൾ ചെന്നിറങ്ങിയത്. നീളത്തിൽ ഇരുവശത്തും തലയുയർത്തി നിൽക്കുന്ന പാറകൾ. പാറകളിൽ കൂട്ടമായി കുത്തിയിരിക്കുന്ന വാനരന്മാരെയും കാണാം.
കൺമുൻപിൽ ആകാശത്തുനിന്നു മേഘങ്ങൾ കൂട്ടമായി താഴേക്കുചാടി പാറക്കല്ലിൽ തട്ടിച്ചിതറുന്ന കണക്കെ തൂവാനം വെള്ളച്ചാട്ടം. ഐസുപോലെ തണുത്ത വെള്ളം. നാട്ടിലെ പുഴയിൽ നീന്തിയ പരിചയവുമായി കയത്തിലിറങ്ങരുത്. പാറകൾക്കുള്ളിലൂടെ കയം നീണ്ടുകിടക്കുകയാണ്. ചാടിക്കഴിഞ്ഞാൽ തലയുയർത്തുന്നതു പാറയ്ക്കടിയിലാവും. എന്നാൽ, നീന്താനും കുളിക്കാനും പറ്റിയ പ്രദേശം കാളിമുത്തു കാണിച്ചു തന്നു. അവിടെ സഞ്ചാരികൾക്കു യഥേഷ്ടം വെള്ളത്തിലിറങ്ങാം.
കാട്ടിലെ ‘മന്തി’
തോടിനു കുറുകെ ഇടയ്ക്കിടെ ആദിവാസികൾ ചെറിയ മരക്കഷണങ്ങൾ കൊണ്ടു തടയണ വച്ചിട്ടുണ്ട്. ‘കല്ലേൽമുട്ടി’ എന്നു വിളിപ്പേരുള്ള മീനിനെ പിടിക്കാനാണിത്. മന്തിയെന്നു വിളിപ്പേരുള്ള കരിങ്കുരങ്ങുകൾ കാടിനെ വിറപ്പിക്കുന്ന ശബ്ദമുണ്ടാക്കുന്നുണ്ട്. അതിനിടയിൽ ഇന്ത്യയിൽ ചിന്നാറിൽ മാത്രം കാണാനാകുന്ന ചാമ്പൽ മലയണ്ണാനെ കാളിമുത്തു സ്പോട് ചെയ്തു കാണിച്ചു തന്നു.
ഒന്നല്ല, രണ്ടെണ്ണം. ഞങ്ങൾക്കായി ഫോട്ടോയ്ക്കു പോസ് ചെയ്തു ചില്ലകളിൽ നിന്നു ചില്ലകളിലേക്ക് അവർ ചാടിയകന്നു. കാടിറങ്ങി ആലാംപെട്ടിയിൽ എത്തുമ്പോൾ സമയം പന്ത്രണ്ടിനോടടുക്കുന്നു. അങ്ങകലെ വാഹനങ്ങളുടെയും മനുഷ്യരുടെയും ശബ്ദങ്ങൾ കേട്ടപ്പോഴാണ്, അതൊന്നുമില്ലാത്ത, ഫോൺ വിളികളില്ലാത്ത ഒരു പാതി പകലാണല്ലോ കടന്നുപോയത് എന്നോർത്തത്.
English Summary: A Jungle trek to Thoovanam falls at Chinnar