കുന്നിൻ ചെരിവില്‍ തടിയിൽ നിർമിച്ച വീടുകള്‍; വിലക്കപ്പെട്ട വിചിത്ര ഗ്രാമത്തിലേക്ക്
Mail This Article
യാത്ര പോകുന്ന നാടുകളുടെ സംസ്‌കാരവും രീതികളുമെല്ലാം അറിഞ്ഞിരിക്കേണ്ടത് യാത്രകളെ കൂടുതല്‍ സുരക്ഷിതമാക്കും. സഞ്ചാരികളേയും അന്യനാട്ടുകാരേയും ഗ്രാമത്തിലുള്ള ഒരു വസ്തുക്കളും തൊടാന്‍ അനുവദിക്കാത്തതും വീടുകളില്‍ കയറ്റാത്തതുമായ ഒരു നാടുണ്ട് അങ്ങ് ഹിമാലയത്തിലെ കസോളിനടുത്ത്. എല്ലാവരും വിനോദ സഞ്ചാരികളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണെന്ന ധാരണയില്‍ ഈ ഗ്രാമത്തിലേക്കെത്തിയാല്‍ കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല.
ഹിമാലയത്തിന്റെ ഏതന്‍സ് എന്നു വിളിക്കുന്ന മലാനയാണ് വിചിത്രമെന്ന് പുറം നാട്ടുകാര്‍ക്ക് തോന്നുന്ന നിരവധി ആചാരങ്ങളുള്ള ഗ്രാമം. അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്‍ഗാമികളെന്നാണ് ഇന്നാട്ടുകാര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഹിമാലയത്തിന്റെ ഏതന്‍സ് എന്ന വിശേഷണം ലഭിക്കുന്നതും. മലാന ക്രീം എന്ന പേരില്‍ ഹാഷിഷ് ഉത്പാദിപ്പിച്ചിരുന്ന ഈ ഗ്രാമത്തിന്റെ മാത്രം ഭാഷയാണ് കനാഷി. എന്നാല്‍ ലഹരി മാത്രം തേടിക്കൊണ്ട് മലാനയിലേക്കു പോയാല്‍ ജയിലായിരിക്കും ഫലം.
വിലക്കപ്പെട്ട ഗ്രാമത്തിലേക്ക്...
കുളുവിൽ നിന്നു പത്തു കിലോമീറ്റർ ദൂരമാണ് ബുന്ദറിലേക്ക്. അവിടെ നിന്നു 33 കിലോമീറ്ററോളം സഞ്ചരിച്ച് കസോളിലെത്തി. ഹിമാചൽപ്രദേശിലെ സാമാന്യം ഭേദപ്പെട്ട പട്ടണങ്ങളിലൊന്നാണ് കസോൾ. ഗ്രാമങ്ങളിലേക്കുള്ള ട്രെക്കിങും പാർവതി നദിയുടെ കാഴ്ചകളുമുള്ള ചെറിയ പട്ടണം. ഇടയ്ക്കിടെയെത്തുന്ന സഞ്ചാരികളെ ലക്ഷ്യം വച്ച് കടകളെല്ലാം സജീവം. തിരികെ എട്ടു കിലോമീറ്റർ സഞ്ചരിച്ച് ‘ജ റി’യിലേക്ക്. ജറിയിൽ നിന്നാണ് മലാനയിലേക്കുള്ള യഥാർഥ വഴിയാരംഭിക്കുന്നത്.
മലാനയുടെ പടിവാതിൽ കടന്നപ്പോഴേക്കും കാഴ്ചകളുടെ ഭാവം മാറും. മഞ്ഞുമലകളെ ചുംബിച്ചു നിൽക്കുന്ന നീലമേഘങ്ങൾ. പച്ചപ്പരവതാനി വിരിച്ച പോലെ മലഞ്ചെരിവുകള്‍, മേഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടങ്ങളും പൂക്കൾ പറിച്ച് തുള്ളിച്ചാടി നടക്കുന്ന കുട്ടികളും...സ്വപ്നത്തിലെന്ന പോലെയുള്ള ദൃശ്യങ്ങൾ.
പാർവതി താഴ്‌വരയ്ക്കും കുളു മലനിരകൾക്കും ഇടയിലുള്ള മലാന, ശാന്തവും സുന്ദരവുമാണ്. പുറംലോകത്തിന്റെ ബഹളങ്ങളൊന്നും ഇവിടെയെത്തുന്നില്ല. തടിയിൽ നിർമിച്ച വീടുകളാണ് മലാനയിലേത്. കുന്നിൻ ചെരിവിൽ, മറ്റൊരു കുന്നിലേക്കു തുറക്കുന്ന ജനലുകളുള്ള ഈ വീടുകൾ ഏതു നിമിഷവും താഴേക്കു പതിക്കുമെന്നു തോന്നും. പക്ഷേ ഏതു കാലാവസ്ഥയെയും മറികടക്കുന്ന രീതിയിലാണ് നിർമാണം. കല്ലുചെത്തി, ഒരുക്കിയെടുക്കുന്ന മേൽക്കൂരയും, തറനിരപ്പിൽ നിന്ന് ഉയരത്തിലുള്ള കിടപ്പുമുറികളുമെല്ലാം മലാനയിലെ വീടുകൾക്ക് ടൂറിസ്റ്റ് ബംഗ്ലാവുകളുടെ സൗന്ദര്യം പകരുന്നു.
മലാനയിലെ വസ്തുക്കളേയോ വ്യക്തികളേയോ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പോലും അന്യനാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും അനുമതിയില്ല. അവരുടെ വീടുകളില്‍ കയറാനോ ആരാധനാലയങ്ങള്‍ക്കകത്തു പ്രവേശിക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. മലാനയിലെ ക്ഷേത്ര മതിലുകളില്‍ തൊട്ടാല്‍പിഴ നല്‍കേണ്ടി വരുമെന്ന് എഴുതി വച്ചിട്ടുണ്ട്.
മലാന ഗ്രാമത്തിന് പുറകിലേക്കായി അഞ്ചു കിലോമീറ്റര്‍ നടന്നാല്‍ ഒരു വെള്ളച്ചാട്ടമുണ്ട്. മലാനയെന്ന വിചിത്ര ആചാരങ്ങളുള്ള ഗ്രാമവും ഗ്രാമീണരേയും കണ്ടു കഴിഞ്ഞാല്‍ ഈ വെള്ളച്ചാട്ടം ലക്ഷ്യമാക്കാം. മലാനയിലെ ജംലു ദേവത ക്ഷേത്രം കാണാന്‍ പോകാമെങ്കിലും എവിടെയും തൊടുകയോ അകത്തേക്ക് കയറുകയോ ചെയ്യരുത്. നാട്ടുകാര്‍ തന്നെ തുന്നിയ തണുപ്പു വസ്ത്രങ്ങളും മറ്റും വില്‍ക്കുന്ന കടകളുണ്ട്. ഇവിടെ നിന്നും സാധനങ്ങള്‍ വാങ്ങുകയും ചെയ്യാം.
വര്‍ഷത്തില്‍ എല്ലായ്‌പോഴും മലാനയിലേക്ക് പോവാം. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത്ത് പൊതുവേ മഞ്ഞുണ്ടാവാറില്ല. മഞ്ഞു പുതഞ്ഞ വഴിയിലൂടെയുള്ള മലാന ട്രെക്കിങിനാണെങ്കില്‍ ഡിസംബര്‍ മുതല്‍ ഫെബ്രുവരി ആദ്യ വാരം വരെയുള്ള സമയം തിരഞ്ഞെടുക്കണം. മലാനയില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ വളരെ ചെറിയ സൗകര്യങ്ങളുള്ള വിരലിലെണ്ണാവുന്ന താമസസ്ഥലങ്ങളേയുള്ളൂവെന്ന് ഓര്‍മ വേണം. ഇല്ലെങ്കില്‍ മലാന മാജിക് ക്യാംപിങ് പോലെ അഞ്ചു കിലോമീറ്റര്‍ അകലെ ഗ്രാമത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടെന്റുകളെ ആശ്രയിക്കേണ്ടി വരും.
English Summary: The Legend Of The Mysterious Village Of Malana