ADVERTISEMENT

'മഞ്ഞു പെയ്യുമ്പോൾ പ്രകൃതി കാതോർക്കുന്നു'... എന്നാണ് പറയുന്നത്. കാരണം, സഞ്ചാരികൾക്ക് അത്രമേൽ ഭംഗിയുള്ളൊരു കാഴ്ചയാണ് അത്. മരങ്ങളെയും ചെടികളെയും കെട്ടിടങ്ങളെയും പൊതിഞ്ഞു നിൽക്കുന്ന തൂവെള്ള നിറമുള്ള മഞ്ഞുകണങ്ങൾ. ചെടികളെയും മരങ്ങളെയും അത്രമേൽ ആഴത്തിൽ ചുംബിച്ച് എന്ത് രഹസ്യമായിരിക്കും ഓരോ മഞ്ഞുകാലവും പ്രകൃതിയോട് കൈമാറുന്നത്. മനുഷ്യൻ പ്രകൃതിയെ ഇത്ര ശാന്തതയോടെ ആസ്വദിക്കുന്ന, തിരിച്ചറിയുന്ന ഒരു ഋതു വേറെയുണ്ടാകില്ല.

മഞ്ഞുകാലമായാൽ സോഷ്യൽ മീഡിയ തുറന്നാൽ  യൂറോപ്യൻ - അമേരിക്കൻ രാജ്യങ്ങളിലുള്ള കൂട്ടുകാരുടെ റീൽസ് കൂടി കാണുമ്പോൾ ഒരിക്കലെങ്കിലും ഒന്ന് മഞ്ഞുവീഴ്ച കാണാൻ കഴിഞ്ഞെങ്കിലെന്നു കൊതിക്കാത്തവരായി ആരുണ്ട്. അത്തരം ആഗ്രഹങ്ങൾ മനസ്സിൽ കുഴിച്ചുമൂടി നീറി നീറി കഴിയേണ്ട! നമ്മുടെ രാജ്യത്തും നല്ല അടിപൊളി മഞ്ഞുപെയ്ത്ത് കാണാം. ഉത്തരേന്ത്യയിലേക്ക് പോകണമെന്ന് മാത്രം. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും അത്ര സുന്ദരമായ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്.

Image Credit : iamrashis228/shutterstock
Image Credit : iamrashis228/shutterstock

ഡിസംബറിൽ തന്നെ മഞ്ഞുവീഴ്ച ആരംഭിക്കുന്ന ഉത്തരാഖണ്ഡിലെ ധനൗൾട്ടി

മഞ്ഞുകാലം ആരംഭിച്ച് കഴിഞ്ഞാൽ നവംബർ മുതൽ ഫെബ്രുവരി വരെ ധനൗൾട്ടിയിലെ താപനില ഒന്ന് മുതൽ ഏഴ് ഡിഗ്രി വരെയാണ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഈ കാലയളവിൽ ധനൗൾട്ടിയിലേക്ക് പോകാവുന്നതാണ്. തണുത്തുറഞ്ഞ കാലാവസ്ഥയിലേക്ക് മാറുന്നതോടെ പ്രദേശം മുഴുവൻ മഞ്ഞുമൂടി വെളുത്ത നിറത്തിലായിരിക്കും. മനോഹരമായ പ്രകൃതിയും ദേവദരുക്കൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന ഫോറസ്റ്റും ഇവിടുത്തെ പ്രധാന ആകർഷണമാണ്. തണുപ്പുകാലത്ത് ഇവിടെ ഇടയ്ക്കിടെ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന പ്രധാന ഘടകവും അതു തന്നെയാണ്.

Image Credit : ImagesofIndia/shutterstock
Image Credit : ImagesofIndia/shutterstock

താപനില മൈനസിൽ എത്തുന്ന ഫൽഗാം, മഞ്ഞുവീഴ്ച കാണാൻ കശ്മീരിലേക്ക് പോകാം

മഞ്ഞുകാലത്ത് പ്രകൃതിയൊരുക്കുന്ന മനോഹരമായ കാഴ്ചയുടെ വിരുന്നുമായാണ് ഫൽഗാം സഞ്ചാരികളെ കാത്തിരിക്കുന്നത്. തിങ്ങിനിറഞ്ഞു നിൽക്കുന്ന പൈൻ മരക്കാടും മിന്നിത്തിളങ്ങുന്ന ലിഡ്ഡർ നദിയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. മഞ്ഞുകാലത്ത് പ്രദേശത്തെ താപനില മൈനസ് ഡിഗ്രിയിലേക്കും എത്താറുണ്ട്. ജനുവരി മാസത്തിൽ ഫൽഗാമിൽ മഞ്ഞുവീഴ്ച ഉണ്ടാകാറുണ്ട്. ഇത് കാണാനായി മാത്രം നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്.

Image Credit : Afzal Khan Photography/shutterstock
Image Credit : Afzal Khan Photography/shutterstock

ഏപ്രിലിൽ വരെ മഞ്ഞുവീഴ്ച ഉണ്ടായിട്ടുള്ള നർകണ്ട

ഹിമാചൽ പ്രദേശിലെ നർകണ്ടയിലെ തണുപ്പുകാലം എന്ന് പറയുന്നത് കഠിനമേറിയ തണുപ്പുള്ളതും മഞ്ഞിൽ പൊതിഞ്ഞതുമാണ്. അതുകൊണ്ടു തന്നെയാണ് സഞ്ചാരികൾ മഞ്ഞുകാലത്ത് ഇവിടേക്ക് എത്താൻ ആഗ്രഹിക്കുന്നതും. ഷിംലയിലെ ഒരു കൊച്ചു ടൗൺ ആയ നർകണ്ട ഹിന്ദുസ്ഥാൻ - ടിബറ്റ് റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2013 ൽ നർകണ്ടയിൽ ഏപ്രിൽ അവസാനവാരം മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. ആപ്പിൾ തോട്ടങ്ങളാൽ തിങ്ങിനിറഞ്ഞ നർകണ്ട ജനുവരിയിൽ മഞ്ഞിൽകുളിച്ചു നിൽക്കുന്ന സുന്ദരിയായി മാറും.

ഗുൽമാർഗിലെ റിസോർട്ടിനു സമീപത്തുണ്ടായ വൻഹിമപാതം. (ഫയൽചിത്രം)
ഗുൽമാർഗിലെ റിസോർട്ടിനു സമീപത്തുണ്ടായ വൻഹിമപാതം. (ഫയൽചിത്രം)

മഞ്ഞു വീഴുന്നത് കാണാൻ ജമ്മു കശ്മീരിലെ സോൻമാർഗിലേക്കും ഗുൽമാർഗിലേക്കും

പച്ച പുതച്ച് കിടക്കുന്ന പുൽത്തകിടികൾ മഞ്ഞു പുതച്ചു കിടക്കുന്നതാണ് തണുപ്പുകാലത്ത് ജമ്മു കശ്മീരിലെ സോൻമാർഗിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് പ്രധാനമായും ഇവിടെ മഞ്ഞുവീഴ്ച ഉണ്ടാകുന്നത്. മൂന്നു മുതൽ അഞ്ചുവരെ താപനിലയിലേക്ക് കാലാവസ്ഥ എത്തുമ്പോഴാണ് ജമ്മു കശ്മീരിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സോൻമാർഗിൽ മഞ്ഞുവീഴ്ച ഉണ്ടാകാറുള്ളത്. മഞ്ഞുവീഴ്ച കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികളുടെ പറുദീസായാണ് ഗുൽമാർഗ്. മനോഹരമായ ലാൻഡ് സ്കേപ്പുകൾക്ക് ഒപ്പം തന്നെ മഞ്ഞുവീഴ്ചയും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത്തവണ സെപ്തംബർ അവസാനവും ഡിസംബർ പകുതിയോടെയും ഗുൽമാർഗിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു.

View of Kufri, Auli village 15 Kms above Shimla. Image Credit : PhotographerIncognito/instagram
View of Kufri, Auli village 15 Kms above Shimla. Image Credit : PhotographerIncognito/instagram

സഞ്ചാരികളെ കാത്തിരിക്കുന്ന മണാലിയും റോത്തങ് പാസും പിന്നെ ഷിംലയും

മഞ്ഞു കാണാൻ ആഗ്രഹിക്കുന്നർ ഹിമാചൽ പ്രദേശിലെ മണാലി സന്ദർശിക്കേണ്ട ഏറ്റവും മികച്ച സമയം എന്നു പറയുന്നത് ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലത്താണ്. ഇത്തവണ ഡിസംബർ ആദ്യം തന്നെ മണാലിയിൽ മഞ്ഞുവീഴ്ച ഉണ്ടായിരുന്നു. മണാലിക്ക് സമീപമുള്ള റോത്തങ് പാസ് മഞ്ഞുകാലത്ത് ഒരു മഞ്ഞ് വണ്ടർലാൻഡ് പോലെയായിരിക്കും ഉണ്ടാകുക.  ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ ഷിംലയും തണുപ്പുകാലത്ത് സഞ്ചാരികളെ കാത്തിരിക്കുന്ന ഇടങ്ങളാണ്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടെ  പ്രധാനമായും മഞ്ഞുവീഴ്ച ഉണ്ടാകുന്നത്.

Image Credit : shalender kumar/istockphoto
Image Credit : shalender kumar/istockphoto

മഞ്ഞുകാലമായാൽ  ഉത്തരാഖണ്ഡിലും ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും നിരവധി സ്ഥലങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തണുപ്പ് ആസ്വദിക്കാൻ മനസ്സുള്ളവർക്കും അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്കും ധൈര്യപൂർവം പോകാവുന്ന ഇടങ്ങളാണ്. 

മുൻകരുതലുകളോടെ യാത്ര ചെയ്യാൻ ശ്രദ്ധിക്കാം

പഞ്ചാബ്, ഹരിയാന, ഈസ്റ്റ് ഉത്തർപ്രദേശ്, അസം, മേഘാലയ എന്നിവങ്ങളിൽ കൊടുതണുപ്പ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ടുദിവസമായി കനത്ത മൂടൽമഞ്ഞാണ്. കാഴ്ചപരിധി 50 മീറ്ററിൽ താഴെയായി. അതിനാൽ റോഡുകളിൽ അപകടസാധ്യത കൂടുതലാണെന്ന് അധികൃതർ അറിയിക്കുന്നു.ഡൽഹി, ഈസ്റ്റ് രാജസ്ഥാൻ, ബിഹാർ, ഉത്തരാഖണ്ഡ്, വെസ്റ്റഅ ഉത്തർപ്രദേശ് എന്നിവിടങ്ങളിലും തണുപ്പ് അനുഭവപ്പെടുന്നുണ്ട്. ഡൽഹിയിൽ പരമാവധി താപനില 14.6 ഡിഗ്രി സെൽഷ്യസ് ആണ്. വരും ദിവസങ്ങളിൽ ശൈത്യം ശക്തമാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ ഒട്ടേറെ വിമാനങ്ങൾ ജയ്പുർ, ലഖ്നൗ വഴി തിരിച്ചുവിട്ടു. ചില വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ തീർഥാടകരും വിനോദസഞ്ചാരികളും ശ്രദ്ധിക്കണമെന്നും വേണ്ട മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.

English Summary:

Best Snowfall Places in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com