ഗുഹയും കാണാം, ഇടിയിറച്ചിയും പോർക്കും ചെമ്മീനും കൂട്ടി ഷാപ്പിലെ രുചിയും നുണയാം; പോരൂ ഇവിടേയ്ക്ക്
Mail This Article
പെട്ടെന്ന് ഒരു യാത്ര പോകണം എന്നാൽ അധികം ദൂരം പറ്റില്ല. അങ്ങനെ ചിന്തിച്ചിരിക്കുന്നവർക്ക് ഒരു പകുതി ദിവസം കൊണ്ട് പോയി വരാൻ പറ്റുന്ന തിരക്കു കുറഞ്ഞൊരു സ്ഥലമാണ് എറണാകുളം ജില്ലയിലെ കൊച്ചരീക്കല്‍ ഗുഹാസങ്കേതങ്ങള്‍. കാടിനുള്ളിലെ ഗുഹയും ഉറവയും കുളവുമെല്ലാം ചേർന്ന് തീർത്തൊരു മാന്ത്രികയിടമാണിവിടം. എറണാകുളത്ത് നിന്ന് ഒന്നര മണിക്കൂർ യാത്ര ചെയ്താൽ കൊച്ചരിക്കലിൽ എത്തും. പിറവം ടൗണിൽ നിന്നും 12 കിലോമീറ്റർ ദൂരെ പിറമാടം എന്ന സ്ഥലത്താണ് കൊച്ചരിക്കൽ കേവ്സ്.
കൊച്ചരിക്കൽ കേവ്സ്
വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് കുറച്ച് സമയം ചെലവഴിക്കാം ഇവിടെയിരുന്ന്. അധികം അറിയപ്പെടാത്ത സ്ഥലമായതുകൊണ്ട് തിരക്ക് കുറവാണ്. പാർക്കിങ് ഏരിയയിൽ നിന്ന് കുറച്ച് മുന്നോട്ടു നടക്കുമ്പോൾ തന്നെ ഗുഹാ സങ്കേതങ്ങൾ കാണാനാകും. മുത്തശ്ശി മരങ്ങളുടെ വേരുകളിൽ ഒളിച്ചിരിക്കുന്ന അതിപുരാതന ഗുഹകളാണ് ഇവിടുത്തെ പ്രത്യേകത.
താഴേയ്ക്കിറങ്ങുമ്പോൾ തന്നെ ചുറ്റും പച്ചവിരിച്ചു നിൽക്കുന്ന വലിയ മരങ്ങൾ കാണാം. കാടിന് സമാനമായി വളരുന്ന ഈ വടവൃക്ഷങ്ങളാണ് ഇവിടുത്തെ ആകർഷണങ്ങളിൽ ഒന്ന്. എന്തൊക്കെയോ രഹസ്യങ്ങൾ ഒളിപ്പിച്ചിരിക്കുന്നത് പോലെ തോന്നും ഇവിടെ നിൽക്കുമ്പോൾ. രണ്ടു ഗുഹകളാണ് ഇവിടെയുള്ളത്. അതിൽ ആദ്യം കാണുന്ന ഗുഹയിൽ നിന്നു ഒരു തെളിനീരുറവ ഉത്ഭവിക്കുന്നു. ആ ഉറവയിലെ ജലം അരുവിയായി താഴേയ്ക്ക് ഒഴുകി തൊട്ടടുത്ത കുളത്തിൽ നിറയും.
കാഴ്ചകൾ മാത്രമല്ല ഇവിടെ എത്തിയാൽ രുചിയൂറും വിഭവങ്ങൾ കഴിക്കാവുന്ന ഷാപ്പുമുണ്ട്. കൊച്ചരിയിക്കൽ നിന്ന് ഏകദേശം പത്തു കിലോമീറ്റർ സഞ്ചരിച്ചാൽ ഇടിയിറച്ചിയും പോർക്കും ചെമ്മീനുമൊക്കെയായി അടിപൊളി വിഭവങ്ങളുള്ള അണ്ടിച്ചിറ ഷാപ്പിലെത്താം. പിറവത്തിനു അടുത്ത് കാക്കൂരിലാണ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്.
ഇടിയിറച്ചിയും രുചിയൂറും വിഭവങ്ങളും
വേനൽച്ചൂട് കടുക്കുന്ന സമയത്ത്, നല്ല ഹൽവാകഷ്ണം പോലുള്ള പോത്തിറച്ചി വാങ്ങി വീതിയിൽ കനം കുറച്ചു മുറിച്ചു ഉണക്കാൻ വയ്ക്കുമായിരുന്നു പണ്ട് വീടുകളിൽ. വെയിൽ ഇല്ലാത്ത സമയമാണെങ്കിൽ അടുക്കളയിലെ വിറകടുപ്പിനു മുകളിൽ കമ്പിവല വിരിച്ച് അതിനു മുകളിലായിരിക്കും സ്ഥാനം. മഞ്ഞളും ഉപ്പും പുരട്ടിയ ആ ഇറച്ചി ഉണങ്ങി പരുവമാകുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കും. മാസങ്ങളോളം കേടുകൂടാതെ ഇരിക്കുന്ന ആ മാംസം പിന്നീട് ആവശ്യാനുസരണം എടുത്തു രുചിക്കൂട്ടുകളൊക്കെ ചേർത്ത് സ്വാദേറിയ വിഭവമായി തീൻമേശയുടെ മുകളിലെത്തും. വീട്ടിൽ അതിഥികളെത്തുന്ന സമയത്തായിരിക്കും ഈ വിശേഷാൽ വിഭവത്തിന്റെ എൻട്രി. രുചിയിൽ കേമനായ ഇടിയിറച്ചി ഇന്ന് നാട്ടിൻപുറങ്ങളിലെ വീടുകളിൽ നിന്നു പോലും അപ്രത്യക്ഷമായി. മാസത്തിലെ എല്ലാ ദിവസവും ഏതു സമയത്തും ഏത് ഇറച്ചി വേണമെങ്കിലും വാങ്ങിക്കാൻ കിട്ടുമെന്നതു കൊണ്ടുതന്നെ ഉണക്കി സൂക്ഷിക്കാനൊന്നും ആരും മെനക്കെടുന്നുമില്ല. എന്നാൽ ഒരിക്കൽ ആ രുചിയറിഞ്ഞവർ പിന്നീട് കഴിക്കാൻ അവസരം കിട്ടുകയാണെങ്കിൽ അതൊരിക്കലും വിട്ടുകളയുകയുമില്ല. ഇടിയിറച്ചിയുടെ രുചി ഇനിയും അറിയാത്തവർക്കും ഇതിനു മുൻപ് കഴിച്ചിട്ടുള്ളവർക്കും ആ സ്വാദറിയണമെങ്കിൽ അണ്ടിച്ചിറ ഷാപ്പിലേക്കെത്തിയാൽ മതി.
എറണാകുളം ജില്ലയിലെ പിറവത്തിനു അടുത്ത് കാക്കൂരിലാണ് ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ഏതൊരു ഷാപ്പിലേയും പോലെ തനിനാടൻ വിഭവങ്ങൾ തന്നെയാണ് ഇവിടുത്തെയും ആകർഷണം. മൽസ്യ വിഭവങ്ങൾ മാത്രമല്ല, ഇടിയിറച്ചിയും പോർക്കും ബീഫുമൊക്കെ ഇവിടുത്തെ അടുക്കളയിൽ അതിഥികൾക്കായി തയാറാക്കുന്നുണ്ട്. കറികളൊക്കെ കൂട്ടി കഴിക്കാനായി പാലപ്പവും കപ്പയുമുണ്ട്. നിത്യഹരിത ജോഡിയായ കപ്പയും മീൻകറിയിൽ നിന്നും തന്നെ വിഭവങ്ങളുടെ രുചി ആസ്വദിക്കണം. ചുവപ്പൻ അഭിവാദ്യങ്ങളുമായി കടന്നു വരുന്ന ആ മീൻകറി, കപ്പയ്ക്കു മുകളിലേയ്ക്ക് ഒഴിയ്ക്കാം. കുടമ്പുളിയുടെ പുളിയും മണവുമാണ് ആദ്യത്തെ ആകർഷണം. നല്ല എരിവും പാകത്തിനു ഉപ്പും കൂടി ചേരുമ്പോൾ മീൻകറി വേറെ ലെവലായി മാറും. ഇടയ്ക്കൊന്നെടുത്തു നാവിൽ വെയ്ക്കാൻ നല്ല കൂന്തലും ചെമ്മീനും ഞണ്ടും പോർക്കുമൊക്കെ റോസ്റ്റ് ചെയ്തതുണ്ട്.
കൂന്തലും, ചെമ്മീനും ഞണ്ടും
വിഭവങ്ങളെല്ലാം തയാറാക്കുന്നതിലും ഈ ഷാപ്പിൽ ചില പ്രത്യേകതകളുണ്ട്. കൂന്തലും, ചെമ്മീനും ഞണ്ടുമൊക്കെ വറുത്തു കോരിയതിനു ശേഷമാണ് മസാലകളും വെളുത്തുള്ളിയും ഇഞ്ചിയും സവാളയും പച്ചമുളകും കറിവേപ്പിലയും കുടമ്പുളിയുടെ ജ്യൂസുമൊക്കെ ചേർത്തു നല്ലതുപോലെ റോസ്റ്റ് ചെയ്തെടുക്കുന്നത്. മുകളിൽ തൂവിയിടുന്ന ചതച്ച മുളകിന്റെ മണവും എരിവുംകൂടി ചേരുമ്പോൾ വിഭവങ്ങളുടെയെല്ലാം രുചി ഒരു പടി കൂടി മുകളിൽ കയറി നിൽക്കും. ഇവ മാത്രമല്ല, വറുത്ത കാട കൂടി ഇവിടെ നിന്നും നിർബന്ധമായും കഴിച്ചിരിക്കേണ്ട ഒരു വിഭവം തന്നെയാണ്. വെളിച്ചെണ്ണയിൽ മുക്കി പൊരിച്ചെടുക്കുന്ന കാട കറുമുറെ കടിക്കാം. ആടയാഭരണങ്ങൾ പോലെ കാടയിറച്ചിയുടെ മുകളിൽ വെളുത്തുള്ളിയും ഇഞ്ചിയും കറിവേപ്പിലയുമൊക്കെ വറുത്തുമിട്ടുണ്ട്.
ഷാപ്പിലെ സ്പെഷ്യൽ അപ്പിയറൻസ് മേൽപറഞ്ഞ വിഭവങ്ങളൊന്നുമല്ല, അത് ഇടിയിറച്ചിയാണ്. ഉണക്കി സൂക്ഷിച്ച ഇറച്ചിയിൽ ചതച്ച മുളകും മറ്റു കൂട്ടുകളുമൊക്കെ ചേർത്ത് വെളിച്ചെണ്ണയിൽ തയാറാക്കുന്ന ഈ രുചി സാമ്രാട്ട്, ഇന്ദുചൂഢനെക്കാൾ കയ്യടി നേടുന്ന നന്ദഗോപാൽ മാരാരെ പോലെയാണ്. ഷാപ്പിലെത്തുന്നവർ ഒന്ന് രുചിച്ചു നോക്കാതെ പോകുകയില്ലെന്നാണ് ഇവിടെത്തുന്ന സ്ഥിരം സന്ദർശകർ പറയുന്നത്. ഗൃഹാതുരത്വത്തിന്റെ ഓർമകൾ കൂടി ചേരുമ്പോൾ ആ ഇടിയിറച്ചി ഷാപ്പിലെ നായകനാകും. നാവിൽ രുചിയുടെ വെള്ളപ്പൊക്കം തീർക്കുന്ന വിഭവങ്ങളും നല്ല മധുരക്കള്ളും ഗ്രാമത്തിന്റെ സൗന്ദര്യവും നാടൻ പാട്ടിന്റെ ശീലുകളും ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒരു മാന്ത്രിക കൂട്ടാണിത്. ഇതെല്ലാം ആസ്വദിക്കണമെന്നുള്ളവരെ അണ്ടിച്ചിറ ഷാപ്പ് ഒരിക്കലും നിരാശപ്പെടുത്തുകയില്ല.
English Summary: Eatouts, Andichira Shappu Piravom