9 ഹെയർപിൻ വളവുകളും ഒരു ചങ്ങലമരവും: താമരശ്ശേരി ചുരത്തിലൂടെ ഒരു യാത്ര
Mail This Article
മലബാർ മേഖലയിലെ ഏറ്റവും പ്രധാന പ്രദേശങ്ങളാണ് വയനാടും കോഴിക്കോടും. വാണിജ്യം വ്യവസായം കൃഷി സംസ്കാരം സാഹിത്യം എന്നിവയുടെയൊക്കെ കേന്ദ്രം. പ്രശാന്തസുന്ദരമായ കാലാവസ്ഥയും വനവും കുന്നുകളും മലകളും കൃഷിയിടങ്ങളും എല്ലാം ചേര്‍ന്ന ഇവിടം ഒരു പ്രധാന നേചർ ടൂറിസം മേഖലയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന പശ്ചിമഘട്ട മലമ്പാതയാണ് താമരശ്ശേരി ചുരം. ദേശീയപാത 766 ന്റെ ഭാഗമായ ചുരം സ്ഥിതി ചെയ്യുന്നത് കോഴിക്കോട് ജില്ലയിലാണ്. ഇത് മൈസൂരുവിലേക്കും ബെംഗളൂരുവിലേക്കുമുള്ള അന്തർസംസ്ഥാന പാത കൂടിയാണ്. കുത്തനെ വളവും തിരിവുകളുമുള്ള റോഡും അഗാധമായ കൊക്കകളുടെ ഭയാനകതയും പാതയുടെ ഇരുവശങ്ങളിലുമുള്ള ഇടതൂർന്ന വനപ്രദേശങ്ങളും സഞ്ചാരികൾക്ക് വ്യത്യസ്തമായ യാത്രാനുഭവം നൽകുന്നു. വയനാട് ചുരം എന്നുകൂടി അറിയപ്പെടുന്ന താമരശ്ശേരി ചുരത്തിന്‍റെ വിശേഷങ്ങള്‍ നോക്കാം.
മൂന്ന് ദിവസത്തെ ഒരു ഹ്രസ്വസന്ദർശനത്തിനായി കുടുംബവുമൊത്ത് കോഴിക്കോട് എത്തിയിരിക്കുന്നത്. മുന്‍പ് ദോഹയില്‍ ഉണ്ടായിരുന്ന സുഹൃത്തായ അഖിലാണ് ഞങ്ങളുടെ ഇവിടുത്തെ യാത്രകളെല്ലാം ഒരുക്കിയത്. മുക്കം കൂടരഞ്ഞി സ്വദേശിയായ അഖിൽ കക്കാടംപൊയിലിലായിരുന്നു ഞങ്ങൾക്കു താമസം ഒരുക്കിയിരുന്നത്. കക്കാടംപൊയിലിലെ പ്രകൃതിരമണീയമായ കാഴ്ചകൾക്ക് ശേഷം രണ്ടാമത്തെ ദിവസമാണ് വയനാട്ടിലേക്കു ചുരം കയറിയത്. അഖിലും ഭാര്യ അഖിലയും മക്കളായ മീഖയും അബ്രാമും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പോകുന്നവഴി സുന്ദരമായ തുഷാരഗിരി വെള്ളച്ചാട്ടം കണ്ടതിനുശേഷം ഞങ്ങൾ ചുരപാതയിൽ എത്തി. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റുകൾ വരുന്നത് നന്നേ കുറഞ്ഞിട്ടുണ്ട്, താമരശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾ ഒഴികെ മറ്റു യാത്രകൾ ഒഴിവാക്കണമെന്നു സര്‍ക്കാര്‍ നിർദ്ദേശമുണ്ടെങ്കിലും ഓണം അവധിയായതിനാൽ നല്ല തിരക്കുണ്ടായിരുന്നു.
കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്നു തുടങ്ങുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ 9 ഹെയർ പിൻ വളവുകളാണുള്ളത്. തെക്ക് വടക്ക് ദിശയിലാണ് ഈ ചുരം റോഡ് സ്ഥിതി ചെയ്യുന്നത്. നല്ല വൈദഗ്ധ്യമുള്ള ഡ്രൈവറെപ്പോലെ അഖില്‍ ഓരോ ഹെയര്‍ പിന്‍ വളവുകളും നിസ്സാരമായി താണ്ടി മുന്നോട്ട് പോയി. വഴിയരികിൽ ഉടനീളം ഒറ്റക്കും കൂട്ടമായുമൊക്കെ കുരങ്ങന്മാരെ കാണാമായിരുന്നു. അനുവും നീലും നേവയും ചുരം കയറുന്നതിന്റെ ആവേശത്തിലാണ്. 'വെള്ളാനകളുടെ നാട്' എന്ന ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്‍റെ ഡയലോഗ് ഓര്‍മ വന്നു..."താമരശ്ശേരി ചൊരം, അയ്.. മ്മടെ താമരശ്ശേരി ചൊരം...." ഒമ്പതാമത്തെ ഹെയർ പിൻ വളവിലെ വ്യൂ പോയന്റിന് സമീപം അഖിൽ വാഹനം ഒതുക്കി. അവിടെ നിന്ന് പടിഞ്ഞാറോട്ട് നോക്കിയാൽ കോഴിക്കോട് ജില്ലയുടെ മൊത്തത്തിലുള്ള ആകാശദൃശ്യം കാണാനാകും. അസ്തമയവും 55 കിലോമീറ്റർ അകലെയുള്ള കടൽപ്പരപ്പും അപൂർവ്വമായി കാണാം. മേഘങ്ങളും കോടമഞ്ഞും ചിലപ്പോൾ കാഴ്ചയെ മറയ്ക്കാറുണ്ട്. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു. നല്ല റോഡ്, ഇരുവശവും ഓടയും കൈവരികളുമൊക്കെ കെട്ടി പരിപാലിച്ചിരിക്കുന്നു. എല്ലാ ഹെയർ പിൻ വളവിലും എത്രാമത്തെ വളവാണ് അത് എന്ന നമ്പർ വച്ചിട്ടുണ്ട്. ചുരം കയറി എത്തിയവർക്ക് വയനാട്ടിലേക്ക് സ്വാഗതം എന്ന് എഴുതിയ കവാടവും കടന്ന് ഞങ്ങൾ ലക്കിടിയിൽ എത്തി. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,625 അടി മുകളിലാണിപ്പോൾ ഞങ്ങള്‍.
ഈ പാതയുടെ നിർമ്മാണത്തെപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. കുതിരസവാരി ചെയ്ത് വയനാട്ടിലെത്താൻ പാകത്തിൽ നിർമിച്ച ഈ പാത പിൽകാലത്തു വാഹനഗതാഗതത്തിനുള്ള പാതയായി മാറുകയായിരുന്നു. കോഴിക്കോട് തമ്പടിച്ചിരുന്ന ബ്രട്ടീഷുകാര്‍ക്ക് അതുവരെ വയനാട് വഴി മൈസൂരുവിലേക്കുള്ള മാർഗം അന്യമായിരുന്നു. സുഗന്ധവ്യജ്ഞനങ്ങളും മറ്റും സുലഭമായിരുന്ന വയനാടന്‍ കാടുകള്‍ കുറച്ചൊന്നുമല്ല ബ്രട്ടീഷുകാരെ മോഹിപ്പിച്ചത്. അതിനുമുപരി ശ്രീരംഗപട്ടണത്തെ ടിപ്പുവിന്റെ സാമ്രാജ്യം കീഴടക്കാനുള്ള മാർഗമായാണ് അവര്‍ ഈ പാതയെ കണ്ടത്. പക്ഷേ അതൊരു സ്വപ്‌നമായി തന്നെ അവശേഷിച്ചു. പാതയ്ക്കു വേണ്ടി ഇറങ്ങിത്തിരിച്ച പല ഇംഗ്ലീഷുകാരും വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി. ഇതൊരു റോഡായി വിപുലീകരിച്ചത് ഹൈദരലിയുടെ മൈസൂര്‍ സൈന്യം ആയിരുന്നു. അതിന് ശേഷമാണ് തന്ത്രപ്രധാനമായ സൈനീക നീക്കങ്ങള്‍ക്ക് ബ്രിട്ടീഷുകാരും ഈ വഴി ഉപയോഗപ്പെടുത്തിയത്. പഴശ്ശിരാജക്കെതിരായ സൈനീക നീക്കത്തിന് ബ്രിട്ടീഷ്കാര്‍ ഉപയോഗിച്ചതും ഈ പാത തന്നെ. അന്നത്തെ കത്തുകളില്‍ Thamarassery Ghat എന്ന പദം അവർ ഉപയോഗിച്ചതായി കാണാം. അന്ന് കോഴിക്കോട് ജില്ല ഇല്ല, മലബാറാണ് ഉണ്ടായിരുന്നത്.
സാമൂതിരിയുടെ കാലത്ത് തന്നെ കോഴിക്കോട് ഒരു പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു. അറബികളും പറങ്കികളും കുരുമുളക് കയറ്റിയിരുന്ന തുറമുഖവും കോഴിക്കോട് തന്നെ. വയനാട് നിന്നും സുഗന്ധവ്യഞ്ജനങ്ങള്‍ എത്തിച്ചേര്‍ന്ന റോഡും ഇത് തന്നെയായിരിക്കണം. ഏറ്റവും അടുത്ത വ്യാപാര കേന്ദ്രം (Collection Centre) താമരശ്ശേരി ആയിരുന്നു. ഇടയില്‍ വേറെ ജനവാസ കേന്ദ്രങ്ങളും ഇല്ലായിരുന്നു. അതുകൊണ്ട് അക്കാലത്തും ഈ പാതയെ അറിയപ്പെട്ടത് താമരശ്ശേരി ചുരമെന്നാണ്. അങ്ങനെ ഈ മലമ്പാത നൂറ്റാണ്ടുകള്‍ക്കു മുന്‍പേ ഉപയോഗിച്ചിരുന്നതായും മനസ്സിലാക്കേണ്ടതാണ്.
∙കരിന്തണ്ടനും ചങ്ങലമരവും
ജനങ്ങളുടെ ഇടയിൽ വായ്മൊഴിയായി ഈ പാത നിർമിച്ചതിനെ പറ്റി മറ്റൊരു കഥ നിലനിൽക്കുന്നു. ലക്കിടിയിലുള്ള ഒരു കാഴ്ചയാണ് ചങ്ങല മരവും കരിന്തണ്ടന്റെ പ്രതിമയും. ഞങ്ങള്‍ അതിന് സമീപം വാഹനം പാര്‍ക്ക് ചെയ്ത് ഇറങ്ങി. താമരശ്ശേരി ചുരം റോഡ് ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്, അവർക്ക് ഈ വഴി കാണിച്ചുകൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. വഴികാണിച്ചു കൊടുത്ത കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെ ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എൻജിനീയർ കൊന്നു കളഞ്ഞു എന്നു പറയപ്പെടുന്നു. കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ചങ്ങല മരമാണിത്. ഞങ്ങൾ അവിടെനിന്ന് കുറച്ചു ഫോട്ടോകൾ എടുത്തതിനുശേഷം തിരികെ വാഹനത്തില്‍ കയറി.
കരിന്തണ്ടനെക്കുറിച്ച് ആധികാരികമായി പറയാന്‍ ഇന്നും എഴുതപ്പെട്ട ചരിത്രമോ രേഖകളോ ഇല്ല, ആകെയുള്ളത് കുറച്ച് വായ്‌മൊഴിക്കഥകളും ചങ്ങലമരവും അതിലുറങ്ങുന്ന കരിന്തണ്ടന്റെ ആത്മാവെന്ന സങ്കല്‍പ്പവും മാത്രം. കേട്ട കഥകളുടെ അടിസ്ഥാനത്തില്‍ 1750 മുതല്‍ 1799 വരെയുള്ള കാലഘട്ടത്തിലാണ് കരിന്തണ്ടന്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്. വയനാടന്‍ അടിവാരത്തുള്ള ചിപ്പിലിത്തോട് ഭാഗത്ത് പണിയരെന്ന ആദിവാസി വിഭാഗത്തിന്റെ തലവനായിരുന്നു കരിന്തണ്ടന്‍. കാടിന്റെ ഒരോ മുക്കും മൂലയും അറിയാമായിരുന്ന കരിന്തണ്ടന്റെ സഹായത്തോടെ ഇംഗ്ലണ്ടില്‍ നിന്നെത്തിയ എൻജിനീയറുടെ നേതൃത്വത്തില്‍ ബ്രട്ടീഷുകാരുടെ ബുദ്ധിയില്‍ തെളിഞ്ഞ ഈ പാതയുടെ പൂര്‍ത്തീകരണത്തിന് സ്വജീവന്‍ നല്‍കിയ ആളാണ് കരിന്തണ്ടനെന്ന അജാനുബാഹുവായ ആദിവാസി യുവാവ്. വയനാടന്‍ കാടിനെയറിഞ്ഞ കരിന്തണ്ടന്റെ സഹായത്തോടെ അടിവാരത്തില്‍ നിന്നും ലക്കിടിയിലേക്കുള്ള പുതിയൊരു ചരിത്രപാത അവിടെ തുറക്കുകയായിരുന്നു. ഒരു പ്രബല സാമ്രാജ്യ ശക്തിക്ക്, കേവലനായ ഒരു ആദിവാസിയുടെ സഹായം തേടേണ്ടി വന്നു എന്ന നാണക്കേട് മായ്ക്കാനും ഇനി ഈവഴി അദ്ദേഹം മറ്റാർക്കെങ്കിലും കാട്ടിക്കൊടുത്താലോ എന്ന ഭയംകൊണ്ടും കരിന്തണ്ടനെ ചതിച്ചുകൊന്നു എന്നാണ് ഐതിഹ്യം.
ചതിയുടെ ഇരയായി മരണപ്പെട്ട കരിന്തണ്ടന്റെ ആത്മാവ് ഗതികിട്ടാതെ ആ മേഖലയില്‍ അലഞ്ഞുനടന്നു എന്നും ചുരം വഴി പോകുന്ന കാളവണ്ടികളും മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടുവെന്നും ഒടുവിൽ പ്രശ്ന വിധിയായി പലര്‍ക്കും ഭീഷണിയായ കരിന്തണ്ടന്റെ ആത്മാവിനെ ഏതോ ഒരു മന്ത്രവാദി ചങ്ങലയില്‍ ആവാഹിച്ച് ലക്കിടയിലെ ആ മരത്തില്‍ ബന്ധിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. മരം വളരുന്നതനുസരിച്ച് ചങ്ങലയും വളരുന്നു എന്നും ചിലര്‍ വിശ്വസിക്കുന്നു. ഒരു ചരിത്ര നിയോഗത്തിനുതന്നെ കാരണക്കാരനായെന്നു വിശ്വസിക്കുന്ന കരിന്തണ്ടന് ഈ ചങ്ങലമരവും അടുത്ത കാലത്ത് സ്ഥാപിച്ച പ്രതിമയുമല്ലാതെ മറ്റൊരു സ്മാരകവും എവിടെയും കാണാന്‍ കഴിയില്ല. പറഞ്ഞുകേട്ട അറിവു വച്ച് പടിഞ്ഞാറെത്തറ അയ്യപ്പന്‍ എന്ന കലാകാരനാണ് കരിന്തണ്ടന്‍റെ രൂപം തയാറാക്കിയത്. കടുക്കനും മാലയും പട്ടും വളയും അരയില്‍ കെട്ടും വലംകൈയില്‍ വാക്കത്തിയും ഇടംകൈയില്‍ വടിയുമായി നില്‍ക്കുന്ന രൂപമാണ് പ്രതിമയില്‍ ആവിഷ്‌കരിച്ചത്. വയനാടന്‍ ചുരത്തിന് കരിന്തണ്ടന്റെ പേരിടണമെന്ന വാദവും ഇപ്പോള്‍ സജീവമായി നില്‍ക്കുന്നുണ്ട്. ചരിത്രത്തിൽ എങ്ങും കാണാൻ കഴിയാത്ത ഇത് ഒരു സംഭവ കഥയാവാം പക്ഷേ ഒരു കെട്ടുകഥ പോലെ വിചിത്രവും.
മറ്റൊരു കഥയും ആദിവാസികൾക്കിടയിൽ നിലവിലുണ്ട്. കുരുമുളക് ശേഖരിക്കുന്ന വ്യാപാര സംഘത്തിനു ചുരത്തിനു മുകളിലെ മൂപ്പന്റെ ആക്രമണങ്ങള്‍ ഉണ്ടായതായും, പാത തടഞ്ഞ മൂപ്പനെ ചതിയില്‍ കൊല ചെയ്തതായും അതില്‍ പിന്നെ മൂപ്പന്റെ പ്രേതം വണിക്കുകള്‍ക്ക് ശല്യമുണ്ടാക്കിയെന്നും, ഒരു മുസ്ലിം മന്ത്രവാദി പ്രേതത്തെ ചങ്ങലയില്‍ തളച്ചുവെന്ന വേറോരു കഥയും പ്രചാരത്തില്‍ ഉണ്ട്.
എന്തായാലും കോഴിക്കോടുകാര്‍ താമരശ്ശേരി ചുരമെന്നും വയനാട്ടുകാര്‍ വയനാട് ചുരമെന്നും വിളിക്കാന്‍ ഇഷ്ട്ടപ്പെടുന്ന ഈ ചുരപാത കേരളത്തിന്റെ വ്യവസായ, വാണിജ്യ, ടൂറിസം മുന്നേറ്റങ്ങൾക്ക് നൽകുന്ന പങ്ക് വലുതാണ്. മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെ കടന്നു പോവുന്ന ഈ പാതയ്ക്ക് കർണ്ണാടക വനഭാഗത്ത് രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തിയതിനാൽ വളരെ ക്രമീകരണങ്ങൾ നടത്തിയും ബുദ്ധിമുട്ടുകൾ സഹിച്ചുമാണ് കേരളത്തിലേതടക്കം യാത്രക്കാർ കടന്നു പോകുന്നത്.
പൂക്കോട് ഉള്ള 'എൻ ഊര്' എന്ന ആദിവാസി ഗോത്ര പൈതൃക ഗ്രാമം സന്ദര്‍ശിക്കുകയാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം, വൈകുന്നേരത്തോടുകൂടി ചുരമിറങ്ങി കോഴിക്കോട് എത്തുകയും വേണം. ചുരവളവുകള്‍ക്കരികിലെ പെട്ടിക്കടയില്‍ നിന്നും ചായ വാങ്ങി ഊതിയൂതിക്കുടിക്കണം, കാടമുട്ട പുഴുങ്ങിയത് കഴിക്കണം, തേന്‍ നെല്ലിക്കയും, ഉപ്പിലിട്ടതും വാങ്ങണം, അടിവാരത്തെ തട്ടുകടകളിലൊന്നില്‍നിന്ന് ദോശ കഴിക്കണം എന്നൊക്കെ ഉണ്ടായിരുന്നുവെങ്കിലും പാർക്കിങ്ങിന്‍റെ സ്ഥലപരിമിതി കാരണവും സമയപരിമിതി മൂലവും അതൊന്നും സാധിച്ചില്ല. ഒരിക്കൽ കൂടി ഇവിടേക്ക് മടങ്ങി വരണം എന്ന് ഞങ്ങൾ മനസ്സിൽ കുറിച്ചിട്ടു.