പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ മരുഭൂമിയിലെ താരമെത്തി
![kollam-hightech-dairy kollam-hightech-dairy](https://img-mm.manoramaonline.com/content/dam/mm/mo/travel/travel-news/images/2020/10/7/kollam-hightech-dairy.jpg?w=1120&h=583)
Mail This Article
പത്തനാപുരം∙ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിൽ മരുഭൂമിയിലെ താരമെത്തി. ടൂറിസം വികസനം ലക്ഷ്യമിട്ടു കുര്യോട്ടുമല ഹൈടെക് ഡയറി ഫാമിലാണ് ഒട്ടകപ്പക്ഷിയെ എത്തിച്ചത്. അമ്പൂരിയിൽ നിന്ന് എത്തിച്ച ഇവയെ പരിപാലിക്കാൻ വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. കോവിഡ് കെടുതിക്കു ശേഷം മാത്രമേ സഞ്ചാരികളെ കടത്തി വിടൂ. ചിത്രശലഭ പാർക്കും, കുട്ടവഞ്ചിയും, ഏറുമാടങ്ങളും, വാനനിരീക്ഷണ കേന്ദ്രവും ഉടൻ തയാറാകും. 162 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഇവിടെ ഫാം ടൂറിസത്തിന്റെ സാധ്യതകൾ കോർത്തിണക്കി സഞ്ചാരികളെ വരവേൽക്കുന്നതിനായി ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ ദിവസം 1000 ലീറ്റർ പാൽ വിൽക്കുന്നു. വിവിധ ഇനത്തിലുള്ള പശുക്കൾ, ഏഴു ഇനങ്ങളിലുള്ള ആട്, മൂന്ന് ഇനങ്ങളിൽ മുയൽ എന്നിവയെ പരിപാലിച്ചു വരുന്നു. കൃത്രിമതടാക നിർമാണക്കരാർ നടപടികൾ പൂർത്തിയായി. ഈ തടാകത്തിലാണ് കുട്ടവഞ്ചി എത്തിക്കുക. ഫാമിലെ മല മുകളിലെ പാറക്കൂട്ടങ്ങൾ കേന്ദ്രീകരിച്ചാണ് വാനനിരീക്ഷണ പദ്ധതി നടപ്പാക്കുക. ഉദ്യാനം നിർമിച്ചു ചിത്രശലഭ പാർക്കും മരത്തിനു മുകളിൽ ഏറുമാടങ്ങൾ നിർമിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തരിശുഭൂമിയിൽ നക്ഷത്രവനം, ഫാമിലെ വെള്ളച്ചാട്ടങ്ങളെ ആകർഷകമാക്കാൻ പ്രത്യേകം പദ്ധതികൾ, അക്വേറിയം എന്നിവയും പൂർത്തിയാക്കും.