ഈ രാജ്യങ്ങളിൽ പോകണോ? ച്യൂയിങ്ഗം ചവയ്ക്കരുത്, ഹീലുള്ള ചെരുപ്പിടരുത്... ചില വിചിത്ര നിയമങ്ങൾ
Mail This Article
ഓരോ രാജ്യത്തും നിയമങ്ങൾ വ്യത്യസ്തമാണ്. അവ പാലിച്ചേ ആ നാട്ടിൽ സന്ദർശനം നടത്താൻ പാടുള്ളൂ. എന്നാൽ ചില വിചിത്ര നിയമങ്ങൾ നടപ്പാക്കുന്ന രാജ്യങ്ങളുമുണ്ട്. അങ്ങോട്ടുള്ള യാത്രയ്ക്കു മുമ്പ് അവ അറിഞ്ഞിരിക്കുന്നതു നല്ലതാണ്. കേൾക്കുമ്പോൾ രസകരമെന്നു തോന്നുമെങ്കിലും നിയമലംഘനത്തിന് കടുത്ത ശിക്ഷ ലഭിക്കാം.
Read Also : മുകളിലേയ്ക്ക് ‘ പറക്കുന്ന’ വെള്ളച്ചാട്ടം, മൺസൂൺ സമ്മാനിക്കുന്ന അത്ഭുതങ്ങളിലൊന്ന്...
സിംഗപ്പൂരിൽ ച്യൂയിങ്ഗം ചവയ്ക്കരുത്
സിംഗപ്പൂരിൽ ച്യൂയിങ്ഗം ഉപയോഗിക്കുന്നതു ക്രിമിനൽ കുറ്റമാണ്. ച്യൂയിങ്ഗം മരുന്നു രൂപത്തിലല്ലാതെ ചുമ്മാ ചവച്ചു നടന്നാൽ സിംഗപ്പൂർ പൊലീസിനോടു സമാധാനം പറയേണ്ടിവരും. അതുപോലെ മാലിന്യം, പ്ലാസ്റ്റിക് എന്നിവ വലിച്ചെറിഞ്ഞാൽ കനത്ത തുക പിഴയടയ്ക്കേണ്ടി വരും.
ഈ മരുന്ന് ജപ്പാനിൽ കയറ്റില്ല
വേദന സംഹാരികളും വിക്സ്, ഇൻഹേലറുകൾ പോലെ കോഡിൻ അടങ്ങിയ ചില മരുന്നുകളും കൈവശം വയ്ക്കുന്നതും ഉപയോഗിക്കുന്നതും ജപ്പാനിൽ നിരോധിച്ചിരിക്കുന്നു. ലംഘിച്ചാൽ നാടുകടത്തലോ തടവോ ആണ് ശിക്ഷ.
പ്രാവിനു തീറ്റ കൊടുക്കുന്നതും കുറ്റമാണ്
സാൻഫ്രാൻസിസ്കോയിലെത്തി പാർക്കിലൊക്കെ ചെന്നിരുന്നു പ്രാവുകൾക്കു തീറ്റ കൊടുക്കാമെന്നു കരുതണ്ട. സാൻഫ്രാൻസിസ്കോ നഗരപരിധിക്കുള്ളിൽ പ്രാവിന് ഭക്ഷണം കൊടുക്കുന്നത് ശിക്ഷാർഹമാണ്. പ്രാവുകളെ ആകാശത്തിലെ എലികൾ എന്നാണ് അവരവ്‍ വിളിക്കുന്നത്. വർധിച്ചുവരുന്ന പ്രാവുകളുടെ എണ്ണമാണ് ഭരണകൂടത്തെ ഇങ്ങനെയൊരു നിയമം ഉണ്ടാക്കാൻ പ്രേരിപ്പിച്ചത്.
ഗ്രീസിൽ പോകുമ്പോൾ ഹീലുള്ള ചെരുപ്പിടരുത്
ഇതെന്തു നിയമം, ഇതൊക്കെ ആരെങ്കിലും പാലിക്കുമോ? എന്നൊന്നും ചോദിക്കണ്ട. ഗ്രീസ് ചരിത്രസ്മാരകങ്ങൾ ഏറയുള്ള നാടാണല്ലോ. നടപ്പാതകൾ പോലും സ്മാരകങ്ങൾ ആയി സംരക്ഷിക്കപ്പെടുന്ന ഗ്രീസിൽ അക്രോപോളീസ് പോലുള്ള ചരിത്രപ്രധാന്യമുള്ള സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഹീലുള്ള ചെരുപ്പ് ധരിക്കാൻ അനുവാദമില്ല. റോമിലെ കൊളോസിയവും ഈ നിയമം നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്.
നോട്ടിൽ ചവിട്ടിയാൽ ജയിലുറപ്പ്
തായ്‌ലൻഡിൽ അബദ്ധത്തിൽ പോലും കറൻസിയിൽ ചവിട്ടരുത്. രാജാവിന്റെ മുഖം പതിപ്പിച്ച കറൻസിയിൽ ചവിട്ടുന്നത് അദ്ദേഹത്തിന്റെ മുഖത്ത് ചവിട്ടുന്നതിനു തുല്യമാണത്രെ. അങ്ങനെ സംഭവിച്ചാൽ ക്രിമിനൽ കുറ്റം ചുമത്തി ജയിലിലടയ്ക്കും.
ഹോണടിച്ചാൽ പിഴ 350 ഡോളർ
ലോകത്തിലെ ഏറ്റവും തിരക്കേറിയതും ഏറ്റവുമധികം സഞ്ചാരികളെത്തുന്നതുമായ നഗരമാണ് ന്യൂയോർക്ക് സിറ്റി. എപ്പോഴും തിരക്കുള്ള ഈ നഗരത്തിൽ ഹോണടിക്കാൻ പാടില്ല. ലംഘിച്ചാൽ 350 ഡോളറാണ് പിഴ.
പട്ടാള ഡ്രസ് ഇവിടെ പറ്റില്ല
പൊതുവെ പട്ടാളക്കാരുടെ യൂണിഫോം ഇലകളുടെയും മറ്റും ഡിസൈൻ ഉള്ള പ്രത്യേക തരം വസ്ത്രമാണല്ലോ. പച്ചയും തവിട്ടുനിറവുമെല്ലാം കലർന്ന അതിനെ കാമോഫ്ലാഗ് എന്നാണു വിളിക്കുന്നത്. ഈ ഡിസൈനിലുള്ള വസ്ത്രങ്ങൾ വിപണിയിലും ലഭ്യമാണ്. നമ്മളിൽ പലരും അത്തരം ആർമി സ്റ്റൈൽ വസ്ത്രം ധരിക്കാറുമുണ്ട്. എന്നാൽ ബാർബഡോസിൽ അത്തരം വസ്ത്രം ധരിക്കുന്നത് നിയമവിരുദ്ധമാണ്.
ശ്രീലങ്കയും ബുദ്ധനും
ശ്രീലങ്കക്കാർക്കു ബുദ്ധനെന്നുവച്ചാൽ എല്ലാമാണ്. ബുദ്ധമതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവിടെയത്തിയാൽ നമ്മൾ ശ്രദ്ധിക്കണം. ബുദ്ധന്റെ ടാറ്റു ശരീരത്തിലുള്ളവർക്ക് അവിടെ പ്രവേശനമില്ല. ബുദ്ധമത ചിത്രങ്ങളോട് മോശമായി പെരുമാറുന്നതും ശ്രീലങ്കയിൽ ഗുരുതരമായ കുറ്റമാണ്.
പരസ്യമായി ചുംബിച്ചാൽ ജയിലിലിടും
മറ്റെവിടെയുമല്ല, നമ്മുടെ സ്വന്തം ദുബായിലാണ് ഈ നിയമമുള്ളത്. പൊതുസ്ഥലത്ത് വച്ച് പരസ്പരം ചുംബിക്കുന്നത് ദുബായിൽ ശിക്ഷാർഹമാണ്.
Content Summary : Here are some of the weirdest travel rules around the world.