സോളോ ട്രിപ്പ് കൂടുതൽ സൂപ്പറാക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
Mail This Article
തനിയെ യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്തവരായി ആരുണ്ടല്ലേ. ഇന്ന് സോളോ ട്രിപ്പ് നടത്തുന്നവരുടെ എണ്ണം കൂടിയിരിക്കുകയുമാണ്. മാസത്തിലൊരിക്കൽ ഒരു യാത്ര എന്നായിട്ടുണ്ട് പലരുടേയും ഷെഡ്യൂൾ ഇപ്പോൾ. ഒറ്റയ്ക്കുള്ള യാത്രകൾ ചെലവേറിയതോ ബുദ്ധിമുട്ടുള്ളതോ അല്ലെങ്കിലും ചില നുറുങ്ങുകാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ കൂടുതൽ അടിപൊളിയാക്കാം. പ്ലാൻ ചെയ്യുന്നതു മുതൽ തിരിച്ചെത്തുന്നതുവരെയുള്ള കാര്യങ്ങളിൽ ചില പൊളിച്ചുപണികൾ നടത്തിനോക്കാം.
പ്ലാൻ മുഖ്യം ബിഗിലേ
സത്യം പറഞ്ഞാൽ മിക്ക സോളോ ട്രിപ്പും പെട്ടെന്നുണ്ടാകുന്നതാകും. പക്ഷേ നന്നായിട്ടൊന്ന് പ്ലാൻ ചെയ്തു പോകാനായാൽ ആ യാത്ര കുറച്ചുകൂടി മികച്ചതാകും. അതുകൊണ്ടു പോകുന്നതിനു മുൻപ് നല്ലതുപോലെ പ്ലാൻ ചെയ്യാം. പോകുന്നയിടത്തെക്കുറിച്ചു നന്നായി സ്റ്റഡി നടത്തുക. ഒറ്റയ്ക്കായതിനാൽ തന്നെ ആ നാടിനെക്കുറിച്ചും അവിടുത്തെ സാമൂഹിക അന്തരീക്ഷത്തെക്കുറിച്ചും അറിഞ്ഞിരിക്കുക. ബജറ്റ് -സൗഹൃദ താമസസൗകര്യങ്ങൾ, ചെലവുകുറഞ്ഞ ഗതാഗത ഓപ്ഷനുകൾ, താമസിക്കുന്നയിടവും പ്രധാന സ്പോട്ടുകളും തമ്മിൽ അധികം അകലത്തിലല്ലാതെ തെരഞ്ഞെടുക്കുക. നേരത്തെ പ്ലാൻ ചെയ്യുന്നതിന്റെ മറ്റൊരു ഗുണം ഓഫറുകളും മറ്റും നോക്കി വിമാന ടിക്കറ്റു മുതൽ താമസസ്ഥലം വരെ ബുക്ക് ചെയ്യാനാകും എന്നതാണ്.
യാത്ര ചെയ്യാൻ ഓഫ് സീസൺ തെരഞ്ഞെടുക്കാം
ഫ്ളൈറ്റുകൾ, താമസ സൗകര്യങ്ങൾ, അങ്ങനെ എല്ലാത്തിനും സാധാരണയായി ഉയർന്ന നിരക്കായിരിക്കും സീസണിൽ. സോളോ ട്രാവലിൽ ഓഫ് സീസണാണു നല്ലത്. അപ്പോൾ ചെലവ് കുറയും എന്നു മാത്രമല്ല, സമാധാനത്തോടെ തിരക്കും ബഹളവുമില്ലാതെ എല്ലാം കണ്ടുമടങ്ങാനുമാകും. അതുപോലെ എപ്പോഴും തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒഴിവാക്കി അധികമാരും പോകാത്തയിടങ്ങൾ തെരഞ്ഞെടുത്താൽ അത് കൂടുതൽ പ്രയോജനപ്പെടുകയും ചെയ്യും.
ബജറ്റിന് അനുയോജ്യമായ താമസസൗകര്യങ്ങൾ തെരഞ്ഞെടുക്കാം
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ഏറ്റവും ചെലവുചുരുക്കിയാവും പോവുക. ഇങ്ങനെയുള്ള യാത്രികർക്കു താമസ സ്ഥലം ഒരു വെല്ലുവിളിയാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കു പ്രധാനമായും സുരക്ഷ കൂടി നോക്കേണ്ടതുണ്ട്. ഹോസ്റ്റലുകൾ, ഗസ്റ്റ്ഹൗസുകൾ അല്ലെങ്കിൽ ബജറ്റ് ഹോട്ടലുകൾ പോലെയുള്ള താങ്ങാനാവുന്ന താമസസൗകര്യങ്ങൾ കണ്ടെത്തുകയാണെങ്കിൽ ചെലവ് മാത്രമല്ല സുരക്ഷയും ഉറപ്പുവരുത്താനാകും. ഇതിലും ചെലവ് ചുരുക്കണമെങ്കിൽ ഷെയർ ഡോർമിറ്ററികളിൽ താമസിക്കുന്നതു പരിഗണിക്കാം.
ആനവണ്ടികളിൽ കയറി നാടു ചുറ്റാം
നമ്മുടെ കെഎസ്ആർടിസി പോലെ അതാത് നാടുകളിലെ പൊതു ഗതാഗതമാണ് ഏറ്റവും ചെലവുചുരുക്കി യാത്ര ചെയ്യാൻ പറ്റിയത്. ബസുകൾ, ട്രെയിനുകൾ അല്ലെങ്കിൽ പ്രാദേശിക യാത്രാമാർഗങ്ങൾ പോലുള്ള പൊതുഗതാഗതം പലപ്പോഴും ടാക്സികളേക്കാളും വാടക കാറുകളേക്കാളും ചെലവുകുറഞ്ഞതാണ്. നഗരം ചുറ്റാനോ ഒരിടത്തുനിന്നും മറ്റൊരിടത്തേയ്ക്കു പോകാനോ പ്രാദേശിക ഗതാഗതം ഉപയോഗിക്കുക. പറ്റാവുന്നിടത്തയ്ക്കെല്ലാം നടക്കുകയോ സൈക്കിൾ വാടകയ്‌ക്കെടുക്കുകയോ ചെയ്യുന്നതും നല്ലതാണ്. നാടറിഞ്ഞു യാത്ര ചെയ്യാൻ അത് നല്ലതാണ്.
ആപ്പാകാതെ ആപ്പുകൾ നിങ്ങളെ സഹായിക്കും
താമസം, ഗതാഗതം, സൈറ്റ് സീയിങ്, ഭക്ഷണം എന്നിവയിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന യാത്രാ ആപ്പുകളും വെബ്‌സൈറ്റുകളും നോക്കി പ്ലാൻ ചെയ്താൽ കയ്യിൽ നിന്നും അധികം കാശുമുടക്കാതെ പോയി വരാം. Airbnb, Booking.com, TripAdvisor എന്നിവയൊക്കെ മികച്ച വെബ്സൈറ്റുകളാണ്. പണം ലാഭിക്കാനും ലഭ്യമായ മികച്ച ഡീലുകൾ കണ്ടെത്താനും ഈ പ്ലാറ്റ്‌ഫോമുകൾ നിങ്ങളെ സഹായിക്കും.
യാത്ര ചുമട്ടുതൊഴിലാക്കേണ്ട
യാത്ര ചെയ്യുമ്പോൾ പൊതുവെ ലഗേജ് കുറയ്ക്കുന്നതാണ് നല്ലത്. ഒരു ബാക്ക്പാക്കിൽ കൊള്ളുന്നത്ര മതി ഒരു സോളോ ട്രാവലർക്ക്. അധികം ലഗേജുകൾ ഉണ്ടായാൽ നിങ്ങൾ ഒറ്റയ്ക്കായതുകൊണ്ടുതന്നെ വളരെ ബുദ്ധിമുട്ടായി മാറും. എല്ലാം കൂടി എടുത്തുപിടിച്ചുനടക്കാനല്ലല്ലോ നമ്മൾ യാത്ര പോകുന്നത്. അതുപോലെ അധിക എയർലൈൻ ലഗേജ് ഫീസ് ഒഴിവാക്കുന്നതിന് അവശ്യവസ്തുക്കൾ മാത്രം പായ്ക്ക് ചെയ്ത് ക്യാരി-ഓൺ ബാഗുമായി യാത്ര ചെയ്യുക.
Content Summary : Here are some tips for planning a solo trip.