പാസ്പോർട്ട് വേണം, വീസ വേണ്ട; ഇന്ത്യൻ യാത്രികരെ സിം കാർഡുമായി കാത്തിരിക്കുന്ന ഭൂട്ടാൻ
Mail This Article
സഞ്ചാരികളുടെ സ്വർഗമായ ഭൂട്ടാൻ ഹിമാലയൻ മലഞ്ചെരുവിൽ സഞ്ചാരികളെയും കാത്ത് കിടക്കുന്നു. ലോകത്തിലെ സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ നിരവധി തവണ ഇടം പിടിച്ചിട്ടുള്ള ഭൂട്ടാൻ ഇന്ത്യൻ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളും ഭൂട്ടാന്റെ തനതായ സംസ്കാരവും എല്ലാം സഞ്ചാരികളെ ഇങ്ങോട്ടേക്ക് ആകർഷിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ്.ഭൂട്ടാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ സഞ്ചാരികൾക്ക് ഇനി ഇടംവലം നോക്കാതെ വണ്ടി കയറാം.
വ്യോമ മാർഗവും റോഡ് മാർഗവും ഭൂട്ടാനിലേക്ക് എത്താൻ കഴിയും. ഭൂട്ടാനിലേക്ക് വലിയ തടസങ്ങളില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ഇന്ത്യക്കാരുടെ ഏറ്റവും വലിയ നേട്ടം. വിസ ആവശ്യമില്ലെങ്കിലും പെർമിറ്റ് എടുക്കണം. ഭൂട്ടാനിൽ എത്തിക്കഴിഞ്ഞാൽ ലോക്കൽ സിം കാർഡും ലഭിക്കും. ഇന്ത്യൻ സഞ്ചാരികൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രയോജനം എന്താണെന്ന് വെച്ചാൽ വീസ വേണ്ട എന്നുള്ളതാണ്. എന്നാൽ, ഭൂട്ടാനിലേക്ക് പ്രവേശിക്കാൻ ഒരു എൻട്രി പെർമിറ്റ് അഥവാ പ്രവേശന അനുമതി വേണം. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ട് നിർബന്ധമായും വേണം.
വീസ ആവശ്യമില്ല, പക്ഷേ ചില നടപടിക്രമങ്ങൾ പാലിക്കണം
ഭൂട്ടിനിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് വീസ ആവശ്യമില്ലെങ്കിലും ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇവിടേക്ക് എത്തിച്ചേരുമ്പോൾ എൻട്രി പെർമിറ്റ് അഥവാ പ്രവേശന അനുമതി സ്വന്തമാക്കേണ്ടതുണ്ട്. അതിർത്തികളിലെ പ്രവേശന കവാടങ്ങളിൽ ഇമ്മിഗ്രേഷൻ ഓഫീസ് പ്രവേശന അനുമതി നൽകും. ഏഴു ദിവസത്തേക്ക് ആയിരിക്കും ഈ അനുമതി. വേരിഫിക്കേഷന് വേണ്ടി എല്ലാ ചെക്ക് പോയിന്റുകളിലും ഇത് ഹാജരാക്കേണ്ടതുണ്ട്.
അതേസമയം, അനുവദനീയമായ ഏഴു ദിവസത്തെ സമയപരിധിക്കും അപ്പുറം ഭൂട്ടാനിൽ തുടരണമെന്ന് ആഗ്രഹിക്കുന്നവർ തലസ്ഥാനമായ തിംഫുവിൽ എത്തി ആവശ്യമായ കാര്യങ്ങൾ ചെയ്യണം. കൈയിൽ ആവശ്യത്തിന് പാസ് പോർട്ട് സൈസ് ഫോട്ടോഗ്രാഫ് കരുതാൻ മറക്കരുത്. പെർമിറ്റ് അപേക്ഷ നടപടിക്രമങ്ങളുടെ ഭാഗമായി ചിലപ്പോൾ ഒന്നിലധികം പാസ്പോർട്ട് സൈസ് ഫോട്ടോ ആവശ്യമായി വരും.
പ്രാദേശിക സിം കാർഡ് സ്വന്തമാക്കാം
ഭൂട്ടാനിൽ എത്തിയാൽ യാത്ര കൂടുതൽ സുഖകരമാക്കുന്നതിന് അവിടുത്തെ ഒരു പ്രാദേശിക സിം കാർഡ് സ്വന്തമാക്കാവുന്നതാണ്. ഇവിടുത്തെ രണ്ട് പ്രധാനപ്പെട്ട ടെലകോം ഓപ്പറേറ്റേഴ്സിൽ ഒന്ന് ഭൂട്ടാൻ ടെലകോമും രണ്ടാമത്തേത് താഷിസെല്ലും ആണ്. ഈ രണ്ട് ടെലകോം കമ്പനികളും വിനോദസഞ്ചാരികൾക്ക് സിം കാർഡ് നൽകുന്നുണ്ട്. ഇതിലൂടെ കോൾ ചെയ്യാനും ടെക്സ്റ്റ് ചെയ്യാനും ഡാറ്റ സർവ്വീസിനുമുള്ള അനുമതി സഞ്ചാരികൾക്ക് ലഭിക്കുന്നു. പ്രാദേശിക സിം കാർഡ് ലഭിക്കാൻ ചില രേഖകൾ ഹാജരാക്കേണ്ടതുണ്ട്. പാസ്പോർട്ടിന്റെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് സിം കാർഡ് രജിസ്ട്രേഷനു വേണ്ടി നൽകേണ്ടത്. നഗരപ്രദേശങ്ങളിൽ മികച്ച രീതിയിലുള്ള നെറ്റ് വർക് സൗകര്യം ലഭ്യമാണെങ്കിലും വിദൂരമായ സ്ഥലങ്ങളിൽ നെറ്റ് വർക് ലഭ്യത പരിമിതമാണ്.
നിശ്ചിതമായ സമയത്തേക്കാൾ കൂടുതൽ ഭൂട്ടാനിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തലസ്ഥാനമായ തിംഫുവിൽ എത്തി അനുമതി സ്വന്തമാക്കേണ്ടതാണ്. അനാവശ്യമായ ടെൻഷനും സങ്കീർണതകളും ഒഴിവാക്കാൻ വേണ്ടി നേരത്തെ തന്നെ ഇക്കാര്യങ്ങൾ ചെയ്യുക. ഫോട്ടോഗ്രാഫേഴ്സിന്റെ സ്വർഗം ആണ് ഭൂട്ടാൻ, എങ്കിലും ഇവിടുത്തെ ചില കാര്യങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രാദേശികമായ ചില ആചാരങ്ങളെയും നിയന്ത്രണങ്ങളെയും മാനിക്കണം. മതപരമായ ചില കേന്ദ്രങ്ങളിൽ ഫോട്ടോഗ്രഫി വിലക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുകയും അനുമതി ആവശ്യമുള്ള ഇടങ്ങളിൽ അത് തേടുകയും ചെയ്യുക.
ഗുൽട്രം ആണ് ഭൂട്ടാൻ കറൻസി. ഒരു ഭൂട്ടാൻ കറൻസി ഒരു ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. ഇന്ത്യൻ രൂപയ്ക്ക് ഇവിടെ വ്യാപകമായി സ്വീകര്യത ഉണ്ട്. അതുകൊണ്ട് പ്രാദേശിക കറൻസി കൈവശം ഇല്ലെങ്കിലും ടെൻഷൻ വേണ്ട. എന്നിരുന്നാൽ തന്നെയും ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ പ്രാദേശിക കറൻസി കൈവശം കരുതുന്നത് നല്ലതാണ്. ചുരുക്കത്തിൽ ഇന്ത്യൻ സഞ്ചാരികൾക്ക് എളുപ്പത്തിൽ പോയി വരാവുന്ന ഒരു വിദേശരാജ്യമാണ് ഭൂട്ടാൻ.