ADVERTISEMENT

കൂടുതല്‍ പേര്‍ പങ്കെടുത്ത പൊതു പരിപാടിയുടെ റെക്കോഡാണ് ഇന്ത്യന്‍ റെയില്‍വേ സ്വന്തമാക്കിയിരിക്കുന്നത്. 2,140 വേദികളിലായി 2024 ഫെബ്രുവരി 26ന് റെയില്‍വേ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയില്‍ 40,19,516 പേരാണ് പങ്കെടുത്തിരുന്നത്. ഇതാണ് ലിംക ബുക്ക് ഓഫ് റെക്കോഡിലെത്തിയിരിക്കുന്നത്.  രാജ്യത്തിന്റെ പല ഭാഗങ്ങളിലായി റോഡ് ഓവര്‍/അണ്ടര്‍ ബ്രിജുകളുടെയും റെയില്‍വേ സ്‌റ്റേഷനകളുടേയും ശിലാസ്ഥാപനമായിരുന്നു ഈ പൊതു പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്ന ഈ പരിപാടിയാണ് റെക്കോഡ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്.

ഇന്ത്യക്കാരുടെ പേരിലുള്ള ലോക റെക്കോഡുകള്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകമാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്(എല്‍ബിആര്‍). 1990 മുതല്‍ മുപ്പതിലേറെ ലിംക ബുക്ക് ഓഫ് റെക്കോഡ് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. റെക്കോഡുകള്‍ രേഖപ്പെടുത്തുന്ന ഇന്ത്യയുടെ പുസ്തകങ്ങളില്‍ ആദ്യത്തേത്തും ദീര്‍ഘകാലം പ്രസിദ്ധീകരിച്ചതും ലിംക ബുക്ക് ഓഫ് റെക്കോഡാണ്. ഇന്ത്യക്കാരുടേയും ഇന്ത്യയിലെ പ്രകൃതിയുടേയും പേരിലുള്ള റെക്കോഡുകള്‍ ലിംക ബുക്ക് ഓഫ് റെക്കോഡ് രേഖപ്പെടുത്തുന്നു. കൊക്കകോള ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ലിംക ബുക് ഓഫ് റെക്കോഡ്‌സിന്റെ ഉടമകള്‍. 

അശ്വിനി വൈഷ്ണവ് വീണ്ടും ഇന്ത്യന്‍ റെയില്‍വേ മന്ത്രിയായി ചുമതലയേറ്റതിനു ശേഷമാണ് ഇങ്ങനെയൊരു റെക്കോഡ് റെയില്‍വേക്ക് ലഭിച്ചിരിക്കുന്നത്. റേയില്‍വേക്കു പുറമേ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ്, ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടേയും ചുമതലയുള്ള കേന്ദ്രമന്ത്രിയാണ് അശ്വിനി വൈഷ്ണവ്. കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ഓഫീസില്‍ തിരിച്ചെത്തിയ അശ്വിനി വൈഷ്ണവിന് ഊഷ്മള വരവേല്‍പ്പാണ് ഓഫീസ് ജീവനക്കാര്‍ നല്‍കിയത്. 

'മോദിക്ക് വീണ്ടും രാജ്യത്തെ സേവിക്കാന്‍ ജനങ്ങള്‍ അനുഗ്രഹം നല്‍കിയിരിക്കുകയാണ്. ഇത്തവണയും റെയില്‍വേക്ക് വലിയ വേഷമുണ്ടാവും. കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നമ്മുടെ റെയില്‍വേയില്‍ ഒരു പാടു മാറ്റങ്ങളുണ്ടായി. റെയില്‍ പാളങ്ങളുടെ വൈദ്യുതീകരണമായാലും പുതിയ സേവനങ്ങള്‍ ആരംഭിക്കുന്ന കാര്യത്തിലായാലും പുതിയ പാളങ്ങളുടേയും സ്റ്റേഷനുകളുടേയും നിര്‍മാണമായാലും പുതിയ ട്രെയിനുകളുടെ കാര്യമായാലും കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ രാജ്യം നേട്ടം കൈവരിച്ചു' എന്നാണ് കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് അശ്വിനി വൈഷ്ണവ് പ്രതികരിച്ചത്. പ്രധാനമന്ത്രിക്ക് റെയില്‍വേയുമായുള്ള വൈകാരികമായ അടുപ്പവും അദ്ദേഹം എടുത്തു പറഞ്ഞു. 

'സാധാരണക്കാരന്റെ യാത്രാ മാര്‍ഗമെന്ന നിലയില്‍ റെയില്‍വേക്ക് വലിയ പ്രാധാന്യമാണ് പ്രധാനമന്ത്രി നല്‍കുന്നത്. നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ശക്തമായ നട്ടെല്ലാണ് റെയില്‍വേ. അതുകൊണ്ടെല്ലാം റെയില്‍വേയില്‍ സവിശേഷ ശ്രദ്ധയുണ്ട്. മോദി ജിക്ക് റെയില്‍വേയുമായി വൈകാരിക അടുപ്പവുമുണ്ട്' എന്നായിരുന്നു അശ്വിനി വൈഷ്ണവിന്റെ പ്രതികരണം. 

ലോകരാജ്യങ്ങളിലെ ഏറ്റവും വിപുലമായതും തിരക്കേറിയതുമായ ട്രയിന്‍ ശൃംഖലകളിലൊന്നാണ് ഇന്ത്യയിലേത്. ലോകത്തിലെ നാലാമത്തെ ദേശീയ റെയില്‍വേ സംവിധാനമാണ് ഇന്ത്യയിലേത്. 68,426കിമീ നീളം വരും ഇന്ത്യയിലെ ആകെ റെയില്‍പാതകള്‍ക്ക്. 12 ലക്ഷം ജീവനക്കാരുള്ള റെയില്‍വേ ലോക്തെ ഒമ്പതാമത്തെ വലിയ തൊഴില്‍ദാതാവാണ്. ഇന്ത്യയിലെ രണ്ടാമത്തെ തൊഴില്‍ദാതാവും റെയില്‍വേ തന്നെ. 

English Summary:

Indian Railways Enters Limca Book Of Records With Historic Attendance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com