ADVERTISEMENT

വിനോദ സഞ്ചാര വകുപ്പിന്റെ ഉത്തരവ് തിരിച്ചടിയായതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞു. വാഗമണ്ണിലെ പ്രധാന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായ ഗ്ലാസ് ബ്രിജിലേക്കുള്ള പ്രവേശനം നിരോധിച്ചുകൊണ്ടുളള സ്റ്റേറ്റ് ടൂറിസം ഡയറക്ടറുടെ ഉത്തരവാണ് മേഖലയിലെ വിനോദ സഞ്ചാര മേഖലക്കാകെ തിരിച്ചടിയായിരിക്കുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് മേയ് 30 നാണ് കാന്റീലിവര്‍ ഗ്ലാസ് ബ്രിജിലേക്കുള്ള പ്രവേശനം ഇനിയൊരുത്തരവുണ്ടാവുന്നതു വരെ നിരോധിച്ചത്. 

ജൂണ്‍ ഒന്നു മുതല്‍ വാഗമണ്‍ മേഖലയില്‍ കനത്ത മഴയോ കാറ്റോ ഉണ്ടായിട്ടില്ലെന്നും മേഖലിലുള്ളവര്‍ പറയുന്നു. വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്കിന്റെ ഭാഗമാണ് ഗ്ലാസ് ബ്രിജ്. ഇത് തുറന്നതോടെ മേഖലയിലെ പ്രധാന സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി മാറിയിരുന്നു. ഗ്ലാസ് ബ്രിജില്‍ കയറാന്‍ വേണ്ടി മാത്രം വരുന്ന സഞ്ചാരികളും കുറവല്ലായിരുന്നു. മേയ് അവസാന വാരം നാലായിരത്തിലേറെ സഞ്ചാരികളെത്തിയ വാഗമണ്‍ അഡ്വെഞ്ചര്‍ പാര്‍ക്കില്‍ ജൂണ്‍ ഒമ്പതിന് 1,200 പേരാണ് സന്ദര്‍ശിച്ചത്. 

മേഖലയില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കണ്ടാണ് മേയ് 30 വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള പ്രവേശനം നിരോധിച്ചത്. കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ ഗ്ലാസ് ബ്രിജിലേക്കുള്ള പ്രവേശനം നടത്തിപ്പു ചുമതലയുള്ളവര്‍ തന്നെ നിയന്ത്രിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റേയും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേയും നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്ലാസ് ബ്രിജിലേക്കു സഞ്ചാരികളെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നു കാണിച്ച് ജില്ലാ വിനോദസഞ്ചാര വകുപ്പ് സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് അപേക്ഷ നല്‍കിയിരിക്കുകയാണ്. 

കഴിഞ്ഞ രണ്ട് ആഴ്ച്ചകളില്‍ താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ് ഗ്ലാസ് ബ്രിജിനോടു ചേര്‍ന്നുള്ള ഭാഗങ്ങളിലുള്ളത്. തെളിഞ്ഞ കാലാവസ്ഥയായിട്ടും ഗ്ലാസ് ബ്രിജ് തുറക്കാതെ വന്നതോടെ സഞ്ചാരികളും അധികൃതരും തമ്മില്‍ പലപ്പോഴും വാക്കേറ്റം ഉണ്ടായിരുന്നു. കിലോമീറ്ററുകള്‍ താണ്ടി എത്തിയ സഞ്ചാരികളോട് ഗ്ലാസ് ബ്രിജില്‍ പ്രവേശനം നിയന്ത്രിച്ചതിന്റെ കാരണം വിശദീകരിക്കാനാവാതെ പലപ്പോഴും ഉദ്യോഗസ്ഥര്‍ കുഴങ്ങി. കാലാവസ്ഥ പ്രതികൂലമാവുമ്പോള്‍ മാത്രം പ്രവേശനം നിയന്ത്രിച്ച് ഗ്ലാസ് ബ്രിജ് തുറക്കാനാവുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികള്‍. 

വാഗമണ്‍ കാന്റീലിവര്‍ ഗ്ലാസ് ബ്രിജ്

ഇന്ത്യയിലെ ഏറ്റവും വലുതും ആഴമേറിയതുമായ കാന്റീലിവര്‍ ഗ്ലാസ് ബ്രിജാണ് വാഗമണില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഏഴിന് സ്ഥാപിച്ചത്. ഗ്ലാസ് ബ്രിജ് സ്ഥാപിച്ചതോടെ മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50% വര്‍ധനവുണ്ടായിരുന്നു. വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലെ സൂയിസൈഡ് പോയിന്റിലാണ് ഗ്ലാസ് ബ്രിജ് നിര്‍മിച്ചിരിക്കുന്നത്. ചൈനയില്‍ അടക്കം ഏറെ ജനപ്രിയമായ ഗ്ലാസ് ബ്രിഡ്ജ് വാഗമണിലേക്കെത്തിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

ഭീമാകാരമായ പോള്‍ സ്ട്രക്ച്ചറില്‍ മറ്റു സപ്പോര്‍ട്ടുകളില്ലാതെ വായുവില്‍ നില്‍ക്കുന്ന ഇത്തരം ബ്രിജുകള്‍ ഉരുക്കു വടങ്ങളിലാണ് ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്. പാലത്തിനു മുകളിലൂടെ താഴ്ഭാഗം കണ്ടുകൊണ്ടുള്ള നടപ്പും പാലത്തിന്റെ അറ്റത്ത് എത്തുമ്പോള്‍ ലഭിക്കുന്ന കാഴ്ച്ചകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. കുട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളുടെ വിദൂര കാഴ്ച്ച വാഗമണ്‍ ഗ്ലാസ് ബ്രിജില്‍ നിന്നും ആസ്വദിക്കാനാവും. 

നാലു കോടിയോളം ചിലവില്‍ ഇടുക്കി ഡിടിപിസിയുടെ കീഴില്‍ കിക്കി സ്റ്റാര്‍സിന്റെ സഹകരണത്തില്‍ ക്യാപ്ചര്‍ ഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഗ്ലാസ് ബ്രിജ് നിര്‍മിച്ചത്. ഇന്ത്യയില്‍ ആദ്യമായി ഫ്‌ളോട്ടിങ് ബ്രിജ് കോഴിക്കോട് ബേയ്പ്പൂര്‍ ബീച്ചില്‍ കൊണ്ടുവന്നതും ക്യാപ്ച്ചര്‍ ഡേയ്‌സ് ടീം ആയിരുന്നു.

English Summary:

The temporary closing of the cantilever glass bridge has reduced the number of tourists to the hill station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com