ADVERTISEMENT

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  റെയില്‍വേ ആർച് ബ്രിജ് ചെനാബ് മേല്‍പാലത്തിലൂടെ വിജയകരമായി പരീക്ഷണ ഓട്ടം നടത്തി ഇന്ത്യന്‍ റെയില്‍വേ. ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയിലെ സംഗല്‍ദാനിനും റിയാസിക്കും ഇടയില്‍ ചെനാബ് നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. ഈ പാതയിലൂടെ റെയില്‍ ഗതാഗതം വൈകാതെ ആരംഭിക്കുമെന്നാണ് റെയില്‍വേ അറിയിക്കുന്നത്. പരീക്ഷണ ഓട്ടത്തിന്റെ വിഡിയോ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു. 

Image Credit : Ashwini Vaishnaw/x.com
Image Credit : Ashwini Vaishnaw/x.com

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് സോഷ്യല്‍ മിഡിയയില്‍ വിഡിയോ പങ്കുവച്ചിട്ടുണ്ട്. സംഗല്‍ദാനിനും രെസായിക്കും ഇടയിലൂടെ മെമു ട്രെയിന്‍ പരീക്ഷണയോട്ടം വിജയകരമായിരുന്നുവെന്നും അശ്വിനി വൈഷ്ണവ് എക്‌സില്‍ കുറിച്ചു. ഉദംപൂര്‍ ശ്രീനഗര്‍ ബരാമുള്ള റെയില്‍ ലിങ്ക്(യുഎസ്ബിആര്‍എല്‍) പദ്ധതിക്കു കീഴിലാണ് ഈ എന്‍ജിനിയറിങ് വിസ്മയമായ റെയില്‍വേ പാലം നിര്‍മിച്ചിരിക്കുന്നത്. കശ്മീര്‍ താഴ്‌വരയെ ഇന്ത്യയിലെ റെയില്‍ ശൃംഖലയുമായി നേരിട്ടു ബന്ധിപ്പിക്കുന്ന തന്ത്രപ്രധാന മേല്‍പാലം കൂടിയാണ് ചെനാബ് മേല്‍പാലം. 

Image Credit : Ashwini Vaishnaw/x.com
Image Credit : Ashwini Vaishnaw/x.com

ഉദംപൂര്‍-ശ്രീനഗര്‍-ബരാമുള്ള റെയില്‍ ലിങ്ക്

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ പദ്ധതികളിലൊന്നായിരുന്നു ഉദംപൂര്‍-ശ്രീനഗര്‍-ബരാമുള്ള റെയില്‍ ലിങ്ക് പ്രൊജക്ട്. ഇതിനു കീഴിലാണ് ചെനാബ് മേല്‍പാലം നിര്‍മിക്കുന്നത്. 2002 ലാണ് ഈ പദ്ധതി പ്രഖ്യാപിക്കുന്നത്. ചെലവ് 28,000 കോടിരൂപ. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 38 തുരങ്കങ്ങളുടെ മാത്രം നീളം മാത്രം 119 കിലോമീറ്റര്‍ വരും. ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച 12.75 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് രാജ്യത്തെ ഏറ്റവും വലിയ തുരങ്കം. ഈ പദ്ധതിയുടെ ഭാഗമായി 927 പാലങ്ങളും റെയില്‍വേ നിര്‍മിച്ചു. പാലങ്ങളുടെ മാത്രം ദൈര്‍ഘ്യം 13 കിലോമീറ്റര്‍ വരും. 

chenab-bridge

ചെനാബ് പാലം

ജമ്മു കശ്മീരിലൂടെയും പിന്നീട് പാക് പഞ്ചാബിലൂടെയും ഒഴുകുന്ന നദിയാണ് ചെനാബ്. ചെനാബ് നദിയില്‍ നിന്നും 359 മീറ്റര്‍ ഉയരത്തിലാണ് 1.3 കിലോമീറ്റര്‍ നീളത്തിലുള്ള ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ കമാനത്തിന് മാത്രം 467 മീറ്ററാണ് ഉയരം. കോണ്‍ക്രീറ്റുകൊണ്ടും ഉരുക്കുകൊണ്ടുമുള്ള ഈ നിര്‍മിതിക്ക് ഈഫല്‍ ടവറിനേക്കാളും 35 മീറ്റര്‍ ഉയരമുണ്ട്. കത്രേയും ബനിഹാളിനേയും ബന്ധിപ്പിക്കുന്ന 111 കിലോമീറ്റര്‍ നീളത്തിലുള്ള തന്ത്രപ്രധാന പാതയിലാണ് ഈ അദ്ഭുത പാലമുള്ളത്. മുംബൈ ആസ്ഥാനമായുള്ള അഫ്‌കോണ്‍സ് എന്ന കമ്പനിയാണ് പാലം നിര്‍മിച്ചത്. 

28,660 മെട്രിക് ടണ്‍ ഉരുക്കാണ് ഈ കൂറ്റന്‍ പാലത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പാലത്തിന്റെ കരുത്തു കൂട്ടുന്നതിന് ആര്‍ച്ചിലുള്ള ഉരുക്കു പെട്ടികളില്‍ കോണ്‍ക്രീറ്റ് നിറച്ചിട്ടുണ്ട്. 120 വര്‍ഷമാണ് കണക്കുകൂട്ടുന്ന ആയുസ്. മണിക്കൂറില്‍ 266 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെവരെ പ്രതിരോധിക്കാന്‍ ചെനാബ് പാലത്തിന് സാധിക്കും. റിക്ടര്‍ സ്‌കെയിലില്‍ എട്ട് വരെയുള്ള ഭൂകമ്പത്തെ അതിജീവിക്കാന്‍ ഈ പാലത്തിനാവും. ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് സ്‌ഫോടനങ്ങളെ അതിജീവിക്കാനുള്ള ശേഷിയിലും കൂടിയാണ് ചെനാബ് പാലം നിര്‍മിച്ചിരിക്കുന്നത്. 

ബാരാമുള്ളയേയും ശ്രീനഗറിനേയും ജമ്മുവുമായി ബന്ധിപ്പിക്കുന്ന ചെനാബ് പാലം സഞ്ചാരയോഗ്യമാവുന്നതോടെ ഈ റൂട്ടിലെ യാത്രാസമയത്തില്‍ ഏഴു മണിക്കൂറോളം കുറവു വരും. പാലത്തിലെ കാറ്റിന്റെ വേഗതക്ക് അനുസരിച്ച് ട്രെയിന്റെ വേഗത ക്രമീകരിക്കുന്നതിനുള്ള സംവിധാനം അടക്കം ഇവിടെയുണ്ടാവുമെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

2017 നവംബറില്‍ നിര്‍മാണം ആരംഭിച്ച പാലത്തിന്റെ നിര്‍മാണ ചെലവ് 1,250 കോടി രൂപയാണ്. 2021 ഏപ്രിലിലാണ് ചെനാബ് റെയില്‍ പാലത്തിന്റെ ആര്‍ച്ചിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2022 ഓഗസ്റ്റില്‍ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. മെമു ട്രെയിന്‍ പരീക്ഷണ ഓട്ടം കൂടി പൂര്‍ത്തിയാക്കിയതോടെ വൈകാതെ ഈ പാലത്തിനു മുകളിലൂടെ ഗതാഗതം ആരംഭിച്ചേക്കും. 

വിനോദ സഞ്ചാര കേന്ദ്രമാവും

ഇന്ത്യയുടെ അഭിമാനമായ ചെനാബ് പാലം വിനോദ സഞ്ചാരകേന്ദ്രമാക്കി കൂടി വികസിപ്പിക്കാന്‍ റെയില്‍വേക്കു പദ്ധതിയുണ്ട്. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേ പാലമായ ചെനാബ് പാലം ജമ്മു കശ്മീരിലെ റേസി ജില്ലയിലാണുള്ളത്. ഇവിടുത്തെ സവിശേഷ ഭൂപ്രകൃതിക്കൊപ്പം ചെനാബ് മേല്‍പാലം കാണാനായി തന്നെ സഞ്ചാരികള്‍ എത്തും. എളുപ്പത്തില്‍ കശ്മീര്‍ താഴ്‌വരയിലേക്കു റെയില്‍മാര്‍ഗം എത്താന്‍ ചെനാബ് പാലം വഴി സഞ്ചാരികള്‍ക്ക് സാധിക്കും. 

ഓരോ വര്‍ഷവും ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കുന്നുതാണ് ജമ്മു കശ്മീരിലെ രേസി ജില്ല. ശിവ് ഖോരി, സലാല്‍ ഡാം, ഭീംഗ്രഹ് കോട്ട, വൈഷ്‌ണോ ദേവി ക്ഷേത്രം എന്നിങ്ങനെ പല കേന്ദ്രങ്ങളിലേക്കും സഞ്ചാരികള്‍ എത്താറുണ്ട്. ഇനി ചെനാബ് പാലം തുറക്കുന്നതോടെ അതും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമായി മാറും. 

English Summary:

Successful trial run of MEMU train between Sangaldan - Reasi section of USBRL project.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com