ADVERTISEMENT

ട്രെക്കിങ് പ്രേമികളുടെ പറുദീസയാണ് ഹിമാചല്‍ പ്രദേശ്‌. ഹിമവാന്‍റെ ആകാശം മുട്ടുന്ന ഗാംഭീര്യക്കാഴ്ചയ്ക്കു കീഴില്‍, കുന്നുകളും നദികളും മാമരങ്ങള്‍ കുട നീര്‍ത്തുന്ന താഴ്​വാരങ്ങളും കോടമഞ്ഞിന്‍റെ കുളിരുള്ള പുലരികളുമായി ഓരോ സഞ്ചാരിയെയും മാടി വിളിക്കുന്ന മായിക ലോകം. ട്രെക്കിങ്ങിനും ഹൈക്കിങ്ങിനും ജലവിനോദങ്ങള്‍ക്കുമെല്ലാം അരങ്ങൊരുക്കുന്ന ഒട്ടേറെ പര്‍വ്വതപാതകള്‍ ഹിമാചലിൽ ഉണ്ട്. ഷിംലയും മണാലിയും സ്പിറ്റിയും കസോളും ഡല്‍ഹൗസിയും കുഫ്രിയുമെല്ലാം വര്‍ഷംതോറും ലക്ഷക്കണക്കിനു സഞ്ചാരികളെ വരവേല്‍ക്കുന്നു.

അധികം തിരക്കില്ലാതെ ഹിമാചലില്‍ സന്ദര്‍ശിക്കാന്‍ പറ്റുന്ന ഒരു പ്രദേശമാണ് യുല്ല കണ്ട. കിന്നൗർ ജില്ലയിലെ റോറ താഴ്​വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കിന്നൗർ പർവ്വതങ്ങളുടെ മനോഹരമായ കാഴ്ച ആസ്വദിച്ചുകൊണ്ട്, സമുദ്രനിരപ്പില്‍ നിന്നും 3,895 മീറ്റർ ഉയരത്തിലേക്കുള്ള ട്രെക്കിങ്ങാണ് ഇവിടുത്തെ പ്രധാന സവിശേഷത. ആപ്പിള്‍ തോട്ടങ്ങളും ചുള്ളിപ്പഴങ്ങളും വഴിയിലെങ്ങും കാണാം. കൂടാതെ മഞ്ഞിന്‍റെ മേലാടയണിഞ്ഞ പുല്‍മേടുകളും കൊച്ചരുവികളും വെള്ളച്ചാട്ടങ്ങളും ഈ വഴിയില്‍ കണ്ണുകള്‍ക്കു കുളിരേകുന്ന കാഴ്ചകളാണ്. 

മൂന്നു രാത്രികളും നാലു ദിവസങ്ങളും നീളുന്ന ദീര്‍ഘമായ ഒരു ട്രെക്ക് ആണിത്. കിന്നൗരി ആപ്പിളിനു പേരുകേട്ട ഗ്രാമമായ ഊർണിയില്‍ നിന്നും ഓക്ക്, പൈൻ, ദേവദാരു മരങ്ങൾ എന്നിവയുടെ ഇടതൂർന്ന വനത്തിലൂടെ നടന്ന്, 12 കിലോമീറ്റര്‍ ട്രെക്ക് അവസാനിക്കുന്നത് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൃഷ്ണ ക്ഷേത്രത്തിലാണ്. ദീർഘ വൃത്താകൃതിയിലുള്ള തടാകത്തിനു നടുവിലാണ് ഈ ക്ഷേത്രം. വനവാസകാലത്ത് പാണ്ഡവർ ഇവിടെ താമസിച്ചിരുന്നതായാണ് ഐതീഹ്യം. ശ്രീകൃഷ്ണനെ ആരാധിക്കാനായി യുല്ലയിലെ അരുവിയിൽ ചിറകെട്ടി അവര്‍ ഒരു തടാകം നിർമിച്ചു. അതിനു നടുവിൽ പ്രതിഷ്ഠ നടത്തിയതായും മനോഹരമായ ഈ ക്ഷേത്രം നിര്‍മ്മിച്ചതായും ആളുകള്‍ വിശ്വസിക്കുന്നു.

യുല്ലകണ്ട പർവതത്തിന്‍റെ മധ്യ ഭാഗത്താണ് തടാകവും ക്ഷേത്രവും. ഒരു പരമ്പരാഗത കിന്നൗർ തൊപ്പി തലകീഴായി തടാകത്തിൽ സ്ഥാപിച്ചിരിക്കുന്നു. തടാകത്തിനു ചുറ്റും തോരണങ്ങൾ. ക്ഷേത്ര സാമഗ്രികൾ സൂക്ഷിക്കുന്ന ഒറ്റമുറിയുള്ള ചെറിയൊരു കെട്ടിടം തടാകക്കരയിലുണ്ട്.

കിന്നൗറിൽ നിന്നും ഹിമാചൽ പ്രദേശിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ കൃഷ്ണന്റെ ജനനം ആഘോഷിക്കാൻ ശ്രാവണ മാസത്തിലെ ജന്മാഷ്ടമി ഉത്സവ വേളയിൽ ഈ പുണ്യ തടാകം സന്ദർശിക്കുന്നു. കൂടാതെ, കൽപ, പാംഗി ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ ഈ തടാകത്തിലെത്താൻ കഷാങ് ചുരം വഴി കഠിനമായ ട്രെക്കിങ് നടത്തുന്നു. ജാതിമത ഭേദമില്ലാതെ ഒട്ടേറെ ആളുകള്‍ ഇവിടം സന്ദര്‍ശിക്കുന്നു.

ഈ പ്രദേശത്തെ രാജാവ് കെഹാരി സിംഗ് ആണ് ജന്മാഷ്ടമി ഉത്സവത്തിനു തുടക്കമിട്ടതെന്നു വിശ്വസിക്കപ്പെടുന്നു. 

പൂക്കളുടെ ഉത്സവമായ "ധാക് രീൻ" ആണ് യുല്ല ഖാസ് ഗ്രാമത്തിന്‍റെ മറ്റൊരു പ്രധാന ആഘോഷം. ദേവനാഗരി ലിപിയിലുള്ള കലണ്ടറും ചന്ദ്രനെയും നോക്കിയാണ് ഉത്​സവത്തിന്‍റെ ദിവസം തീരുമാനിക്കുക.

തടാകത്തിന്‍റെ വടക്ക് ഭാഗത്തേക്ക് ഒരു മണിക്കൂർ ട്രെക്കിങ്ങ് നടത്തിയാൽ റോറ കണ്ടയിലെത്താം. ഇവിടെ രാത്രി ട്രെക്കിങ് നടത്താം. തെളിഞ്ഞ സൂര്യപ്രകാശമുള്ള ദിനങ്ങളില്‍, ഇവിടെ നിന്നും ബുറാൻ ചുരത്തിന്‍റെ മനോഹരമായ കാഴ്ച കാണാം. രോഹ്രുവിലൂടെ ഒഴുകുകയും ഒടുവിൽ യമുന നദിയുമായി ലയിക്കുകയും ചെയ്യുന്ന പബ്ബാർ നദിയുടെ ഉദ്ഭവസ്ഥാനമായ ചന്ദ്രനഹാൻ തടാകങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ബുറാൻ ചുരം. 

യുല്ല കണ്ടയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ലിസ്റ്റിഗരംഗ് ചുരം ഉണ്ട്, ഇത് കഫ്നുയിലേക്കും ഭാഭാ താഴ്​വരയിലേക്കും മുലിംഗ് വഴി ഭാഭാ പാസിലേക്കും നയിക്കുന്നു. മേയ് പകുതി മുതൽ ഒക്ടോബർ പകുതി വരെയുള്ള മാസങ്ങളാണ് യുല്ല കണ്ട ട്രെക്കിങ്ങിന് ഏറ്റവും അനുയോജ്യമായ സമയം.

English Summary:

Shimla’s Hidden Treasure: Experience the Magical Trek to Yulla Kanda and Its Iconic Krishna Temple.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com