മൂന്നാറിലേക്കൊരു മൺസൂൺ റൈഡ്, വഴിയിലൊരു വമ്പൻ പെരുമ്പാമ്പ്; ചിത്രങ്ങളുമായി സൗബിൻ
Mail This Article
വാഗമൺ വഴി മൂന്നാറിലെ കോടമഞ്ഞ് നിറയുന്ന വഴികളിലൂടെ ഒരു മൺസൂൺ റൈഡ്. നടൻ സൗബിൻ ഷാഹിറിന്റെ മൺസൂൺ യാത്രയുടെ ആദ്യ ഡെസ്റ്റിനേഷൻ വാഗമണ്ണായിരുന്നു, സൗബിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള യാത്രാ ചിത്രങ്ങളും കോടമഞ്ഞിൽ മകൻ ഓർഹനൊപ്പമുള്ള വിഡിയോയും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. വഗമണ്ണിലേയും മൂന്നാറിലെയും മൺസൂൺ കാഴ്ചകൾ, മൂന്നാർ തലക്കുളത്തു നിന്നുള്ള സൗബിന്റെ സിപ് ലൈൻ റൈഡും കാണാം.
വാഗമണ്ണിലേക്കുള്ള യാത്രയ്ക്ക് ഏറ്റവും ഉചിതമായ സമയം മൺസൂണാണ്. ചെറുചാറ്റൽ മഴയും കോടമഞ്ഞും കാറ്റും തണുപ്പുമൊക്കെ പ്രകൃതിയുടെ സൗന്ദര്യത്തിനു മാത്രമല്ല, യാത്രയ്ക്കും നിറഞ്ഞ ഭംഗി സമ്മാനിക്കും. മൊട്ടക്കുന്നുകളും പൈൻ മരക്കാടുകളും തടാകവും എന്നുവേണ്ട യാത്രയ്ക്കു നിറങ്ങൾ സമ്മാനിക്കുന്ന നിരവധി കാഴ്ചകൾ വേറെയുമുണ്ട്.
വാഗമൺ സന്ദർശിക്കുന്നവർ ആദ്യമെത്തുന്നയിടമാണ് മൊട്ടക്കുന്നുകൾ. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകൾക്കു മുകളിൽ ഇരുന്നു കാറ്റുകൊള്ളുക മാത്രമല്ല കുന്നിനു മുകളിൽ നിന്നും താഴേക്ക് ഓടിയിറങ്ങിയും കയറിയും കുട്ടികൾക്കും മുതിർന്നവർക്കും ആ സമയം ഏറെ ആസ്വാദ്യകരമാക്കാം. മൊട്ടക്കുന്നുകളുടെ കാഴ്ച ആസ്വദിച്ചതിനു ശേഷം രണ്ടു കിലോമീറ്റർ മാത്രം അകലെയായുള്ള പൈൻ വാലിയിലേക്കു പോകാം. ആയിരക്കണക്കിനു പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നിടം വാഗമണ്ണിന്റെ സൗന്ദര്യത്തിനു തിലകക്കുറിയാണ്. ധാരാളം സിനിമാഷൂട്ടിങ്ങുകൾക്ക് വേദിയായിട്ടുള്ള ഇവിടം ഇപ്പോഴും സിനിമാപ്രവർത്തകരുടെ ഇഷ്ട ലൊക്കേഷനാണ്.
മൊട്ടക്കുന്നുകളും പൈൻ മരക്കാടും മാത്രമല്ല, കാഴ്ചകളുടെ മനോഹാരിത വർധിപ്പിക്കുന്നതിനായി തടാകത്തിൽ ബോട്ടിങ് നടത്താവുന്നതാണ്. തേയിലത്തോട്ടങ്ങൾ ചുറ്റിലും പച്ച വിരിച്ച് നിൽക്കുക കൂടി ചെയ്യുമ്പോൾ കാഴ്ചകൾ അവർണനീയം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിക്കുന്നയിടമാണ് കോലാഹലമേട്ടിലെ അഡ്വഞ്ചർ പാർക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ കണ്ണാടി പാലവും ഇവിടെയെത്തിയാൽ കാണാം. കാലത്ത് 9 മുതൽ വൈകിട്ട് 6 വരെയാണ് പാലത്തിലേക്കുള്ള പ്രവേശന സമയം.
ലോകമെങ്ങുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രമാണ് മൂന്നാര്‍. ഇരവികുളം ദേശീയ പാര്‍ക്ക്, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍ എന്നിങ്ങനെ മൂന്നാറിലെത്തുന്നവര്‍ ആദ്യം തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളില്‍ ചിലതാണ്. ഇതേ സ്ഥലങ്ങളില്‍ തന്നെ പ്രവൃത്തി ദിനങ്ങളില്‍ തിരക്കു കുറവാണ്. വണ്‍ ഡേ ട്രിപ്പിനു പകരം ഒരു ദിവസം നേരത്തെ വന്നു താമസിച്ചു പിറ്റേന്നു സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കുന്നത് സഞ്ചാരികള്‍ക്കു തിരക്കില്‍ പെട്ടാലും മൂന്നാര്‍ ആസ്വദിക്കാന്‍ കൂടുതല്‍ സാവകാശം നല്‍കും.
അടിമാലിയിൽ നിന്ന് പൂപ്പാറ ഗ്യാപ് റോഡ് വഴിയും അടിമാലി– മൂന്നാർ റോഡ് വഴിയും അടിമാലി– കല്ലാർ– മാങ്കുളം– മൂന്നാർ റോഡ് വഴിയും മൂന്നാറിലെത്താം.