ലോകത്തിലെ 'ഓൾഡസ്റ്റ് ബ്രെഡു'മായി ടർക്കിഷ് എയർലൈൻസ്
Mail This Article
മറ്റേതൊരു രാജ്യത്തെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ രാജ്യങ്ങളിലേക്കു പറക്കുന്ന എയർലൈനുകളിൽ ഒന്നാണ് ടർക്കിഷ് എയർലൈൻ. വളരെ വ്യത്യസ്തമായ ഒരു വിഭവം തങ്ങളുടെ മെനുവിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ടർക്കിഷ് എയർലൈൻസ്. ഏകദേശം 12,000 വർഷം പഴക്കമുള്ള വിഭവമാണ് യാത്രക്കാർക്കായി ടർക്കിഷ് എയർലൈൻസ് ഒരുക്കുന്നത്.
ഏറ്റവും പുരാതന സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന തുർക്കിയിലെ പുരാതന നഗരമായ അനറ്റോലിയയിലെ ഏറ്റവും പഴക്കം ചെന്ന ഇനങ്ങളായി കണക്കാക്കപ്പെടുന്ന ഐൻകോൺ, എമർ ഗോതമ്പ് എന്നിവ കൊണ്ടാണ് പുതിയ തുടക്കം. തുർക്കിയുടെ ചരിത്രത്തിൽ ഇതിന് കൃത്യമായ സ്ഥാനം ഉണ്ടെങ്കിലും എയർലൈനിന്റെ ഫ്ലൈറ്റ് സേവനത്തിൽ ഇത് പുതിയതാണ്. പാചകരീതിയിലൂടെ അതിഥികളുമായി തങ്ങളുടെ സംസ്കാരം പങ്കുവയ്ക്കുന്നതിലൂടെ പാരമ്പര്യങ്ങളെ ആധുനികതയുമായി കോർത്തിണക്കുകയാണ് ടർക്കിഷ് എയർലൈൻസ്.
2024 സെപ്തംബർ 22ന് ഇസ്താംബൂളിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന TK3 വിമാനത്തിലാണ് മെനു ഔദ്യോഗികമായി അവതരിപ്പിച്ചത്. ഇന്റർകോണ്ടിനന്റൽ ബിസിനസ് ക്ലാസ് യാത്രക്കാർക്ക് ആണ് ബ്രെഡ് ലഭിക്കുക. ഭക്ഷണസമയത്തിന് തൊട്ടു മുമ്പ് ചൂടാക്കി പ്രത്യേക ബാഗിൽ വെണ്ണയും ഒലിവ് ഓയിലും ചേർത്താണ് യാത്രക്കാർക്ക് ബ്രെഡ് വിളമ്പുക.
പന്ത്രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ടാസ് ടെപലർ മേഖലയിൽ ആരംഭിച്ച അനറ്റോലിയൻ കാർഷിക സംസ്കാരം പ്രതിഫലിപ്പിക്കുന്ന ടർക്കിഷ് എയർലൈൻസിന്റെ ഒരു പ്രൊജക്ട് ആണ് ദ ഓൾഡസ്റ്റ് ബ്രെഡ്. നവീന ശിലായുഗ വിപ്ലവത്തിന്റെ കേന്ദ്രങ്ങളിൽ ഒന്നായാണ് ടാസ് ടെപലർ വിശേഷിപ്പിക്കപ്പെടുന്നത്. വേട്ടയാടി ജീവിക്കുന്ന രീതിയിൽ നിന്ന് മാറി ഒരു സ്ഥലത്ത് സ്ഥിരമായി ജീവിക്കുന്ന രീതിയിലേക്ക് മനുഷ്യസമൂഹം മാറിയത് ആദ്യമായി ഇവിടെയാണ്. കാർഷിക സംസ്കാരത്തിലേക്ക് മാറിയ സമൂഹം ഏകദേശം പന്ത്രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഗോതമ്പ് കൃഷി ചെയ്ത് തുടങ്ങുകയും ചെയ്തു. ഇതിന്റെ ഫലമായി പോഷകാഹാര ശീലങ്ങളും സാമൂഹിക ഘടനകളും ഉണ്ടാകുകയും ചെയ്തു.