ഇതാണ് ബോളിവുഡിന്‍റെ സ്വപ്നം; സ്വിറ്റ്സര്‍ലന്‍ഡിലെ വെക്കേഷന്‍ ആഘോഷിച്ച് പ്രിയങ്ക ചോപ്ര
Mail This Article
മിക്ക ബിഗ് ബജറ്റ് ബോളിവുഡ് ചിത്രങ്ങളിലും നായകനും നായികയും സ്വിറ്റ്സര്‍ലന്‍ഡില്‍ ഡാന്‍സ് കളിക്കുന്ന ഒരു സീനെങ്കിലും കാണും! ബോളിവുഡിന്‍റെ സ്വപ്നഭൂമിയാണ് സ്വിറ്റ്‌സർലൻഡ്. ഇപ്പോഴാകട്ടെ, മഞ്ഞുകാലമായതിനാല്‍ അതിമനോഹരമാണ്. മഞ്ഞുമൂടിയ സ്വിസ് പർവ്വതങ്ങള്‍ക്കും പച്ചപ്പ് നിറഞ്ഞ താഴ്‌വരകൾക്കും ഇടതൂര്‍ന്ന പൈൻ വനങ്ങൾക്കുമിടയില്‍ നിന്നുള്ള ഒട്ടേറെ വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര.
സ്വിറ്റ്സര്‍ലന്‍ഡിലെ പ്രധാനപ്പെട്ട സ്കീ റിസോര്‍ട്ടുകളില്‍ ഒന്നായ ക്രാൻസ്-മൊണ്ടാനയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്. വലൈസ് കന്റോണിലെ സ്വിസ് ആൽപ്സിന്റെ ഹൃദയഭാഗത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത് . സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,500 മീറ്റർ ഉയരത്തിൽ ഒരു പീഠഭൂമിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ റോച്ചസ് ഡെ ഫീസും ഹോട്ടൽ ബെല്ല ലൂയിയും ദേശീയ പ്രാധാന്യമുള്ള സ്വിസ് പൈതൃക സൈറ്റുകളാണ്.
ആൽപൈൻ റിസോർട്ടായ ല്യൂക്കർബാദ്, ശൈത്യകാലത്ത് സ്കീയർമാരുടെ പറുദീസയായ റൈൻഡർഹൂട്ടെ സ്കീ സ്റ്റേഷന്‍ എന്നിവ അടുത്തുള്ള പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍പ്പെടുന്നു. കൂടാതെ, ഒട്ടേറെ മനോഹരമായ ഹൈക്കിങ്, ട്രെക്കിങ് റൂട്ടുകളും ഈ പ്രദേശത്തും പരിസരങ്ങളിലുമായുണ്ട്.
ഭൂമുഖത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായ സ്വിറ്റ്സര്‍ലന്‍ഡില്‍ സഞ്ചാരികള്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ആസ്വദിക്കാനുള്ള കാഴ്ചകളും അനുഭവങ്ങളുമുണ്ട്. യൂറോപ്പിലെ ഏറ്റവും ശക്തമായ വെള്ളച്ചാട്ടമായ റൈന്‍ വെള്ളച്ചാട്ടം ഇവിടെയാണ് ഉള്ളത്. റൈന്‍ നദിയില്‍ രൂപപ്പെടുന്ന ഈ വെള്ളച്ചാട്ടത്തിന് 150 മീറ്റർ വീതിയും 23 മീറ്റർ ഉയരവുമുണ്ട്. വെള്ളച്ചാട്ടത്തിന്റെ വടക്ക് ഭാഗം ന്യൂഹൗസെൻ ആം റൈൻഫാൾ നഗരമാണ്. വോർത്ത് കാസിൽ, ലൗഫെൻ ഉഹ്വീസെൻ, ലൗഫെൻ കാസിൽ എന്നിവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.
സ്വിറ്റ്സർലൻഡിലെ ആൽപൈൻ പ്രദേശമാണ് സ്വിസ് ആൽപ്സ് എന്നറിയപ്പെടുന്നത്. ബെർണീസ് ആൽപ്സ് മുതൽ അപ്പൻസെൽ ആൽപ്സ് വരെയുള്ള വടക്കൻ പർവതനിരകൾ പൂർണ്ണമായും സ്വിറ്റ്സർലൻഡിലാണ്. മോണ്ട് ബ്ലാങ്ക് മാസിഫ് മുതൽ ബെർണിന മാസിഫ് വരെയുള്ള തെക്കൻ നിരകള്‍ ഫ്രാൻസ്, ഇറ്റലി, ഓസ്ട്രിയ, ലിച്ചെൻസ്റ്റീൻ തുടങ്ങിയ രാജ്യങ്ങളുമായി പങ്കിടുന്നു. ആൽപ്‌സിലെ ഏറ്റവും ഉയരമുള്ള ഡ്യുഫോർസ്പിറ്റ്സെ, ഡോം, ലിസ്‌കാം, വെയ്‌ഷോൺ, മാറ്റർഹോൺ മുതലായ പര്‍വ്വതങ്ങള്‍ സ്വിസ് ആല്‍പ്സിലാണ്.
വേനല്‍ക്കാലത്തും മഞ്ഞുകാലത്തും ഒട്ടേറെ ടൂറിസ്റ്റുകള്‍ എത്തുന്ന ഇടമാണ് ഇവിടം. വലിയ ആയാസമില്ലാതെ ഉയരങ്ങളില്‍ എത്താന്‍ ഏരിയൽ ട്രാംവേകള്‍ വർഷം മുഴുവനും പ്രവർത്തിക്കുന്നു. കേബിൾ കാര്‍ സേവനം നൽകുന്ന യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണ് മാറ്റർഹോൺ. അതുപോലെ മഞ്ഞുകാലത്ത്, സ്കീയിങ്, സ്നോബോർഡിങ്, സ്നോ സ്ലെഡ് ബൈക്കിങ്, മൗണ്ടൻ ബൈക്കിങ്, സ്നോമൊബൈലിങ് തുടങ്ങിയ വിനോദങ്ങളും സജീവമാകും.
സ്വിസ് ആൽപ്‌സ് പർവ്വതനിരകളിൽ പാരാഗ്ലൈഡ് ചെയ്യുന്നതാണ് മറ്റൊരു വിനോദം. സ്വിറ്റ്‌സർലൻഡിലെ പാരാഗ്ലൈഡിങ് സൈറ്റുകളിൽ ഏറ്റവും മികച്ച ഒന്നാണ് സൂറിച്ചിലെ യൂറ്റ്‌ലിബർഗ് പര്‍വ്വതപ്രദേശം, സൂറിച്ച് നഗരത്തിന്റെയും തടാകത്തിന്റെയും കാഴ്ചകള്‍ ഇവിടെ നിന്നും കാണാം. ഭീമാകാരമായ പാറകൾക്കും മഞ്ഞ് മൂടിയ കൊടുമുടികൾക്കും ഇടയിലുള്ള ആൽപ്‌സിലെ ഏറ്റവും മനോഹരമായ താഴ്‌വരകളിലൊന്നായ ലൗട്ടർബ്രൂണൻ ആണ് മറ്റൊരിടം.
സ്വിറ്റ്സർലൻഡിന്റെ സാഹസിക തലസ്ഥാനമെന്നറിയപ്പെടുന്ന ഇന്റർലേക്കൻ പാരാഗ്ലൈഡിങ്ങിനു വളരെ പ്രശസ്തമാണ്.
മഞ്ഞുമൂടിയ പട്ടണമായ ദാവോസ്, ടിറ്റ്‌ലിസ് പർവ്വതത്തിലേക്കുള്ള പാതകൾ നീളുന്ന ഏംഗൽബർഗ്, സൂറിച്ചിനടുത്തുള്ള മനോഹരമായ ക്ലോസ്റ്റേഴ്സ് ഗ്രാമം, തടാകതീര പട്ടണമായ ഗാൻഡ്രിയ എന്നിവയും കൂടാതെ ക്രൈൻസ്, ഗ്രിൻഡെൽവാൾഡ്, വെംഗൻ തുടങ്ങിയ പട്ടണങ്ങളും പാരാഗ്ലൈഡിങ്ങിനു പേരുകേട്ട ഇടങ്ങളാണ്.