സ്ത്രീകളെ പ്രവേശിപ്പിക്കാത്ത ദ്വീപ്
Mail This Article
നമ്മുടെ നാട്ടിൽ, അതിവിശുദ്ധമെന്നു കരുതപ്പെടുന്ന ചില ദേവാലയങ്ങളിൽ സ്ത്രീകൾക്കു പ്രവേശനം നിഷിദ്ധമാണ്. ഇത്തരം വിശ്വാസങ്ങളും നിഷേധങ്ങളും നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളുവെന്ന് കരുതിയെങ്കിൽ തെറ്റി, ജപ്പാനിലും അങ്ങനെയൊരു ഇടമുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാത്ത ഒരു ദ്വീപ്. ജപ്പാനിലെ മുനാകാത്ത പട്ടണത്തിന്റെ ഭാഗമാണ് ഒകിനോഷിമ ദ്വീപ്. പതിനേഴാം നൂറ്റാണ്ടിൽ സ്ഥാപിക്കപെട്ടതെന്നു കരുതുന്ന, ഷിന്റോ മതവിശ്വാസികളുടെ ഒകിറ്റ്സു എന്ന ദേവാലയം ഇവിടെയുണ്ട്. 97 ഹെക്ടറാണ് ദ്വീപിന്റെ വലുപ്പം. മുനാകാത്ത ടൈഷ എന്ന ഒരു വിഭാഗം ഷിന്റോ പുരോഹിതരാണ് ഈ ദ്വീപിലെ താമസക്കാർ. ഇവിടെ സ്ത്രീകൾക്കു പ്രവേശനമില്ലെന്നു മാത്രമല്ല, ദ്വീപിലെത്തുന്ന പുരുഷന്മാർ ആചാരമനുസരിച്ച് പൂർണനഗ്നരായി സ്നാനം ചെയ്ത് ശുദ്ധരായ ശേഷമേ ദ്വീപിൽ കയറാവൂ എന്ന നിബന്ധനയുമുണ്ട്.
വർഷത്തിൽ ഒരു ദിവസം - മേയ് 27 ന്- 200 പുരുഷന്മാർക്കു മാത്രമേ ഇവിടെ പ്രവേശനം അനുവദിക്കൂ. 1904 - 05 ൽ ജപ്പാനും റഷ്യയും തമ്മിൽ നടന്ന കടൽയുദ്ധത്തിൽ കൊല്ലപ്പെട്ട നാവികർക്ക് സ്മരണാഞ്ജലി അർപ്പിക്കാനാണ് ഈ പ്രവേശനം. ദ്വീപിലെത്തുന്ന പുരുഷതീർഥാടകർക്ക് ഓർമയ്ക്കായി ഇവിടെനിന്ന് ഒരു പുൽനാമ്പു പോലും പുറത്തു കൊണ്ടുപോകാനോ യാത്രയുടെ വിശദാംശങ്ങളോ ദ്വീപിൽ കണ്ട കാര്യങ്ങളോ മറ്റുള്ളവരോടു പറയാനോ അനുവാദമില്ല.
ആർത്തവ രക്തം അശുദ്ധമാണെന്ന ഷിന്റോ വിശ്വാസം മൂലമാണ് സ്ത്രീകൾക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. എന്നാൽ, പണ്ട് കടൽയാത്ര അപകടംപിടിച്ചതായിരുന്നെന്നും സ്ത്രീകളെ അതിൽനിന്ന് ഒഴിവാക്കാനാണ് ഇത്തരമൊരു ആചാരം തുടങ്ങിയതെന്നും ഒരു മറുവാദവുമുണ്ട്.
കൗതുകമുണർത്തുന്നതും കലാമൂല്യമുള്ളതുമായ നിരവധി വസ്തുക്കൾ കൊണ്ട് സമ്പന്നമാണ് ഒകിനോഷിമ എന്ന ഈ ദ്വീപ്. ഒരു ദേശത്തിന്റെ നിധി എന്നുതന്നെ വിശേഷിപ്പിക്കാൻ കഴിയുന്ന എണ്‍പതിനായിരത്തോളം വസ്തുക്കൾ ഈ ദ്വീപിലുണ്ട്. ഏറ്റവും വിശേഷപ്പെട്ടതെന്നു കരുതുന്ന, ചൈനയിലെ വേയ് രാജവംശത്തിലെ കണ്ണാടി, കൊറിയയിൽ നിന്നുള്ള സ്വർണ മോതിരങ്ങൾ, പേർഷ്യൻ സ്ഫടികപ്പാത്രങ്ങൾ എന്നിവയെല്ലാം ഇവിടുത്തെ അത്യപൂർവ കാഴ്ചകളാണ്.
യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമായതുകൊണ്ടു തന്നെ അങ്ങനെ ലഭിക്കുന്ന ധനത്താലാണ് ഇവയെല്ലാം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. സഞ്ചാരികളും സ്ത്രീകളും ഈ ദ്വീപിലേക്ക് വരുന്നതിനോട് ഇവിടെയുള്ള പുരോഹിതർക്ക് എതിർപ്പാണ്. പൊതുജങ്ങൾക്ക് ഇവിടേക്കു പ്രവേശനാനുമതി നൽകരുതെന്നു തന്നെയാണ് ടകയുകി അഷിസു എന്ന ഇവിടുത്തെ മുഖ്യപുരോഹിതന്റെ പക്ഷം. അങ്ങനെ സഞ്ചാരികൾക്കു പ്രവേശനം നിഷേധിക്കപ്പെട്ടാൽ ഒകിനോഷിമ എന്ന ഈ ദ്വീപിന്റെ സൗന്ദര്യവും പൈതൃകസമ്പത്തുമെല്ലാം പൊതുജനങ്ങൾക്ക് അന്യമാകും.