അതിസാഹസികം ഈ രാജകീയ പാത
Mail This Article
സുന്ദര കാഴ്ചകൾ മാത്രമല്ലാതെ, ഭയപ്പെടുത്തുന്ന...ഹരം പിടിപ്പിക്കുന്ന യാത്രകളും ചെയ്യാനിഷ്ടപ്പെടുന്നവർ ധാരാളമുണ്ട് നമുക്കിടയിൽ. അവർക്കായിതാ...ഒരു രാജകീയ പാത. കിങ്‌സ് പാത്ത് എന്ന് തന്നെയാണ് ഈ പാതയുടെ പേര്. ഇങ്ങനെയൊരു പേര് ലഭിച്ചതിനു പിന്നിലും ഒരു കഥയുണ്ട്. ദുർഘടമായ ഈ പാത താണ്ടാനും ഈ യാത്രയുടെ ഹരമറിയാനും കിങ് അൽഫോൻസ പതിമൂന്നാമൻ 1921 ൽ ഇവിടം സന്ദർശിക്കുകയുണ്ടായി. അതിന്റെ സ്മരണ നിലനിർത്താനാണ് ഈ പേര്.
സ്പെയിനിലെ മലാഗയിലാണ് കഠിനവും അതിസാഹസികവുമായ രാജകീയ പാത സ്ഥിതി ചെയ്യുന്നത്. നൂറു മീറ്റർ ഉയരത്തിൽ, ഒരു മീറ്റർ മാത്രം വീതിയിൽ, മൂന്നു കിലോമീറ്റർ നീളത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഉയരങ്ങളിൽ നിന്ന് കൊണ്ട് താഴേക്ക് നോക്കുമ്പോൾ ഭീതിയുണർത്തുമെങ്കിലും ഏറെ രസകരമാണ് ഈ മൂന്നു കിലോമീറ്റർ ദൂരം കീഴടക്കുന്നതെന്നാണ് സഞ്ചാരികളിൽ പലരുടെയും അഭിപ്രയം. ഉയരത്തെ സ്നേഹിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സാഹസിക യാത്ര നിങ്ങളെ ഉത്സാഹഭരിതരാക്കുമെന്നും അവർ കൂട്ടിചേർക്കുന്നു
1901 ലാണ് ഈ നടപ്പാത നിർമാണം ആരംഭിച്ചത്. നാലുവർഷമെടുത്ത് 1905 ലാണിത് പൂർത്തിയാക്കിയത്. കനാൽ നിർമാണ വേളയിൽ സർവീസ് പാതയായി ഈ വഴി ഉപയോഗിക്കുമായിരുന്നു. 2001 ൽ സുരക്ഷാകാരണങ്ങൾ പറഞ്ഞുകൊണ്ട് അടച്ചിട്ട പാത, പിന്നീട് തുറന്നു കൊടുത്ത് 2015 ലാണ്. ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന പാതയെന്ന പേര് കിങ്‌സ് പാത്തിനു ലഭിച്ചത് അന്നുമുതലാണ്. സഞ്ചാരികൾ കൂടുതലായി എത്താൻ തുടങ്ങിയതോടെ, കമ്പിവേലികൾ കെട്ടി യാത്രികരുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ മറന്നില്ല.
മലയിടുക്കുകൾക്ക് നടുവിലൂടെയുള്ള ഈ പാതയ്ക്ക് താഴെ ഒരു പുഴയാണ്. മാത്രമല്ല ഈ വഴിയിൽ നവീനശിലായുഗത്തിൽ നിർമിക്കപ്പെട്ട ഏഴു ഗുഹയിലൊന്നു സ്ഥിതി ചെയ്യുന്നുണ്ട്. ആർക്കിയോളജിക്കൽ വകുപ്പിന്റെ സംരക്ഷണയിലുള്ള ഈ ഗുഹ കാണാൻ വേണ്ടി മാത്രം ഇവിടം സന്ദർശിക്കുന്നവരും കുറവല്ല. ഈ ഗുഹയുടെ പ്രായം ഏകദേശം ഏഴായിരം വർഷമാണെന്നാണ് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നത്.
പുരാതന കാലത്തിന്റെ ചില ശേഷിപ്പുകളൊക്കെ അവിടെവിടെയായി കാണുവാൻ സാധിക്കുന്ന ഈ നടപ്പാത സഞ്ചാരികളെ ചരിത്രത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നതിനൊപ്പം ഭയപ്പെടുത്തുക കൂടി ചെയ്യും. എന്നാൽ രസകരമായ നിരവധി അനുഭവങ്ങൾ, മറ്റെവിടെ നിന്നും അനുഭവിക്കാൻ കഴിയാത്തവ നല്കാൻ കൂടി രാജകീയ പഥായിലെ ഈ നടത്തം കൊണ്ട് സാധിക്കും.