ഗുഹയിൽ താമസിച്ച്, വൻമതിൽ കണ്ട് നടി രാധിക ഇവിടെയുണ്ട്, യാത്രകളും വിശേഷങ്ങളുമായി
Mail This Article
രാധികയെക്കാൾ റസിയ എന്നു പറയുന്നതാണ് പ്രേക്ഷകർക്ക് ഏറെ ഇഷ്ടം. കലാലയ ജീവിതത്തിലെ സൗഹൃദങ്ങളുടെ കഥ പറഞ്ഞ ലാൽജോസ് ചിത്രം ക്ലാസ്മേറ്റ്സ് കണ്ടവരാരും നിശബ്ദപ്രണയിനിയായ റസിയയെ മറക്കില്ല. റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിലെ ടേണിങ് പോയിന്റായിരുന്നു. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.
വിവാഹശേഷം ഭർത്താവ് അഭിയോടൊപ്പം ദുബായിലാണ് രാധിക. അഭിനയത്തെ ഏറെ ഇഷ്ടപ്പെടുന്ന ഇൗ സുന്ദരിക്ക് മറ്റൊരു പ്രണയം കൂടിയുണ്ട്– യാത്രകൾ. കാഴ്ചകൾ ആസ്വദിച്ച് യാത്ര പോകാൻ ഒരുപാട് ഇഷ്ടമാണ്. അഭിയും രാധികയെപ്പോലെ യാത്രകൾ ഇഷ്ടപ്പെടുന്നയാളാണ്. ഏതു യാത്രയ്ക്കും രണ്ടുപേരും എപ്പോഴും റെഡി. ഇഷ്ട യാത്രകളെക്കുറിച്ച് രാധിക മനോരമ ഒാൺലൈനോടു സംസാരിക്കുന്നു.
യാത്രകള്‍ അന്നും ഇന്നും എനിക്കു ഹരമാണ്. എന്തെല്ലാം കാഴ്ചകളാണ് പ്രകൃതി ഒരുക്കിയിരിക്കുന്നത്. അതെല്ലാം കണ്ടാസ്വദിക്കാനുള്ളതാണ്. എനിക്കു ലോകം മുഴുവനും ചുറ്റിക്കാണണമെന്നാണ് ആഗ്രഹം.
യാത്രകൾ പോകാറുണ്ടെങ്കിലും വേറിട്ട യാത്രാനുഭവങ്ങൾ എനിക്കു സമ്മാനിക്കുന്നത് ഭർത്താവ് അഭിയാണ്. വിവാഹശേഷം എല്ലാ സ്പെഷൽ ദിവസങ്ങളിലും എനിക്ക് ഗിഫ്റ്റ് നൽകുന്നത് സർപ്രൈസ് ട്രിപ്പുകളാണ്. അതും ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഇടങ്ങളിലേക്ക്.
ഞങ്ങളുടെ ആദ്യയാത്ര ജോർജിയയിലേക്കായിരുന്നു. അവിടുത്തെ കാഴ്ചകൾ വിസ്മയിപ്പിച്ചു. വസന്തകാലത്തായിരുന്നു ആ യാത്ര. ചുവന്ന ഇലകളുള്ള മരങ്ങളും കണ്ണോടിക്കുന്നിടത്തെല്ലാം പഴുത്തു പാകമായി നിൽക്കുന്ന മുന്തിരിക്കുലകളും. ബസ്‌സ്റ്റാൻഡിൽ വരെ മുന്തിരി പാകമായി നിൽക്കുന്നതു കാണാം. വ്യത്യസ്ത സ്വാദുള്ള വൈനും ഞങ്ങൾ രുചിച്ചു. മഞ്ഞുകാലത്ത് ജോർജിയയിലേക്കു പോകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
തുർക്കി ആൻഡ് കപ്പഡോഷ്യ
എന്റെ മറ്റൊരു പിറന്നാൾ ദിനത്തിലെ ഗിഫ്റ്റായിരുന്നു തുർക്കി, കപ്പഡോഷ്യ യാത്ര. യാത്രയ്ക്കു തലേന്നാണ് അഭി ട്രിപ്പ് പോകുന്ന കാര്യം പറയുന്നത്. പിന്നെ വേഗത്തിൽ ബാഗ് പാക്ക് ചെയ്യും. അഞ്ചു ദിവസത്തോളം അവിടെയുണ്ടായിരുന്നു.
ഞങ്ങൾക്ക് ഏറെ ഇഷ്ടമായത് പ്രിന്‍സസ് െഎലൻഡാണ്. അഭി നേരത്തേ അവിടെ പോയിട്ടുണ്ട്. വിവാഹശേഷം എന്നെയും കൊണ്ട് അവിടെ പോകണമെന്നായിരുന്നു. അത്ര മനോഹരമായ സ്ഥലമാണ്.
സ്വപ്നം പോലെ കപ്പഡോഷ്യ
കപ്പഡോഷ്യ നഗരത്തെക്കുറിച്ചു പറയാൻ വാക്കുകളില്ല. പ്രകൃതി തീര്‍ത്ത വിസ്മയനാടാണ് കപ്പഡോഷ്യ. കോസ്‌മോപൊളിറ്റന്‍ തലസ്ഥാനമായ അങ്കാറയില്‍ നിന്ന് ഏകദേശം നാലു മണിക്കൂര്‍ സഞ്ചരിച്ചാല്‍ അവിടെ എത്താം. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിയൊഴുകിയ ലാവ ഇവിടെ മലനിരകളായി മാറി. ഈ മലകള്‍ തുരന്നാണ് റസ്റ്ററന്റുകളും ഷോപ്പിങ് മാളുകളും നിര്‍മിച്ചിരിക്കുന്നത്.
ഇൗ കാഴ്ചകൾക്കപ്പുറം ആരെയും ആകർഷണവലയിലാക്കുന്ന ഒരു പ്രത്യേകത കപ്പഡോഷ്യക്കുണ്ട്. പലവർണങ്ങളിലും വലുപ്പത്തിലും ആകാശത്തേക്കു പറന്നുയരുന്ന ഹോട്ട് എയർ ബലൂണുകൾ. ആകാശത്തിനും ഭൂമിക്കും മധ്യേ സഞ്ചാരികളെയും വഹിച്ചുകൊണ്ട് ബലൂണുകൾ പറന്നുനടക്കും. ഞങ്ങളും ഒരു കൈ നോക്കി.
എയർ ബലൂണിലെ യാത്ര നാൽപതു മിനിറ്റ് ഉണ്ടായിരുന്നു. യാത്ര പൂർത്തിയാക്കിയതിന്റെ സർട്ടിഫിക്കറ്റും കിട്ടി. കപ്പഡോഷ്യയിലെ മലനിരകളുടെ ഭംഗി ശരിക്കും ആസ്വദിക്കണമെങ്കിൽ ബലൂണിൽ യാത്ര ചെയ്യണം.
ഞങ്ങൾ അവിടെ ഗുഹയിലായിരുന്നു താമസിച്ചത്. എസിയും ഫാനും ഒന്നുമില്ലാതെ ഗുഹയിലെ താമസം ശരിക്കും വിസ്മയിപ്പിച്ചു. രാവിലെ കണ്ണു തുറക്കുമ്പോള്‍ത്തന്നെ പ്രകൃതിയുടെ വശ്യകാഴ്ചയ്ക്കൊപ്പം പലവർണങ്ങളിൽ ആകാശത്തേക്കു പറന്നുയരുന്ന എയർ ബലൂണുകളും കാണാം.
ഞാനും അഭിയും നല്ല ഫൂഡിയാണ്. ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ സ്പെഷൽ വിഭവങ്ങൾ രുചിക്കാറുണ്ട്. തുർക്കിയിലെ യാത്രയിലും അതിനു മാറ്റം വരുത്തിയില്ല.
തുർക്കിയിൽ ട്രെയിനിലായിരുന്നു മിക്കയിടത്തേക്കും പോയത്. അതും വേറിട്ട അനുഭവമായിരുന്നു.
വൻമതിൽ കണ്ടു
ഭാഷ വശമില്ലെങ്കിലും ചൈനയിലേക്കുള്ള യാത്രയും രസകരമായിരുന്നു. അഭിയുടെ ഒഫീഷ്യൽ യാത്രയായിരുന്നു. ഞാനും ഒപ്പം കൂടി. കുറേ സ്ഥലങ്ങളിൽ കറങ്ങി. എല്ലാ സ്ഥലങ്ങളിലെയും വിഭവങ്ങൾ രുചിക്കുമെങ്കിലും ചൈനയിലെ ഭക്ഷണം അത്ര ഇഷ്ടമല്ലായിരുന്നു.
അതുകൊണ്ട് കപ്പ്ന്യൂഡിൽസും മറ്റും കരുതിയിരുന്നു. ഞങ്ങളുടെ ഒരു സുഹൃത്ത് അവിടെയുണ്ടായിരുന്നതു കൊണ്ട് ഭാഷ മനസ്സിലാക്കാൻ കുറെയൊക്കെ സഹായകമായി. ചരിത്ര സ്മാരകങ്ങളായ വൻമതില്‍, ടിയനൻമെൻ സ്ക്വയർ എന്നിവ കാണാതെ ചൈന കണ്ടു എന്നു പറയാനാകില്ല.
ലോകാദ്ഭുതങ്ങളിലൊന്നായ വൻമതിൽ ശരിക്കും അദ്ഭുതപ്പെടുത്തി.
ഇൗ വർഷം നാട്ടിലൊക്കെ പോയി വന്നതുകൊണ്ട് യാത്ര പോകില്ലെന്നായിരുന്നു ഞാൻ കരുതിയത്. അവിടെയും അഭി എന്നെ ഞെട്ടിച്ചു. ശ്രീലങ്കയിലേക്കു ട്രിപ്പ് പ്ലാൻ ചെയ്തു. വീട്ടുകാരും സുഹൃത്തുക്കളും ഇൗ സമയം അവിടേക്കു യാത്ര വേണ്ടെന്നു പറഞ്ഞെങ്കിലും അഭി കൂട്ടാക്കിയില്ല. ഞങ്ങൾ യാത്ര തിരിച്ചു.
മൂന്നാറിലെ ടീ എസ്റ്റേറ്റും കൊടൈക്കനാലിലെ കാഴ്ചകളും ഒരുമിച്ച പോലെയാണ് ശ്രീലങ്കയിലെ കാഴ്ചകൾ കണ്ടപ്പോൾ എനിക്ക് തോന്നിയത്. എനിക്ക് പുരാണകഥകൾ ഒരുപാട് ഇഷ്ടമാണ്.
രാമായണം കഥ മുഴുവനായും വായിച്ച പ്രതീതിയാണ് ശ്രീലങ്ക യാത്ര സമ്മാനിക്കുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പുരാണവുമായി ബന്ധപ്പെട്ട ഒരുപാടു സ്ഥലങ്ങൾ സന്ദർശിക്കണമെന്നുണ്ടായിരുന്നു പക്ഷേ ഇപ്പോഴത്തെ അവിടുത്തെ അവസ്ഥ മനസ്സിലാക്കി ആ യാത്രകൾ മാറ്റിവച്ചു. ചെറിയ നിരാശ തോന്നിയെങ്കിലും അടുത്ത തവണ മുഴുവൻ കറങ്ങാമെന്ന് മനസ്സിനെ സമാധാനിപ്പിച്ചു.
കുട്ടിക്കാലത്തെ യാത്രകൾ
കുട്ടിക്കാലത്ത് ഒരുപാടു യാത്ര ചെയ്തിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ പോയത് കൊടൈക്കനാലിലേക്കാണ്. എത്ര പോയാലും മടുക്കില്ല. അവിടുത്തെ ഓരോ കാഴ്ചയും സ്ഥലവുമൊക്കെ ഇന്നും നിറംമങ്ങാത്ത ഒാർമകളാണ്. ഞാനും അമ്മയും ചേട്ടനുമൊക്കെയാണ് യാത്ര പോകുന്നത്.
കൊടൈക്കനാലിന്റെ മുക്കുംമൂലയും അരിച്ചുപെറുക്കിയിട്ടുണ്ടെന്നു പറയാം. അമ്മയ്ക്കും അച്ഛനും യാത്രപോകാൻ ഇഷ്ടം ക്ഷേത്രങ്ങളിലേക്കാണ്. അതുകൊണ്ടുതന്നെ കുട്ടിക്കാലത്ത് ഒരുപാടു ക്ഷേത്രങ്ങളിൽ പോയിട്ടുണ്ട്.
വിദേശത്തേക്ക് ആദ്യമായി പോകുന്നത് മിദാദ് ആല്‍ബത്തിന്റെ ഭാഗമായാണ്. ഷോയുടെ ഭാഗമായി ഗൾഫ് രാജ്യങ്ങളിലൊക്കെ പോയിട്ടുണ്ട്. എന്നാലും അന്നും ഇന്നും എനിക്കേറ്റവും ഇഷ്ടം ദുബായ് ആണ്. അതുകൊണ്ടാണ് കല്യാണം ആലോചിച്ചപ്പോഴും എനിക്ക് ദുബായിലുള്ള ചെക്കൻ മതിയെന്നു പറഞ്ഞതും. വിവാഹ ശേഷം അവധി കിട്ടുമ്പോഴൊക്കെ ദുബായിൽ കറങ്ങാറുണ്ട്.
ക്ലാസ്സമേറ്റ്സ് സിനിമയ്ക്കു ശേഷം ഒരു ഷോയുടെ ഭാഗമായി യുഎസിൽ പോയി. അമ്മയും ഒപ്പമുണ്ടായിരുന്നു. യുഎസിൽ കലിഫോര്‍ണിയ ഒഴികെ ബാക്കിയുള്ള ഒരുവിധം സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ട്.
ന്യൂയോര്‍ക്കിലൊക്കെ കറങ്ങിനടക്കുമ്പോൾ അമ്മ പറയുമായിരുന്നു വിഡിയോ ഷൂട്ട് ചെയ്യാൻ. ഞാൻ ചെയ്തില്ല.
കാഴ്ചകളൊക്കെ കണ്ണുകളിലൂടെ കാണാനായിരുന്നു എനിക്കിഷ്ടം. ഇപ്പോൾ ഓർക്കുമ്പോൾ, അമ്മയ്ക്കു വേണ്ടിയെങ്കിലും വിഡിയോ എടുക്കേണ്ടതായിരുന്നു എന്നു തോന്നി. എനിക്കും അമ്മയ്ക്കും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് നയാഗ്ര വെള്ളച്ചാട്ടമായിരുന്നു.
ആദ്യ കാഴ്ചയില്‍ തന്നെ നമ്മെ അക്ഷരാർഥത്തില്‍ അമ്പരിപ്പിക്കുന്ന ഗാംഭീര്യമാണ് നയാഗ്രയ്ക്കുള്ളത്. നയാഗ്രയുടെ സൗന്ദര്യം ശരിക്കും ആസ്വദിച്ചു.
സ്വപ്ന യാത്ര
ഇന്ത്യയിൽ ഇനിയും ഒരുപാട് ഇടങ്ങൾ സന്ദർശിക്കാൻ ബാക്കിയാണ്. ബൈക്കിൽ ലഡാക്ക് വരെ ട്രിപ്പ് പോകണമെന്ന് ആഗ്രഹമുണ്ട്. പിന്നെ യൂറോപ്യൻ ട്രിപ്പും ആഗ്രഹമാണ്.