ഒരു തെരുവ്, രണ്ടു ലോകങ്ങൾ; സംസ്‌കാരങ്ങളുടെ സംഗമഭൂമി
Mail This Article
ഒന്നാം ലോകമഹായുദ്ധത്തിനിടയാക്കിയ സംഭവം നടന്ന ബോസ്‌നെ നദിക്കരയിലെ ചുവന്ന കെട്ടിടത്തിൽ നിന്നും ഞാനും അർമാനും പഴയ സിറ്റിയിലേക്ക് നടന്നു. ഇന്ന് സരയേവോയിലെ എന്റെ അവസാന ദിവസമാണ്. നാളെ രാവിലെ സരയേവോ ബസ് സ്റ്റേഷനിൽ നിന്ന് ബോസ്‌നിയയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ മോസ്റ്റാറിലേക്ക് ബസ് പിടിക്കണം. അതിനായി ബസ് ബുക്കിങ് വെബ്‌സൈറ്റുകളൊക്കെ നോക്കി വെച്ചിട്ടുണ്ട്. ഇന്ന് ടിക്കറ്റ് ബുക്ക് ചെയ്യണം. കോഫിഷോപ്പിൽ കോഫി ഓർഡർ ചെയ്തിട്ട് സംസാരിച്ചിരിക്കുമ്പോൾ എന്റെ യാത്രാ പരിപാടികളെക്കുറിച്ച് അർമാൻ ചോദിച്ചു. മോസ്റ്റാറിലേക്ക് ബസ്സിൽ പോകാനാണ് പരിപാടി എന്നു ഞാൻ പറഞ്ഞു. രാവിലെ 8.15ന് ഒരു ബസ്സുണ്ട്. അത് 10. 40ന് മോസ്റ്റാറിലേത്തും. 10 യൂറോ (770 രൂപ)യാണ് ടിക്കറ്റ് നിരക്ക്.
ബോസ്‌നിയയിൽ ഞാൻ ഇനി കാണാനുദ്ദേശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അർമാൻ ചോദിച്ചു. തയ്യാറാക്കി വച്ചിരുന്ന യാത്രാപരിപാടി ഞാനെടുത്തു വീശി. അർമാൻ വിശദമായി അത് വായിച്ചു പഠിച്ചു. എന്നിട്ട് പറഞ്ഞു-'ഇതിൽ മൂന്നു സ്ഥലങ്ങൾ സരയേവോ-മോസ്റ്റാർ റൂട്ടിൽ ഉള്ളവയാണ്. കന്യാമറിയം പ്രത്യക്ഷപ്പെട്ടെന്നു കരുതപ്പെടുന്ന മെജുഗോറിയെ, അതിസുന്ദരമായ വെള്ളച്ചാട്ടമുള്ള ക്രാവിസ്, സോഷ്യലിസ്റ്റ് നേതാവ് ജോസഫ് ടിറ്റോ അണുബോംബിൽ നിന്ന് രക്ഷപ്പെടാനായി നിർമ്മിച്ച പഞ്ചനക്ഷത്ര ഗുഹ എന്നിവ. ബസ്സിൽ പോവുകയാണെങ്കിൽ മോസ്റ്റാറിൽ എത്തിയ ശേഷം വീണ്ടും ഈ സ്ഥലങ്ങൾ കാണാൻ തിരിച്ച് അതേ റൂട്ടിൽ വിവിധ ബസ്സുകളിൽ യാത്ര ചെയ്യണം. അതിനു പകരം ഞാനൊരു കാർ ഏർപ്പാടു ചെയ്തു തരാം. നാളെ വെളുപ്പിനെ കാറിൽ പുറപ്പെട്ടാൽ വഴിമദ്ധ്യേയുള്ള ഈ മൂന്നു സ്ഥലങ്ങളും സന്ദർശിച്ച ശേഷം രാത്രിയോടെ മോസ്റ്റാറിലെത്താം'.
അതൊരു നല്ല ഐഡിയയാണെന്ന് എനിക്കും തോന്നി. ഈ മൂന്നു സ്ഥലങ്ങളും ഒരു ദിവസം കൊണ്ട് കണ്ടുതീർത്താൽ പിന്നെ രണ്ടുദിവസം മോസ്റ്റാറിൽ തങ്ങിയ ശേഷം നേരെ അടുത്ത രാജ്യമായ മോണ്ടിനീഗ്രോയിലേക്ക് ബസ് പിടിക്കാം. കാറിന് എന്തു ചെലവു വരുമെന്ന് അർമാനോട് ചോദിച്ചു. അർമാൻ ഫോണെടുത്ത് ആരെയോ വിളിച്ചു. എന്നിട്ട് പറഞ്ഞു '65 യൂറോ'. ഏതാണ്ട് 5000 രൂപ. എന്നാലും സാരമില്ല, മോസ്റ്റാറിലെത്തിയിട്ട് വീണ്ടും ഈ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബദ്ധപ്പാട് ഒഴിവാക്കാം. ഞാൻ ഓക്കെ പറഞ്ഞു. രാവിലെ 6 മണിക്ക് കാറുമായി തന്റെ സുഹൃത്ത് വരുമെന്ന് അർമാൻ വീണ്ടും ഫോൺ ചെയ്ത് ഉറപ്പുവരുത്തി.
ഇനിയുള്ള പകൽ അർമാനോടൊപ്പം പഴയ നഗരത്തിന്റെ കാഴ്ചകളിലേക്കിറങ്ങുകയാണ്. അതിനു ശേഷം അർമാന്റെ വക അത്താഴവിരുന്ന്. അത്താഴമെന്നു പറഞ്ഞാൽ നമ്മുടെ നാട്ടിലേതുപോലെ വൈകി കഴിക്കുന്ന പതിവ് മറ്റു രാജ്യക്കാർക്കില്ല. സന്ധ്യയ്ക്കു മുൻപു തന്നെ അത്താഴം കഴിക്കും. ഇത് ഏറ്റവുമധികം വലച്ചത് ഒരിക്കൽ ചൈന സന്ദർശിച്ചപ്പോഴാണ്. ചൈനയിലെ പ്രമുഖ എക്‌സ്‌പോർട്ട് കമ്പനി ഉടമയും തിരൂർ സ്വദേശിയുമായ സഹീറിനോടൊപ്പം ചൈനയുടെ വ്യവസായ ശാലകൾ കാണാൻ പോയി. എല്ലാ ഫാക്ടറി ഉടമകളും സഹീറിന്റെ സുഹൃത്തുക്കളാണ് .അതുകൊണ്ട് വമ്പൻ സ്വീകരണമായിരുന്നു.എല്ലാ ഫാക്ടറി ഉടമകളുടെ വകയായും അത്താഴ വിരുന്നിനുള്ള ക്ഷണവും കിട്ടി. 'വൈകീട്ട് 4 മണിക്ക് അത്താഴത്തിനെത്തണം' എന്നതാണ് ക്ഷണത്തിന്റെ രീതി. നമ്മൾ 'നാലുമണിച്ചായ' കുടിക്കുന്ന സമയമാണല്ലോ, നാലുമണി!
ഞാനും അർമാനും പഴയ നഗരത്തിന്റെ അതീവസുന്ദരമായ നടവഴികളിലൂടെ പ്രയാണം തുടങ്ങി. ഈ വഴികളിലൂടെ ഞാൻ രണ്ടുതവണ നടന്നതാണ്. ഞാൻ താമസിക്കുന്ന ഹോട്ടലും ഇതിനു സമീപം തന്നെ. പക്ഷേ മോസ്‌ക്കുകളും ക്രിസ്ത്യൻ പള്ളികളും മാർക്കറ്റുകളും ധാരാളമുള്ള പഴയ ടൗണിന്റെ ചരിത്രം കൃത്യമായും പറഞ്ഞുതരാൻ അർമാനെപ്പോലെ ഒരാൾ ആവശ്യമാണ്. ഓൾഡ് ടൗണിലെ പ്രധാന മോസ്‌കാണ് ഗാസി ഹുസ് റെവ്‌ബേ .ബോസ്‌നിയിലെ മുസ്ലീങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയമാണ് 16-ാം നൂറ്റാണ്ടിൽ പണിത ഈ പള്ളി. ഓട്ടോമാൻ കാലഘട്ടത്തിലെ ശില്പകലാചാതുരിയുടെ പ്രതീകമായി ചൂണ്ടിക്കാട്ടപ്പെടുന്ന നിർമിതി കൂടിയാണിത്. ഞങ്ങൾ ആദ്യം പോയത് ഗാസി ഹുസ് റെവ്‌ബേ മോസ്‌ക്കിലേക്കാണ്. വ്യാപാര സ്ഥാപനങ്ങൾ നിറഞ്ഞു നിൽക്കുന്ന തെരുവിൽ, വലിയ മതിൽക്കെട്ടിനുള്ളിലാണ് മോസ്‌ക്ക്. 1530ൽ പള്ളി, സ്‌കൂൾ, ഹമാം അഥവാ പൊതുകുളിസ്ഥലം എന്നിവയടക്കം നിർമ്മിച്ച ഒരു കെട്ടിട സമുച്ചയമാണിത്. ഈ പള്ളി സ്ഥാപിച്ച ശേഷമാണ് പഴയ നഗരം ഇത്രയധികം വളർന്നത്. മറ്റൊരു റെക്കോർഡ് കൂടി ഈ പള്ളിയുടെ പേരിലുണ്ട്. ലോകത്തിലാദ്യമായി വൈദ്യുതി ലഭിച്ച മുസ്ലീം പള്ളിയാണിത്. 1898ലാണ് പള്ളി വൈദ്യുതീകരിക്കപ്പെട്ടത്.
നിരവധി പ്രമുഖരുടെ ഖബറുകൾ പള്ളിയിലുണ്ട്. ഇതിൽ പള്ളി പണിയാൻ നേതൃത്വം കൊടുത്ത ഓട്ടോമാൻ കാലത്തെ ഗവർണർ ഗാസി ഗുസ് റേവ്‌ബേ (അദ്ദേഹത്തിന്റെ പേരാണ് പള്ളിക്കും) മുതൽ പ്രമുഖ ബോസ്‌നിയൻ കവി അലിബേ ഫിർദുസ് വരെ ഉൾപ്പെടുന്നു. പ്രാർത്ഥനാ സമയം കഴിഞ്ഞതിനാൽ ഉള്ളിൽ കയറി കാണാൻ കഴിഞ്ഞില്ല, പക്ഷേ ആകാശത്തിലേക്ക് കൂർത്ത്, ഉയർന്നു നിൽക്കുന്ന മിനാരങ്ങളും താഴികക്കുടങ്ങളുമൊക്കെ മോസ്‌കിന്റെ സമ്പന്നമായ ഭൂതകാലം ഓർമ്മിപ്പിക്കുന്നുണ്ട്. '92ലെ ബോസ്‌നിയൻ യുദ്ധകാലത്ത് ഇവിടുത്തെ മ്യൂസിയങ്ങളും പള്ളികളും ലൈബ്രറികളുമൊക്കെ നശിപ്പിക്കുന്നതിന്റെ ഭാഗമായി സെർബിയൻ പട്ടാളം ഈ പള്ളിക്കു നേരെയും ആക്രമണം നടത്തി. കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും '96ൽ പള്ളി പുതുക്കിപ്പണിത് പൂർവസ്ഥിതിയിലാക്കി.
വീണ്ടും തെരുവിലൂടെ നടക്കുമ്പോൾ അതിസുന്ദരമായ വാസ്തുശില്പ ഭംഗിയോടെ നിൽക്കുന്ന ക്രിസ്ത്യൻ പള്ളി കാണാം. സേക്രഡ്ഹാർട്ട് കത്തീഡ്രൽ. ബോസ്‌നിയയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയാണിത്.
നിയോ-ഗോഥിക് ശൈലിയാണ് പള്ളിക്ക്. ഈയിടെ കത്തി നശിച്ച, പാരീസിലെ നോത്ര് ദാം കത്തീഡ്രലാണ്. ശില്പി ജോസിപ് വാൻകാഷ് മാതൃകയാക്കിയത്. 1884ൽ നിർമ്മാണം തുടങ്ങി. മൂന്നുവർഷം കൊണ്ട് പണിപൂർത്തിയാക്കി. 41.9 മീറ്റർ നീളവും 21.3 മീറ്റർ വീതിയുമുള്ള ഈ പള്ളിയുടെ മണിഗോപുരങ്ങൾക്ക് 43.2 മീറ്റർ ഉയരമുണ്ട്.
സേക്രഡ്ഹാർട്ട് പള്ളിക്കും സരയേവോ യുദ്ധകാലത്ത് സാരമായ കേടുപാടുകൾ പറ്റി. പക്ഷേ ഒട്ടും ആധുനികവൽക്കരിക്കാതെ തന്നെ പള്ളി പുതുക്കിപ്പണിതു. ഇപ്പോൾ സരയേവോയുടെ നഗരചിഹ്നങ്ങളിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്നുണ്ട് സേക്രഡ് ഹാർട്ട് കത്തീഡ്രൽ.
പള്ളിയിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുമ്പോൾ കല്ലുവിരിച്ച നടപ്പാതയിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് ഒരേ വാചകം എഴുതിരിക്കുന്നത് കണ്ടു. 'സരയേവോ മീറ്റിങ് ഓഫ് കൾച്ചേഴ്‌സ്' (സരയേവോ- സംസ്‌കാരങ്ങളുടെ സംഗമഭൂമി) എന്നാണ് എഴുതിയിട്ടുള്ളത്. എന്താണിതെന്ന് അർമാനോട് ചോദിച്ചു. നിന്ന നിൽപ്പിൽ മുന്നോട്ടു നോക്കാൻ അർമാൻ പറഞ്ഞു. ഞാൻ നോക്കി. മുന്നിൽ പഴയ നഗരം .പഴയ ശൈലിയിലുള്ള കെട്ടിടങ്ങൾ, മിനാരങ്ങൾ ഉയർന്നു നിൽക്കുന്ന പഴയ മോസ്‌ക്കുകൾ..
ഇനി തിരിഞ്ഞു നോക്കാൻ പറഞ്ഞു, അർമാൻ. ഞാൻ നോക്കി. പുതിയ തെരുവ്! പുതിയ മട്ടിലുള്ള കെട്ടിടങ്ങൾ, പുതുതലമുറ ഷോപ്പുകൾ.. ഒരേ തെരുവിലെ ഒരു പോയിന്റിൽ നിന്നു കൊണ്ട് ഇരുവശത്തേക്കു നോക്കുമ്പോൾ പഴയതും പുതിയതുമായ തെരുവുകൾ കാണുന്ന മാജിക്ക്!. അതുതന്നെയാണ് സംസ്‌കാരങ്ങളുടെ സംഗമഭൂമിയെന്ന് സർയേവോയെ വിശേഷിപ്പിക്കാൻ കാരണവും.
സംഗമഭൂമിയുടെ ലൈൻ കടന്ന് പുതിയ തെരുവിലൂടെ നടന്നു. ഇവിടെ മറ്റൊരു കാഴ്ചയുണ്ട്- ഭൂനിരപ്പിനും താഴെ ഒരു മാർക്കറ്റ്. ഇത് ഗാസി ഹുസ് റെവ്‌ബേ മോസ്‌ക്കിന്റെ തുടർച്ചയായുള്ള കെട്ടിടങ്ങളുടെ ഭാഗമാണ്. നാലഞ്ച് പടവുകളിറങ്ങിയാൽ അർദ്ധവൃത്താകൃതിയിൽ നിർമ്മിച്ച മേൽക്കൂരയോടു കൂടിയ മാർക്കറ്റിൽ പ്രവേശിക്കാം. കല്ലുപാകിയ തറയും പഴയകാല ടൈലുകൾ പതിച്ച ഭിത്തിയുമൊക്കെയുള്ള മാർക്കറ്റിനും നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.
മാല, വള, സുവനീറുകൾ എന്നിവ വിൽക്കുന്ന ചെറിയ സ്റ്റാളുകളാണ് മാർക്കറ്റിനുള്ളിൽ. സ്ത്രീകളാണ് കടകൾ നടത്തുന്നവരിലേറെയും. ആർക്കും കച്ചവടത്തിൽ വലിയ താത്പര്യമൊന്നും കണ്ടില്ല. മാർക്കറ്റിലൂടെ കുറെ നേരം നടന്നിട്ടും 'എന്തെങ്കിലും വേണോ' എന്ന് ആരും ചോദിച്ചതുമില്ല.
വീണ്ടും നടന്ന് പുതിയ ടൗണിന്റെ ഒരു മൂലയിലെത്തി ഇവിടെയുമുണ്ട് സുന്ദരമായ ഒരു ക്രിസ്ത്യൻ പള്ളി. സെർബിയയിലെ ഏറ്റവും വലിയ ഓർത്തഡോക്‌സ് പള്ളിയാണിത്. 'കത്തീഡ്രൽ ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി തിയോറ്റോക്കോസ്' എന്നാണ് പള്ളിയുടെ പൂർണ്ണനാമം. 1863ൽ നിർമ്മാണം തുടങ്ങിയ പള്ളിക്ക് റഷ്യൻ 'വെളുത്തുള്ളി' പള്ളികളുടേതിനു സമാനമായ താഴികക്കുടമാണുള്ളത്.
ഈ പള്ളിയുടെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞ്, ചുറ്റുമുള്ള മുസ്ലീം പള്ളികളെക്കാൾ ഉയരമുണ്ട് പള്ളിക്ക് എന്നു പറഞ്ഞ് ഒരു വിഭാഗം മുസ്ലീങ്ങൾ ലഹളക്കൊരുങ്ങിയതാണ്. അതിന്റെ പേരിൽ പള്ളിയുടെ വെഞ്ചിരിപ്പ് ഒരു വർഷം നീട്ടിവെക്കുകയും ചെയ്തു.
പിന്നെ, വലിയ പട്ടാള ബന്തവസ്സോടെയാണ് 1872 ജൂലായ് 20ന് വെഞ്ചിരിപ്പ് നടത്തിയത്. എന്തായാലും വെഞ്ചിരിപ്പ് ദിവസം വേറെ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. സമയം ആറു മണിയായി.
'ഇനി അത്താഴമാകാം' -അർമാൻ ക്ഷണിച്ചു. നാലുമണിക്ക് അത്താഴം കഴിക്കുന്ന ശീലമാണ് അർമാന്റേത്. വിശന്നു തുടങ്ങിയിട്ടില്ലെങ്കിലും അർമാന്റെ ക്ഷണം സ്വീകരിച്ചു. തൊട്ടടുത്തുള്ള ഒരു പ്രാദേശിക ബോസ്‌നിയൻ റെസ്റ്റോറന്റിൽ കയറി. സരവ്‌സ്‌ക എന്നു പേരുള്ള ലോക്കൽ ബിയറാണ് ആദ്യം ഓർഡർ ചെയ്തത്.
പിന്നെ ചിക്കൻ കറി പോലെ ഒരു ഐറ്റം, അതോടൊപ്പം കടിച്ചാൽ പൊട്ടാത്ത ജോർജ്ജിയൻ ബ്രഡും. കുറേ നേരം സൊറ പറഞ്ഞിരുന്ന് ആഹാരംകഴിച്ച ശേഷം ഞങ്ങൾ തെരുവിലേക്കിറങ്ങി. അപ്പോഴേക്കും മഞ്ഞ് വീണു തുടങ്ങിയിരുന്നു.
(തുടരും)