ADVERTISEMENT

യാത്രകളിലൂടെ കാഴ്ചകൾ ആസ്വദിക്കുന്നതിനപ്പുറം കൗതുകമുണർത്തുന്നവ കാണാനും അറിയാനും സാധിക്കുക എന്നതാണ് സഞ്ചാരികളിൽ മിക്കവർക്കും പ്രിയം. വായിച്ചറിഞ്ഞ കാര്യങ്ങൾ നേരിട്ട് കാണുമ്പോഴുള്ള സന്തോഷം ഒന്നുവേറെയാണ്. അങ്ങനെയൊരിടമാണ് സ്പെയിൻ. കൃത്യമായ പ്ലാനിങ്ങോടുകൂടി യാത്ര ചെയ്താൽ ചെലവ് ചുരുക്കി യാത്ര സാധ്യമാകുന്ന രാജ്യം കൂടിയാണ് സ്പെയിൻ.

ചെലവിന്റെ കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ വളരെ മുമ്പിലാണെങ്കിലും അതിനൊരപവാദമാണ് സ്പെയിൻ. ഭക്ഷണത്തിനും താമസത്തിനുമെല്ലാം ചെലവ് താരതമ്യേന കുറവുള്ള രാജ്യമാണിത്‌. മനോഹരമായ കാഴ്ചകളും ഈ രാജ്യത്തെ സഞ്ചാരികളുടെ ഇഷ്ടതാവളമാക്കി മാറ്റുന്നു. വയറു നിറയെ ഭക്ഷണം കഴിക്കാൻ 10 - 15 ഡോളറാണ് സ്പെയിനിലെ ചെലവ്. ബീയറിന് സൂപ്പർമാർക്കറ്റിൽ ഒരു ഡോളറും വൈനിനു ബാറുകളിൽ അഞ്ചു ഡോളറും മാത്രമാണ് നിരക്ക്. കുറഞ്ഞ ചെലവിലുള്ള ബീയറും വൈനും മാത്രമല്ല വിലകൂടിയ വൈനും സ്പെയിനിൽ ലഭ്യമാണ്.

ലോകത്തിലെ ഏറ്റവും വില കൂടിയ വൈന്‍  

മുന്തിരിയെക്കാളും കൂടുതല്‍ വെളുത്തുള്ളിക്ക് പേരു കേട്ട സ്പാനിഷ് പ്രവിശ്യയാണ് ക്യുവന്‍ക. ഒലിവ് മരങ്ങളില്‍ മുന്തിരി വള്ളികള്‍ പടര്‍ത്തിയ ഇവിടുത്തെ ചെറിയ ഈ തോട്ടത്തിലേയ്ക്കാണ് വൈന്‍ പ്രേമികളുടെ കണ്ണുകള്‍ മുഴുവന്‍ ഇപ്പോള്‍ തിരിയുന്നത്. ലോകപ്രശസ്ത വൈന്‍ നിര്‍മാതാവായ ഹിലാരിയോ ഗാര്‍ഷ്യ തന്‍റെ പരീക്ഷണങ്ങള്‍ നടത്തുന്ന ഇടമാണിത്.

spain-gif

അസാധാരണ രീതികള്‍ അവലംബിച്ച് കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വൈന്‍ രുചികളുടെ പിന്നാലെയാണ് ഗാര്‍ഷ്യ. രഹസ്യ രുചിക്കൂട്ടുകള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ വൈനുകളുടെ രുചി പക്ഷേ അതിപ്രശസ്തം. ഇന്ന് ഗാര്‍ഷ്യയുടെ 'ഓറംറെഡ് ഗോള്‍ഡ്‌' (AurumRed Gold) വൈനിന്‍റെ ഒരു കുപ്പിയുടെ വില 25,000 യൂറോയാണ്. അതായത് 19,76,650 ഇന്ത്യന്‍ രൂപ! ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ വൈന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

120 വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഗാര്‍ഷ്യയുടെ മുത്തശ്ശന്‍ സ്ഥാപിച്ചതാണ് ഈ മുന്തിരിത്തോട്ടം. ഒരു സമയത്ത് ഈ പ്രദേശത്താകെ പടര്‍ന്നു പിടിച്ച പ്രാണിശല്യം അതിജീവിച്ച ചുരുക്കം തോട്ടങ്ങളില്‍ ഒന്നാണിത്.

2012 ലാണ് ഗാര്‍ഷ്യ തന്‍റെ ആദ്യ ഓറംറെഡ് ഗോള്‍ഡ്‌ വൈന്‍ പുറത്തിറക്കുന്നത്. അന്ന് 4,000 യൂറോയ്ക്കാണ് ഒരു കുപ്പി വൈന്‍ ഗാര്‍ഷ്യ വിറ്റത്. ചൈനയില്‍ ഈ വൈന്‍ 17,000 യൂറോയ്ക്ക് മറിച്ചു വില്‍ക്കപ്പെടുന്നതായി ഗാര്‍ഷ്യ കണ്ടെത്തി. കഴിഞ്ഞ ഏഴു വര്‍ഷങ്ങളിലായി ഓറംറെഡ് ഗോള്‍ഡ്‌ വൈനിന്‍റെ വില കൂടിക്കൂടി വരികയാണ്.

സ്പെയിനിലേക്ക് യാത്ര പോകാം

ഡല്‍ഹി, മുംബൈ, ബെംഗളൂരു എയര്‍പോര്‍ട്ടുകളില്‍ നിന്നും സ്പെയിനിലെ മാഡ്രിഡ്, ബാര്‍സലോണ തുടങ്ങിയ നഗരങ്ങളിലേക്ക് നേരിട്ട് ഫ്ലൈറ്റ് സേവനങ്ങള്‍ ലഭ്യമാണ്. നോണ്‍ സ്റ്റോപ്പ് ഫ്ലൈറ്റ് ആണെങ്കില്‍ ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും മാഡ്രിഡിലെത്താന്‍ 9 മണിക്കൂര്‍ 40 മിനിറ്റ് സമയമെടുക്കും.

ഒരിക്കല്‍ ഇവിടെ എത്തിക്കഴിഞ്ഞാല്‍ നഗരം ചുറ്റിക്കാണാന്‍ പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗിക്കാം. ലോക്കല്‍ ബസുകള്‍, ട്രെയിനുകള്‍ മുതലായവ ലഭ്യമാണ്. നഗര സഞ്ചാരത്തിനായി ട്രെയിന്‍ ടിക്കറ്റുകള്‍ ഓണ്‍ലൈനിലും ബുക്ക് ചെയ്യാം.

മറ്റു വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ എന്ന പോലെത്തന്നെ സ്പെയിനിലേക്ക് പോകാന്‍ ഉദ്ദേശമുണ്ടെങ്കില്‍ ടിക്കറ്റുകള്‍ നേരത്തേ തന്നെ ബുക്ക് ചെയ്തു വെക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്‌താല്‍ ഫ്ലൈറ്റ് ടിക്കറ്റിന്‍റെ നിരക്കിൽ നല്ല വ്യത്യാസം ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com