ടുലിപ് പൂക്കള്‍ വിരിയുന്ന അടുക്കളത്തോട്ടം; സഞ്ചാരിയുടെ മനസ്സിൽ ലഹരിയാണിവിടം
Mail This Article
‘Think of all the beauty still left around you and be happy’’ – നാസിപ്പടയുടെ അക്രമങ്ങളിൽ നിന്നു രക്ഷതേടി ഇരുട്ടുമുറിയിൽ ഒളിച്ചു താമസിക്കുമ്പോൾ ആൻഫ്രാങ്ക് തന്റെ ഡയറിയിലെഴുതിയ വാക്കുകളാണിത്. യാതനകൾക്കപ്പുറം ചുറ്റുമുള്ള ലോകത്തിന്റെ ഭംഗി കാണാനും ആസ്വദിക്കാനും ശ്രമിച്ച ഈ പെൺകുട്ടിയുടെ മനസ്സു പോലെ മനോഹരമാണ് അവൾക്ക് അഭയം കൊടുത്ത നഗരവും – ആംസ്റ്റർഡാം. യൂറോപ്പിന്റെ പടിഞ്ഞാറു ഭാഗത്തുള്ള നെതർലൻഡിന്റെ തലസ്ഥാനം. കലയും സംഗീതവും നാടകവും നെഞ്ചിലേറ്റുന്ന സൈക്കിൾപ്രേമികളുടെ നഗരം.
ചിത്രകലയുടെ മാസ്മരികത നിറയുന്ന ‘വാൻഗോഗ് മ്യൂസിയം’, പൂന്തോട്ടങ്ങളിലെ രാജ്ഞിയായ ‘ക്യൂക്കൻ ഹോഫ്’, ഡാം സ്ക്വയർ, റോയൽ പാലസ്, കനാലിലെ ബോട്ട് യാത്രകൾ... കലയുടെയും ചരിത്രത്തിന്റെയും കാഴ്ചയുടെയും സംഗമഭൂമിയാണ് ആംസ്റ്റർ ഡാം. തണുപ്പിൽ പതിയെ നീങ്ങുന്ന ട്രാമുകളും സൈക്കിളുകളും ഈ നഗരത്തിലെത്തുന്ന സഞ്ചാരിയുടെ മനസ്സിൽ ലഹരിയായി പടർന്നു കയറുന്നു. കാഴ്ചകളുടെ തീരാക്കഥകൾ പറയുന്നു.
കഥകൾ കേട്ട് കാഴ്ചബംഗ്ലാവുകളിലൂടെ
ചരിത്രത്തിനും പാരമ്പര്യത്തിനും പ്രാധാന്യം കൽപ്പിക്കുന്നവരാണ് ആംസ്റ്റർഡാംകാർ. മ്യൂസിയങ്ങളും ചരിത്രസ്മാരകങ്ങളും ഇവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. തിരക്കുപിടിച്ച പുതിയ നിരത്തുകളുടെ ഇരുവശത്തും മൂന്നൂറു വർഷത്തിലേറെ പഴക്കമുള്ള കെട്ടിടങ്ങൾ ഒളിമങ്ങാതെ തലയെടുപ്പോടെ നിൽക്കുന്നു. നഗരത്തിലെ മിക്ക കെട്ടിടങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ഹിറ്റ്ലറുടെ അക്രമവാഴ്ചയുടെ കാലത്ത് നാസിപ്പട്ടാളത്തിന്റെ കണ്ണുവെട്ടിച്ച് ആൻഫ്രാങ്കും കുടുംബവും ഒളിച്ചു താമസിച്ച കെട്ടിടമാണ് ഇന്നത്തെ ‘ആൻഫ്രാങ്ക് മ്യൂസിയം’. രണ്ടു വർഷത്തെ ഒളിവുജീവിതത്തിനിടയിൽ ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകളിലൂടെ ലോകപ്രശസ്തമായ ‘ഒളിവു സങ്കേതവും’ തേടി വർഷവും ലക്ഷക്കണക്കിനു സന്ദർശകരാണ് ആംസ്റ്റർഡാമിലെത്തുന്നത്. ബുക്‌ഷെൽഫിനു പുറകിലുള്ള രഹസ്യ അറയിൽ ആൻഫ്രാങ്കും ചേച്ചി മാർഗരറ്റും കോറിയിട്ട ചിത്രങ്ങൾ, ഒട്ടിച്ചു വച്ച പത്രക്കടലാസ്സുകൾ തുടങ്ങി ‘ആൻഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളി’ലൂടെ പ്രശസ്തമായ കാഴ്ചകൾ ഇവിടെ സഞ്ചാരികൾക്ക് നേരിട്ടു കാണാനാവും.
നഷ്ടപ്രണയിനിക്കു ചെവി മുറിച്ചു നൽകിയ കാൽപ്പനികതയാണ് ‘വാൻഗോഗ് മ്യൂസി യ’ത്തിൽ കാത്തിരിക്കുന്നത്. വാൻഗോഗ് എന്ന ചിത്രകാരന്റെ മാന്ത്രികവിരലുകൾ തീർത്ത അപൂർവ കലാസൃഷ്ടിക ൾ പ്രദർശിപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ആംസ്റ്റർഡാം നഗരത്തിന്റെയും നെതർലൻഡിന്റെയും ചരിത്രവും കലാപാരമ്പര്യവും വിളംബരം ചെയ്യുന്ന ‘റിജിക് മ്യൂസിയം’, ലോകത്തിലെ ആദ്യത്തെ ഫ്ളൂറസന്റ് മ്യൂസിയമായ ‘ഇലക്ട്രിക് ലേഡീ ലാൻഡ്’, കഴിഞ്ഞ കാലത്തെ പ്രധാന സഞ്ചാരമാർഗമായിരുന്ന കനാലുകളെക്കുറിച്ചും ജലഗതാഗതത്തെക്കുറിച്ചും പറയുന്ന ‘ഹൗസ് ബോട്ട് മ്യൂസിയം’...ആംസ്റ്റർഡാമിന്റെ ചരിത്ര ഏടുകൾ ഒന്നുപോലും വിട്ടുപോവാതെ അൻപതിലേറെ മ്യൂസിയങ്ങളിലായി സൂക്ഷിക്കപ്പെടുന്നു.
ഡാം സ്ക്വയറിലെ രുചി
നഗരത്തിന്റെ ഹൃദയഭാഗമാണ് ‘ഡാം സ്ക്വയർ’. ആംസ്റ്റർഡാമിലെ പ്രധാന ആഘോഷങ്ങളുടെയെല്ലാം വേദിയായ ഈ ചത്വരത്തിനു ചുറ്റിലുമായിട്ടാണ് പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രങ്ങളും സർക്കാർ ഓഫിസുകളും നിലകൊള്ളുന്നത്.
അറുപതുകളിലും എഴുപതുകളിലും ആവേശമായി പടർന്ന ഹിപ്പി സംസ്കാരത്തിന്റെ പ്രധാനകേന്ദ്രമായിരുന്ന ഡാം സ്ക്വയർ ഇന്നു വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ്. രാജഭരണത്തിന്റെ കാഴ്ചകളും വിശേഷങ്ങളും പറയുന്ന ‘റോയൽ പാലസും’, രണ്ടാം ലോക മഹായുദ്ധത്തിൽ മരണമടഞ്ഞ സൈനികരുടെ ഓർമയ്ക്കായുള്ള ‘വാർ മെമോ റിയലും’ ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഇടവേളകളില്ലാതെ പാടു ന്ന തെരുവു ഗായകരാണ് ഡാം സ്ക്വയറിന്റെ മറ്റൊരു പ്രത്യേകത.
വാണിജ്യകേന്ദ്രങ്ങളും പാട്ടും മാത്രമല്ല റസ്റ്ററന്റുകളും കോഫീ ഷോപ്പുകളും വിരുന്നൂട്ടുന്ന നഗരത്തിന്റെ രുചിവഴികളും ഡാം സ്ക്വയറിനോടു ചേർന്നുകിടക്കുന്നു. ഒരു പിസാ വലുപ്പത്തിൽ ആവശ്യമുള്ള കാലറി മുഴുവൻ ഒളിപ്പിച്ചുവയ്ക്കുന്ന ‘ക്രേപ്സ്’, ‘പാന്നെൻകോക്കൻ’ (ഡച്ച് സ്പെഷൽ പാൻകേക്ക്) , ടൊമാറ്റോ ജാമും അണ്ടിപ്പരിപ്പും നിറഞ്ഞ സാൻഡ്‌വിച്, ബ്രെഡിൽ ഇറച്ചി ചേർത്തുണ്ടാക്കുന്ന വിഭവമായ ‘ക്രോക്കറ്റ്’... രുചി തേടിയെത്തുന്നവർക്ക് ഈ തെരുവുകൾ കാത്തുവയ്ക്കുന്ന വിഭവങ്ങൾക്കു കണക്കില്ല.
‘ഡച്ച് ന്യൂ ഹെറിങ്’ എന്നറിയപ്പെടുന്ന മീൻവിഭവമാണ് ആംസ്റ്റർഡാമിന്റെ രുചി സവിശേഷതകളിലൊന്ന്. തല കളഞ്ഞു വൃത്തിയാക്കിയെടുക്കുന്ന ‘ഹെറിങ്’ മീൻ വേവിക്കാതെ വിളമ്പുന്നു. കൂടെ നുറുക്കിയ ഉള്ളിയും വെള്ളരിക്കയും. പ്രജനനകാലത്ത് തടിച്ചു കൊഴുക്കുന്ന ‘ഹെറിങ്ങി’ന് ആംസ്റ്റർഡാമിൽ വൻ ഡിമാൻഡാണ്. ഒരു മീൻ മുഴുവൻ അകത്താക്കാൻ കഴിയാത്തവർക്കായി ‘ബ്രൂഡി ഹെറിങ്’ എന്ന സാൻഡ്‌വിച്ചുണ്ട്. വേവിക്കാത്ത മീൻ ചെറിയ കഷ്ണങ്ങളായി നുറുക്കി, പച്ചക്കറിയോടു ചേർത്തു വച്ചാണ് ഈ സാൻഡ്‌വിച് ഉണ്ടാക്കുന്നത്.
ആംസ്റ്റർഡാമിലെ സൈക്കിളുകൾ
‘‘ആംസ്റ്റർഡാമിലെ ഇരുപത്തിയഞ്ചു ലക്ഷം ജനങ്ങൾക്ക് ഇരുപത്തിയെട്ടു ലക്ഷം സൈക്കിളുകളുണ്ട്. സൈക്കിളുകൾ ആ ജനതയുടെ ആത്മാവിന്റെ ഭാഗമാണ്’’ – ആംസ്റ്റർ ഡാമിലെ സൈക്കിളുകൾ എന്ന പുസ്തകത്തിൽ രാജു റാഫേൽ പറയുന്നു.
ശരിയാണ്. സൈക്കിളുകളുടെ നഗരമാണ് ആംസ്റ്റർഡാം. നിരത്തുകളിൽ കാറുകളെക്കാൾ കൂടുതൽ സൈക്കിളുകൾ കാണാം. അതിനു വേണ്ടി മാത്രമായി പ്രധാന പാതകളോടു ചേർന്നു ചുവന്ന കല്ലുകൾ പതിച്ച ചെറിയ പാതകൾ. സൈക്കിൾ പാർക്ക് ചെയ്യാൻ മാത്രമായുള്ള ഗ്രൗണ്ടുകൾ. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരും സൈക്കിളുകളിൽ സഞ്ചരിക്കുന്നു. അന്തരീക്ഷ മലിനീകരണം വലിയ തോതിൽ കുറയ്ക്കുന്ന ആംസ്റ്റർ ഡാമിന്റെ ‘സൈക്കിൾ സംസ്കാരം’ മറ്റു രാജ്യങ്ങൾക്കു മാതൃകയാണ്. ആംസ്റ്റർഡാം കാണാനെത്തുന്ന സഞ്ചാരികൾക്ക് നാടു ചുറ്റാൻ ഒരു സൈക്കിൾ വാടകയ്ക്കെടുത്താൽ മതിയാവും. ഇനി അതിർത്തി കടന്നു കിഴക്കുള്ള ജർമനിയിലേക്കോ തെക്കുള്ള ബെൽജിയത്തിലേക്കോ ‘സൈക്കിൾ’ ചവിട്ടണമെന്നുണ്ടെങ്കിൽ അതിനും മാർഗമുണ്ട്. അതിർത്തികളിലെ റോഡുകളിലുമുണ്ട് സൈക്കിൾ പാതകൾ.
ടുലിപ് പൂക്കള്‍ വിരിയുന്ന അടുക്കളത്തോട്ടം
ലോകത്തിലെ ഏറ്റവും വലിയ പുഷ്പചന്തയാണ് ആംസ്റ്റർ ഡാമിലേത്. ഈ നഗരത്തിൽ നിന്നു കയറ്റുമതി ചെയ്യുന്ന പൂക്കൾ ലോകത്തെമ്പാടുമുള്ള മാർക്കറ്റുകൾക്കും നഗരങ്ങൾക്കും പൂവാസം പകരുന്നു. പല നാടുകളിലെ പൂന്തോട്ടങ്ങളിൽ വിരിയുന്ന പൂക്കൾ കപ്പൽ കയറി ഈ നഗരത്തിലേക്കുമെത്തുന്നു.