ലോകത്തിലെ ഏറ്റവും അപകടകരമായ റെയിൽവേ റൂട്ടുകളിൽ സഞ്ചരിക്കാൻ ധൈര്യമുണ്ടോ
Mail This Article
ഗ്രാമപ്രദേശമോ മരുഭൂമിയോ നഗരങ്ങളോ നെൽവയലുകളോ എന്തും ആകട്ടെ, അവയെല്ലാം നിങ്ങളുടെ ഒരു ജാലകത്തിനപ്പുറം കണ്ടാസ്വദിക്കാൻ ഏറ്റവും മികച്ച മാർഗ്ഗം ഒരു ട്രെയിൻ യാത്ര തന്നെയാണ്. ട്രെയിൻ യാത്രകൾ കാറുകളേക്കാൾ സുഖകരമാണ്, വിമാനത്തേക്കാൾ വിശാലവും ബസുകളേക്കാൾ യാത്രാ സൗഹൃദവുമാണ്. ലോകമെമ്പാടുമുള്ള യാത്രയുടെ ഏറ്റവും സുരക്ഷിതമായ മോഡുകളിൽ ഒന്നാണ് അവ. എന്നിരുന്നാലും അപകടകരമായ ചില റെയിൽവേ റൂട്ടുകൾ ലോകമെമ്പാടുമുണ്ട്. എത്ര ധൈര്യമുള്ളവരേയും ഒന്നു വിറപ്പിക്കാൻ ഈ റൂട്ടുകൾക്ക് സാധിക്കും.
ട്രെൻ എ ലാസ് ന്യൂസ്, അർജന്റീന
217 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ പാത അർജന്റീനയിലെ സാൾട്ടയെ ചിലിയിലെ പോൾവോറില്ലോയുമായി ബന്ധിപ്പിക്കുന്നു. ഇതിന്റെ നിർമ്മാണത്തിന് 27 വർഷമെടുത്തു, 1948 മുതൽ പ്രവർത്തിക്കുന്ന ഈ റയിൽ സമുദ്രനിരപ്പിൽ നിന്ന് 4200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഈ റൂട്ടിലൂടെയുള്ള യാത്ര മേഘങ്ങളിലൂടെ സഞ്ചരിക്കുന്നത് പോലെയാണ്. 16 മണിക്കൂർ യാത്രയിൽ ട്രെയിൻ 29 പാലങ്ങളിലൂടെയും 21 തുരങ്കങ്ങളിലൂടെയും കടന്നുപോകുന്നു.
ഡെവിൾസ് നോസ് ട്രെയിൻ റൂട്ട്, ഇക്വഡോർ
ഇക്വഡോറിൽ 12 കിലോമീറ്റർ നീളമുള്ളൊരു മുട്ടാണിത്. രാജ്യത്തെ ഏറ്റവും മികച്ച റെയിൽവേ മാതൃക. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത 500 മീറ്ററോളം മുകളിലേയ്ക്ക് കയറി അതേ ദൂരം താഴേയ്ക്കും ഇറങ്ങുന്നു എന്നതാണ്. ലോലഹൃദയർ ഈ റൂട്ടിലൂടെ യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം.
വൈറ്റ് പാസ്, യുക്കോൺ റൂട്ട്, അലാസ്ക
1900 ൽ പണികഴിപ്പിച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമാണ് ഇതിനുള്ളത്. ഈ റൂട്ട് ഇരുപതാം നൂറ്റാണ്ടിന്റെ സ്വർണ്ണ ഖനികൾ പരിപാലിക്കുന്നതിനുള്ള പ്രധാന റെയിൽവേ പാതയായി രൂപം കൊണ്ടതാണ്. ഖനന വ്യവസായത്തിന്റെ തകർച്ചയോടെ, ഈ പാത 1982 ൽ അടച്ചുപൂട്ടൂകയും 1988 ൽ വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇന്ന് ഈ വഴി സ്കാഗ്‌വേയിൽ നിന്ന് കാർക്രോസിലേക്ക് 67 കിലോമീറ്റർ ദൂരമുണ്ട്, ഇത് പരുക്കനും കുത്തനെയുമുള്ള ചരിവുകളിലൂടെ കടന്നുപോകുന്നു, ഈ വഴിയിലെ മലഞ്ചെരുവുകളും ശക്തവുമാണ്.
കുറാണ്ട സിനിക് റെയിൽവേ, ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലെ കെയ്‌ൻസും കുറാണ്ടയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ 34 കിലോമീറ്റർ നീളമുള്ള റെയിൽവേ റൂട്ട് 15 തുരങ്കങ്ങളും 93 വലിയ വളവുകളും 40 ലധികം പാലങ്ങളും ചേർന്നതാണ്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റായ ബാരൺ ജോർജ്ജ് നാഷണൽ പാർക്കിലൂടെയാണീ തീവണ്ടിപ്പാത കടന്നു പോകുന്നത്.
ജോർജ്ജ്ടൗൺ ലൂപ്പ്, കൊളറാഡോ
ഈ പട്ടികയിലെ ഏറ്റവും പഴക്കം ചെന്ന റൂട്ടാണ് ഇത്. ഈ റൂട്ട് 1877 ലാണ് ഈ പ്രദേശത്തെ വെള്ളി ഖനികളിലേക്ക് പ്രവേശിക്കാനുള്ള ഉദ്ദേശ്യത്തോടെ നിർമ്മിച്ചത്. റോക്കി പർവതനിരയിലെ ജോർജ്ജ്ടൗൺ, സിൽവർ പ്ലൂം എന്നീ രണ്ട് പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. 1939 ൽ അടച്ചുപൂട്ടിയ ഈ ട്രാക്ക് പതിറ്റാണ്ടുകൾക്ക് ശേഷം 1984 ൽ ടൂറിസം ആവശ്യങ്ങൾക്കായി വീണ്ടും തുറന്നു. ഇത് വെറും 7 കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു ഹ്രസ്വ യാത്രയാണ്, എന്നാൽ ഈ ദൂരത്തിനുള്ളിൽ യാത്രക്കാർക്ക് ക്ലിയർ ക്രീക്ക് വാലി പാലങ്ങളിലൂടെയും ഡെവിൾസ് ഗേറ്റ് ഹൈ ബ്രിഡ്ജിലൂടെയും കടന്നുപോകേണ്ടി വരും.