ADVERTISEMENT

സിംഗപ്പൂരിലെന്തുണ്ടു കാണാൻ? സൗത്ത് ഈസ്റ്റ് ഏഷ്യയിലെ മറ്റു രാജ്യങ്ങളിൽ നിന്നെല്ലാം വ്യത്യസ്തം. എന്നാൽ അവയുടെയെല്ലാം സങ്കലനവും സിംഗപ്പൂരിലുണ്ട്.... കാണാൻ, പരിചയപ്പെടാൻ, ആസ്വദിക്കാൻ ഒട്ടേറെയുണ്ട്...

പോകാം, സിംഗപ്പൂരിലേക്ക് എന്നു പറഞ്ഞാൽ ഉടൻ ചോദ്യം വരും? എന്തിനു സിംഗപ്പൂർ? ഉത്തരങ്ങൾ ഒട്ടേറെ. 

.സിംഗപ്പൂർ ഭാവിയുടെ നാടാണ്. സാങ്കേതികവിദ്യ അന്നാട്ടിലെ ടൂറിസത്തിനു പകരുന്ന മിഴിവു നേരിട്ടറിയാം.

.സമ്പൂർണ ആസൂത്രിത രാജ്യമാണ്, നഗരമാണ്. എല്ലാം ചിട്ടപ്പടി. പൊതുഗതാഗതസംവിധാനം ‘െപർഫെക്ട്’. 100% വിശ്വാസ്യത.

.മാലിന്യമില്ലാത്ത നാട്. ‘ക്ലീൻ’. 

singapore

.ലോകത്തെ ഏറ്റവും മനോഹരമായ എയർപോർട്ടാണു സിംഗപ്പൂർ ചാംഗി. ഒരു ദിവസം മുഴുവൻ നടന്നു കണ്ടാലും തീരാത്തത്ര വിസ്മയങ്ങൾ.

.ഭക്ഷ്യവിരുന്നിന്റെ മാമാങ്കമാണ്. ലോകത്തെ സകലമാന വിഭവങ്ങളും സിംഗപ്പൂരിൽ കിട്ടും. 

.ഇന്ത്യയും ചൈനയും സമന്വയിക്കുന്ന നാട്. ലിറ്റിൽ ഇന്ത്യയും ചൈനാ ടൗണും രസകരം. 

.സുരക്ഷിതം. പാതയോരത്തു പൊലീസിനെ കാണാനില്ല. പക്ഷേ കുറ്റകൃത്യങ്ങൾ തീരെ കുറവ്. സ്ത്രീകൾക്ക് ഒറ്റയ്ക്കു പോകാവുന്ന നാട്.

.ഇംഗ്ലീഷ് സർവസാധാരണം. ദിശാബോർഡുകളിൽ തമിഴുമുണ്ട്.

സിംഗപ്പൂർ കാണാൻ ഒരാഴ്ചയൊന്നും വേണ്ട. നാലോ അഞ്ചോ ദിവസം മതിയാകും. 4 ദിന പരിപാടി

സിംഗപ്പൂർ ചെലവേറിയ ടൂറിസ്റ്റ് കേന്ദ്രമാണ്. പക്ഷേ ചുരുങ്ങിയ ചെലവിലും യാത്ര സാധ്യമാകും. കൊച്ചിയിൽനിന്നു ബജറ്റ് എയർലൈനുകളുണ്ട്. അതിൽ യാത്രയാവാം.

2 പേർക്ക് കുറഞ്ഞ ചെലവിൽ താമസം: 60 സിംഗപ്പൂർ ഡോളർ. 2 പേർക്ക് 3 നേരം ഭക്ഷണം ലഘുഭക്ഷണം: 50 സിംഗപ്പൂർ ഡോളർ.2 പേർക്ക് മെട്രോയിലും ബസ്സിലും ഒരു ദിവസത്തെ യാത്ര: 15 സിംഗപ്പൂർ ഡോളർ. വിവിധ കേന്ദ്രങ്ങളിൽ പ്രവേശന ടിക്കറ്റ്: 20 ഡോളർ. 2 പേർക്ക് ഒരു ദിവസത്തെ ആകെ ചെലവ് 145 ഡോളർ 

(7,710 രൂപ)

ഒന്നാം ദിനം: 

സിംഗപ്പൂർ സ്കൈലൈൻ, ഗാർഡൻസ് ബൈ ദ് ബേ, മറീന ബേ സാൻഡ്സ്, മെർലയൺ. 

അംബരചുംബികളുള്ള സിംഗപ്പൂർ സ്കൈലൈനിന്റെ ഭംഗി രാത്രി ആസ്വദിക്കുന്നതാണു നല്ലത്. സ്കൈലൈൻ––അംബരചുംബികൾ മനോഹരമാണ്. മറീന ബേ സാൻഡ്സിൽനിന്നു കാണണം.  ഗാർഡൻസ് ബൈ ദ് ബേ– കാഴ്ചകളുടെ വിരുന്നാണ് ഈ ഉദ്യാനത്തിൽ. സൂപ്പർ ട്രീ ഗ്രോവ്, സ്കൈവേ എന്നിവയും കാണാം. മറീൻ ബേ സാൻഡ്സ് –– 3 കൂറ്റൻ ടവറുകളുള്ള കെട്ടിടമാണ്. ഏറ്റവും മുകളിൽ നീന്തൽക്കുളം ഉൾപ്പെടെയുണ്ട്. വള്ളം തുഴഞ്ഞുപോകാവുന്ന ഇൻഡോർ കനാലുമുണ്ട്. ഹോട്ടൽ, മാൾ, കസീനോ, തിയറ്ററുകൾ എല്ലാം ഉൾപ്പെടുന്നതാണു മറീന. ഇതിന്റെ ഒബ്സർവേഷൻ ഡെക്കിൽനിന്നുള്ള കാഴ്ച വശ്യം. മെർലയൺ–– സിംഗപ്പൂരിന്റെ മുഖമുദ്രയാണ്. ഫോട്ടോകളിലൂടെ ലോകമെങ്ങും പരന്ന സിംഹപ്രതിമ

2–ാം ദിനം: 

ലിറ്റിൽ ഇന്ത്യ, റാഫിൾസ് ഹോട്ടൽ, ഓർച്ചഡ് റോഡ്, ചൈനാ ടൗൺ

ലിറ്റിൽ ഇന്ത്യ–– വർണാഭമായ വീടുകൾ. കൊതിപ്പിക്കുന്ന ഭക്ഷണം വിളമ്പുന്ന ഭക്ഷണശാലകൾ. മാരിയമ്മൻ ക്ഷേത്രം പോലുള്ള ആകർഷണങ്ങൾ വേറെയും.

റാഫിൾസ് ഹോട്ടൽ –– 1887ൽ തുറന്നതാണിത്. ഒട്ടേറെ ഹോളിവൂഡ് ചിത്രങ്ങളിൽ റാഫിൾസ് ഹോട്ടൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചാർലീ ചാപ്ലിൻ മുതൽ മൈക്കൽ ജാക്സൺ വരെയുള്ള അതിഥികൾ ഇവിടെ അന്തിയുറങ്ങിയവർ.

ഓർച്ചഡ് റോഡ് –– ശരിക്കും വിനോദകേന്ദ്രം. മാളുകൾ, മ്യൂസിയങ്ങൾ, ഭക്ഷണശാലകൾ

ചൈനാ ടൗൺ –– ഹോക്കർ സെന്ററുകൾ എന്നറിയപ്പെടുന്ന ഫൂഡ് മാളുകളിൽ ഭക്ഷണം കഴിക്കാം, കഴിക്കണം. ചൈനാ ടൗൺ കോംപ്ലക്സിലെ ചന്ത ഒന്നു കാണേണ്ടതുതന്നെ. മീനും ഇറച്ചിയും പച്ചക്കറികളും കിട്ടുന്ന 470 സ്റ്റാളുകളാണുള്ളത്. 

3–ാം ദിനം: 

ആർട് സയൻസ് മ്യൂസിയം, സിംഗപ്പൂർ മൃഗശാല, നൈറ്റ് സഫാരി, ലൂമിന റെയിൻഫോറസ്റ്റ്

ആർട് സയൻസ് മ്യൂസിയം––കുട്ടികൾ അന്തംവിടും. അത്രയ്ക്കുണ്ട് എന്റർടെയ്ൻമെന്റ്. കടലാസിൽ പടംവരച്ച് ഒരു യന്ത്രത്തിലേക്ക് ഇട്ടുകൊടുത്താൽ നമ്മൾ വരച്ച പടം കൂറ്റൻ‍ സ്ക്രീനിൽ ഒഴുകി നടക്കുന്ന കഥാപാത്രമാകും. ശാസ്ത്രവിസ്മയങ്ങൾ കാഴ്ചയ്ക്കു വിസ്മയങ്ങളാകുന്ന ഇടം.

സിംഗപ്പൂർ മൃഗശാല––ലോകത്തിലെ മികച്ച മനുഷ്യനിർമിത മഴക്കാടാണ്. അതിൽ നിറയെ മൃഗങ്ങൾ. രാത്രി ഇതിലൂടെ സഫാരിയുണ്ട്. കുട്ടികൾക്കു നന്നേ രസിക്കും. 

ലൂമിന റെയിൻ ഫോറസ്റ്റ് –– ലൂമിന റെയിൻ ഫോറസ്റ്റ് മഴക്കാടിന്റെ ഭാഗംതന്നെ. പക്ഷേ രാത്രി അതിലൂടെയുള്ള നടത്തം സമ്മാനിക്കുന്നത് മൾട്ടിമീഡിയ,, ഡിജിറ്റൽ എന്റർടെയ്ൻമെന്റാണ്. പാറക്കെട്ടുകളിലും മരങ്ങളിലുമെല്ലാം പ്രത്യക്ഷപ്പെടുന്ന മൃഗങ്ങളും ജീവികളുമെല്ലാം മൾട്ടിമീഡിയ, ലേസർ സൃഷ്ടികൾ.

4–ാം ദിനം: 

സെന്റോസ ദ്വീപ്, അണ്ടർവാട്ടർ വേൾഡ് അക്വേറിയം, യൂണിവേഴ്സൽ സ്റ്റുഡിയോ

സെന്റോസ–– അഴകൊഴുകുന്ന ബീച്ചുകൾ. മനുഷ്യനിർമിതമാണ്. വാട്ടർ സ്പോർട്സും ഗോകാർട്ടിങ്ങിനു സമാനമായ വിനോദങ്ങളുമെല്ലാമുണ്ട്. മെഴുകു മ്യൂസിയവും ആകർഷകം. അക്വേറിയം–– കുടുംബങ്ങൾക്ക് ആസ്വദിക്കാൻ കടൽക്കാഴ്ചകളുടെ ചാകരയാണ്. എല്ലാത്തരം മത്സ്യങ്ങളും നീന്തിത്തുടിക്കുന്നതു അടുത്തുനിന്നു കാണാം, ചിത്രങ്ങളെടുക്കാം.

യൂണിവേഴ്സൽ സ്റ്റുഡിയോ ––റിസോർട്ട് വേൾഡ് സെന്റോസയുടെ 49 ഏക്കറിൽ പരന്നു കിടക്കുകയാണു സ്റ്റുഡിയോ. ഒരു ദിവസം മുഴുവൻ കാണാനുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com