സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മനോഹര നഗരം
Mail This Article
ജോര്‍ജിയയുടെ തലസ്ഥാനവും ഇവിടുത്തെ ഏറ്റവും വലിയ നഗരവുമായ ടിബിലിസി അഥവാ 'തിഫ്‌ലിസ്' സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മനോഹര നഗരമാണ്. ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് ദിനംപ്രതിയെന്നോണം കൂടിക്കൊണ്ടിരിക്കുന്നു.
കുറാനദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ടിബിലിസിയില്‍ ഏകദേശം 1.5 മില്യനോളം ആളുകള്‍ വസിക്കുന്നതായാണ് കണക്ക്. അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ നഗരം പിന്നീട് 29 തവണയോളം പുതുക്കിപ്പണിതു! വലിയ ഇടുങ്ങിയ ഇടവഴികളും ചെറിയ മുറ്റങ്ങളോടെ നിർമ്മിച്ച വലിയ വീടുകളും നിറഞ്ഞ ടിബിലിസി ലോക സഞ്ചാരികളെ സംബന്ധിച്ചിടത്തോളം തികച്ചും മനോഹരമായ ഒരു അനുഭവമായിരിക്കും. ഇവിടെയെത്തുമ്പോള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതും അനുഭവിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നോക്കാം.
1. പഴമയിലൂടെ ഒരു നടത്തം
പഴയ ആര്‍ട്ട് ഷോപ്പുകളും വൈന്‍ ഹൗസുകളും വീടുകളില്‍ നടത്തുന്ന ഗസ്റ്റ് ഹൗസുകളുമെല്ലാം ചേര്‍ന്ന് എത്ര കണ്ടാലും മതിവരാത്ത ഒരു തനിമയുണ്ട് ഈ നാടിന്. ചുമ്മാ നടന്നു കാണുന്നതു തന്നെ മനോഹരമായൊരു അനുഭവമാണ്.
2. സള്‍ഫര്‍ ബാത്ത്
പഴയ പട്ടണത്തിന്റെ നടുവിലുള്ള അബനോടുബാനി ജില്ലയിലാണ് പ്രസിദ്ധമായ സൾഫർ ബാത്ത് നടത്താനുള്ള സൌകര്യമുള്ളത്. ഇവിടെ ഒരു ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിച്ച ശേഷം റിലാക്സ് ചെയ്ത് തിരിച്ചു പോകാം, പ്രത്യേകിച്ച് തണുപ്പുള്ള മാസങ്ങളില്‍ വലിയൊരു ആശ്വാസമാണിത്. ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന സ്ഥാപനങ്ങളാണ് ഇവ. ടിബിലിസിയുടെ തുടക്കകാലം മുതല്‍ക്കേയുള്ള സംവിധാനമാണിത്.
3. ഹോളി ട്രിനിറ്റി കത്തീഡ്രല്‍
പള്ളികള്‍ക്ക് ഒരു ക്ഷാമവും ഇല്ലാത്ത രാജ്യമാണ് ജോര്‍ജിയ. റ്റ്ബിലിസിയിലെ ഏറ്റവും വലിയ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പ്രാദേശികമായി അറിയപ്പെടുന്നത് സമേബ എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കത്തീഡ്രലായ ഇതിനു 97.5 മീറ്റര്‍ ആണ് ഉയരം.
4. റ്റാറ്റ്സ്മിന്‍ഡ പാര്‍ക്ക്
ടിബിലിസിയുടെ ഏറ്റവും ഉയർന്ന പ്രദേശത്താണ് ഈ പാര്‍ക്ക്. അതുകൊണ്ടുതന്നെ മറ്റു വിനോദങ്ങള്‍ക്കൊപ്പം ചുറ്റുമുള്ള നഗരത്തിന്‍റെ മനോഹരമായ കാഴ്ചയും ഇവിടെ നിന്നും കാണാം. 770 മീറ്റർ ഉയരത്തിലാണ് ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. 100 ഹെക്ടറിലധികം വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ വാട്ടർ സ്ലൈഡുകൾ, റോളർ-കോസ്റ്റർ, മലയുടെ അറ്റത്തായി ഫെറിസ് വീല്‍ എന്നിവയെല്ലാം സജ്ജീകരിച്ചിരിക്കുന്നു. റോപ്വേ റെയില്‍വേയായ ഫ്യൂണിക്കുലാര്‍ വഴിയോ ബസ് വഴിയോ ഇവിടെയെത്താം.
5. കാന്‍ഡിയും ലോക്കല്‍ ഭക്ഷണവും
ചർച്ച്‌ചെല, തക്ൽപി എന്നിങ്ങനെ രണ്ടുതരം കാന്‍ഡികള്‍ ആണ് ജോര്‍ജിയയില്‍ പ്രധാനമായും ഉള്ളത്. തെരുവരികുകളിലെ പഴയ ബാബുഷ്കകളിലാണ് ഇവ ഉണ്ടാക്കുന്നത്. വലിയ കടക്കാര്‍ ഇവരില്‍ നിന്നും അത് വാങ്ങിച്ച് വില്‍പ്പനയ്ക്ക് വെക്കുന്നു. ടിബിലിസിയില്‍ എവിടെ നോക്കിയാലും ഇത്തരത്തിലുള്ള കടകള്‍ കാണാം.
വീഗന്‍ ഭക്ഷണരീതി പിന്തുടരുന്ന ആളുകള്‍ ആണ് ജോര്‍ജിയയില്‍ കൂടുതല്‍. അതുകൊണ്ടു തന്നെ ധാരാളം വെജിറ്റേറിയന്‍/വീഗന്‍ കഫേകള്‍ ഇവിടെ കാണാം. ചൈനീസ്, മെക്സിക്കന്‍, തായ് ഭക്ഷണങ്ങളും കിട്ടും. മുട്ടയും ചീസും ബ്രഡും ഉപയോഗിച്ച് ഉണ്ടാക്കുന്ന 'ഖച്ചപുരി'യാണ് ഇവിടെ ഏറ്റവും കൂടുതലായി കിട്ടുന്ന വിഭവം. രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ പല പല രൂപത്തില്‍ ഇത് ഉണ്ടാക്കുന്നു.
6. മദര്‍ ജോര്‍ജിയ കേബിള്‍ കാര്‍ യാത്ര
നഗരത്തിലേക്ക് ദൃഷ്ടികള്‍ പായിച്ചു കൊണ്ട് ഏറ്റവും ഉയരമുള്ള പ്രദേശത്താണ് മദര്‍ ജോര്‍ജിയയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. സിറ്റിയുടെ കിഴക്കന്‍ ഭാഗത്തു നിന്നും കേബിള്‍ കാറില്‍ ഇവിടെയെത്താം. ഈ യാത്രയില്‍ കാണാവുന്ന പുരാതനമായ നഗരക്കാഴ്ചകളും അവിസ്മരണീയമായ അനുഭവമായിരിക്കും.
ടിബിലിസിയിലെത്താന്‍
ഇന്ത്യയില്‍ നിന്നും ടിബിലിസിയിലേക്ക് ഫ്ലൈറ്റ് സര്‍വീസ് ഉണ്ട്. എയര്‍പോര്‍ട്ട് ടെർമിനലിന് പുറത്തു നിന്നും N37 ബസിലാണ് പോകേണ്ടത്. ഓരോ 35 മിനിറ്റ് കൂടുമ്പോഴും ബസുണ്ട്.