ഒരു വർഷം കൊണ്ട് 15 സ്ഥലങ്ങളില്‍ പോയാല്‍ ഇനി കാശ് സര്‍ക്കാര്‍ ഇങ്ങോട്ടു തരും!
Mail This Article
സാധാരണക്കാരെ സംബന്ധിച്ച് യാത്ര ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന രണ്ടു കാര്യങ്ങളാണ് യാത്രയ്ക്കായുള്ള പണച്ചെലവും സമയവും. എങ്ങനെയെങ്കിലും സമയമുണ്ടാക്കി യാത്ര ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും! അടിപൊളി സ്കീം, അല്ലേ? ദേശീയ ടൂറിസം ദിനത്തോടനുബന്ധിച്ച് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ ആണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. കൊണാർക്കിൽ എഫ്‌സിസിയുമായി ചേർന്ന് ഒഡീഷ സർക്കാർ സംഘടിപ്പിച്ച ദ്വിദിന ദേശീയ ടൂറിസം സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
രാജ്യത്തിനകത്തുള്ള ഏതെങ്കിലും 15 സ്ഥലങ്ങളില്‍ ഒരു വര്‍ഷത്തിനിടെ യാത്ര ചെയ്ത് വെബ്സൈറ്റിലേക്ക് ചിത്രങ്ങള്‍ നല്‍കുന്നവര്‍ക്കാണ് ഇതിന്‍റെ ഫലം ലഭിക്കുക. സ്വന്തം സംസ്ഥാനത്തിന് പുറമെയുള്ള സ്ഥലങ്ങള്‍ ആണ് ഇതിനായി സന്ദര്‍ശിക്കേണ്ടത്.
2022 ഓടെ ഓരോ ആളും ഇന്ത്യയിലെ 15 വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും സഞ്ചരിച്ചിരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ 'പര്യാതൻ പർവ്' സംരംഭത്തിന്‍റെ ലക്ഷ്യം. ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷ്യം പൂർത്തീകരിച്ചവർക്ക് പ്രതിഫലം നൽകാനാണ് ടൂറിസം മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'ധനപരമായ നേട്ടമായിട്ടല്ല, മറിച്ച് പ്രോത്സാഹനമായിട്ടാണ് ഇത് കണക്കാക്കേണ്ടത്. ഇന്ത്യൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാരായി കണ്ട് ഈ വ്യക്തികളെ ബഹുമാനിക്കേണ്ടതുണ്ട്' - മന്ത്രി പറഞ്ഞു.
കൊണാർക്കിലെ സൂര്യക്ഷേത്രം 'ഐക്കോണിക് സൈറ്റുകളുടെ' പട്ടികയിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. ഈ പ്രഖ്യാപനം നടത്തുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കും. ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കായി ടൂറിസം മന്ത്രാലയം സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു വരുന്നുണ്ട്.
ഇന്ത്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി അതാതു സംസ്ഥാനങ്ങളില്‍ കൂടുതല്‍ ട്രെയിനുകള്‍ ഇറക്കുന്ന കാര്യവും ടൂറിസം മന്ത്രാലയത്തിന്‍റെ പരിഗണനയിലുണ്ട്.