കൊറോണ പോലെയല്ലെങ്കിലും സമാനമായ പ്രതിസന്ധികൾ യാത്രയിലുണ്ടായി: അഞ്ജലി തോമസ്
Mail This Article
യാത്രകളെ ജീവനുതുല്യം സ്നേഹിക്കുന്ന ആളാണ് അഞ്ജലി തോമസ്. ഒറ്റയ്ക്കുള്ള യാത്രകളോടാണ് പ്രണയം. ഏതു പ്രതിസന്ധികളെയും തരണം ചെയ്തുകൊണ്ടുള്ള ഒാരോ യാത്രയും മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിക്കുകയെന്നാണ് അഞ്ജലി പറയുന്നത്. 69 ലേറെ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച അഞ്ജലിയെ ഒറ്റയ്ക്ക് ഉലകം ചുറ്റുന്ന സ്ത്രീ എന്ന പേരിലാണ് ലോകം അറിയുന്നത്. സഞ്ചാരികൾ മടിച്ചു പിന്നോട്ടു മാറുന്ന കാട്ടിലും മലമുകളിലുമൊക്കെ ധൈര്യത്തോടെ യാത്രചെയ്യാൻ തയാറാണ് അഞ്ജലി. ഇപ്പോൾ കൊറോണ കാരണം യാത്ര മുടങ്ങുന്നത് വിഷമമുണ്ടാക്കുന്നുണ്ടെങ്കിലും തന്നെയാണെന്ന് ഇൗ സാഹചര്യത്തെ നേരിടാൻ ലോകം മുഴുവനും ഒറ്റക്കെട്ടായി നിൽക്കണമെന്നും ഗവൺമെന്റിന്റെ എല്ലാ നിർദേശങ്ങളും പാലിക്കണമെന്നും അഞ്ജലി പറയുന്നു.
‘കൊറോണ പാൻഡെമിക് ഒരു യാഥാർഥ്യമാണ്, ഇൗ മഹാമാരിയെ ശ്രദ്ധയോടെയും ജാഗ്രതയോടെയും പരിഗണിക്കണം. നൂറുകണക്കിന് സഞ്ചാരികളുടെ പദ്ധതികളാണ് കൊറോണ കാരണം റദ്ദു ചെയ്യേണ്ടിവന്നത്. ഇപ്പോൾ ഞാൻ ദുബായിൽ സെൽഫ് - ഐസലേഷണിലാണ്. കൊറോണ കാലം കഴിയുന്നതു വരെ അപൂർവമായി മാത്രമേ പുറത്തുപോകൂ എന്ന് പ്രതിജ്ഞയെടുത്തിട്ടുണ്ട്. നിങ്ങളോരോരുത്തരും അതുപോലെ പ്രതിജ്ഞയെടുക്കണം, ഈ മോശം കാലം കടന്നുപോകുന്നതുവരെ സ്വയം നിയന്ത്രിച്ച് വീടുകളിൽ കഴിയുമെന്ന പ്രതിജ്ഞ.
സത്യം പറഞ്ഞാൽ ഇവിടുത്തെ ഒറ്റപ്പെടൽ എനിക്ക് വിരസതയോ വിഷാദമോ ആയി അനുഭവപ്പെടുന്നില്ല. സാമൂഹിക ഇടപെടൽ ഒന്നുതന്നെ ഇല്ലാത്ത ഇൗ സാഹചര്യത്തെ ഞാൻ കാര്യമാക്കുന്നില്ല. കാരണം ഞാൻ ഇത്തരം സാഹചര്യങ്ങളുമായി പരിചിതയാണ്. എന്നാൽ പലർക്കും സാധ്യമാകാത്ത ഒരു കാര്യമാണ് വീടിനുള്ളിൽ അടച്ചുപൂട്ടി ഇരിക്കുകയെന്നത്. ഇൗ മഹാമാരിയിൽ നിന്നു മുക്തിനേടണമെങ്കിൽ നാമെല്ലാവരും അത് ചെയ്തേ മതിയാകൂ.
ദുബായ് സ്ഥിതിഗതികൾ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടെ ഒരു സാനിറ്റൈസേഷൻ ഡ്രൈവും ഒരു രാത്രി കർഫ്യൂവും ഉണ്ട്, പുറത്തു പോകാനും മറ്റും അനുവാദം ഉണ്ടെങ്കിലും അവശ്യഘട്ടങ്ങളിൽ മാത്രമാണ് പലരും പുറത്തിറങ്ങുന്നത്. എല്ലായിടത്തും സ്ഥിതിഗതികൾ ഇതുപോലെ തന്നെയാണെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ പുറത്തുകടക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് എന്റെ ഉപദേശം. കാരണം, മറ്റൊരാൾക്ക് അപകടസാധ്യത സൃഷ്ടിക്കുന്ന വ്യക്തിയാകാൻ നിങ്ങള്‍ ശ്രമിക്കരുത്.
ഈ ഒരു കാലം നമുക്ക് നമ്മുടേതായ കുറച്ചു കാര്യങ്ങളിലേക്ക് ചുരുങ്ങാൻ ശ്രമിക്കാം. എഴുതാനും പാചകം ചെയ്യാനുമാണ് ഞാൻ ഈ സമയം ഉപയോഗിക്കുന്നത്. ഞാൻ യാത്ര ചെയ്യുമ്പോൾ, ആ സ്ഥലത്തെ ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ റെസിപ്പി കൂടെ കൊണ്ടുപോരും. വീട്ടിൽ വന്ന് അത് പരീക്ഷിക്കാറുണ്ട്. ഇപ്പോൾ പാചകത്തിലൂടെ പോയ സ്ഥലത്തിന്റെ ഒാർമയിലേക്ക് സഞ്ചരിക്കുകയാണ് ഞാൻ.
യാത്രയിലെ അനുഭവം
കൊറോണ പോലെയല്ലെങ്കിലും സമാനമായ ചില പ്രതിസന്ധികൾ യാത്രയിൽ എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. അതിൽ ഒന്ന് ഇസ്താംബുളിൽ 2016 ജൂൺ 29 ന് അറ്റാറ്റുർക്ക് വിമാനത്താവള ആക്രമണത്തിനിടെയായിരുന്നു. ഞാൻ അക്കാലത്ത് ഇസ്താംബുളിലുണ്ടായിരുന്നു. പ്രതിസന്ധി നേരിട്ട സമയമായിരുന്നു അത്. ഫ്ലൈറ്റുകൾ റദ്ദാക്കി. തിരിച്ചു പോരാനാകാതെ ഒരാഴ്ച കൂടി അവിടെ നിൽക്കേണ്ടി വന്നു. കുറച്ച് വിഷമിച്ച സമയമായിരുന്നു അത്. ശരിക്കും ഒറ്റപ്പെട്ടുപോയി.
ജീവിതം പ്രവചനാതീതമാണ്. 2013 ൽ നെയ്‌റോബി മാൾ സ്ഫോടനം നടന്നപ്പോൾ നിർഭാഗ്യവശാൽ ഞാൻ അവിടെ ഒരു സഫാരിയിലായിരുന്നു. കാര്യങ്ങൾ മോശമായതിനാൽ മൂന്നു ദിവസത്തേക്ക് മടങ്ങാൻ അനുവദിച്ചില്ല. എന്റെ ഫ്ലൈറ്റ് മിസ്സ് ആവുകയും ചെയ്തു. വളരെ നാളുകളായി ഞാൻ യാത്ര ചെയ്യുന്നുണ്ടെങ്കിലും കൊറോണയുടെ അവസ്ഥ പോലെ ഒന്നു കണ്ടിട്ടില്ല. ഇങ്ങനെയൊരു അവസ്ഥ ഇതാദ്യമാണ്. ഇൗ സമയത്ത് ആശങ്കയെക്കാൾ ജാഗ്രതയോടെ ഇരിക്കാം, എവിടെയാണോ നിങ്ങിളിപ്പോൾ ഉള്ളത് അവിടെ സുരക്ഷിതരായി തുടരാം. വളരെ ശ്രദ്ധയോടുകൂടി നാം ഓരോരുത്തരും മുന്നോട്ടു നീങ്ങേണ്ട സമയമാണിത്.