ADVERTISEMENT

ഗാലപ്പഗോസ് എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ ആദ്യം ഓര്‍മ വരുന്നത് പരിണാമ ശാസ്ത്രത്തിന്‍റെ പിതാവായ ചാൾസ് ഡാർവിന്റെ പേരാണ്. 1835ൽ അഞ്ചാഴ്ച മാത്രമാണ് അദ്ദേഹം ഗാലപാഗോസിൽ താമസിച്ചിരുന്നത് എങ്കിലും പരിണാമ സിദ്ധാന്തം വികസിപ്പിക്കുന്നതില്‍ അതിനുള്ള പങ്ക് വളരെ വലുതായിരുന്നു. ഡാര്‍വിന്റെ പരിണാമത്തെ കുറിച്ചുള്ള 'ഒറിജിന്‍ ഓഫ് സ്പീഷീസി'ല്‍ ഈ ഭൂഭാഗത്തെ പറ്റി പരാമര്‍ശമുണ്ട്.

എല്ലാ സഞ്ചാരികളും ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഇടമാണ് ഗാലപ്പഗോസ് ദ്വീപുകള്‍. തെക്കേ അമേരിക്കയിലെ ഇക്വഡോറില്‍ നിന്നും 600 മൈല്‍ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപസമൂഹം 19 ദ്വീപുകളുടെ ഒരു കൂട്ടമാണ്. ഇതില്‍ 13 എണ്ണം വലുതും 6 എണ്ണം ചെറുതുമാണ്. വിസ്തീര്‍ണ്ണമാകട്ടെ 17,000 ചതുരശ്ര മൈലോളം വരും. ജൈവവൈവിധ്യം കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന ഗാലപ്പഗോസില്‍ വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ്. അപൂര്‍വ്വമായ നിരവധി സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഇവിടം. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകള്‍ ഒട്ടനവധി സഞ്ചാരികളെയാണ് ഇങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.

galapagos-islands1

നടക്കാം, നീന്തിത്തുടിക്കാം!

എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തിലാണ് ഗാലപ്പഗോസ് എന്ന ദ്വീപ്‌ സമൂഹത്തിലെ അനുഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കടലിലും കാട്ടിലുമെല്ലാം സമയം ചെലവഴിക്കാം, വേണമെന്നുണ്ടെങ്കില്‍ സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാം!

ട്രെക്കിങ് ആണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു വിനോദം. ഒപ്പം വന്യജീവികളുടെയും പ്രകൃതിദൃശ്യങ്ങളുടെയും അദ്ഭുതകരമായ ചിത്രങ്ങൾ പകര്‍ത്താം. കാടും കാട്ടുജീവികളെയും കാണിച്ചു തരാനായി ഗാലപ്പഗോസ് ദേശീയ ഉദ്യാനം ഗൈഡുകളെ നിയോഗിച്ചിട്ടുമുണ്ട്.കടലിനടിയിലെ വിസ്മയലോകത്തിലൂടെ കൈപിടിച്ച് കൊണ്ടുപോകാന്‍ സ്നോർക്കെലിംഗും ഒരുക്കിയിട്ടുണ്ട് ഇവിടെ. കടല്‍സിംഹങ്ങളെയും പെന്‍ഗ്വിനുകളെയും ഒക്കെ അടുത്ത് കാണാന്‍ കിട്ടുന്ന അവസരമാണ് ഇത്.ഇവ കൂടാതെ കണ്ടല്‍കാടുകള്‍ക്കിടയിലൂടെയുള്ള കയാക്കിംഗും കടലിലെ ജീവികളെ തൊട്ടുരുമ്മിക്കൊണ്ട് സ്കൂബ ഡൈവിംഗുമെല്ലാം ചെയ്യാനുള്ള സൗകര്യവും ഇവിടെ ധാരാളമുണ്ട്.

കടലിനുള്ളിലെ മായിക ലോകം!

ഗാലപ്പഗോസില്‍ ഏകദേശം 2,900 ലധികം സമുദ്ര ജീവികള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. അവയിൽ 25% ഭൂമിയില്‍ മറ്റൊരിടത്തും കാണാത്തതും വംശനാശഭീഷണി നേരിടുന്നതുമായ അപൂര്‍വ്വ ഇനം ജീവികളാണ്. ഗാലപ്പഗോസ് പെൻ‌ഗ്വിനുകൾ (ഉത്തരാർദ്ധഗോളത്തിൽ നിന്നുള്ള ഒരേയൊരു പെൻ‌ഗ്വിൻ ഇനം), ഗാലപ്പഗോസ് കടൽ സിംഹങ്ങൾ, ഇഗുവാനകൾ, തിമിംഗലങ്ങൾ, ചുറ്റിക തലയന്‍ സ്രാവുകൾ, തിമിംഗല സ്രാവുകൾ എന്നിവയാണ് ഇവിടത്തെ ഏറ്റവും ശ്രദ്ധേയമായ ജലജീവികള്‍.

കടല്‍ത്തട്ടില്‍ നിന്നും മുളച്ചുവന്ന ദ്വീപുകള്‍

ഭൂമിശാസ്ത്രപരമായി നോക്കിയാലും അത്ഭുതമുണര്‍ത്തും ഗാലപ്പഗോസ് ദ്വീപുകള്‍. ഇവിടത്തെ ഏറ്റവും വലിയ ദ്വീപുകളായ ഇസബെലയും ഫെർണാണ്ടീനയും ഏകദേശം ഒരു ദശലക്ഷം വർഷത്തോടടുത്ത് പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. കടല്‍ത്തട്ടില്‍ മൂന്ന് ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേർന്ന് ഉണ്ടായ അഗ്നിപർവ്വത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇവ ഉണ്ടായതത്രേ. 

ഇക്വഡോർ,വൂൾഫ്,ഡാർവിൻ,അൽസെഡോ,സിറ നെഗ്ര, സെറോ അസോൾ എന്നിങ്ങനെ ആറ് അഗ്നി പർവതങ്ങളും ഈ ദ്വീപിൽ ഉണ്ട്. ഇവയിൽ ചിലത് ഇപ്പോഴും സജീവമാണ്. ഭൂകമ്പ ലാവയാൽ രൂപപ്പെട്ടിട്ടുള്ള ഏഴു ദ്വീപുകളാണ് ഇവിടെയുള്ളത്. 

ഡാര്‍വിന്‍റെ ഹാരിയറ്റ് 

1835-ൽ ചാൾസ് ഡാർവിനും സംഘവും പരിണാമസിദ്ധാത്തെ പറ്റിപഠിക്കാൻ ഗാലപ്പഗോസ് ദ്വീപുകൾ സന്ദർശിച്ചപ്പോള്‍ കിട്ടിയ ആമയായിരുന്നു ഹാരിയറ്റ്. അവിടെ നിന്നും അവര്‍  ഈ ആമയെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുവന്നു. ആയുസ്സിന്‍റെ റെക്കോർഡിൽ മൂന്നാം സ്ഥാനത്തുള്ള ഈ ആമ ഏകദേശം 175 വർഷത്തോളം ജീവിച്ചിരുന്നു. ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം പോലെതന്നെ പ്രശസ്തമായ ഒരു പേരാണ് 'ഹാരിയറ്റ്' എന്നതും. എന്നാല്‍ ഈ കഥ വിശ്വസിക്കാത്ത ആളുകളും ധാരാളമുണ്ട്.

ഗാലപ്പഗോസിലെത്താന്‍

ഗാലപ്പഗോസ് ദ്വീപുകളിലേക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ ലഭ്യമല്ല. ഇക്വഡോറിന്‍റെ തലസ്ഥാനമായ ഗ്വായാക്വിലിലോ ക്വിറ്റോയിലോ വേണം വിമാനമിറങ്ങാന്‍. ഗാലപ്പഗോസ് എന്നത് ഒരു സംരക്ഷിത ദേശീയ ഉദ്യാനമായതിനാലാണ് വിമാന കമ്പനികൾക്ക് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്വഡോറിലെ ഭരണകൂടം ദ്വീപുകളിലെ ആകെ ഭൂമിയുടെ 97% ദേശീയോദ്യാനത്തിന്‍റെ പരിധിയിലാണ് പെടുത്തിയിരിക്കുന്നത്. വെറും 3% ഭൂമി മാത്രമാണ് തദ്ദേശവാസികൾക്ക് നല്‍കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com