ADVERTISEMENT

നോബിയെ എല്ലാ മലയാളികള്‍ക്കും അറിയാം. കോമഡിയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ ആളാണ് നോബി മാർ‌ക്കോസ്. സ്വതസിദ്ധമായ ചിരിയും സംഭാഷണശൈലിയുമെല്ലാം നോബിയെ വ്യത്യസ്തനാക്കുന്നു. നോബി എന്തുപറഞ്ഞുവന്നാലും നമുക്കൊക്കെ ചിരിക്കാനുള്ള വക അതിലുണ്ടാകുമെന്നുറപ്പ്. ഈ കൊറോണക്കാലത്ത് നമ്മളെല്ലാവരും മിസ് ചെയ്യുന്നൊരു പ്രധാന കാര്യം യാത്രയാണ്. എവിടെയും പോകാനാകാതെ വീട്ടിൽ കുടുങ്ങിപ്പോയ മനുഷ്യർ.

ഇനിയെന്നാണ് ആ അതിമനോഹരമായ യാത്രാസ്വപ്‌നങ്ങളിലേയ്ക്ക് നമ്മള്‍ തിരികെപ്പോകുക എന്നുപോലും ചിന്തിക്കാനാകാത്ത സ്ഥിതി. നോബിയോട് യാത്രകളെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ സ്ഥിരം ചിരിയോടെ പറഞ്ഞത് ഇല്ല എന്ന്. അതെന്താ അങ്ങനെയെന്നാണോ, നോബി പറയുന്നത് കേള്‍ക്കാം.

‘പ്രോഗ്രാമുകള്‍ക്കും മറ്റുമായി നിരവധി രാജ്യങ്ങളിലേക്ക് യാത്ര പോയിട്ടുള്ളയാളാണ് ഞാന്‍. ഷോയ്ക്ക് ശേഷം എല്ലാവരും സമയം കിട്ടുമ്പോള്‍ ചുറ്റിയടിക്കാന്‍ പോകുമെങ്കിലും ഞാന്‍ എവിടെയും പോകില്ല. റൂമില്‍ തന്നെ ഇരിക്കും. അതാണ് എനിക്കിഷ്ടം. എന്താണ് അങ്ങനെയെന്നു ചോദിച്ചാല്‍ ഞാന്‍ അങ്ങനെയാണ്. സുഹൃത്തുക്കൾ നിര്‍ബന്ധിച്ചാല്‍ അവരോടൊപ്പം യാത്ര പോകും. ഒരിക്കല്‍ കലിഫോര്‍ണിയയില്‍ ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ബിജു മേനോന്‍ തന്ന പണിയുടെ കഥ പറയാം.

ബിജു മേനോന്‍ കൊടുത്ത പണി

ബിജു മേനോന്‍, ഷാഫി, അടിമാലി ബിനു, രാജേഷ് പറവൂര്‍, പിന്നെ ഞാനും.. അങ്ങനെ ഒത്തിരിപ്പേര്‍ ഉള്ള ഒരു ഗ്രൂപ്പായിരുന്നു. കലിഫോര്‍ണിയയിലും മിയാമിയിലുമായിട്ടായിരുന്നു ഷോ. ഒരു ദിവസം പരിപാടിക്കിടെ കുറച്ചുസമയം ഫ്രീയായി കിട്ടിയപ്പോള്‍ എല്ലാവരും കലിഫോര്‍ണിയയിലെ ബെവെര്‍ലി ഹില്‍സ് എന്ന വളരെ പ്രശസ്തമായ ഫിലിം സിറ്റി കാണാന്‍ പോകാന്‍ തീരുമാനിച്ചു. എല്ലാവരും റെഡിയായി ഇറങ്ങിയപ്പോള്‍ ബിജു മേനോന്‍ പറഞ്ഞു പുള്ളി വരുന്നില്ലെന്ന്. അതെന്താ ബിജുചേട്ടാ വരാത്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ കറങ്ങിനടക്കാന്‍ താല്‍പര്യമില്ലെന്നും റൂമിലിരിക്കാമെടാ എന്നുപറഞ്ഞു. ഞാനാണെങ്കില്‍ അത് കേള്‍ക്കാന്‍ നോക്കിയിരിക്കുകയായിരുന്നു. അങ്ങനെ ബിജു ചേട്ടന് കൂട്ടായി ഞാനും റൂമിലിരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ ബിനുവും രാജേഷും പോകുന്നില്ലെന്ന് പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ നാലും അവിടെയിരിക്കുമ്പോള്‍ ഷാഫി സാര്‍ ഞങ്ങളെ വിളിക്കാന്‍ വന്നു. ബിജു ചേട്ടന്‍ വരാത്തതുകൊണ്ട് ഞങ്ങളും വരുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പുറത്തുപോകാനായി റെഡിയായി വന്ന ഷാഫിസാറും ഞങ്ങള്‍ക്കൊപ്പം ഇരുന്നു. വൈകുന്നേരം എല്ലാവരും പുറത്തൊക്കെ പോയി ഫിലിം സിറ്റിയൊക്കെ കണ്ട കഥ പറയാന്‍ തുടങ്ങി. അതുകേട്ടപ്പോള്‍ ഞങ്ങള്‍ക്ക് ആകെ വിഷമമായി. ഞാന്‍ ബിജുചേട്ടനോട് നമുക്കും പോകാമായിരുന്നു അവിടെ എന്നു പറഞ്ഞു. അപ്പോള്‍ പുള്ളി പറഞ്ഞത്, അതു ശരിയാവില്ലെടാ അവിടെ ചെന്നാല്‍ കുറേ നടക്കാനുണ്ട്. അതാ ഞാന്‍ പോകാഞ്ഞത് എന്നു പറഞ്ഞു. അത് ചേട്ടനെങ്ങന അറിയാമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി പറയുവാ ഞാന്‍ അവിടെ മുമ്പ് പോയിട്ടുണ്ടെന്ന്. ഇതുകേട്ടതും ബിനുവും രാജേഷും തലയ്ക്ക് കൈകൊടുത്ത് ഇരുന്നുപോയി. പുള്ളിക്കു കൂട്ടിരിക്കാന്‍ വേണ്ടി പോവാതിരുന്ന ഞങ്ങള്‍ അപ്പോ ആരായി? പിന്നീട് ഈകാര്യം പറഞ്ഞ് ഞങ്ങളെ കുറേനാള്‍ എല്ലാവരും കളിയാക്കി.

സ്വിറ്റ്‌സര്‍ലന്‍ഡിലെ ആപ്പിളുകള്‍

ഭൂമിയിലെ സ്വര്‍ഗ്ഗമായ സ്വിറ്റ്‌സര്‍ലന്‍ഡിലും ഒരിക്കല്‍ പ്രോഗ്രാമിനായി ഞാന്‍ പോയിട്ടുണ്ട്. ശരിക്കും സ്വര്‍ഗ്ഗം തന്നെയാണവിടം. മഞ്ഞുമൂടിയ മലനിരകളൊക്കെ കാണാന്‍ തന്നെ രസമാണ്. നല്ല തണുപ്പുള്ള സമയമായിരുന്നു ഞങ്ങളുടെ യാത്ര. അവിടെ താമസിച്ചിരുന്ന ഹോട്ടലില്‍ ഉണ്ടായ ഒരു സംഭവം പറയാം. നാട്ടില്‍ ഹോട്ടലിന്റെ റിസപ്ഷനില്‍ അതിഥികള്‍ക്കായി മിഠായിയൊക്ക വയ്ക്കില്ലേ. എങ്കില്‍ അവിടെ മിഠായിക്കു പകരം ആപ്പിളാണ് വച്ചിരുന്നത്. റിസപ്ഷനിലും ലിഫ്റ്റിനടുത്തും റൂമിലേയ്ക്ക് തിരിയുന്ന കോണിലുമെല്ലാം ആപ്പിള്‍ വച്ചിട്ടുണ്ടാകും.

ഞങ്ങള്‍ ഓരോ പ്രാവശ്യം പോകുമ്പോഴും അതില്‍നിന്ന് ആപ്പിള്‍ എടുക്കും. വെറുതെ കിട്ടുന്ന നല്ല ഒന്നാന്തരം ആപ്പിള്‍ ആരെങ്കിലും വേണ്ടെന്ന് വയ്ക്കുമോ. ഇടയ്ക്ക് റൂം കീ ചാര്‍ജ് ചെയ്യാനാണ് എന്നൊക്കെ കള്ളം പറഞ്ഞ്  റിസപ്ഷനിൽ വന്നിട്ട് ആപ്പിള്‍ എടുക്കുമായിരുന്നു. ഒരു പ്രാവശ്യം ലിഫ്റ്റിനടുത്ത് വച്ചിരുന്ന പാത്രത്തിലെ ആപ്പിള്‍ മുഴുവന്‍ ഞങ്ങള്‍ അങ്ങ് എടുത്തു. പിന്നെ നോക്കുമ്പോള്‍ അവിടെ ആപ്പിള്‍ ഇല്ല.

റിസപ്ഷനില്‍ ചെന്നപ്പോള്‍ അവിടേയും ഇല്ല. ഞങ്ങള്‍ നാലഞ്ചുദിവസം ആ ഹോട്ടലില്‍ തങ്ങിയിരുന്നു. ഞങ്ങളുടെ ആപ്പിള്‍ തീറ്റ കണ്ട് പേടിച്ചിട്ടാണോ എന്നറിയില്ല, ആ ഹോട്ടലുകാര്‍ ഞങ്ങള്‍ പോകുന്നതുവരെ അവിടെ ആപ്പിള്‍ വച്ചില്ല. ഞങ്ങള്‍ ചെക്ക്ഔട്ട് ചെയ്യുന്ന ദിവസം വീണ്ടും റിസപ്ഷനില്‍ ആപ്പിള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സംഭവം ഞങ്ങള്‍ക്കും പിടികിട്ടി, ഇതു നമ്മളെ പേടിച്ചിട്ടു തന്നെയായിരുന്നുവെന്ന്.  ഇപ്പോൾ ആപ്പിൾ കാണുമ്പോൾ ചിലപ്പോഴെങ്കിലും സ്വിറ്റ്സർലൻഡ് യാത്ര ഒാർക്കും. മറക്കാനാവാത്ത നല്ലൊരു യാത്രയായിരുന്നത്. കലാകാരനായതിനാൽ സ്വദേശത്തും വിദേശത്തുമടക്കം നിരവധിയിടങ്ങളിലേക്ക് യാത്ര പോകാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com