ഇൗ നാട്ടിൽ പഴങ്ങളും പച്ചക്കറികളും വീടുകളില്‍ എത്തിക്കുന്നത് ഇൗ നായക്കുട്ടി
Mail This Article
വളരെ സൗഹാർദ്ദപരമായി പെരുമാറുന്ന ജനങ്ങളും പച്ചപ്പിന്റെ സൗന്ദര്യം വാരിപ്പൂശി നിൽക്കുന്ന വനങ്ങളും ശ്വസിക്കുന്ന വായുവിനെ പോലും തന്റെ അഭൗമായ സൗന്ദര്യത്താൽ വശീകരിക്കുന്ന കടലുകളും പഴയ സ്പാനിഷ് കോളനിയുടെ പ്രൗഢിയുമെല്ലാം സംഗമിക്കുന്ന ഭൂമിയാണ് കൊളംബിയ.
ബൊഗോട്ട, മെഡെലൻ, കാലി, കാർട്ടജീന പോലുള്ള മനോഹരമായ നഗരങ്ങൾ ഉള്ള കൊളംബിയ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. വർണ്ണാഭമായ ബാരൻക്വില്ല കാർണിവലിൽ പങ്കു ചേരാനും സിയറ നെവാഡ ഡി സാന്താ മാർട്ട പർവതനിരയുടെയും ടെയ്‌റോണ നാഷനൽ പാർക്കിന്റെയും പ്രകൃതിഭംഗി ആസ്വദിക്കാനുമൊക്കെയായി നിരവധി സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. ആരോഗ്യ സംരക്ഷണ രംഗത്തെ പ്രഫഷനലുകളുടെ ഉയര്‍ന്ന ഗുണനിലവാരം മൂലം , ഹെല്‍ത്ത് ടൂറിസത്തിന്‍റെ കാര്യത്തിൽ ലാറ്റിനമേരിക്കയിലെ പ്രധാന സ്ഥാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജ്യം കൂടിയാണ് കൊളംബിയ.
ഇപ്പോൾ കൊളംബിയയുടെ താരം വായില്‍ കടിച്ചു പിടിച്ച കുട്ടയുമായി തെരുവുകളിലൂടെ ഓടി നടക്കുന്ന ഈറോസ് എന്ന സൂപ്പര്‍ ക്യൂട്ട് നായക്കുട്ടിയാണ്. മെഡെലനിലുള്ള എൽ പോർവെനീർ മിനി മാർക്കറ്റില്‍ നിന്നു പഴങ്ങളും പച്ചക്കറികളും മറ്റും ഇപ്പോള്‍ വീടുകളിലേക്ക് ഡെലിവറി ചെയ്യുന്നത്, ചോക്ലേറ്റ് നിറമുള്ള ഈ എട്ടു വയസ്സുകാരന്‍ ലാബ്രഡോര്‍ റിട്രീവര്‍ ആണ്. സാധനങ്ങളുമായി വാതില്‍ക്കല്‍ വന്നു നില്‍ക്കുന്ന ഓമനത്തം തുളുമ്പുന്ന ഈറോസിനെ കാണുമ്പോള്‍ത്തന്നെ നഗരവാസികളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയും!
ഈ കൊറോണക്കാലത്ത് ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാനാണ് ഇത്തരമൊരു മാര്‍ഗം അവലംബിച്ചതെന്ന് ഈറോസിന്‍റെ ഉടമയായ മരിയ നാറ്റിവിഡാഡ് ബോട്ടെരോ പറയുന്നു. മകന്‍റെ നിര്‍ബന്ധപ്രകാരം ദത്തെടുത്ത ഒരു നായക്കുട്ടി ഇത്ര വലിയ ഒരു ഹീറോ ആയി മാറുമെന്ന് മരിയ ഒരിക്കലും കരുതിയിരുന്നില്ല. നാലു വര്‍ഷം മുന്നേ അയല്‍നഗരമായ ട്യൂലിപ്പെയ്ന്‍സില്‍ ഇവരുടെ കുടുംബം ഒരു മിനി മാര്‍ക്കറ്റ് ആരംഭിച്ചു. അവിടെ നിന്നുള്ള സാധനങ്ങളുടെ ഡെലിവറിക്കായി വീടുകളിലേക്ക് പോകുന്ന സമയത്ത് കൂടെക്കൂടി തുടങ്ങിയതാണ് ഈറോസ്.
വീടുകളുടെ വിലാസം വായിക്കാനൊന്നും ഈറോസിനറിയില്ല; എന്നാല്‍, തന്നെ അഭിനന്ദിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്ത ആള്‍ക്കാരെ അവന്‍ ഒരിക്കലും മറക്കില്ല. വീട്ടുകാര്‍ നല്‍കിയ പരിശീലനത്തിലൂടെ വിവിധ വീടുകളില്‍ എങ്ങനെ പോകണമെന്ന് ഈറോസ് വളരെപ്പെട്ടെന്നു തന്നെ പഠിച്ചെടുത്തു. സ്ഥിരം ഉപഭോക്താക്കളായ അഞ്ചാറു പേരുടെ പേരുകളും ഈറോസിനറിയാം. സാധനങ്ങള്‍ വീടുകളില്‍ കൊണ്ട് കൊടുക്കുമ്പോള്‍ അതിന്‍റെ വില അവര്‍ മരിയയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും, ഇതാണ് രീതി. എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ ലോകമാകെ പ്രശസ്തി നേടിയിരിക്കുകയാണ് ഈറോസ്.
ദിവസവും മൂവായിരത്തിലധികം പുതിയ കൊറോണ കേസുകള്‍ ആണ് കൊളംബിയയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന് സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദ്ദേശമുണ്ട്. പുറത്തേക്കിറങ്ങാന്‍ കഴിയുന്ന ദിനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.