വെള്ളച്ചാട്ടത്തിനടിയില്‍ കുഞ്ഞ് സൂര്യനെപോലെ ജ്വലിക്കുന്ന കെടാവിളക്ക്!
Mail This Article
പാല്‍നുര പോലെ പാറകളില്‍ തട്ടിത്തടഞ്ഞ് താഴേക്കൊഴുകുന്ന വെള്ളച്ചാട്ടം. അതിനിടയില്‍ ഒരു കുഞ്ഞു സൂര്യനെപ്പോലെ ജ്വലിക്കുന്ന, അത്ര പെട്ടെന്നൊന്നും കെടാത്ത ഒരു തീജ്വാല. ഈ കാഴ്ച കാണാന്‍ പോരുന്നോ? പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ചെസ്റ്റ്നട്ട് റിഡ്ജ് പാര്‍ക്കിലുള്ള എറ്റേണല്‍ ഫ്ലെയിം വെള്ളച്ചാട്ടത്തിനടിയിലാണ് ഈ അദ്ഭുത കാഴ്ച കാണാന്‍ കഴിയുക.
വെള്ളച്ചാട്ടത്തിന്‍റെ അടിഭാഗത്തായി പ്രകൃതിവാതകം പുറപ്പെടുവിക്കുന്ന ചെറിയ ഗുഹ പോലെയുള്ള ഭാഗമുണ്ട്. ഇതാണ് തീജ്വാലയുടെ ഉറവിടം. ഏതാണ്ട് വർഷം മുഴുവനും ദൃശ്യമാണ് ഈ കാഴ്ച. 'നിത്യമായ തീജ്വാല' എന്നാണു പേരിനു അര്‍ത്ഥമെങ്കിലും ഇടയ്ക്കിടെ ഇത് കെട്ടുപോകാറുണ്ട്.
എറി കൗണ്ടിയിലെ എയ്റ്റീന്‍മൈൽ ക്രീക്കിനും വെസ്റ്റ് ബ്രാഞ്ച് കാസെനോവിയ ക്രീക്കിനുമിടയിലായി സ്ഥിതി ചെയ്യുന്ന മലനിരകളുടെ വടക്ക് ഭാഗത്തായി 1213 ഏക്കറിലാണ് ചെസ്റ്റ്നട്ട് റിഡ്ജ് പാർക്ക് സ്ഥിതി ചെയ്യുന്നത്. മൈലുകൾ നീണ്ട കാൽനടയാത്രകള്‍ക്കും സൈക്ലിംഗിനും ഇവിടം ഏറെ അനുയോജ്യമാണ്. കളിസ്ഥലങ്ങളും ടെന്നീസ് കോർട്ടുകളും പിക്നിക് സൗകര്യങ്ങളും ഷെൽട്ടറുകളും എന്നിവ ഉൾക്കൊള്ളുന്ന ഒരു മികച്ച പിക്നിക് കേന്ദ്രമാണ് ഇവിടം. പാർക്കിന്‍റെ അതിർത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് പാർക്കിന്‍റെ തെക്കേ അറ്റത്തു നിന്നും നേരിട്ട് പ്രവേശിക്കാം.
വെള്ളച്ചാട്ടത്തിനരികില്‍ എത്തുമ്പോള്‍ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം , എങ്ങും ചീഞ്ഞ മുട്ടയുടെ മണമാണ് എന്നതാണ്. ഇവിടെ നിന്നും പുറത്തേക്കു വരുന്ന പ്രകൃതിവാതകത്തിന്‍റെ ഗന്ധമാണത്. പാറയ്ക്കുള്ളിലെ ജീവജാലങ്ങളുടെ വിഘടന സമയത്ത് ഉൽപാദിപ്പിക്കപ്പെടുന്ന വാതകങ്ങൾ സമ്മർദ്ദം മൂലം വിള്ളലുകളിലൂടെയും പാറയ്ക്കുള്ളിലെ അയഞ്ഞ പാളികളിലൂടെയും പുറത്തേക്ക് തള്ളപ്പെടുന്നു. ഇങ്ങനെ ഉള്ള ഒരു വലിയ വിള്ളലാണ് എറ്റേണൽ ഫ്ലെയിം വെള്ളച്ചാട്ടത്തിനകത്ത് ഉള്ളത്.
ഇങ്ങനെ വാതകം പുറത്തേക്കുവരുന്ന ചെറിയ രണ്ടു വിള്ളലുകള്‍ കൂടി ഈ വെള്ളച്ചാട്ടത്തിന് ചുറ്റുമായി ഉണ്ട്. അവ കണ്ടെത്തുന്നതും ഇതേപോലെ തീജ്വാലയായി തെളിയിക്കുന്നതും അത്ര എളുപ്പമല്ല. ചിലയിടങ്ങളില്‍ പാറകളുടെ ഉപരിതലത്തില്‍ കുമിളകള്‍ പൊങ്ങി വരുന്നതും കാണാം.
മഴയും മഞ്ഞുരുക്കത്തെയും ആശ്രയിച്ചാണ് എറ്റേണല്‍ ഫ്ലെയിം വെള്ളച്ചാട്ടത്തിന്‍റെ നിലനില്‍പ്പ്. സാധാരണയായി വസന്തത്തിന്‍റെ തുടക്കത്തിലോ അല്ലെങ്കിൽ കനത്ത മഴയ്ക്ക് ശേഷമോ ആണ് ഇവിടെ ജലം നിറയുന്നത്. ഈയടുത്ത കാലത്തായി നിരവധി സഞ്ചാരികള്‍ ഈ അദ്ഭുത കാഴ്ച കാണാനായി മാത്രം ഇവിടെയെത്താറുണ്ട്.
English Summary: Eternal Flame Falls in Newyork