ADVERTISEMENT

ചുരുങ്ങിയ നാളുകൾ‌ കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരസുന്ദരിയാണ് അശ്വതി നായർ. അഭിനയം മാത്രമല്ല  മോഡലിങ് രംഗത്തും മികവ് തെളിയിച്ച നർത്തകി കൂടിയാണ് അശ്വതി. പ്രോഗ്രാം പ്രോഡ്യൂസറായി കരിയർ ആരംഭിച്ച താരം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇൗ പുതുമുഖ നടിയെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അശ്വതി നായരുടെ കൂടുതൽ വിശേഷങ്ങളിലേയ്ക്ക്.....

aswathy-travel1

കൊറോണ ഒാണം

ഇത്തവണത്തെ ഒാണം ശരിക്കും ആഘോഷിച്ചത് കൊറോണയാണ്. സത്യത്തിൽ ആ വില്ലനെ പേടിച്ചിട്ട് പുറത്തേക്കെങ്ങും പോകാനായില്ല. ഒാണവും ആഘോഷവുമൊക്കെ വീടിനുള്ളിലായിരുന്നു. എനിക്ക് അഭിനയവും മോഡലിങുമൊക്കെ ഒരുപാട് ഇഷ്ടമാണ്. ഇൗ ഇഷ്ടങ്ങൾക്കെല്ലാം നിറം കൂട്ടുന്നത് എന്റെ യാത്രകളാണ്. പുതുകാഴ്ചകൾ തേടി ചുറ്റിയടിക്കാൻ ഒരുപാട് ഇഷ്ടമാണ്. എല്ലാത്തവണയും ഒാണക്കാലത്ത് യാത്രകൾവപതിവായിരുന്നു. എന്നാൽ ഇത്തവണ അതു സാധ്യമായില്ല. എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കുടുംബവുമൊത്ത് സദ്യവട്ടങ്ങൾ ഒരുക്കി വീടിനുള്ളിൽ ആഘോഷിച്ചു. അതും വേറൊരു അനുഭവം തന്നെയായിരുന്നു. യാത്രകൾ നടത്താൻ സാധിച്ചില്ലെങ്കിലും എന്റെ പാഷനായ കുറച്ച് ഫോട്ടോഷൂട്ടൊക്കെ നടത്തിയിരുന്നു. 

aswathy-travel

രാജ്യം മുഴുവനും കൊറോണയുടെ പിടിയിലമരുമ്പോൾ കഴിവതും നമ്മൾ യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് അനുസരിച്ചും സാമൂഹിക അകലം പാലിച്ചും മുഖാവരണം ധരിച്ചും ഇടയ്ക്ക് കൈകൾ ശുചിയായി കഴുകിയും കൊറോണയിൽ നിന്നു രക്ഷനേടാം.സത്യത്തിൽ ഇങ്ങനെ ഒരു അവസ്ഥ വന്നതുകൊണ്ട് മിക്കവർക്കും മുൻപുപോയ യാത്രകളെക്കുറിച്ചും  ചെലവഴിച്ച ദിവസങ്ങളെക്കുറിച്ചും ഒാർക്കാനും സന്തോഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 

ashwathi-trip12

ജോലിയാണ് യാത്ര

മീഡിയയുമായി ബന്ധമുള്ള ജോലിയായതിനാൽ ഷൂട്ടിന്റെ ഭാഗമായി പല സ്ഥലത്തും പോകണം. ആ യാത്രയൊക്കെ ഞാൻ ട്രിപ്പാക്കി മാറ്റുമായിരുന്നു. പോകുന്ന സ്ഥലങ്ങളൊക്കെയും ഞാൻ ആസ്വദിക്കാറുണ്ട്. കേരളത്തിലടക്കം ഇന്ത്യയിൽ നിരവധിയിടങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്.

aswathy-travel8

പ്രണയ വിവാഹം

എന്റേത് പ്രണയ വിവാഹമായിരുന്നു. അഞ്ചു വർ‌ഷം നീണ്ട പ്രണയത്തിനൊടുവിൽ ഞങ്ങൾ ഒന്നിച്ചു. വിവാഹ ശേഷം വിദേശരാജ്യങ്ങളിലടക്കം ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. ഞങ്ങൾക്ക് പോകുവാൻ ഏറ്റവും ഇഷ്ടം മാഞ്ചസ്റ്ററാണ്. എന്റെ ഭർത്താവ് ഫുട്ബോൾ കളിക്കാരനാണ്.

aswathy-travel7

പുള്ളിക്കാരനെ കണ്ടനാൾ മുതൽ ഞാൻ കേൾക്കുന്നതാണ് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ പോകണം എന്നുള്ളത്, അവിടെ പോയിരുന്ന് ഫുട്ബോൾ മാച്ച് കാണണമെന്നുള്ളതാണ് സ്വപ്നം. പറഞ്ഞ് പറഞ്ഞ് എനിക്കും ഇപ്പോൾ പോകണം എന്നായി.

aswathy-travel6

കൂടുംബത്തോടൊപ്പമാണ് യാത്രകള്‍

ഞാൻ ഏറ്റവുമധികം യാത്രകൾ നടത്തിയിട്ടുള്ളത് എന്റെ കുടുംബത്തോടൊപ്പമാണ്. കുട്ടിക്കാലം മുതൽ അച്ഛൻ ഞങ്ങളെ ഒരുപാട് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. എനിക്ക് ഒരു ചേച്ചി ഉണ്ട്, ഞാനും ചേച്ചിയും അമ്മയും എല്ലാ യാത്രയിലുമുണ്ടാകുമായിരുന്നു. ഇന്ത്യയിലെ മിക്ക സ്ഥലങ്ങളും ഞങ്ങൾ കണ്ടിട്ടുണ്ട്. അതിന്റെ മുഴുവൻ ക്രെഡിറ്റും എന്റെ അച്ഛനു മാത്രമാണ്. എനിക്ക് ഒരുപാട് ഇഷ്ടമായത് കശ്മീര്‍ യാത്രയായിരുന്നു. അവിടുത്തെ മനോഹാരിത വർണിക്കാനാവില്ല. സ്വർഗമാണെന്നു തന്നെ തോന്നിപ്പോകും.

aswathy-travel2

എനിക്കേറ്റവും പ്രിയപ്പെട്ട മറ്റൊരു ഇടം ശ്രീനഗറാണ്. ഞാനും അച്ഛനും അമ്മയും ചേച്ചിയും അച്ഛന്റെ സുഹൃത്തുക്കളും അവരുടെ ഫാമിലിയുമൊക്കെയുള്ള അടിപൊളി ട്രിപ്പായിരുന്നു. കുറച്ചധികം ദിവസം ഞങ്ങൾ ശ്രീനഗറിൽ ചെലവഴിച്ചു. ശ്രീനഗര്‍ സന്ദര്‍ശിക്കുന്നവരെല്ലാം ഒരു പോലെ പറയുന്നു ഒന്നുണ്ട്‌- ‘ഭൂമിയിലൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത്‌ ഇതാണ്‌’. ആ വാക്കുകൾ ശരിയാണെന്ന് ആർക്കും തോന്നും. അത്രയ്ക്കും ഭംഗിയാണ്. ശ്രീനഗര്‍ മനോഹരങ്ങളായ തടാകങ്ങളാലും പൂന്തോട്ടങ്ങളാലും പ്രശസ്‌തമാണ്‌. ഇവിടുത്തെ ഹൗസ്‌ ബോട്ടുകളാണ്‌ മറ്റൊരു ആകര്‍ഷണം.

aswathy-travel3

മറ്റൊരു ഇഷ്ടയാത്ര

ഞാനും ഭർത്താവും പോയ ബാലിയായിരുന്നു മറ്റൊരു ഇഷ്ടയാത്ര. ബാലിയും സൂപ്പർ ഡെസ്റ്റിനേഷനാണ്. ‘ദൈവങ്ങളുടെ ദ്വീപ്‌’ എന്ന് ബാലിയെ വിളിക്കുന്നത് വെറുതെയല്ല. സംസ്കാരവും അവിടുത്തെ സ്ഥലങ്ങളുടെ സൗന്ദര്യവുമൊക്കെ പ്രത്യേക വൈബാണ്.

aswathy-travel4

പ്രകൃതിയും ശാന്തമായ കടലോരങ്ങളും ആളുകളും സമ്പല്‍സമൃദ്ധിയുമെല്ലാം ബാലിയെ വേറിട്ടു നിര്‍ത്തുന്നു. ബാലിയിലെ ഷോപ്പിങ്ങും വസ്ത്രധാരണവും കാഴ്ചകളുമൊക്കെ വേറിട്ട അനുഭവമാണ്. എവിടെ യാത്ര പോയാലും അവിടുത്തെ ഡ്രെസിങ് ഞാൻ പരീക്ഷിക്കാറുണ്ട്.

aswathy-travel5

ദാൽ തടാകത്തിൽ ഒഴുകുന്ന ബോട്ടിലെ താമസം

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ തടാകങ്ങളിലൊന്നാണ് ദാല്‍. ആ തടാകത്തിൽ ഫ്ളോട്ടിങ് ബോട്ടിൽ താമസിക്കാനുള്ള അവസരം അച്ഛൻ ഒരുക്കിത്തന്നു. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. ശിക്കാര ബോട്ടുകള്‍ ദാല്‍ തടാകത്തിലൂടെ സഞ്ചരിച്ച് സഞ്ചാരികള്‍ക്ക് നവ്യാനുഭവം സമ്മാനിക്കുന്നുണ്ട്. രസകരമായി അലങ്കരിച്ചതാണ് ഫ്ളോട്ടിങ് ബോട്ടുകൾ. ഞങ്ങളോട് ആ ബോട്ടിലെ ആൾ ചോദിച്ചു ദാൽ തടാകത്തിലൂടെ രാത്രി ചെറിയ വഞ്ചിയിൽ യാത്ര ചെയ്യാൻ  ധൈര്യമുണ്ടോ എന്ന്.

aswathy-travel3

ആരും സമ്മതം മൂളില്ല കാരണം തടാകം കാണുമ്പോൾ തന്നെ ഭയം തോന്നും. അതും രാത്രിയിൽ വെള്ളത്തിനോട് നിലംപറ്റിയ വഞ്ചിയിലേറിയുള്ള യാത്ര. വെളിച്ചം പോലും ഉണ്ടാകില്ല. എനിക്ക് ഇത്തിരി സാഹസികത ഇഷ്ടമുള്ളതുകൊണ്ട് പോകണെമെന്നു വാശിപിടിച്ചു. അങ്ങനെ ഞാനും അച്ഛനും രാത്രി വഞ്ചിയിൽ ദാൽ തടാകത്തിലൂടെ യാത്ര നടത്തി. സത്യത്തിൽ ഭയം തോന്നിയെങ്കിലും ആ അനുഭവം പറഞ്ഞറിയിക്കാൻ സാധിക്കില്ല.

െഡ്രെവിങ് ടു ഡെസ്റ്റിനേഷൻ

ഡ്രൈവിങ് എനിക്ക് ഒരുപാട് ഇഷ്ടമാണ്. കാറിലും ബൈക്കിലും യാത്ര പോകാറുണ്ട്. സുഹൃത്തുക്കളുടെ ഒപ്പമുള്ള യാത്രയെങ്കിൽ കാറാണ് തിരഞ്ഞെടുക്കുന്നത്. ജോലിയും തിരക്കുമൊക്കെയായി മനസ്സ് വല്ലാതെ അസ്വസ്ഥമാകുമ്പോൾ ചെറു ട്രിപ്പുകൾ പോകാറുണ്ട്. റോഡ് ട്രിപ് എനിക്കിഷ്ടമാണ്. മൂന്നാർ, ബെംഗളൂരു അങ്ങനെയൊക്കെ റോഡ് ട്രിപ് പോകാുണ്ട്. ഒറ്റയ്ക്കാണു യാത്രയെങ്കിൽ ഫോൺ ഒാഫ്ചെയ്ത് സമാധാനപരമായി യാത്ര നടത്തും. ജോലിയുടെ എല്ലാ ടെൻഷനും ആ യാത്ര തുടച്ചു മാറ്റും.

English Summary: CelebrityTravel Experience Ashwathy Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com