ADVERTISEMENT

കൊറോണ വൈറസ് ലോകത്തു പല മാറ്റങ്ങളും വരുത്തി. ഓരോ ദിവസവും മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പ്രകൃതിയുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് വലിയ മാറ്റങ്ങൾ തന്നെയാണ്. ഹോങ്കോങ്ങിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത വംശനാശഭീഷണി നേരിടുന്ന പിങ്ക് ഡോൾഫിനുകളുടെ എണ്ണത്തിൽ വർധന ഉണ്ടായിരിക്കുന്നു എന്നാണ്. 

ഹോങ്കോങ്ങിനും മക്കാവുവിനുമിടയിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ യാത്ര ചെയ്യുന്നവർക്ക് വളരെ അപൂർവമായി മാത്രം കാണാൻ കിട്ടുന്ന  കാഴ്ചയായിരുന്നു പിങ്ക് ഡോൾഫിനുകൾ. ഈ ഡോൾഫിനുകളെ കാണാൻ വേണ്ടി മാത്രം ബോട്ട് സർവീസുകൾ ഇവിടെ നടത്തുന്നുണ്ടായിരുന്നു. ഹോങ്കോങ് ടൂറിസത്തിന്റെ ഒരു ഭാഗം കൂടിയാണ് പിങ്ക് ഡോൾഫിൻ കാഴ്ച. 

ചൈനീസ് വൈറ്റ് ഡോൾഫിൻ എന്നാണ് പിങ്ക് ഡോൾഫിൻ അറിയപ്പെടുന്നത്. ഹോങ്കോങ്– മക്കാവു ബോട്ട് സർവീസ് തൽക്കാലം നിർത്തിവച്ചിരിക്കുന്നതിനാൽ വൻതോതിൽ ഈ ഡോൾഫിനുകൾ ഹോങ്കോങ്ങിലേക്ക് മടങ്ങുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ഇന്തോ-പസിഫിക് മേഖലയിൽ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ഒരു ഇനമാണ് ഹം‌പ്ബാക്ക് ഡോൾഫിൻ. ലോക്ഡൗൺ കാരണം നിരവധി മാസങ്ങളായി ജലഗതാഗതം ഇല്ലാതിരുന്നതിനാൽ, സമുദ്ര അന്തരീക്ഷം മെച്ചപ്പെടുകയും വെള്ളം ശുദ്ധമാകുകയും ചെയ്തതോടെ ഈ ജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെട്ടു. ശല്യമില്ലാതെ വിഹരിക്കാനാകുമെന്നുവന്നതോടെ അവ തിരിച്ചെത്തുകയും ചെയ്തു.

ഹോങ്കോങ്ങിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണിത്. നിലവിൽ ബോട്ട് സർവീസുകൾ ഇല്ല എങ്കിലും ഡോൾഫിനുകളുടെ കാഴ്ച വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കും എന്നതിനാൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ഭരണകൂടം. പതിയെ വിനോദസഞ്ചാര മേഖലയിൽ പുതിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഹോങ്കോങ്. അതുകൊണ്ട് താമസിയാതെ ഡോൾഫിനുകളെ കാണാനുള്ള പ്രത്യേക ബോട്ട് സർവീസുകൾ ഇവിടെ ആരംഭിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അടുത്ത ഹോങ്കോങ്ങ് സന്ദർശനവേളയിൽ ഈ അപൂർവ കാഴ്ചയ്ക്ക് സാക്ഷികളാകും സഞ്ചാരികൾ.

English Summary: Indo-Pacific Humpback Dolphin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com