കടലിനടിയിൽ ചില്ലുമുറിയില്‍ മീനുകളെയും നീരാളികളെയും കണ്ട് താമസിക്കാം!
Mail This Article
ജലത്തിനടിയില്‍ നിർമിച്ച കൊട്ടാരങ്ങളെക്കുറിച്ച് കഥകളില്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു മുറിയില്‍ ഒരു രാത്രി മുഴുവന്‍ ചെലവഴിക്കുന്നത് ഒന്നോര്‍ത്തു നോക്കൂ. ജലത്തിനും നിങ്ങള്‍ക്കുമിടയില്‍ സുതാര്യമായ ഒരു ചില്ലുപാളി മാത്രം. നീരാളികളും മറ്റനേകം മത്സ്യങ്ങളും നീന്തിത്തുടിക്കുന്നതും സസ്യവൈവിധ്യവുമെല്ലാം നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയിരിക്കാം. ഒരു അക്വേറിയത്തിനുള്ളില്‍ താമസിക്കുന്നതുപോലെയുള്ള ഈ അപൂര്‍വ്വ അനുഭവം ഒരുക്കുന്നത് ടാന്‍സാനിയയിലെ സാന്‍സിബാറിലെ പെമ്പ ദ്വീപിലുള്ള മാന്‍റ റിസോര്‍ട്ടാണ്. ഇവിടെ ഇന്ത്യന്‍ മഹാസമുദ്രത്തിനടിയില്‍ നിർമിച്ച മുറിയില്‍ സഞ്ചാരികള്‍ക്ക് താമസിക്കാം.
സ്വീഡിഷ് കമ്പനിയായ ജെന്‍ബര്‍ഗ് അണ്ടര്‍വാട്ടര്‍ ഹോട്ടല്‍സ് ആണ് ഈ സ്വപ്നസമാനമായ മുറി രൂപകല്‍പ്പന ചെയ്തത്. മാന്‍റ റിസോര്‍ട്ടില്‍ മൂന്നു തട്ടുകളിലായാണ് ഈ വിസ്മയം നിര്‍മ്മിച്ചിരിക്കുന്നത്. ജലനിരപ്പില്‍ നിന്നും നാലു മീറ്റര്‍ താഴെയായാണ് കടല്‍ക്കാഴ്ചകള്‍ ഒരുക്കുന്ന ബെഡ്റൂം വരുന്നത്. രാത്രിയില്‍ കടലിനടിയിലെ കാഴ്ചകള്‍ കാണാനായി ഓരോ ജനാലയ്ക്ക് സമീപവും പ്രത്യേക സ്പോട്ട്ലൈറ്റ് ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.
ജലനിരപ്പില്‍ നിന്നും ഏറ്റവും മുകളിലുള്ള ഭാഗത്താവട്ടെ സണ്‍ബാത്ത്, നക്ഷത്രനിരീക്ഷണം മുതലായവയ്ക്കുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. താഴെയുള്ള ബെഡ്റൂമിനും മുകള്‍ഭാഗത്തുള്ള ഡക്കിനും ഇടക്കായി ഒരു ലിവിംഗ് സ്പേസ് കൂടി ഉണ്ട്.
ഇത്രയും മനോഹരമായ ഒരു അനുഭവത്തിന് വിലയും അല്‍പ്പം കൂടുതലാണ്. ഒരു രാത്രിക്ക് രണ്ടുപേര്‍ക്ക് ഏകദേശം 1840 യുഎസ് ഡോളർ (ഏകദേശം 1,34,817 രൂപ) ആണ് ഇപ്പോഴത്തെ നിരക്ക്. ഒരാള്‍ ആണെങ്കില്‍ ഇത് 520 ഡോളര്‍ മുതല്‍ 650 ഡോളര്‍ വരെ (ഏകദേശം 38,097 രൂപ മുതൽ 47,621 രൂപ വരെ). സന്ദര്‍ശിക്കുന്ന സമയം അനുസരിച്ച് ഇതു വ്യത്യാസപ്പെടാം. പാൻകേക്ക്, മുട്ട, ബേക്കൺ, ഫ്രഷ് ഫ്രൂട്ട് പ്ലേറ്റർ, ടാൻസാനിയൻ കോഫി തുടങ്ങി രുചികരമായ വിഭവങ്ങളാണ് ഇവിടെ സഞ്ചാരികള്‍ക്കായി വിളമ്പുന്നത്. കൂടാതെ പൂള്‍, ബീച്ച് മുതലായ സൗകര്യങ്ങളും ഉണ്ട്.
സഞ്ചാരികള്‍ക്ക് ഏറെ സുരക്ഷ ഉറപ്പാക്കുന്ന പ്രദേശമാണ് സാന്‍സിബാര്‍. സഞ്ചാരികള്‍ക്കായി ആറു വ്യത്യസ്ത ക്ലാസുകളില്‍ ഉള്ള താമസസൗകര്യം ഇവിടെ ലഭ്യമാക്കുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ സ്വാഹിലി തീരത്ത് സ്ഥിതി ചെയ്യുന്നതും റിസോര്‍ട്ട് സ്ഥിതിചെയ്യുന്നതുമായ പെമ്പ ദ്വീപാകട്ടെ, 'ഹരിതദ്വീപ്' എന്നാണറിയപ്പെടുന്നത്.
പരമ്പരാഗത വൈദ്യശാസ്ത്രത്തിനും മന്ത്രവാദത്തിനുമുള്ള കേന്ദ്രമെന്ന നിലയിലാണ് പെമ്പ ശ്രദ്ധേയമായത്. മുൻ വർഷങ്ങളിൽ രാഷ്ട്രീയ അക്രമങ്ങളും എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും കാരണം ഇവിടേക്ക് ആരും വന്നിരുന്നില്ല. ഒമാനിൽ നിന്ന് കുടിയേറിയ അറബ് സമൂഹവും യഥാർത്ഥ വാസ്വാഹിലി നിവാസികളുടെയും ഒരു മിശ്രിതമാണ് ഇവിടത്തെ ജനസമൂഹം.
ഡൈവിംഗ്, നീന്തല്‍, പവിഴപ്പുറ്റുകള്‍, സമൃദ്ധമായ സമുദ്ര ആവാസവ്യവസ്ഥ എന്നിവയ്ക്ക് പ്രശസ്തമാണ് പെമ്പ. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
English Summary : The Underwater Room