പാറ വെട്ടിയൊരുക്കിയ വീട്; സഞ്ചാരികള്‍ക്ക് കൗതുകമാണ് ഇൗ കാഴ്ച
Mail This Article
സഞ്ചാരികള്‍ക്ക് എക്കാലത്തും അദ്ഭുതമായ വാസ്തുനിര്‍മിതികളില്‍ ഒന്നാണ് വടക്കന്‍ പോര്‍ച്ചുഗലിലെ പാറവീടായ കാസ ഡോ പെനെഡോ. കുന്നിന്‍മുകളില്‍, ഒരു കാറ്റാടിപ്പാടത്തിനു നടുവിലായി, അടിത്തറയും ചുവരുകളും മേല്‍ക്കൂരയുമെല്ലാം നാല് വലിയ പാറകള്‍ വെട്ടി രൂപാന്തരപ്പെടുത്തി എടുത്ത ഈ വീട് ഇന്ന് സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന ഒരു മ്യൂസിയം കൂടിയാണ്. സുന്ദരമായ പ്രകൃതിയുടെ കാഴ്ചകള്‍ ആസ്വദിച്ചു കൊണ്ട് സമയം ചെലവിടാനുള്ള അവസരമാണ് ഈ വിസ്മയവീട് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
1972- ലാണ് ഈ വീട് നിര്‍മിക്കാന്‍ ആരംഭിച്ചത്. രണ്ടു വര്‍ഷമെടുത്തു നിര്‍മാണം പൂര്‍ത്തിയാവാന്‍. ഗുയിമാരിസിൽ നിന്നുള്ള ഒരു എഞ്ചിനീയറാണ് ഇത് നിര്‍മിച്ചത്. തുടക്കത്തില്‍ വീടിന്‍റെ ഉടമസ്ഥര്‍ ഇവിടം ഒരു അവധിക്കാല താമസകേന്ദ്രമായായിരുന്നു ഉപയോഗിച്ചത്. ഇന്ന്, ഈ പ്രദേശത്തിന്‍റെ ചരിത്രവുമായി ബന്ധപ്പെട്ട അവശിഷ്ടങ്ങളും ഫോട്ടോഗ്രാഫുകളുമെല്ലാം സൂക്ഷിച്ച ഒരു ചെറിയ മ്യൂസിയമാണ് കാസ ഡി പെനെഡോ.
കല്ലുകള്‍ കൊണ്ടാണ് വീടിന്‍റെ പ്രധാന ഭാഗങ്ങള്‍ പണിതതെങ്കിലും മറ്റ് വസ്തുക്കളും നിര്‍മാണത്തിനും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്. ഉള്ളിലുള്ള ഗോവണി മരം കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. കൂടാതെ വീടിന് ഗ്ലാസ് കൊണ്ടുള്ള ജാലകങ്ങളും ഒരു ലോഹ വാതിലുമുണ്ട്. ശൈത്യകാലത്ത് ചൂട് കായാനായി ഒരു നെരിപ്പോടും ഇരിക്കുന്നതിനായി കോൺക്രീറ്റ്, യൂക്കാലിപ്റ്റസ് മരം എന്നിവ കൊണ്ട് നിർമിച്ച ഒരു സോഫയും ഉണ്ട്. കല്ലുകള്‍ ചെത്തി മിനുക്കി ഉണ്ടാക്കിയതു കൊണ്ടുതന്നെ ഇതിനുള്ളിലെ ഓരോ മുറിയും ഓരോ ആകൃതിയിലാണ്.
കാറ്റാടിപ്പാടത്തിന് നടുവിലാണ് സ്ഥിതിചെയ്യുന്നതെങ്കില്‍പ്പോലും ഈ വീടിനുള്ളില്‍ വൈദ്യുതി ഇല്ല. ചുറ്റുമുള്ള പ്രകൃതിയുമായി ചേര്‍ന്നുപോകുന്നതും എന്നാല്‍ അസാധാരണവുമായ രൂപകൽപ്പന നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. നാല് വശത്തും മുള്‍വേലി കെട്ടി സംരക്ഷിച്ച വീടിനരികില്‍ പാറ വെട്ടി ഉണ്ടാക്കിയ ചെറിയ ഒരു സ്വിമ്മിങ് പൂളും ഉണ്ട്.
ഇന്‍റര്‍നെറ്റിലൂടെ വീടിന്‍റെ ചിത്രം വൈറലായതോടെയാണ് കൂടുതല്‍ ആളുകള്‍ ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നത്. വാമൊഴിയായും സോഷ്യല്‍ മീഡിയയിലൂടെയും കേട്ടറിഞ്ഞ് ഈ കൗതുകവീട് കാണാന്‍ ഇവിടേക്ക് എത്തുന്ന ആളുകളുടെ എണ്ണത്തില്‍ ദിനംപ്രതിയെന്നോണം വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
എങ്ങനെ എത്താം?
വടക്കൻ പോർച്ചുഗലിലെ സെലോറിക്കോ ഡി ബാസ്റ്റോയ്ക്കും ഫാഫെക്കും ഇടയിലായാണ് കാസ ഡോ പെനെഡോ സ്ഥിതി ചെയ്യുന്നത്. ഇവിടെയെത്താന്‍ ഫാഫെയിൽ നിന്ന് N311 ൽ നിന്ന് മൊറീറ ഡി റെയിയിലേക്കുള്ള വഴിയില്‍ യാത്ര ചെയ്യുക. വർസിയ കോവയിലേക്ക് തിരിയുന്നതിനു തൊട്ടുമുമ്പായി വരുന്ന കുന്നിൻ മുകളിലൂടെ ലാമെറിൻഹയിലേക്ക് പോകുക. റോഡ് വളരെ കുത്തനെയുള്ളതായാതിനാല്‍ നല്ലവണ്ണം ശ്രദ്ധിക്കണം. ഈ കുന്നിന്‍റെ മുകളിലായാണ് വീട്.
English Summary: The Casa do Penedo: A Portuguese Flintstones House