മുടിയിഴ പിടിച്ചു നിർത്തിയിരിക്കുന്ന ഭീമൻ സ്വർണപ്പാറ, സ്ത്രീകൾക്ക് തൊടാനാകില്ല
Mail This Article
വലിയൊരു കുന്നിന്‍മുകളില്‍ ഏതു നിമിഷവും താഴേക്ക് പതിക്കാന്‍ പാകത്തിനുള്ളൊരു ഭീമന്‍ കല്ല്. താഴെ നിന്നു നോക്കുമ്പോള്‍ ആ കല്ല് ഇപ്പോള്‍ വീഴുമെന്നു തോന്നും. എന്നാല്‍ ആ ഭീമന്‍ കല്ല് ആ നില്‍പ് തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നും യാതൊരു കുലുക്കവുമില്ലാതെ പര്‍വത അഗ്രത്തില്‍ സ്ഥിതിചെയ്യുന്ന ആ കല്ല് ലോകമെമ്പാടുനിന്നുമുള്ള വിനോദസഞ്ചാരികള്‍ക്കും ബുദ്ധമത വിശ്വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരമായൊരിടമാണ്. മ്യാന്‍മാറിലെ മോണ്‍ സ്‌റ്റേറ്റില്‍ സ്ഥിതിചെയ്യുന്ന ഈ അദ്ഭുത കല്ലിന്റെ പേര് ഗോള്‍ഡന്‍ റോക്ക് എന്നാണ്. സ്വര്‍ണനിറത്തിലാണ് കല്ല് കാണപ്പെടുന്നത്.
നൂറ്റാണ്ടുകളായി ഗോള്‍ഡന്‍ റോക്കിന് ഒരു കൃത്യമായ സ്ഥാനത്ത് നില്‍ക്കാന്‍ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും ഇന്നുവരെ വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ഒരദ്ഭുതമായിതന്നെ ഈ കല്ല് ഇന്നും ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിച്ച് ഇവിടെ നിലകൊള്ളുന്നു. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടന വിനോദസഞ്ചാരകേന്ദ്രമാണ് ഗോൾഡൻ റോക്ക് ക്ഷേത്രം അഥവാ ക്യാക്റ്റിയോ പഗോഡ. വിശുദ്ധരുടെയും ദേവന്മാരുടെയും ബഹുമാനാര്‍ത്ഥം ഒന്നിലധികം തലങ്ങളില്‍ നിര്‍മിച്ച ഒരു ഗോപുരമാണ് പഗോഡ. ഏറ്റവും സവിശേഷമായി നിര്‍മിച്ച പഗോഡകളിലൊന്നാണ് ഈ ക്ഷേത്രം.
മതപരവും ഒപ്പം വിനോദവും കൂടികലര്‍ന്ന കാഴ്ചകൾക്ക് പരിഗണിക്കാവുന്നയിടമാണ് മ്യാന്‍മാര്‍. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമത രാഷ്ട്രം, സ്വര്‍ണ പഗോഡകളും പുരാതന ക്ഷേത്രങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന കുന്നിന്‍ പ്രദേശങ്ങളും തിരക്കേറിയ നഗരവീഥികള്‍ക്കിടയിലെ ക്ഷേത്രങ്ങളുമെല്ലാം മ്യാന്‍മാറിന്റെ കാഴ്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നു.
സമുദ്രനിരപ്പില്‍ നിന്ന് 3608 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന 23 അടി ഉയരമുള്ള പഗോഡ ഭീമാകാരമായ ഒരു പാറയില്‍ സ്ഥാപിച്ചിരിക്കുന്നു, അത് പൂര്‍ണമായും സ്വര്‍ണത്താല്‍ മൂടപ്പെട്ടതാണ്. പഗോഡയ്ക്ക് താഴെയുള്ള പാറയാണ് ശ്രദ്ധയാകര്‍ഷിക്കുന്ന വസ്തുത. പഗോഡയ്ക്ക് താഴെയായി ഒരു ചെറിയ പാറ, അതിന് താഴെയാണ് ഗുരുത്വാകര്‍ഷണ സിദ്ധാന്തം കാറ്റില്‍ പറത്തിക്കൊണ്ട് നില്‍ക്കുന്ന അദ്ഭുത പാറ. ഒറ്റനോട്ടത്തില്‍ ഈ പാറ ഭൂമിയില്‍ തൊട്ടിട്ടില്ലെന്ന് തോന്നും. ഒന്ന് പതുക്കെ തള്ളിയാല്‍ താഴേയ്ക്ക് ഉരുണ്ടുപോകുന്ന വിധത്തിലാണിത് നില്‍ക്കുന്നത്. ലോകമെമ്പാടുമുള്ള ബുദ്ധമതക്കാര്‍ ആരാധിക്കുന്ന പ്രതിഷ്ഠകൂടിയാണീ ഗോള്‍ഡന്‍ റോക്ക്.
ഗോള്‍ഡന്‍ റോക്കിലെ തീര്‍ത്ഥാടനം
ഗോള്‍ഡന്‍ റോക്ക് വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, ഒരു തീര്‍ത്ഥാടന കേന്ദ്രവുമാണ്. തീര്‍ത്ഥാടനത്തിന്റെ തിരക്കേറിയ സീസണില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് വരെ ഗോള്‍ഡന്‍ റോക്ക് ഭക്തിയുടെ അന്തരീക്ഷത്താല്‍ നിറയും. ഈ പാറയില്‍ തൊടാന്‍ പുരുഷന്‍മാര്‍ക്ക് മാത്രമേ അനുവാദമുള്ളു. പാറയുടെ അടുത്തേയ്ക്കുള്ള പാലം വരെ സ്ത്രീകള്‍ക്ക് പോകാം. ഈയൊരു കാര്യമൊഴിച്ച് എല്ലാവര്‍ക്കും ഗോള്‍ഡന്‍ റോക്ക് ക്ഷേത്രവും മറ്റു കാഴ്ചകളും കണ്ടാസ്വദിക്കാം.
പാറയെങ്ങനെ വീഴാതെ നിൽക്കുന്നു?
ഈ ചോദ്യത്തിന് കൃത്യമായ ശാസ്ത്രീയവശമോ ഉത്തരമോ ഇല്ല. എന്നാൽ ഐതിഹ്യം പറയുന്നതുപോലെ, ബുദ്ധന്‍ ഏഷ്യന്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു. സന്ദര്‍ശനവേളയില്‍ ബുദ്ധന്‍ തായ്ക് താ എന്ന സന്യാസിയ്ക്ക് തന്റെ തലമുടിയിഴ നല്‍കി. ഈ സന്യാസി അത് അക്കാലത്തെ രാജാവിന് നല്‍കി. അമാനുഷിക ശക്തികളുണ്ടെന്ന് കരുതപ്പെടുന്ന രാജാവ് സന്യാസിയുടെ തലയുടെ ആകൃതിയോട് സാമ്യമുള്ള ഒരു പാറ കടലിനടിയില്‍ നിന്നും കണ്ടെത്തുകയും ബുദ്ധന്റെ മുടിയിഴയോടൊപ്പം കുന്നിന്‍മുകളില്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മുടിയിഴകളാണത്രേ പാറയെ താഴേയ്ക്ക് വീഴാതെ താങ്ങിനിര്‍ത്തുന്നതെന്നാണ് വിശ്വാസം.
ഐതിഹ്യത്തോടുകൂടിയോ അല്ലാതെയോ, ഏഷ്യന്‍ സംസ്‌കാരത്തിന്റെയും പൗരാണികതയുടേയും രുചി അറിയാന്‍ ആഗ്രഹിക്കുന്ന വിനോദ സഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നുകൂടിയാണ് ഗോള്‍ഡന്‍ റോക്ക് ക്ഷേത്രം. കൂടാതെ, പഗോഡയുടെ തൊട്ടടുത്തുള്ള ചത്വരം സന്ദര്‍ശകരെ നഗരത്തിന്റെയും കടലിന്റെയും അവിശ്വസനീയമായ കാഴ്ച നല്‍കുന്നു. മൊത്തത്തില്‍, അവിസ്മരണീയമായ ഒരു യാത്രയും ശാന്തമായ സാംസ്‌കാരിക ലക്ഷ്യസ്ഥാനവും തേടുന്ന സഞ്ചാരികള്‍ക്ക് ഗോള്‍ഡന്‍ റോക്ക് ക്ഷേത്രം സന്ദര്‍ശിക്കേണ്ട സ്ഥലം തന്നെയാണ്.
English Summary: Golden Rock Temple the Wonder in Myanmar