ADVERTISEMENT

ഇന്തൊനീഷ്യയിലെ പശ്ചിമ ജാവ പ്രവിശ്യയിലെ ലെംബാങ് പട്ടണത്തിന് സമീപമുള്ള ഓര്‍ക്കിഡ് ഫോറസ്റ്റ് സിക്കോള്‍ ലോകപ്രശസ്തമാണ്. രാജ്യത്തെ ഏറ്റവും വലിയ ഓര്‍ക്കിഡ് ശേഖരമുള്ള വനപ്രദേശമാണിത്. ബ്രസീലിനുശേഷം ഓര്‍ക്കിഡ് ഇനങ്ങളുടെ രണ്ടാമത്തെ ഭവനമായി ഇന്തൊനീഷ്യ അറിയപ്പെടുന്നത് ഈ വനമേഖലയുടെ പേരിലാണ്. എല്ലാ ഓര്‍ക്കിഡ് ഇനങ്ങളെയും ഇന്തൊനീഷ്യന്‍ ജനതയ്ക്കും വിനോദസഞ്ചാരികള്‍ക്കും പരിചയപ്പെടുത്തുന്നതിനും അവയെ സംരക്ഷിക്കുന്നതിനുമായി സ്ഥാപിതമായതാണിത്. ഇന്തൊനീഷ്യ, ഫിലിപ്പീന്‍സ്, പെറു, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 20.000 ല്‍ അധികം ഇനം ഓര്‍ക്കിഡുകള്‍ ഇവിടെയുണ്ട്. എന്നാല്‍ ഓര്‍ക്കിഡ് പൂക്കളേക്കാള്‍ വിസ്മയം തീര്‍ക്കുന്ന മറ്റൊരദ്ഭുതം കൂടിയുണ്ട് ഈ വനത്തിനുള്ളില്‍. രാത്രിയാകുമ്പോള്‍ മാന്ത്രികമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ഒരു മാന്ത്രിക പാലം. 

10 ഹെക്ടർ വനത്തിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന 20,000 ഓര്‍ക്കിഡുകള്‍ കൂടാതെ, നീളമുള്ള ഒരു തടിപ്പാലവുമുണ്ട്. 492 അടി നീളമുള്ള പാലം 75 അടി ഉയരത്തിൽ തൂങ്ങിക്കിടക്കുന്നു. പകല്‍ ഒരു സാധാരണ തടിപ്പാലം മാത്രമാണിത്.എന്നാല്‍ രാത്രിയാകുമ്പോള്‍ സ്വര്‍ണ്ണനിറത്തില്‍, ആ പ്രദേശമാകെ പരന്നുകിടക്കുന്ന ഒരദ്ഭുതമായി അത് മാറുന്നു. എങ്ങനെയാണെന്നോ?

Orchid-Forest-Cikole1

സന്ധ്യമയങ്ങുമ്പോള്‍, പാലം മഞ്ഞ വിളക്കുകള്‍ കൊണ്ട് പ്രകാശിക്കുന്നു. തണുപ്പുള്ള രാത്രിക്ക് കൂടുതല്‍ മാസ്മരികത നിറയ്ക്കും ഈ പാലത്തിന്റെ കാഴ്ച. മരവും കയറും ഉപയോഗിച്ചാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. അത് കാട്ടിലെ മരങ്ങള്‍ക്ക് ചുറ്റും ഒരു പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞുപോകുന്നു. പകല്‍ ആയിരക്കണക്കിന് നിറത്തിലും തരത്തിലുമുള്ള ഓര്‍ക്കിഡ് പൂഷ്പങ്ങൾ കാണാനും രാത്രിയില്‍ മഞ്ഞബള്‍ബുകളില്‍ തിളങ്ങിനില്‍ക്കുന്ന പാലത്തിലൂടെ നടന്ന് എന്നെന്നും ഓര്‍ത്തിരിക്കുന്ന അപൂര്‍വചിത്രങ്ങള്‍ പകര്‍ത്താനും  നൂറുകണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. 

സമുദ്രനിരപ്പില്‍ നിന്ന് 5577 അടി ഉയരത്തിലാണ് വനപ്രദേശം. അതിനാല്‍, പാലത്തിലൂടെ നടക്കുമ്പോള്‍ തണുത്ത മഞ്ഞും ശുദ്ധ വായുവും നിങ്ങളെ വന്നുമൂടും. പാലത്തിന്റെ ഓരോ വളവിലും വ്യൂപോയിന്റുണ്ട്. ഇവിടെ നിന്ന് കാടിന്റെ ഭംഗി മുഴുവനും ആസ്വദിക്കാം. ചുറ്റുമുള്ള പ്രകൃതിദൃശ്യങ്ങളുടെ അസാധാരണമായ കാഴ്ച പ്രദാനം ചെയ്യുന്നതിനാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്. പ്രകൃതിസ്നേഹികള്‍ക്ക് മാത്രമല്ല സെല്‍ഫി-ഫൊട്ടോഗ്രഫി പ്രേമികള്‍ക്കും ഇഷ്ടപ്പെട്ട സ്ഥലമായി മാറിയ ഈ വനമേഖല രാത്രികാലത്ത് മാജിക് വണ്ടര്‍ലാന്‍ഡ് ആയി മാറുന്നത് കാണാന്‍ ഒരു യാത്ര പോയാലോ.

English Summary: Orchid Forest Cikole, Bandung, Indonesia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com